'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

12 November 2017

എൽ എൻ ജിയെ പേടിക്കണോ?

'ഗെയിൽ സമരവും ഇടത് വിശകലനവും' എന്ന ശീർഷകത്തിൽ ഗെയിൽ സമരസമിതി നേതാവായ കെ സി അൻവർ 'മാധ്യമ'ത്തിൽ (12-11-2017) എഴുതിയ ലേഖനത്തിലെ ചില വാസ്തവ വിരുദ്ധ പരാമർശങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ലേഖനത്തിലെ ഒരു ഭാഗം:

"നിർദ്ദിഷ്ട കൊച്ചി-മംഗലാപുരം ഗെയിൽ പദ്ധതി വ്യവസായ ആവശ്യത്തിനു വേണ്ടി ദ്രവീകൃത പ്രകൃതി വാതകം കടത്തി വിടുന്ന പ്രസരണ പൈപ്പാണ്. 24 ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെ ഉയർന്ന സമ്മർദ്ദത്തിൽ കടത്തി വിടുന്നത് കൊണ്ട് ഇത് വീടുകളിൽ കണക് ഷൻ  കൊടുക്കാൻ സാധ്യമല്ല. എന്ന് മാത്രമല്ല, ഈ പദ്ധതിയുടെ ബ്ലൂപ്രിന്റിൽ എവിടെയും ഗ്യാസ് വിതരണത്തെ കുറിച്ച് പരാമർശമില്ല.   ഈ വാതകം ബ്യുട്ടെയിൻ, സൾഫർ തുടങ്ങിയ സ്ഫോടനാത്മക സ്വഭാവമുള്ള മൂലകങ്ങൾ അടങ്ങിയതിനാൽ ഇത് ശുദ്ധീകരിക്കാതെ വീട്ടാവശ്യങ്ങൾക്ക് നൽകാൻ സാധ്യമല്ല. 220KV വൈദ്യുതി ലൈനിൽ നിന്ന് വീടുകൾക്ക് നേരിട്ട് കണക് ഷൻ നൽകുമെന്ന് പറയുന്നത് പോലുള്ള ഭോഷത്തരവും തെറ്റിദ്ധരിപ്പിക്കലുമാണ്"

ഇപ്രകാരം എഴുതുന്നതിനു മുമ്പ് അദ്ദേഹം ആദ്യം ചെയ്യേണ്ടിയിരുന്നത് LNG യിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്ന് പരിശോധിക്കലായിരുന്നു.   ബ്യുട്ടെയിൻ (0.3%) ഒരിക്കലും LNG യിലെ    മുഖ്യ ഘടകമല്ല. പ്രധാനമായും മീഥേയിനും (CH4) വളരെ ചെറിയ അളവിൽ ഈഥേയിൻ  മിശ്രിതവും (C2H6) ആണ്  അതിലെ പ്രധാന ഘടകങ്ങൾ.

ചപ്പുചവറുകളും ചാണകവും മറ്റും ഉപയോഗിച്ച് നാം വീട്ടിലുണ്ടാക്കുന്ന ബയോ ഗാസിലും പ്രധാന ഘടകം മീഥേയിൻ തന്നെയാണ്.

എന്നാൽ ലേഖനത്തിൽ സ്ഫോടനാത്മകം എന്ന് പറഞ്ഞു പേടിപ്പിക്കുന്ന സാക്ഷാൽ ബ്യുട്ടെയിൻ നാം വീട്ടിലെ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന LPG യിലെ പ്രധാന ഘടകമാണ്. ബ്യുട്ടെയിനും(40%) പ്രോപ്പയിനും(60%) അടങ്ങിയ വാതക സിലിണ്ടറാണ് നാം ഒരു പേടിയും കൂടാതെ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്നത്.  എന്നിട്ട് ബ്യുട്ടെയിൻ 0.3% മാത്രമുള്ള LNG യെ ബ്യുട്ടെയിൻ ഉണ്ടെന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കുന്നത്  ചില തന്ത്രങ്ങളുടെ ഭാഗം മാത്രമാണ്.

ഈ ​വാ​തകം (LNG) ബ്യൂ​ട്ടെ​യി​ൻ, സ​ൾ​ഫ​ർ തു​ട​ങ്ങി​യ സ്​​ഫോ​ട​നാ​ത്​​മ​ക സ്വ​ഭാ​വ​മു​ള്ള മൂ​ല​ക​ങ്ങ​ൾ അടങ്ങിയതായത് കൊണ്ട് ശുദ്ധീകരിക്കാതെ വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ലേഖനത്തിൽ പറയുന്നു.  അപ്പോൾ ബ്യുട്ടെയിൻ അടങ്ങിയ എൽ പി ജി എങ്ങനെയാണ് വീട്ടിൽ ഉപയോഗിക്കുന്നത് ?

  പ്രകൃതി വാതകത്തെ ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിനായി (-160)℃ തണുപ്പിച്ച്  ദ്രാവകമാക്കുകയാണ് ചെയ്യുന്നത്.   ഇപ്രകാരം ദ്രവീകരിച്ച വാതകം നേരിട്ട് പാചകത്തിനോ മറ്റാവശ്യങ്ങൾക്കോ ഉപയോഗിക്കാൻ സാധ്യമല്ലെന്നത് സത്യമാണ്.  അതിനാൽ ഇത് വീണ്ടും വാതകമാക്കി  മാറ്റിയാണ് (റീ ഗാസിഫൈ) വിതരണത്തിന് ഉപയോഗിക്കുന്നത്. പൈപ്പ് ലൈൻ പോകുന്ന വഴിയിൽ എവിടെയെങ്കിലും വിതരണ ശൃംഖല ആവശ്യമായി വന്നാൽ  ആ പരിസരത്ത് എവിടെയെങ്കിലും പ്ലാന്റ് സ്ഥാപിച്ച് വിതരണം ചെയ്യുകയും വീട്ടാവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുകയും ചെയ്യാവുന്നതാണ് എന്നതാണ്‌ യാഥാർത്ഥ്യം. അതിനെല്ലാം ആദ്യം വേണ്ടത് മെയിൻ വാതക പൈപ്പ് ലൈനാണ്.

