'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

01 January 2012

പ്രേതബാധ

06/01/2012 ന് ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചത്

      വണ്ണം കൂടിയ കൊമ്പ് വെട്ടിത്തുടങ്ങിയപ്പോള്‍ ആലിക്കോയ താഴേക്ക്‌ സൂക്ഷ്മമായി നോക്കി. 11 കെ വി വൈദ്യുത കമ്പികളാണ് തെക്ക് വശത്ത്. കിഴക്കും പടിഞ്ഞാറും ഓട് മേഞ്ഞ വീടുകളും. മുകളിലിരുന്ന് താഴേക്കു നോക്കുമ്പോള്‍ ചെറിയൊരു ഇടയേ കാണുന്നുള്ളൂ. ഉയരം കൂടി പടര്‍ന്നു പന്തലിച്ച മരമാണ്. കൊമ്പുകള്‍ മുറിച്ച് സൂക്ഷ്മതയോടെ താഴേക്കിറക്കിയില്ലെങ്കില്‍ അപകടമുറപ്പ്.  മുകളിലെ ശിഖരത്തിലേക്ക് എറിഞ്ഞു പിടിപ്പിച്ച കയര്‍ ഒരു കപ്പി കണക്കെ ഉടക്കി ഒരറ്റം തൊട്ടുതാഴെയുള്ള മറ്റൊരു കൊമ്പിലും  മറ്റേയറ്റം മുറിക്കുന്ന കൊമ്പിന്മേലും കുടുക്കിയാണ് വെട്ട് തുടങ്ങിയത്.

     കൊമ്പ് തടിയില്‍ നിന്നും വേര്‍പ്പെട്ട് വലിയൊരു ശബ്ദത്തോടെ താഴേക്ക്‌ പതിച്ചയുടന്‍ തന്നെ വീഴാതെ കയറില്‍ തൂങ്ങി  പാതി വഴിയില്‍  നിന്നു.  മരം ആകെയൊന്നുലഞ്ഞു. പിടിവിട്ട് വീണുപോകാതിരിക്കാന്‍ ഒരു കൈ കൊണ്ട് മേല്‍ക്കൊമ്പില്‍ മുറുകെ പിടിച്ചിരുന്നു. കയര്‍ പതുക്കെ അയച്ചു കൊടുക്കുന്നതിനനുസരിച്ച് കൊമ്പ് മെല്ലെ മെല്ലെ താഴ്ന്നു തുടങ്ങി. വീടുകള്‍ക്കോ ഇലക്ട്രിക് ലൈനിനോ തട്ടാതെ നിറയെ ചില്ലകളും ഒന്ന് രണ്ടു കിളിക്കൂടുകളുമുള്ള ആ വലിയ കൊമ്പ് താഴെയെത്തി. ഇനിയുമുണ്ട് കൊമ്പുകള്‍ കുറെ കിടക്കുന്നു.    മഴ വരുന്നുണ്ട്. പണി പെട്ടെന്ന് തന്നെ തീര്‍ക്കണം. ചില്ലകളും ശിഖരങ്ങളുമെല്ലാം താഴെ സഹായി മൊയ്തുട്ടി ‍ വെട്ടിയൊതുക്കുന്നുണ്ട്.  അയാള്‍ വേഗം അടുത്ത കൊമ്പിലേക്ക് നീങ്ങി.

     വൈകുന്നേരത്തോടെയാണ് എല്ലാ കൊമ്പുകളും വീഴ്ത്താന്‍ പറ്റിയത്.  ഇനി തടി മാത്രമാണുള്ളത്. അതിന് കുറച്ചു കൂടുതല്‍ പണിയെടുക്കേണ്ടി വരും. നിലം കിളച്ച് വേരുകളറുത്ത് കിട്ടാവുന്നത്ര ആഴത്തില്‍ മണ്ണിനടിയില്‍ നിന്നും തടി മുറിച്ചെടുക്കണം.വേറൊരു ദിവസമേ നടക്കൂ. കയറുകള്‍ കൈ മുട്ടില്‍ ആഞ്ഞെടുത്ത് ചുരുളാക്കി തോളിലിട്ടു. കൈമഴുവും വലിയ മഴുവുമെടുത്ത്‌ പിടിച്ച് അയാള്‍ വീട്ടിലേക്കു നടന്നു.

     ജോലി അപകടം പിടിച്ചതാണെങ്കിലും ഒരിക്കലും അയാള്‍ക്ക്‌ മടുപ്പനുഭവപ്പെടാറില്ല. മാത്രമല്ല ഒരു ലഹരിയാണ് താനും.  മുപ്പതിലധികം വര്‍ഷമായി മരം വെട്ട് തുടങ്ങിയിട്ട്. ഇതുവരെ ഒരബദ്ധവും സംഭവിച്ചിട്ടില്ല. അതുകൊണ്ട് എത്ര ദുരിതം പിടിച്ച മരം വെട്ടിനും നാട്ടുകാര്‍ വിശ്വാസപൂര്‍വം ആലിക്കോയയെയാണ് വിളിക്കുക. വേനലായാലും മഴയായാലും പണിത്തിരക്ക് തന്നെ.  അപകട സാധ്യത കൂടിയ പണികള്‍ക്ക് ചോദിച്ച പണം ആരും തരും എന്നത് കൊണ്ട് അയാളുടെ കെട്ട്യോളും മക്കളും അല്ലലില്ലാതെ കഴിഞ്ഞു പോകുന്നുമുണ്ട്.

     വഴി നടക്കുമ്പോള്‍ ഓരോന്ന് ചിന്തിച്ച് തല താഴ്ത്തി നടക്കുകയാണ് പതിവ്. അത് കൊണ്ട് അയ്യപ്പന്‍ എതിരെ വരുന്നതയാള്‍ ശ്രദ്ധിച്ചില്ല. ‍ കുറെ ദിവസമായി ചുടലക്കുന്നിലെ ഒരു മരത്തിന്‍റെ കാര്യവും പറഞ്ഞ് അവന്‍ പിന്നാലെ കൂടിയിട്ട്. വലിയൊരു തേക്കാണ് മുറിക്കാനുള്ളത്. അവനെ കണ്ടാല്‍ മെല്ലെ മാറിക്കളയലാണ് പതിവ്. ഇന്ന് പക്ഷെ ഒഴിഞ്ഞു മാറാനാവാത്ത വിധം അടുത്തെത്തിയപ്പോള്‍ മാത്രമാണയാള്‍ക്കവനെ കാണാന്‍ കഴിഞ്ഞത്. ചുടലക്കുന്നിലേക്ക് പോകുന്ന കാര്യം ഓര്‍ക്കാന്‍ തന്നെ മടിയാണ്. ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലമാണത്. സംസ്കരിച്ച ശവങ്ങളുടെയും കുറുക്കന്മാരുടെയും താവളം. ഒരു പ്രേതഭൂമി തന്നെ. ചെറുപ്പം മുതലേ കേട്ടു പോരുന്ന നിറം പിടിപ്പിച്ച പ്രേതകഥകള്‍ അയാളുടെ മനസ്സില്‍ ഭയത്തിന്‍റെ നിഴല്‍ വീഴ്ത്തിയിരുന്നു. പോരാത്തതിനോ, മുറിക്കേണ്ട മരത്തില്‍ നിറയെ മുളിയന്‍ ഉറുമ്പും.

     'ഈയാഴ്ച ഒഴിവില്ലയ്യപ്പാ...' അയാള്‍ ഒരു ഒഴികഴിവ് പറഞ്ഞു നോക്കി.

     'അത് പറഞ്ഞാല്‍ പറ്റൂല്ല. വല്യ വെല കൊടുത്താണ് ആ മരം വാങ്ങീത്.  വേഗം മില്ലിലെത്തിച്ചില്ലെങ്കീ ന്‍റെ കാര്യം ച്ചിരി കഷ്ടാ. പെങ്ങടെ പൊന്ന്‍ അളിയനറിയാതേണ് പണയം വെച്ചത്. അല്ലാതെ ന്‍റെ കയ്യിലെവടന്നാ പ്പം  മരം വാങ്ങാന്‍ പൈസ. ന്‍റെ വീടുപണി നടന്നോണ്ടിരിക്ക്യല്ലേ.  എങ്ങനേം സഹായിക്കണം.'

     അയ്യപ്പന്‍ കാലു പിടിക്കുകയാണ്. ഒന്നും പറയാതെ അയാള്‍ മുന്നോട്ടു നീങ്ങി.

     പിറ്റേന്ന് രാവിലെ അയ്യപ്പന്‍റെ വിളി കേട്ടാണുണര്‍ന്നത്.

    'വേറൊന്നും പറേണ്ട. ങ്ങള് വെരി.' അയ്യപ്പന്‍ മഴുവെടുത്ത് മുന്നേ നടന്നു.

     മനമില്ലാമനസ്സോടെ അയാള്‍ അയ്യപ്പന്‍റെ കൂടെ പുറപ്പെട്ടു. ചെറിയ തോതില്‍ മഴ പാറ്റുന്നുണ്ടായിരുന്നു. രണ്ടു പേരും സെയ്താലിയുടെ ചായക്കടയില്‍ കയറി ഓരോ  ഗ്ലാസ്‌ സുലൈമാനി കുടിച്ച് തണുപ്പ് മാറ്റി.  രണ്ടു വെള്ളപ്പവും പച്ചപ്പട്ടാണിക്കടലയുടെ കറിയും ഒരു ചെറിയ പൊതിയാക്കി വാങ്ങി.   നനഞ്ഞ ഇടവഴിയിലൂടെ അവര്‍ കുന്നു കയറി. ഭംഗിയുള്ള സ്ഥലമാണ് ചുടലക്കുന്ന്. കിഴക്ക് വലിയ മലകളുടെ പിന്നില്‍ നിന്നും സൂര്യന്‍ ഉദിച്ചുയരാന്‍ തുടങ്ങിയിരുന്നു. താഴേക്ക്‌ നോക്കിയാല്‍ ചുറ്റുഭാഗത്തുള്ള നാടുകളെല്ലാം കാണാം. വയലുകളും നേരിയ വരകള്‍ പോലെ റോഡുകളും. ഏത് ഭാഗത്തേക്ക് നോക്കിയാലും പച്ച പിടിച്ച കാടുകള്‍ പോലെ കാണാമെങ്കിലും അതിനിടയിലെല്ലാം വീടുകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്.  പക്ഷെ കുന്നിന്‍പുറത്ത് കുറ്റിക്കാടുകളും കുറുക്കന്മാരും പിന്നെ ചുവന്ന്‍ തുടുത്ത് കുലകളായി നില്‍ക്കുന്ന തെറ്റിപ്പഴങ്ങളും മാത്രമേയുള്ളൂ. തെറ്റിക്കുലകള്‍ക്കു ചുറ്റും പാറി നടക്കുന്ന പക്ഷികളുടെ ചിറകടിയും അവക്ക് മതിവരുമ്പോള്‍ പുറപ്പെടുവിക്കുന്ന സംതൃപ്തിയുടെ മധുരനാദവും മാത്രമാണവിടെ ആകെയുള്ള ശബ്ദം. ആണ്ടിലൊരിക്കലോ മറ്റോ ആരെങ്കിലും മരിച്ചാല്‍ അവരെ കുഴിച്ചിടാന്‍ വരുന്നവരാണ് മനുഷ്യരായി ആകെ അവിടെ എത്തിപ്പെടാറുള്ളത്. കീഴ്ജാതിയില്‍പെട്ട ഏതോ ഒരു പ്രത്യേക സമുദായക്കാരുടെ  മാത്രം ചുടലയാണത്രേ അത്.

     അയ്യപ്പന്‍ മരം കാണിച്ച് കൊടുത്ത്  ഫര്‍ണിച്ചര്‍ കടയിലേക്ക്  പോയി. സഹായിയായി വരാറുള്ള മൊയ്തുട്ടി ചുടലപ്പറമ്പിലേക്കാണെങ്കില്‍ തന്നെ വിളിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ‍ ഒറ്റക്കായപ്പോള്‍ നേരിയ ഭയം തോന്നിയെങ്കിലും  അത് വകവെക്കാതെ അയാള്‍ തേക്ക് ആകെയൊന്നുഴിഞ്ഞു നോക്കിയതിനു ശേഷം   മേലോട്ട് കയറിത്തുടങ്ങി. നല്ല മൂപ്പും കൈയെത്താത്ത വണ്ണവുമുണ്ട്. മുഴുവന്‍ കാതലായിരിക്കും. അയ്യപ്പന് കോളടിച്ചത് തന്നെ.

     മുകളിലെത്തിയപ്പോള്‍ തന്നെ തുടങ്ങി മുളിയന്‍ ഉറുമ്പിന്‍റെ ആക്രമണം. ഒരു വിധമൊക്കെ തട്ടിയൊഴിവാക്കി വെട്ട് തുടങ്ങി. ഉച്ചയായപ്പോഴേക്കും തടി മാത്രം ബാക്കിയായി. പതുക്കെ മരത്തില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങി. ചുറ്റും നോക്കി. നട്ടുച്ച വെയില്‍. എവിടെയും ശാന്തമായൊരു മൂകത മാത്രം. അവിടവിടെയായി ശവങ്ങള്‍ കുഴിച്ചു മൂടിയതിന്‍റെ അടയാളമായി ഉയര്‍ന്നു നില്‍ക്കുന്ന കല്ലുകള്‍. മനസ്സില്‍ പതിഞ്ഞു കിടന്ന പ്രേതകഥകള്‍ക്ക് പതിയെ ചിറകു മുളക്കാന്‍ തുടങ്ങി. താഴോട്ടിറങ്ങാന്‍ മെല്ലെ കാല്‍ വെച്ചതും മുണ്ടിനുള്ളില്‍ നിന്ന് ഒരു മുളിയനുറുമ്പ്‌ പ്രതിഷേധമറിയിച്ചു. ഒരു നിമിഷം കൈ ഒന്ന് തെറ്റി. പരിഭ്രമത്തില്‍ വിയര്‍പ്പില്‍ കുതിര്‍ന്ന കാലും വഴുതിപ്പോയി. ശബ്ദം കേട്ട് ഒന്നുരണ്ടു കാക്കകള്‍ ചിറകടിച്ചു പറന്നു പോയി.

     പൊരിയുന്ന വെയിലിലാണ് കിടക്കുന്നത്. വായില്‍ നേരിയ പുളിരസം.  നാവു കൊണ്ട് ചുഴഞ്ഞപ്പോള്‍ മനസ്സിലായി. മേല്‍ വരിയിലെ രണ്ടു പല്ലുകള്‍ തെറിച്ചു പോയിരിക്കുന്നു. ചോരയൊലിക്കുന്നുണ്ട്. പതുക്കെ എണീറ്റ്‌ കൈകാലുകളൊക്കെ പരിശോധിച്ചു. ഭാഗ്യം, കൂടുതലൊന്നും പറ്റിയിട്ടില്ല. എന്നാലും ഒരു തളര്‍ച്ച. മുന്നില്‍ കണ്ട ഒരു കല്ലില്‍ അയാളിരുന്നു.  ഒരു ഞെട്ടലോടെ പെട്ടെന്നെഴുന്നേല്‍ക്കുകയും ചെയ്തു.
     ശവക്കല്ലറ!   അതിന്മേലാണ് വീണു കിടന്നിരുന്നത്. അയാളുടെ മൂര്‍ദ്ധാവില്‍ നിന്നും പാദം വരെ ഒരു വൈദ്യുതപ്രവാഹം കടന്നുപോയി. മനസ്സിലെ പ്രേതരൂപങ്ങള്‍  സട കുടഞ്ഞെഴുന്നേറ്റു. ഭയം അയാളെ കൂടുതല്‍ തളര്‍ത്തി. മഴുവും കയറുമെല്ലാം അവിടെയിട്ട് തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് ധൃതിയില്‍ നടന്നു. വീട്ടിലെത്തിയിട്ടും വായില്‍ നിന്നും  ചോരയൊലിക്കുന്നുണ്ടായിരുന്നു.  ഭാര്യ ബിയ്യാത്തുവിനെയും  കൂട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി.

     അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാളെ ചിന്തകള്‍ വേട്ടയാടി. ചുടലക്കുന്നത്തെ ശവക്കല്ലറയും അതിന്മേല്‍  വീണു കിടക്കുന്ന രംഗവും മനസ്സില്‍ മിന്നി മറഞ്ഞു. കല്ലറയിലെ ശവങ്ങള്‍ പ്രേതങ്ങളായി രൂപാന്തരം പ്രാപിച്ചു. ചിലത് കഴുത്തിന്‌ പിടിക്കുന്നു. വേറെ ചിലത് തേറ്റകള്‍ നീട്ടി രക്തം കുടിക്കാനെന്ന പോലെ അട്ടഹസിച്ചു വരുന്നു. ഉറക്കത്തിനിടയിലെപ്പഴോ അയാള്‍ ഞെട്ടിയെഴുന്നേറ്റു. പേടിച്ചു വിറച്ച് കട്ടിലില്‍ ആഞ്ഞ് ചവിട്ടി. ഉറക്കം വിട്ട ബിയ്യാത്തു അയാളുടെ കയ്യില്‍ പിടിച്ചു.

     'ന്‍റെ ചോര കുടിക്കല്ലേ....!' ഭാര്യയെ  ആഞ്ഞു തള്ളി നിലവിളിച്ചുകൊണ്ടയാള്‍ വാതില്‍ തുറന്നു പുറത്തേക്കോടി.    വരാന്തയില്‍ കിടന്ന കൈമഴു കൈക്കലാക്കി.

   ഉറക്കമുണര്‍ന്ന ആലിക്കോയയുടെ കുട്ടികള്‍ ഭയചകിതരായി. അവര്‍ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് അയല്‍ വീടുകളിലേക്കോടി.   തന്‍റെ ആങ്ങള മജീദിനെ വിളിച്ചു കൊണ്ട് വരാന്‍ ബിയ്യാത്തു മൂത്തവനെ പറഞ്ഞു വിട്ടു.
    
     അര്‍ദ്ധരാത്രിയാണെങ്കിലും ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി.  മൂടല്‍ ബാധിച്ച കണ്ണുകളിലൂടെ പ്രേതങ്ങള്‍ ഇരട്ടിക്കുന്നതായാണ് അയാള്‍ക്ക്‌ തോന്നിയത്‌.
    'ചോര കുടിക്കാന്‍ അടുത്ത് വന്നാല്‍ ഞാന്‍ കൊത്തിയരിയും'. മുന്നില്‍ക്കണ്ട പ്രേതങ്ങളോടയാള്‍ അട്ടഹസിച്ചു.

    ആളുകള്‍ പേടിച്ചു പുറകോട്ടു മാറി. ആരും അടുക്കാന്‍ ധൈര്യപ്പെട്ടില്ല. അനുനയസ്വരത്തിലും ഭീഷണി സ്വരത്തിലുമൊക്കെ ആളുകള്‍ അടുക്കാന്‍ നോക്കി. ഫലമുണ്ടായില്ല. കൈമഴു ഒന്നാഞ്ഞു വീശിയാല്‍ തലച്ചോറ് പിളര്‍ക്കും. ഉദ്വേഗജനകമായ നിമിഷങ്ങള്‍. സമയം കടന്നു പോയി.

     നാലഞ്ചു വീട് അപ്പുറത്ത് നിന്നും മജീദ്‌ എത്തി.  .  അത്യാവശ്യം വിദ്യാഭ്യാസവും ഒരു ചെറിയ സര്‍ക്കാര്‍ ജോലിയുമുള്ള ചെറുപ്പക്കാരനാണ് മജീദ്‌. ബിയ്യാത്തുവിന്‍റെ ഒരേയൊരു ആങ്ങള.    എന്തിനും ഏതിനും ബിയ്യാത്തുവിനും ആലിക്കോയക്കും ആശ്രയം അയാള്‍ തന്നെ.   മുറ്റത്തെത്തിയപ്പോള്‍ അനുനയത്തില്‍ അയാള്‍ അളിയനെ വിളിച്ചു നോക്കി.  കുപിതനായി  കൈമഴു ഉയര്‍ത്തി ആലിക്കോയ   അയാള്‍ക്ക്  നേരെ ചാടി.  മജീദ്‌ ധൈര്യം വിടാതെ അയാളുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചു പിടിച്ച് സൂത്രത്തില്‍ കൈമഴുവില്‍ പിടികൂടി. പുറകിലെ ഇരുട്ടില്‍ മാറി നിന്നിരുന്ന മറ്റുള്ളവരും ഇടപെട്ടു. ആലിക്കോയയെ  കീഴ്പെടുത്തി നിലത്ത് കിടത്തി കയ്യും കാലും കെട്ടി. ഒരു വാഹനം വിളിച്ചുവരുത്തി ഉടനെ ഹോസ്പിറ്റലിലെത്തിച്ചു.

      'മേല്‍വരിയില്‍ പല്ലുകള്‍ ഇളകിയത് നാഡീവ്യൂഹത്തെ ബാധിച്ചതാണ് പ്രശ്നം. മരുന്നുകള്‍ കൊണ്ട് മാറ്റാവുന്നതേയുള്ളൂ'. രണ്ടു ദിവസത്തെ നിരീക്ഷണങ്ങള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.

     ദിവസങ്ങള്‍ കടന്നു പോയി.   ആശുപത്രിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി. അക്രമ വാസന കാണിക്കുന്നത്  കൊണ്ട് സെഡേറ്റീവ് മരുന്ന് കുത്തിവെച്ചാണ് ഉറക്കുന്നത്. പല തവണയായി ഇലക്ട്രിക്‌ ഷോക്കും കൊടുത്തു. മരുന്നിനു പുറമേ  കൗണ്‍സിലിംഗുകളും നടത്തി. എന്തൊക്കെയായിട്ടും അയാളുടെ ഭയത്തിനോ പ്രേതത്തെ സ്വപ്നം കണ്ടു ഞെട്ടുന്നതിനോ യാതൊരു കുറവുമുണ്ടായില്ല. പരിഭ്രാന്തയായ ബിയ്യാത്തു പലരെയും കണ്ടു സങ്കടം പറഞ്ഞു. പല പള്ളികളിലേക്കും നേര്ച്ചപ്പണം കൊടുത്തയച്ചു. വീട്ടില്‍ മുസ്ലിയാര്‍ കുട്ടികളെ വരുത്തിച്ച് മുഹയിദ്ദീന്‍മാല ഓതിച്ചു. രോഗാവസ്ഥക്കു മാത്രം യാതൊരു മാറ്റവും കണ്ടില്ല. ഇനിയിപ്പോ എന്ത് ചെയ്യും എന്ന് കുണ്‍ഠിതപ്പെട്ടിരിക്കുമ്പോഴാണ് ഗോപാലന്‍ കുട്ടിയുടെ വരവ്. ചെങ്കല്ല് വെട്ടുന്ന തൊഴിലാണെങ്കിലും അല്ലറ ചില്ലറ മന്ത്രവും കൂടോത്രവുമൊക്കെ ഗോപാലന് വശമുണ്ട്. ചുടലക്കുന്നത്ത് ശവമടക്കുന്ന സമുദായാംഗവുമാണ്.
      'ചൊടലക്കുന്നത്തെ പ്രേതത്തിന്‍റെ മോളിലല്ലേ മൂപ്പര്‍ വീണത്. ന്നട്ട് ങ്ങളിവിടെ ആസ്പത്രീല്‍ കെടക്ക്വാണോ? ഇവിടെ നിങ്ങളെന്തു ചെയ്യാനാ പോകണത്?' ഗോപാലന്‍ കുട്ടി ആശ്ചര്യത്തോടെ ചോദിച്ചു.

     അത് കേട്ട ബിയ്യാത്തുവിന് ഇരുട്ടില്‍ തപ്പി നടക്കുമ്പോള്‍ ഒരു ചൂട്ട് വെളിച്ചം കിട്ടിയ സന്തോഷം തോന്നി.

     'ന്‍റെ ഗോവാലന്‍ കുട്ട്യേ.. ലാക്കട്ടര്മാര്‍ക്കൊന്നും ഒരു പുട്യൂം കിട്ടണ് ല്ല്യ. ഞാനാണെങ്കീ നേരാത്ത നേര്‍ച്ചോളൂല്ല്യ.'

     'അതാ ഞാമ്പറഞ്ഞത്, ങ്ങള് ബടെ ങ്ങനെ കുത്തിര്ന്നാല് സംഗതി നടക്ക്വോ?   ഉള്ളില്‍ കൂട്യ പ്രേതത്തിനെ പറഞ്ഞയക്കണം. അല്ലാതെ ആസ്പത്രിക്കാര്‍ക്ക്ണ്ടോ ദ് വല്ലതും തിരീണ്?!'

     അടുത്തുണ്ടായിരുന്ന ബിയ്യാത്തുവിന്‍റെ ആങ്ങള മജീദിന് അത് കേട്ടപ്പോള്‍ കലിയിളകി. 
     'ഓ പിന്നേ..  പ്രേതം ഇവടെ മുമ്പൊക്കെ ണ്ടായിര്ന്ന്.  ആ ഗള്‍ഫ്‌ കാര് കോണ്ടോര്ണ ചൊവന്ന സാന്യോ ടോര്‍ച്ച് ല്ലേ ? അത് വന്നപ്പം എല്ലാം നാടും വിട്ട് പോയി.'  മജീദ്‌ പരിഹസിച്ചു.

     'പ്രേതം പ്രേതം ന്ന് പേടിച്ചു നെലോളിക്ക്ണോന് ങ്ങള് കൊറേ സൂചി ബെച്ചിട്ടും മരുന്ന് കൊട്ത്തിട്ടും ഒരു കാര്യോല്ല.  ഞാമ്പറിണത് കേട്ടാ ങ്ങക്കെന്നെ നല്ലത്.'

    ഗോപാലന്‍ കുട്ടിയുടെ പ്രസ്താവന കേട്ട  ബിയ്യാത്തു മജീദിന്‍റെ മുഖത്തേക്ക്  നോക്കി.  അയാള്‍ മുഖം തിരിച്ച് നടന്നു പോയി. ബിയ്യാത്തു അവസാനം ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു.

     'കോളേജിലൊക്കെ പഠിച്ച അനക്ക് ദിലൊന്നും ബിസ്വാസം ണ്ടാവൂല. ഞമ്മള് പയമക്കാരാ. ദൊക്കെ കൊറേ കണ്ടിട്ടൂണ്ട്.' ബിയ്യാത്തു പിറുപിറുത്തു.

     പൂജാ ദ്രവ്യങ്ങളെല്ലാം ഗോപാലന്‍ കുട്ടി ആ വീടിന്‍റെ കോലായില്‍ നിരത്തി. നടുവിലൊരു വിളക്ക് തെളിച്ചു വെച്ചു. ആലിക്കോയയെ അതിനു മുന്നില്‍ ഇരുത്തി.  ചുടലക്കുന്നത്തെ പ്രേതം കൂടിയതിന് ആശുപത്രിയില്‍ ചികിത്സിച്ച കുറ്റത്തിന് ബിയ്യാത്തുവിനെ ഗോപാലന്‍ കണക്കിന് ചീത്ത പറഞ്ഞു. അതിനിടയില്‍ത്തന്നെ മന്ത്രങ്ങളും തുരുതുരാ ഉരുവിട്ടു കൊണ്ടിരുന്നു. പൂജാ ദ്രവ്യങ്ങള്‍ക്കിടയില്‍ ഒരു പരന്ന മണ്‍ചട്ടിയില്‍ മഞ്ഞ നിറത്തിലുള്ള എന്തോ ഒരു ദ്രാവകം നിറച്ചു വെച്ചിരുന്നു. ആലിക്കോയയോട്  അതിലേക്കു തന്നെ നോക്കാന്‍ പറഞ്ഞു.
കൊച്ചു കുട്ടിയെപ്പോലെ അയാള്‍ അനുസരിച്ചു. സമയം കടന്നു പോയി.  ഗോപാലന്‍ കുട്ടി വാചാലനായി. ചുടലക്കുന്നത്തെ ഓരോ പ്രേതത്തിന്റെയും ഗുണഗണങ്ങള്‍ ഗോപാലന്‍ കുട്ടി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അയാളുടെ മനസ്സിലെ രൂപങ്ങള്‍ അതില്‍ തെളിയുന്നുണ്ടോ എന്ന് നോക്കാന്‍ പറഞ്ഞു.
     ഗോപാലന്‍ കുട്ടി കണ്ണടച്ചു. മന്ത്രധ്വനികള്‍ മുറുകി.

     അദ്ഭുതം!  അതാ, തന്നെ നിരന്തരം വെട്ടയാടാറുള്ള പ്രേതങ്ങളെല്ലാം മണ്‍ചട്ടിയിലെ വെള്ളത്തില്‍! ആലിക്കോയ പേടിച്ചു നിലവിളിക്കാന്‍ തുടങ്ങി. ഗോപാലന്‍ കുട്ടി ഉടനെ ഒരു അടപ്പെടുത്ത് മണ്‍ചട്ടി മൂടിക്കളഞ്ഞു. എന്നിട്ട് ഒരു ചുവന്ന കോട്ടണ്‍ ശീലയെടുത്ത് ഭദ്രമായി മൂടിക്കെട്ടി.  ഇരുന്ന ഇരുപ്പില്‍ ആലിക്കോയയുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി.

     എന്നിട്ട് ശാന്ത ഗംഭീരമായി പ്രസ്താവിച്ചു.

    'തല്‍ക്കാലം ഇവറ്റകളെ ഞാന്‍ കൊണ്ട് പോണു."
     എല്ലാ സാമഗ്രികളും കെട്ടിപ്പൊതിഞ്ഞ് കൂടുതലൊന്നും മിണ്ടാതെ ഗോപാലന്‍ കുട്ടി പതുക്കെ ഇറങ്ങി നടന്നു.     അന്ന് രാത്രി ആലിക്കോയ ഒരു മരുന്നിന്‍റെയും സഹായമില്ലാതെ ഭയലേശമന്യേ കിടന്നുറങ്ങി.
 
     'പല്ല് എളകിയത് കൊണ്ട് ഞരമ്പ്‌ കേടു ബന്നതാണ് പോലും!  ആ ഗോവാലന്‍ കുട്ടി ല്ലായിന്യെങ്കീ..... ന്‍റെ ബദ്രീങ്ങളേ....!'       ശൂന്യമായ കഴുത്തിലെ സ്വര്‍ണനെക്കലേസ് കിടന്നിരുന്ന ഭാഗം  തടവിക്കൊണ്ട്  ബിയ്യാത്തുമ്മ  മജീദിന്‍റെ നേരെ കെറുവിച്ചു.

     മജീദ്‌ എന്ത് പറയാനാണ്.  അളിയന്‍റെ അസുഖം മാറിക്കിട്ടിയല്ലോ.

     'മനുഷ്യമനസ്സ് ഒരു വിസ്മയ ലോകം തന്നെ.  വെറും അന്ധവിശ്വാസങ്ങള്‍ പോലും  അതിന് രോഗകാരണവും അതുപോലെ ചികിത്സയുമായിത്തീരുന്നു.'  സുഹൃത്തായ ഒരു സൈക്ക്യാട്രിസ്റ്റ്  പറഞ്ഞത് ഒരു ചെറുപുഞ്ചിരിയോടെ മജീദ്‌  ഓര്‍ത്തു.  പിന്നെ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

65 comments:

Shukoor said...

പുതുവര്‍ഷത്തിലെ ആദ്യ പോസ്റ്റ്‌ ഈ കഥ ആയ്ക്കോട്ടെ. എല്ലാവര്ക്കും ഒരു നല്ല വര്‍ഷം ആശംസിക്കുന്നു.

prajith said...

കൊള്ളാം shukoor . അന്ധവിശ്വാസങ്ങള്‍ക്ക് മരുന്ന് അന്ധവിശ്വാസങ്ങള്‍ തന്നെ ആണെന്ന് നന്നായി തെളിയിച്ചു. നല്ല അവതരണം.

റിനി ശബരി said...

ഷുക്കൂര്‍ .. നല്ല അവതരണം .. തീര്‍ന്ന് പൊകരുത് എന്നു കരുതുന്നൊരു ആവിഷ്കാരം.
മനസ്സാണ് എല്ലാറ്റിനും ആധാരമെന്നും
മറ്റൊന്നും ഒന്നുമല്ലെന്നും വെറും മിഥ്യാ ധരണകളെന്നും
എന്റേ പ്രീയ സുഹൃത്ത് തുറന്ന് കാട്ടീ ..
ഇന്ന് നമ്മുടെ നാട്ടില്‍ നടമാടുന്ന എല്ലാവിധ
അന്ധവിശ്വസ്സാങ്ങള്‍ക്കും ഹേതു മനസ്സാണ്
കോയക്കും സംഭവിച്ചത് അതു തന്നെ ..
നമ്മുടെ ഒരു സിനിമ ഉണ്ട് " ഉള്ളടക്കം "
അതിലീ മനസ്സിന്റേ കാര്യം ഭംഗിയായ് ചിത്രീകരിക്കുന്നൊരു ഹാസ്യപരമായാ സീനുണ്ട് , എല്ലവരും കാണേണ്ടത് ചിരിച്ചു മാത്രം പൊകേണ്ടാത്തത് ,ജഗതിയുടെ മനസ്സിന്റെ
ശരികളേ , അതിന്റെ വഴിയിലേക്ക് കടത്തി വിടുന്ന
സൈക്കോളജിസ്റ്റായ മോഹന്‍ ലാല്‍ . പക്ഷേ അവസാനം അയാള്‍ വിഴുങ്ങിയത് വെള്ള കുതിരയാണെന്ന് കാര്യം മനസ്സിലിട്ട്
പിന്നീട് വീന്റും രോഗാവസ്ഥയിലേക്ക് ചേക്കേറുന്ന ജഗതീ.ഇതുപൊലെയാണിവിടെയും ,തന്നെ അക്രമിക്കാന്‍ വരുന്ന ആളുകളേ മനസ്സിന്റേ ഉള്ളറകളില്‍ തനിയേ ഭീതിയുടെ പുറം
ചട്ട കൊണ്ട് കരുതി വച്ചു ആലികോയ ,,
പക്ഷേ ഞൊടിയിട കൊണ്ട് ഗോപാലന്‍ അതു ആവാഹിച്ച് എടുത്തൂ .മനസ്സ് അയാളൊട് പറഞ്ഞു കൊണ്ടു പൊയെന്ന് .ഒരു നല്ല സൈക്യാട്രിസ്റ്റിനും എളുപ്പത്തില്‍ കഴിയുന്ന ഒന്നു തന്നെ
പക്ഷേ വിളക്കിന്റെയും ,മന്ത്രതിന്റേയും മുന്നില്‍
എന്തോ കാംഷിച്ചു നില്‍ക്കുന്ന നമ്മളില്‍ ആ ഒരു പ്ലാറ്റ്ഫോര്‍ം കൂടുതല്‍ പ്രതീഷനല്‍കും ,അതു തന്നെ ആണ് അതിന്റെ വിജയവും ..
മിത്രം എഴുത്തില്‍ തിരുകി കേറ്റിയ മജീദ് ഒരുപാട് പേരെ
പ്രതിധാനം ചെയ്യുന്നു , സമൂഹത്തിലേ ചില ദുഷിച്ച പ്രവണതകളെ
തല്ലി കൊഴിക്കാന്‍ ചെറുപ്പമനസ്സുകള്‍ ആവിശ്യം തന്നെ
ഇതു കൊണ്ട് തള്ളി കളയാന്‍ കഴിയില്ലെന്ന് അവരെ
അടിവരയിടുന്ന അവസ്സാന വരികളും ...
("അയ്യപ്പന്‍ മരം കാണിച്ച് കൊടുത്ത് ഫര്‍ണിച്ചറിലേക്ക് പോയീ "
ഇതെനിക്ക് അങ്ങോട്ട് പിടുത്തം കിട്ടിയില്ല ഷുക്കൂറ് )
നല്ലോരു കഥ .സന്ദേശവാഹകരാവണം കഥാകാരന്മാര്‍
അതു എന്റേ മിത്രം ഇവിടെ പൂര്‍ത്തികരിച്ചിരിക്കുന്നു
ഒരുപാട് ഇഷ്ടമായീ ,നാടിന്റേ മണവും ,കൂടെ നേരിന്റെ പടവും കാട്ടീ തന്ന വരികള്‍ക്ക് നന്ദിയും ..
കൂടെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസ്കളും സഖേ ..

പട്ടേപ്പാടം റാംജി said...

അന്തമായ വിശ്വാസങ്ങള്‍ തന്നെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. ലളിതമായി പറഞ്ഞ കഥ. മരം വെട്ട് ശരിക്കും കാണുന്നത് പോലെ അവതരിപ്പിച്ചു.

പുതുവത്സരാശംസകള്‍.

ഫിയൊനിക്സ് said...

ന്നിട്ട്, ആലിക്കോയ പിന്നേം മരം വെട്ടാന്‍ പോയിത്തുടങ്ങിയോ? നല്ല കഥ ആശംസകള്‍.

Naseef U Areacode said...

നല്ല കഥ....

മണിചിത്രത്താഴ് സിനിമയെ ഓർമ്മിച്ചു...

മനസ്സിനെ സ്വാധീനിക്കാൻ വിശ്വാസത്തിനു മാത്രമേ പറ്റുകയുള്ളൂ....

വേണുഗോപാല്‍ said...

വൃത്തിയായി പറഞ്ഞു ....
ഒറ്റ ഇരുപ്പില്‍ വായിച്ചു ...
വായനയിലുട നീളം എന്റെ നാട്ടിലെ ഒരു മരം വെട്ടുകാരനെ ഞാന്‍ മനസ്സില്‍ കണ്ടു ..
കഥ നന്നായി .. മനസ്സിന്റെ വിഹ്വലതകള്‍ മനുഷ്യനെ പലയിടത്തും കൊണ്ടെത്തിക്കുന്നു .
ആശംസകള്‍

Mohamedkutty മുഹമ്മദുകുട്ടി said...

എനിക്കു കഥയേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത് ആലിക്കൊയ എന്ന കഥാപാത്രത്തെ തുടക്കത്തില്‍ പരിചയപ്പെടുത്തിയ രീതിയാണ്. അതിനൊരു സിനിമാ സ്റ്റൈല്‍ തന്നെയുണ്ട്. താങ്കള്‍ക്ക് തിരക്കഥയില്‍ ഒന്നു കൈ വെച്ചു നോക്കിക്കൂടെ?. വര്‍ഷാരംഭത്തിലെ പോസ്റ്റ് ഉഗ്രനായി,അഭിനന്ദനങ്ങള്‍!.

പൊട്ടന്‍ said...

ചിലയിടങ്ങള്‍ അതി മനോഹരം. മരംവെട്ടുകാരന്‍റെ കഥ പുതുമയോടെഅവതരിപ്പിച്ചു. അവസാനം അല്പം സംഭാവബഹുലമായത് പോലെ തോന്നി
ആശംസകള്‍.

ente lokam said...

പുതു വര്‍ഷ കഥ നന്നായി അവതരിപ്പിച്ചു..

ശൂന്യമായ കഴുത്ത് തിരുമ്മി......!!!

എന്തായാലും അതിനി അടുത്ത മരം വെട്ടി കടം വീട്ടാം അല്ലെ?

അഭിനന്ദനങ്ങള്‍ ‍ ഷുകൂര്‍...

Saleem said...

puthuvalsaraashamsakal .... ugranaayi... abhinandanagal

റോസാപൂക്കള്‍ said...

നല്ല കഥ
ആലിക്കോയയുടെ സൂക്കേട് മാറിയല്ലോ.സമാധാനം.
എന്നാലും ആ രണ്ടു പല്ല്... അത് കഷ്ടായി

Akbar said...

2012 ഇല്‍ ഷുക്കൂര്‍ ബൂലോകത്തിന് സമര്‍പ്പിച്ച ആദ്യ കഥ. ഞാന്‍ ഈ വര്ഷം ആദ്യം വായിച്ച കഥയും ഇതു തന്നെ. ഈ വര്ഷം ധാരാളം കഥകള്‍ കൊണ്ട് സമ്പന്നമാവട്ടെ ആത്മഗതം

അന്ധവിശ്വാസത്തില്‍ നിന്നാരംഭിച്ച മനോരോഗത്തെ മറ്റൊരു അന്ധവിശ്വാസത്തിന്‍റെ പുകമറ കൊണ്ട് സുഖപ്പെടുത്തുന്ന കഥയുടെ പ്രമേയം നന്നായി.

Anonymous said...

കൊള്ളാം കേട്ടോ. പക്ഷേ ഈ വർഷത്തിന്റെ ആരംഭത്തിൽ തന്നെ വേണമായിരുന്നോ. ഈ എളിയവൾക്കും ഒരു ബ്ലോഗ് ഉണ്ട് കേട്ടോ. വല്ലപ്പോഴും അവിടെ കൂടെ ഒന്നു തല കാണിക്കണേ

Anonymous said...

കൊള്ളാം കേട്ടോ. പക്ഷേ ഈ വർഷത്തിന്റെ ആരംഭത്തിൽ തന്നെ വേണമായിരുന്നോ. ഈ എളിയവൾക്കും ഒരു ബ്ലോഗ് ഉണ്ട് കേട്ടോ. വല്ലപ്പോഴും അവിടെ കൂടെ ഒന്നു തല കാണിക്കണേ

Pradeep Kumar said...

സൂക്ഷ്മനിരീക്ഷണപാടവത്തോടെ അവതരിപ്പിച്ച കഥയുടെ ആദ്യഭാഗം നല്ല വായനാനുഭവമായി... ന്ല കൈയ്യടക്കവും പ്രദര്‍ശിപ്പിച്ചു... ആദ്യഭാഗത്തോടു താരതമ്യം ചെയ്യുമ്പോള്‍ അവസാനഭാഗം അല്‍പ്പം ഇടറിപ്പോയോ എന്നു സംശയം തോന്നി....

കഥയും കഥയിലെ പ്രചരണാംശവും ഒരുപോലെ മികവാര്‍ന്നത്....

കുസുമം ആര്‍ പുന്നപ്ര said...

കഥ നന്നായി അവതരിപ്പിച്ചു. ആ പടവും അനുയോജ്യം

khaadu.. said...

കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചു അല്ലെ...
അന്ത വിശ്വാസത്തിനു മരുന്ന് അന്ത വിശ്വാസം തന്നെ.... നന്നായി എഴുതി... മരം വെട്ടുകാരനെ മുന്നില്‍ നിറുത്തി തന്നു...ഓരോ സീനും വിവരിച്ചു...

സ്നേഹാശംസകള്‍...

മുനീര്‍ തൂതപ്പുഴയോരം said...

മനസ്സിന്റെ ഭീതിയില്‍ നിന്നുണ്ടാകുന്ന ചിന്തകള്‍ മനുഷ്യനെ പലപ്പോഴും അന്ധവിശ്വാസങ്ങള്‍ക്കടിമപ്പെടാന്‍ നിര്‍ബന്ധിതനാക്കും..കഥയില്‍ എങ്ങിനെയാണ് ഒരാള്‍ പ്രേതഭൂതങ്ങളുടെ മായാലോകത്തേക്കെത്തിപ്പെടുന്നതെന്ന് നന്നായി വരച്ചു കാട്ടി. അന്ധവിശ്വാസങ്ങള്‍ യുക്തി നോക്കാതെ അംഗീകരിക്കാന്‍ ആളുകള്‍ തയാറായിരിക്കെ അതിന്റെ ചികിത്സകന്മാര്‍ക്കും പണി ഏളുപ്പമാണ്.പുതുവര്‍ഷം തന്നെ കഥ പറഞ്ഞു തുടങ്ങിയിരിക്കുകയാണല്ലോ.ഈ വര്‍ഷം പുതിയ പോസ്റ്റുകള്‍ പൂത്തുലയട്ടെ എന്നാശംസിക്കുന്നു

Jefu Jailaf said...

കഥ പറഞ്ഞ രീതി വളരെ ഇഷ്ടപ്പെട്ടു. മരം വെട്ടുകാരന്‍ മുഴുനീളെ നിറഞ്ഞു നിന്നു. മാനസികമായ വിഭ്രാന്തി അന്ധവിശ്വാസത്തില്‍ നിന്നും മാത്രമായിരിക്കില്ല എന്നൊരു അഭിപ്രായമുണ്ട്. മന്ത്രവും, വിളക്കും വെച്ചാല്‍ അത് അന്ധവിസ്വാസമാകുമെന്നും അഭിപ്രായമില്ല. പക്ഷെ അതിനപ്പുറം കഥ ശരിക്കും ആസ്വദിച്ചു. അത്രയും മനോഹരമായി ഓരോ കഥാപാത്രങ്ങളെയും ശുക്കൂര്‍ ഭായി കൊണ്ട് വന്നു. അഭിനന്ദനങ്ങള്‍.. 2012 ലെ എഴുത്തുകള്‍ ഒരുപാടു ഉന്നതങ്ങളിലെക്കെത്തട്ടെ..

shameeraku said...

nannayittundu. puthu varshathinu oru ghambeera thudakkam. 2012 il dharalam nalla postukal prtheekshikkunnu.

Prins//കൊച്ചനിയൻ said...

വിശ്വാസങ്ങൾ ഉള്ളിടത്തോളം കാലം അന്ധവിശ്വാസങ്ങളും ഉണ്ടാകും. വിശ്വാസം ഒരു പരിധിയിൽ കവിയുമ്പോഴല്ല, വിശ്വാസങ്ങളോടുള്ള സമീപനത്തിലെ പിഴവാണ് അന്ധവിശ്വാസത്തിനു കാരണം.
കഥാന്ത്യത്തിൽ മജീദ് എന്ന കഥാപാത്രം കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു.
മനുഷ്യമനസ്സ് എന്ന സങ്കീർണ്ണതയിൽ അന്ധവിശ്വാസങ്ങൾ പോലും രോഗകാരണവും ചികിത്സയുമായിത്തീരുന്നു എന്ന യുക്തി അളിയനെ പറഞ്ഞുമനസ്സിലാക്കാൻ സാധിക്കില്ല എന്ന തിരിച്ചറിവായിരിക്കാം അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കുന്നത്.
2012-ലെ ആദ്യ പോസ്റ്റ് നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. ഭാവുകങ്ങൾ...

ഷാജു അത്താണിക്കല്‍ said...

കൊള്ളാം
നല്ല കഥ

Anonymous said...

ithente aadhya vayanayanu , nalloru thudakkam labichathil njan santhoshavananu, thankalku nandhy.

പാവത്താൻ said...

നന്നായി പറഞ്ഞിരിക്കുന്നു.പ്രത്യേകിച്ചും തുടക്കം വളരെ നന്നായിരിക്കുന്നു.

സഹയാത്രികന്‍ I majeedalloor said...

അവതരണം നന്നായി, പ്രേതബാധയും മന്ത്രവാദവുമെല്ലാം പഴയതല്ലേ..?!
ഇത്തരം രോഗങ്ങൾ ഇങ്ങനെയേ മാറൂ എന്നുണ്ടോ..?

മുല്ല said...

നന്നായിട്ടുണ്ട്.
പുതുവത്സരാശംസകള്‍...

വര്‍ഷിണി* വിനോദിനി said...

വളരെ ലളിതമായി നല്ല ഒഴുക്കോടേ പറഞ്ഞ കഥ..കഥാപാത്രത്തെ ഉള്‍ക്കൊണ്ടു....ഇഷ്ടായി ട്ടൊ...ആശംസകള്‍...!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അന്ധമായാലും,അല്ലെങ്കിലും വിശ്വാസങ്ങളിൽ വിശ്വസിക്കുന്നത് തന്നെയാണ് എല്ലാകുഴപ്പങ്ങൾക്കും കാരണം...
അത് എവിടേയും..എന്നും..!
എഴുത്തിൽ നല്ല നിരീക്ഷണണപാടവമുണ്ട് കേട്ടൊ ഭായ്.

മന്‍സൂര്‍ ചെറുവാടി said...

നല്ല കഥ ഷുക്കൂര്‍.
എല്ലാരും പറഞ്ഞു കഴിഞ്ഞു ആഖ്യാന ഭംഗിയെ കുറിച്ച്.
വിശ്വാസവും അന്ത വിശ്വാസവും .
മനോഹരമായ കഥയ്ക്ക് അഭിനന്ദനങ്ങള്‍

Anonymous said...

www.pravaahiny.blogspot.com

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നല്ല കഥ .. നല്ല അവതരണ രീതിയും

മാനത്ത് കണ്ണി //maanathukanni said...

വെറും ജെലുസില്‍ ഗുളികകൊണ്ട് ഞാന്‍ എന്‍റെ പെങ്ങളുടെ ഹൃദ്രോഗം ഭേദമാക്കിയിട്ടുണ്ട് .
രോഗം അവളുടെ ഒരു അന്ധവിശ്വാസ മായിരുന്നു .ചില ഭക്ഷണം കഴിച്ചാല്‍ ഗ്യാസ് ഉണ്ടാകുമല്ലോ .അവള്‍ അത് വലിയ രോഗമായിട്ടാണ് കരുത്യത് .
ഒരു ദിവസം ഞാന്‍ നാല് ജെലുസില്‍ അവളെ കാണിച്ചിട്ട് പറഞ്ഞു >ഇത് ഭയങ്കര ശക്തിയുള്ള മരുന്നാണ് .അത്യാവശ്യം മാത്രമേ കഴിക്കാവു .ഒരു വലിയ ഡോക്ടര്‍ കുരിച്ചുതന്നതാണ് .ഇത് ഇപ്പോള്‍
ഒരെണ്ണം കഴിക്കാം .പിന്നെ രോഗം വരില്ല ..പിന്നെ ..ചില പത്യങ്ങള്‍ ഉണ്ട് .ചിലഭാക്ഷണങ്ങള്‍ കഴിക്കുകയെ അരുത് <എന്നിട്ട് ഗ്യാസ് ഉണ്ടാകാന്‍ കാരണമായേക്കാവുന്ന ചില ഭക്ഷണങ്ങളുടെ പേരും പറഞ്ഞു കൊടുത്തു .
എന്ത് ആയാലും പിന്നെ അവള്‍ രോഗം പറഞ്ഞു ആളെ ബുദ്ധിമുട്ടിച്ചിട്ടില്ല .

അനശ്വര said...

രസകരമായ വായന സമ്മാനിച്ചു. നല്ല കഥ.അവസാനം വരെ ആകാംക്ഷ നിലനിര്‍ത്തി. എവിടേയും ഒരു കല്ലുകടി തോന്നിയില്ല..പ്രത്യേകിച്ച് ആരംഭം വളരെ നന്നായി തോന്നി...തൊഴിലിനെ വര്‍ണ്ണിച്ചത്..
ശരിക്കും ചികിത്സാചിലവൊക്കെ അയ്യപ്പന്‍ കൊടുക്ക്ണാരുന്നു..പാവം ബിയ്യാത്തുമ്മ..സ്വര്‍ണ്ണനെക്ലസ് കിടന്ന ഒഴിഞ്ഞ ഭാഗം തപ്പിയപ്പൊ അയ്യപ്പനോട് ദേഷ്യം തോന്നി...

Absar said...

ആദ്യമായിട്ടാണ് ഇവിടെ വരുന്നത് എന്ന് തോന്നുന്നു....
കഥ നന്നായിട്ടുണ്ട്....
ഇനിയും വരാം...
ആശംസകളോടെ...

faisalbabu said...

'ഓ പിന്നേ.. പ്രേതം ഇവടെ മുമ്പൊക്കെ ണ്ടായിര്ന്ന്. ആ ഗള്‍ഫ്‌ കാര് കോണ്ടോര്ണ ചൊവന്ന സാന്യോ ടോര്‍ച്ച് ല്ലേ..
=============================
ചുവന്ന സാന്യോ ടോര്‍ച്ച് ഇപ്പോള്‍ സ്വാഹ ...ബ്രയ്റ്റ് ലൈറ്റും ,സ്ട്ട്രോനഗ് ലൈറ്റും താന്‍ ഗള്‍ഫനു പ്രിയം ...
--------ശുക്കൂര്‍ ഭായ്‌ നന്നായി എഴുതി ..

Mohammedkutty irimbiliyam said...

അങ്ങിനെ ഒരു 'പ്രേതബാധ' മരം വെട്ടുകാരന്റെ വേഷത്തില്‍ നല്ലൊരു കഥയ്ക്ക് പ്രമേയമായി.അതാണ്‌ നല്ല എഴുത്തുകാരന്റെ മിടുക്ക്.ജീവിതത്തില്‍ പേടിക്കേണ്ട മനുഷ്യനെ മനുഷ്യരെന്താ ഈ ജീവനില്ലാത്ത അവസ്ഥയില്‍ (പിണത്തെ) ഭയക്കുന്നത്.അതിന്റെ പേരില്‍ കുറേ മുതലെടുപ്പുകളും!പണ്ട് 'ഡ്രാക്കുള'നോവല്‍ വായിച്ചിട്ടുണ്ട്.ഭയാനക പ്രേത കഥ !
അതിരിക്കട്ടെ.ഈ എഴുത്തിനെ,അതിന്റെ സാഹിതീ മൂല്യത്തെ അഭിനന്ദിച്ചേ പറ്റൂ.അത്രക്കും മനോഹരമായിട്ടുണ്ട് .

Manoraj said...

ഷുക്കൂര്‍ കഥ ചിലയിടങ്ങളില്‍ അല്പം വലിച്ചു നീട്ടിയോ എന്ന് തോന്നി. കഥ അവതരിപ്പിക്കുവാന്‍ അറിയാം ഷുക്കൂറിന്. പക്ഷെ കഥയുടെ എന്‍ഡിങ് ആയപ്പോഴേക്കും ടൈമിങ് വിട്ടുപോയോ എന്ന സംശയം ജനിപ്പിച്ചു. ഒപ്പം അന്ധവിശ്വാസത്തെ പരോക്ഷമായെങ്കിലും പ്രോത്സാഹിപ്പിക്കുന്നുണ്ട് ഈ തീം. അത് തെറ്റല്ല. കഥയില്‍ എല്ലാ തരം തീമുകളും ആവാം. വായനക്കാരന്റെ മനസ്സിനനുസരിച്ച് തീമുകള്‍ സ്വയമേവ മാറിക്കൊള്ളൂം. കഥയുടെ ക്രാഫ്റ്റ് ആദ്യവസാനം നിലനിര്‍ത്തുവാന്‍ ശ്രമിക്കുക. കഴിയും.

Pradeep paima said...

നന്നായിട്ടുണ്ട് ..ആശംസകള്‍

Sreejith kondottY said...

പ്രമേയവും, ആഖ്യാന ശൈലിയും വളരെ നന്നായിട്ടുണ്ട്. ഗള്‍ഫ്‌ മനോരമയില്‍ ഇന്നലെ ശ്രദ്ധിച്ചിരുന്നു.

ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ said...

ഇഷ്ടമായി കഥ............അവതരണവും ഗംഭീരം............ഈ പാടവം നില നില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥന....ആശംസകള്‍ ..

പഥികൻ said...

നല്ല കഥ..ആദ്യമായാണിവിടെ..ഇനിയും വരാം...

കൊമ്പന്‍ said...

ശുക്കൂര്‍ജി നല്ല അവതരണവും തിലുപരി നല്ല സന്ദേശവും
പക്ഷെ ചില അവഭോധ മനസ്സുകളെ ഇങ്ങനെ ഉള്ള കബളിപ്പിക്കളിലൂടെ മാത്രമേ രക്ഷിക്കാന്‍ ആവൂ ഇവിടെ ഗോപാലന്‍ മന്ത്രം അല്ല തന്ത്രം ആണ് ഉപയോഗിച്ചത്

Jinto Perumpadavom said...

മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണം അല്ലെ..........? best wishes ...

മഹറൂഫ് പാട്ടില്ലത്ത് said...

കഥയിലെ ആദ്യ വരികള്‍ ശരിക്കും ജീവനുള്ളത് പോലെ [തിരക്കഥ എഴുതാന്‍ ശ്രമിച്ചു കൂടെ .....................ആശംസകള്‍

abbas mukkam said...

ugran..vishwasangalum andaviswasangalum idakalarnna kadha.evideyokkeyo oru sambhava kadhayude lanchana.. nammude naattinpurathe chuttupaadukalil kadhaa thandhu kandethunna shukkoor bhaikku abhinandanagal..

keep writing ...best of luck..

V P Gangadharan, Sydney said...

(എല്ലാ സാമഗ്രികളും കെട്ടിപ്പൊതിഞ്ഞ്‌ കൂടുതലൊന്നും മിണ്ടാതെ എന്നിട്ട്‌ ശാന്തഗംഭീരമായി പ്രസ്താവിച്ചു.
`തല്‍ക്കാലം ഇവറ്റകളെ ഞാന്‍ കൊണ്ടുപോണു`.

ഗോപാലന്‍കുട്ടി പതുക്കെ ഇറങ്ങി നടന്നു. അന്നു രാത്രി ആലിക്കോയ ഒരു മരുന്നിന്റെയും സഹായമില്ലാതെ ഭയലേശമെന്യേ കിടന്നുറങ്ങി....)

Schizophrenia എന്ന മാനസിക രോഗത്തിനുള്ള പഴയ നാട്ടുചികിത്സയാണിവിടെ ഫലപ്രദമായത്‌. ഇക്കാര്യത്തില്‍ Individual wavelength ന്‌ ആപേക്ഷികപ്രാധാന്യമുണ്ടെന്നു മറന്നുകൂടാ. Perception becomes one's reality എന്ന യാഥാര്‍ത്ഥ്യവും മറന്നുകൂടാ. പ്രേതങ്ങളുടെ ജന്മഭൂമി ഇതുതന്നെയാണല്ലോ. അനുഭവങ്ങളും പ്രതിവിധിയായി ഇവിടെ ഉപയോഗിക്കപ്പെട്ട തന്ത്രവും മറ്റൊന്നല്ല സമര്‍ത്ഥിക്കുന്നത്‌.

ഷുക്കൂര്‍ കഥ തന്മയത്ത്വത്തോടെ പറഞ്ഞു.

Shukoor said...

പ്രജിത്ത്‌, ആദ്യവായനക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.

റിനി ശബരി, എന്ത് പറയണം എന്നറിയില്ല. ഇത്ര വിശദമായ ഒരു മറു കുറിപ്പ് എഴുതിയതിനു നന്ദിയുണ്ട്. ഫര്‍ണിച്ചര്‍ കടയിലേക്ക് എന്ന് എഴുതാന്‍ വിട്ടുപോയതായിരുന്നു. മാറ്റിയിട്ടുണ്ട്. ഈ പ്രോത്സാഹനം എന്നും പ്രതീക്ഷിക്കുന്നു.

റാംജി ചേട്ടാ, വളരെ നന്ദി.

ഫിയോനിക്സ്‌, പിന്നെ വെട്ടാന്‍ പോകാതെ..! നന്ദിയുണ്ട്.

നസീഫ്,
അതെ, വിശ്വാസം, അതല്ലേ എല്ലാം. നന്ദി.

വേണുഗോപാല്‍, താങ്കളുടെ നാട്ടിലെ മരം വെട്ടുകാരനെ മനസ്സില്‍ കൊണ്ട് വരാന്‍ കഴിഞ്ഞതില്‍ ഞാന്‍ സംതൃപ്തനാണ്. സന്തോഷം. നന്ദി.

മുഹമ്മദ്‌ കുട്ടിക്കാ,
തിരക്കഥ എഴുതണം എന്ന മോഹമോക്കെയുണ്ട്. നടക്കുമോ ആവോ... നന്ദി.


പൊട്ടന്‍, വളരെ നന്ദി.

എന്‍റെ ലോകം,
അല്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ അങ്ങനെയാണല്ലോ. അവസാനം ഒരു ആഭരണം...:) നന്ദി.

സലിം, ഇവിടെ പ്രതീക്ഷിച്ചില്ല. വളരെ സന്തോഷം.

റോസാപൂക്കള്‍, വെറും രണ്ടു പല്ലല്ലേ. അത് സാരമില്ല. നന്ദി.


അക്ബര്‍ക്കാ, ആശീര്‍ വാദത്തിനും അഭിപ്രായത്തിനും നന്ദി.


പ്രവാഹിനി, തീര്‍ച്ചയായും വരാം. നന്ദി.

പ്രദീപ്‌ മാഷ്‌, അടുത്തതില്‍ നോക്കാം. ഇതിങ്ങനെയൊക്കെ അങ്ങ് പോട്ടെ. വളരെ നന്ദി.

കുസുമം ആര്‍ പുന്നപ്ര, വളരെ നന്ദി.

khaadu, വളരെ നന്ദി.

മുനീര്‍, ആശീര്‍വാദത്തിനും അഭിപ്രായത്തിനും നന്ദി.

ജെഫു, വ്യത്യസ്തമായ അഭിപ്രായത്തിനു വളരെ നന്ദി.

ഷമീര്‍, ഹൃദയം നിറഞ്ഞ നന്ദി.

റശീദ് പുന്നശ്ശേരി said...

വളരെ സ്വാഭാവികതയോടെ പറഞ്ഞ കഥ മനോഹരമായിരിക്കുന്നു

Anonymous said...

kadha kollam..pakshe kaathalinu khnam pora ennorabhipryamundu enikku...

ആചാര്യന്‍ said...

വളരെ നന്നായി പറഞ്ഞൊരു കഥ ..അന്ധ വിശ്വാസം അതും ഒരു വിശ്വാസം എന്തേ അതെന്നെ..ഇനിയും നല്ല രചനകള്‍ ഉണ്ടാവട്ടേ..

മനോജ് കെ.ഭാസ്കര്‍ said...

എനിക്കേറെ ഇഷ്ട്ടപ്പെട്ടു ഈ എഴുത്ത്.

മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുന്ന രോഗം മാറണമെങ്കില്‍ മനസ്സിനെ കീഴ്പ്പെടുത്താന്‍ പറ്റുന്ന മരുന്ന് തന്നെ വേണം. അത് അന്ധവിശ്വാസമാണെങ്കില്‍ അങ്ങനെ.ഇവിടെ ഗോപാലന്‍ കുട്ടി മന:ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തുന്നു.

ആഭിനന്ദനങ്ങള്‍..........

Shukoor said...

Prine/കൊച്ചനിയന്‍, വായനക്കും അഭിപ്രായത്തിനും വളരെയധികം നന്ദിയുണ്ട്.

@ഷാജു,
@അജ്ഞാതന്‍,
@പാവത്താന്‍,
@സഹയാത്രികന്‍,
@മുല്ല
@വര്‍ഷിണി വിനോദിനി
@മുരളീമുകുന്ദന്‍ ബിലാത്തിപട്ടണം
@മന്‍സൂര്‍ ചെറുവാടി,
@പ്രവാഹിനി
@അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍

വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി.

@മാനത്ത് കണ്ണി,
പെങ്ങളുടെ അനുഭവം പങ്കുവെച്ചത് രസകരമായി. വായനക്കും അഭിപ്രായത്തിനും നന്ദി.

@അനശ്വര,
പാവം അയ്യപ്പന്‍റെ പിറകെ കൂടല്ലേ.. കടുത്ത സാമ്പത്തികമാന്ദ്യത്തിലാണ് അയ്യപ്പന്‍. അഭിപ്രായത്തിനു നന്ദി.

@അബ്സര്‍,
സ്വാഗതം. പിന്തുണ പ്രതീക്ഷിക്കുന്നു. നന്ദി.

@ഫൈസല്‍ ബാബു,
അങ്ങനെ അറുത്തു മുറിച്ചു പറയാതെ. ബ്രൈറ്റ്‌ലൈറ്റ്‌ ഒക്കെ ഇപ്പൊ വന്നതല്ലേ ഉള്ളൂ.. പ്രേതങ്ങള്‍ പമ്പ കടന്നത് ആദ്യം വന്ന സാന്യോ ടോര്‍ച്ച് കണ്ടു തന്നെയാണ്. നന്ദി.

ഉമ്മു അമ്മാര്‍ said...

ഈ കഥ പോസ്ടിയ അപ്പൊ തന്നെ വായിച്ചിരുന്നു പക്ഷെ കമെന്റിടാന്‍ ഇന്നാണ് സാധിച്ചതു .... എല്ലാരും പറഞ്ഞ പോലെ നല്ല കഥ... ഈ കഥ പറഞ്ഞ രീതി വളരെ ഇഷ്ട്ടമായി.. മരം വെട്ടുകാരന്റെ വീടും ചുറ്റുപാടും കുടുംബവുമെല്ലാം.. ,മനസ്സില്‍ തങ്ങി നില്‍ക്കുന്നു..പ്രേതത്തേയും പിടിച്ചു ഗോപാലന്‍ പോയപ്പോള്‍ പ്രേതം പോയി അല്ലെ.. മനസിന്റെ ഓരോ അവസ്ഥകള്‍ ..ആശംസകള്‍..നല്ലൊരു എഴുത്ത് സമ്മാനിച്ചതിനു..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മരം വെട്ടുന്നതിന്റെ മനോഹരമായ വര്‍ണ്ണന വേറെ വായിച്ചിട്ടില്ല.(അതിനു ശേഷം അല്‍പ്പം ഇഴഞ്ഞു.)പിന്നെ വീണ്ടും ആലിക്കൊയക്കൊപ്പം സഞ്ചരിച്ചു.(ഇങ്ങിനത്തെ ആള്‍ക്കാര്‍ക്ക് പ്രേതഭയമൊന്നും ഉണ്ടാവാറില്ലല്ലോ എന്ന് സംശയിച്ചു)
നാട്ടില്‍ നടക്കുന്ന കാര്യങ്ങളുടെ ഒരു നേര്‍ക്കാഴ്ചകള്‍ പലയിടത്തും സ്വാഭാവികതയോടെ പകര്‍ത്തി. പ്രേതത്തെ പാത്രത്തിലടച്ചതിന് ഒരു മനശാസ്ത്രപരമായ മാനം കൂടി വന്നിട്ടുണ്ട്,കഥയില്‍ .അഭിനന്ദനങ്ങള്‍

രമേശ്‌ അരൂര്‍ said...

ഷുക്കൂര്‍ വായിക്കാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു ,,
വളരെ മനോഹരമായ ആഖ്യാനം ..വളരെ ഇഷ്ടപ്പെട്ടു .ആദ്യ ഭാഗം ഒക്കെ വളരെ സജീവമായിരുന്നു ..അഭിനന്ദനങ്ങള്‍ ..:)

shahir chennamangallur said...

കോള്ളാം മാഷെ

എം.അഷ്റഫ്. said...

നല്ല കഥ, നല്ല ശൈലി അഭിനന്ദനങ്ങള്‍..

Anas M said...

നന്നായി ..... ഒടുവിലെ വരികള്‍ ആശ്വാസം തന്നെ

Kattil Abdul Nissar said...

നന്നായിരിക്കുന്നു. ഇത് ഞാന്‍ മുമ്പ് വായിച്ചിരുന്നു.

കാടോടിക്കാറ്റ്‌ said...

ഷുക്കൂര്‍ കഥയുടെ ആദ്യ ഭാഗം വളരെ ഭംഗിയായി. മരംവെട്ടുകാരനെയും അയാളുടെ ഓരോ ചലനവും നേരില്‍ കണ്ട പ്രതീതി. പിന്നെ കുറച്ചു ഇഴഞ്ഞു പോയ പോലെ. എങ്കിലും മനോഹരമായിര്‍ക്കുന്നു. അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ ചില മനസ്സുകളെ കീഴടക്കാന്‍ തന്ത്രങ്ങള്‍ തന്നെ വേണ്ടി വരുമെന്ന് സരസമായ്‌ പറഞ്ഞു വെച്ചു. ഭാവുകങ്ങള്‍.

ajmal kodiyathur said...

shukur bhai...eare vaikiyaanu kandath...nice....congrads

എം.അഷ്റഫ്. said...

വൈകിപ്പോയി. മനോഹരമായ ശൈലി. പുതിയതിനായി കാത്തിരിക്കാം.

Echmukutty said...

കാണാൻ വൈകിപ്പോയി. അടുത്ത പോസ്റ്റിടുമ്പോൾ അറിയിക്കണേ.......

Anonymous said...

very good

Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