220KV പവർ ലൈനിൽ നിന്നും നേരിട്ട് വീട്ടിലേക്ക് കണക് ഷൻ  കൊടുക്കുക എന്ന് പറയുന്നത് പോലെ ഭോഷത്തരമാണ് ഈ പൈപ്പിൽ നിന്നുള്ള വാതക വിതരണ സാധ്യതയും എന്ന് പറയുന്നതും വിഡ്ഢിത്തമാണ്.   220KV ലൈൻ സബ് സ്റ്റേഷനിൽ വരികയും അത് 11KV യാക്കി ചുരുക്കി വീടിനടുത്തുള്ള ട്രാൻസ്‌ഫോമറിൽ എത്തിക്കുകയും അവിടെ വെച്ച്  230V ലേക്ക് താഴ്‌ത്തി വീട്ടിലേക്ക് കണക് ഷൻ കൊടുക്കുകയുമാണ് ചെയ്യുന്നതെന്ന് പ്രൈമറി വിദ്യാർത്ഥികൾക്ക് പോലും അറിയാവുന്നതാണ്. ഇത് പോലെ തന്നെയാണ് വാതക വിതരണത്തിൻറെ കാര്യവും. ഭാവിയിൽ  പ്ലാന്റുകൾ സ്ഥാപിക്കേണ്ടി വരുമെന്ന് മാത്രം.

മുമ്പുണ്ടായ അപകടത്തിന്റെ കാര്യവും ലേഖകൻ പറയുന്നുണ്ട്. ഇന്ത്യയിൽ ആകെ പതിനയ്യായിരം  കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന LNG പൈപ്പ്ലൈൻ നിലവിലുണ്ട്. 22 ആളുകളുടെ മരണമാണ് റിപ്പോർട്ട് ചെയ്തതായി ലേഖകൻ പറയുന്നത്.   എന്നാൽ LPG സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ഒരു വർഷം മരണമടയുന്നവരുടെ കണക്ക് ലേഖകൻ പരിശോധിക്കേണ്ടതാണ്.  റോഡ്‌ വഴി പോകുന്ന വിവിധ ടാങ്കറുകൾ മൂലമുള്ള അപകടവും നിസ്സാരമല്ല. 30ലധികം ടാങ്കർ ബോഗികളിലായി ഗ്രാമങ്ങളിലൂടെയും ജനനിബിഢമായ നഗരങ്ങളിലൂടെയും ഇന്ധനങ്ങൾ വഹിച്ച് കടന്നു പോകുന്ന ട്രെയിനുകളുടെ അപകട സാധ്യതയും വളരെ ഭീകരമാണ്. അവ പുറത്ത് വിടുന്ന കാർബൺ മോണോക്സൈഡ് അടക്കമുള്ള വാതകങ്ങൾ മൂലമുള്ള മലിനീകരണം വേറെയും.  പക്ഷെ അതുകൊണ്ടൊന്നും ഇവയൊന്നും വേണ്ടെന്ന് ആർക്കും അഭിപ്രായമില്ല.

വാതക പൈപ്പ് ലൈനിനെതിരെ മാത്രം ജനങ്ങളിൽ ഭീതി സൃഷ്ടിച്ച്  അവരെ ആരാജകത്വത്തിലേക്ക് തള്ളിവിടുന്നതിന്റെ ഗൂഢോദ്ദേശ്യം എന്തെന്ന് ചിന്താ ശേഷിയുള്ള സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടാകില്ല.

220KV പവർ ലൈനിന്റെ കാര്യം പറഞ്ഞ ലേഖകൻ ആ ലൈൻ കമ്മീഷൻ ചെയ്യുന്നതിന് മുമ്പുണ്ടായ കാലത്തെ കുപ്രചാരണങ്ങൾ വിസ്മരിക്കുന്നു.  ലൈൻ പോകുന്ന പരിസരത്തുള്ളവർക്ക് പ്രത്യുൽപ്പാദനശേഷി നഷ്ടപ്പെടും, വളരെ ഉയർന്ന റേഡിയേഷൻ ആയിരിക്കും, പരിസരത്ത് ചെടികൾ വളരില്ല, വളരെ അപകടം പിടിച്ചതാണ് എന്നെല്ലാമാണ് അന്ന് സ്ഥാപിത താല്പര്യക്കാർ ജനങ്ങളെ പറഞ്ഞ് പേടിപ്പിച്ചിരുന്നത്. എന്നാൽ ലൈൻ വന്നു കഴിഞ്ഞപ്പോഴാണ് അത്തരം വാദങ്ങളുടെ പൊള്ളത്തരങ്ങൾ വെളിവായത്.

 ഒരു ജനതയെ പരിഭ്രാന്തിയിലാഴ്ത്തി റോഡിൽ ഇറക്കാൻ വലിയ ബുദ്ധിമുട്ടില്ല. പക്ഷെ അവർക്ക് വേണ്ട സുഖ സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കാൻ കുറച്ച് ബുദ്ധിമുട്ട് തന്നെയാണ്.

ടി പി ഷുക്കൂർ

No comments:

The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം