'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

12 December 2010

ഒരു ചിരകാലസുഹൃത്തിന്‍റെ കൊടും ചതി

       

        ഊതിയൂതി വിടുന്ന പുക ചുരുളുകളായി അപ്പൂപ്പന്‍ താടി കണക്കെയങ്ങനെ പറന്നു പൊങ്ങുന്നത് കാണാന്‍ ഒരു പ്രത്യേക അനുഭൂതിയാണ്. അതിനു ഭാരമില്ല. സര്‍വ സ്വതന്ത്രം. പക്ഷെ ശക്തനായ ഒരു മനുഷ്യനെപ്പോലും മായാവലയത്തില്‍ ‍തളച്ചിടാനതിന് കഴിയുന്നു. ന്യൂട്ടന്‍റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തെപ്പോലും വെല്ലുവിളിച്ചെന്ന പോലെ ഉയര്‍ന്നു പൊങ്ങി പതിയെപ്പതിയെ അത് വായുവില്‍ ലയിച്ചു തീരുന്നു. അതിന് ഒരു ഈയാം പാറ്റയുടെ ആയുസ്സേയുള്ളൂ. പക്ഷെ ഉള്ള ആയുസ്സില്‍ത്തന്നെ മനസ്സിനോട് ചേര്‍ന്ന് നിന്ന് പ്രതിസന്ധികളെ വെല്ലുവിളിക്കാന്‍ ഒരു വിശ്വസ്ത സുഹൃത്തായത് കൂട്ട് നില്‍ക്കുന്നു. പത്തുമുപ്പതു കൊല്ലം മുമ്പ് കുട്ടിക്കാലം മുതലേ അതങ്ങനെയാണ്.


അതിനെന്നോട് സംവദിക്കാന്‍ അറിയാം. വിഷമ സന്ധികളില്‍ വലം കൈയായി നിന്ന് ആശ്വാസം പകരാനും സന്തോഷാവസരങ്ങളില്‍ മനസ്സിനെ കുളിര്‍മ്മയുള്ള സ്പര്‍ശനം കൊണ്ട് തഴുകാനുമറിയാം. ഭാരിച്ച ഉത്തരവാദിത്വങ്ങളുടെ തീക്ഷ്ണതയില്‍ മനമുരുകി ഉറക്കം പിണക്കം നടിക്കുന്ന രാവുകളിലൊക്കെയും ഈ അദ്ഭുതമിത്രം മാത്രമാണ് കൂട്ട്.

ഈയിടെയായി ഈ സൌഹൃദ ബന്ധത്തിന് ഒരല്പം പോറലേറ്റുവോ? ശരീരത്തിന് ക്ഷീണം വല്ലാതെ കൂടി വരുന്നു. കൈകാലുകള്‍ നാള്‍ക്കുനാള്‍ ശോഷിച്ചു വരുന്നു. ഒരു കണ്ണ് പറ്റെ അടയുകയും കേള്‍വി കുറെ കുറയുകയും ചെയ്തിട്ടുണ്ട്. ഡോക്ടറുടെ ശക്തമായ മുന്നറിയിപ്പില്‍ ചകിതയായ ഭാര്യ ഒരു ദിനേശ്‌ ബീഡിയെങ്കിലും കിട്ടാവുന്ന സകല വഴികളും അടച്ചിരിക്കുന്നു. കിടന്നിടത്ത് നിന്നും അനങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് തന്നെ നിരത്തിലെ പീടികയില്‍ പോയി വലിക്കാന്‍ എന്തെങ്കിലുമൊന്നു വാങ്ങി വരാമായിരുന്നു.


നാഥാ, എന്തൊരു പരീക്ഷണം. എത്ര സ്നേഹത്തോടെയാണ് ഭാര്യയോട് ഇത്ര നാളും പെരുമാറിയിട്ടുള്ളത്. എത്ര വാത്സല്യത്തോടെയാണ് മക്കളെ താലോലിച്ചതും വളര്‍ത്തിയതും. അവരുടെ ആഗ്രഹങ്ങളെല്ലാം നിവൃത്തിക്കാന്‍ എന്തുത്സാഹമായിരുന്നുവെനിക്ക്. എന്നിട്ടും എന്‍റെയീ വിഷമം മനസ്സിലാക്കാന്‍ ഇവര്‍ക്കാവുന്നില്ലല്ലോ. എന്ത് പാപത്തിനുള്ള പ്രതിഫലമാണാവോ ഞാനീ അനുഭവിക്കുന്നത്.

ദിവസങ്ങള്‍ കഴിഞ്ഞു പോകുന്തോറും അസ്വസ്ഥത പെരുകി വരുന്നു. ഇനിയും ഒരു സിഗരറ്റ് കിട്ടിയില്ലെങ്കില്‍ മരിച്ചു പോകുമെന്ന് വരെ തോന്നിപ്പോകുന്നുണ്ട്. ഭാര്യ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് പതുക്കെ തപ്പിത്തടഞ്ഞ് കൈ നീട്ടി മേശ വലിപ്പില്‍ കയ്യെത്തിച്ചു. മുഴുവന്‍ പരതിയെങ്കിലും ഒരു കുറ്റിബീഡി പോലും കയ്യില്‍ തടഞ്ഞില്ല. ഹോ, വല്ലാത്ത നിരാശ. ഒരു സ്ഥലത്തും രക്ഷയില്ല. എല്ലാം അവര്‍ എടുത്തു മാറ്റിയിരിക്കുന്നു.


മേശവലിപ്പില്‍ ഒരു കടലാസ് മാത്രമേയുള്ളൂ. അതെന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടാണ്‌. അവള്‍ ഇവിടെ വെക്കാറില്ല. ഇന്നെന്താണാവോ, മറന്നു വെച്ചതായിരിക്കും. ഇത് വരെയായിട്ടും അതൊന്നു നോക്കിയിട്ടില്ല. നല്ല മിനുസമുള്ള കടലാസ്. തെളിഞ്ഞ അക്ഷരങ്ങള്‍. വായിച്ചു തുടങ്ങിയപ്പോള്‍ തലയ്ക്കു ഭാരം കൂടുന്നത് പോലെ. തലക്കുള്ളില്‍ ഇതുവരെയില്ലാതിരുന്ന സൂചികൊണ്ട് കുത്തുന്ന പോലെയൊരു വേദന. ശരീരം കുഴയുന്നു. കടലാസ് കയ്യില്‍ നിന്നും ഊര്‍ന്നു പോയി. കട്ടിലിലേക്ക് തന്നെ പതിയെ മറിഞ്ഞു വീണു. കാത്തു രക്ഷിക്കണേ ലോകരക്ഷിതാവേ. ഇത്രയും മാരകമായൊരു രോഗം! വല്ലാത്തൊരു പരീക്ഷണം തന്നെ. പ്രിയപ്പെട്ടവര്‍ ഇക്കാലമത്രയും സംഗതിയുടെ ഗൌരവം എന്നില്‍ നിന്നും മറച്ചു പിടിക്കുകയായിരുന്നു.

കുട്ടിക്കാലത്ത് തുടങ്ങിയതാണ് പുകവലി. അന്ന് പുകവലിക്കാത്തവര്‍ പോഴത്തക്കാര്‍ എന്ന രീതിയായിരുന്നു. ഓരോരോ കാലത്തെ നാട്ടുനടപ്പുകള്‍! പിന്നെപ്പിന്നെ അത് തന്നെ സ്നേഹപൂര്‍വമെന്ന പോലെ മാറോടണക്കുകയായിരുന്നു. പിരിയാന്‍ പറ്റാത്തൊരു ബന്ധം ആ പുകച്ചുരുളുമായി രൂപപ്പെട്ടു. മനം കുളിര്‍പ്പിക്കുന്ന അതിന്‍റെ തൂവല്‍ സ്പര്‍ശങ്ങള്‍ പിന്നീടെന്നെ വരിഞ്ഞു മുറുക്കി മരണമണി മുഴക്കുന്ന കരാള ഹസ്തങ്ങളായി പരിണമിക്കുമെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടുണ്ടായിരുന്നില്ല. ഉപദേശങ്ങള്‍ ഒരു ശല്യമായി മാറിയപ്പോള്‍ പല തവണ നിര്‍ത്തിയെങ്കിലും ഓരോ നിര്‍ത്തലിനും നാലുനാളില്‍ കൂടുതല്‍ ആയുസ്സുമുണ്ടായില്ല.


ഈ ദുരന്തത്തില്‍ ഇനി ആരെല്ലാമാണ് ഇരകള്‍. പറക്കമുറ്റാത്ത പെണ്‍മക്കള്‍. കൌമാരം വിടാത്ത മകന്‍. എല്ലാം നിശബ്ദം സഹിക്കുന്ന സ്നേഹനിധിയായ ഭാര്യ. തമ്പുരാനേ, അവര്‍ക്കെല്ലാം ഇനി നീ മാത്രമാണ് രക്ഷ. തിരിച്ചറിവില്ലാതിരുന്ന ചെറുപ്പകാലത്ത് വിനാശകാരിയാണീ പുകച്ചുരുളുകള്‍ എന്നുപദേശിച്ചു തരാന്‍ പിതൃ തുല്യരായ ആരെങ്കിലുമൊന്നുണ്ടായിരുന്നെങ്കില്‍! പുറത്തു തുലാവര്‍ഷ മഴ കനത്തു വരുന്നു. ഇക്കാലമത്രയും നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം ഘോരാരവത്തോടെ തിമര്‍ത്തു പെയ്യുന്ന മഴയില്‍ പുകച്ചുരുളുകളായലിഞ്ഞലിഞ്ഞ് നിശ്ശേഷം ഇല്ലാതാവുന്നതായി തോന്നി.

Picture : Google

24 November 2010

പ്രണയവും സ്നേഹവും.

(27/11/2010 ന് ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ച കഥ)
        കാഴ്ചക്ക് പിടി കൊടുക്കാതെ അതിവേഗത്തില്‍ കറങ്ങുന്ന മൂന്നു ലീഫുകള്‍. മലര്‍ന്നുള്ള ഈ കിടപ്പില്‍ മാസങ്ങളായി ഇത് തന്നെ കാഴ്ച.  ഒന്നിന് പിറകെ മറ്റൊന്നായി അതങ്ങനെ തിരിയുന്നുണ്ടെങ്കിലും തന്‍റെ ജീവിതം പോലെ തന്നെ അവയുടെ ഗമനം വെറും വ്യര്‍ത്ഥമാണെന്ന് അയാള്‍ക്ക്‌ തോന്നി. കാറ്റ് താഴോട്ട് വരുന്നുണ്ടെങ്കിലും മനസിലെ പൊരിയുന്ന ചൂടില്‍ അതെല്ലാം ചുടുകാറ്റായി പരിണമിക്കുന്നു.   കാറ്റിന്‍റെ വേഗതയിലും ഒരു സര്‍ക്കസുകാരന്‍റെ സാമര്‍ത്ഥ്യത്തോടെ ബാലന്‍സ് ചെയ്ത് മൂളിപ്പറക്കുന്ന കൊതുകുകള്‍. അവ പൊഴിക്കുന്ന സംഗീതം അസഹ്യമായീ തോന്നുന്നു. എത്ര നാളായി  ആശുപത്രിക്കിടക്കയിലെ ഈ മലര്‍ന്നു കിടപ്പ് തുടങ്ങിയിട്ട്. ഇനി കൂടുതല്‍ കാത്തിരിക്കേണ്ടി വരുമോ?  ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്നു. ഇനി  ദിവസങ്ങള്‍ക്കുള്ളിലറിയാം തന്‍റെ വഴി മരണത്തിലേക്കോ അതോ തിരിച്ചു ജീവിതത്തിന്‍റെ മനം മയക്കുന്ന പുതുപുലരിയിലേക്കോ എന്ന്. 

      
     രണ്ടു വൃക്കകളും പ്രവര്‍ത്തന രഹിതമാണെന്നറിയാന്‍ വളരെ വൈകിപ്പോയിരുന്നു. പക്ഷെ  അതിലേറെ വൈകിയത് പ്രണയത്തിലെ കപടമായ അല്‍പത്വവും മാതൃസ്നേഹത്തിലെ സ്വര്‍ഗീയവും  ശാശ്വതവുമായ ആത്മാര്‍ത്ഥതയും  മനസ്സിലാക്കാനായിരുന്നു.  പ്രണയം വര്‍ഷക്കാലത്തെ ഒരു മലവെള്ളപ്പാച്ചിലാണെങ്കില്‍ ഏതു കാലത്തും വറ്റാതെ തെളിനീരൊഴുക്കുന്ന ഒരു കാട്ടരുവിയുടെ ശാന്തമായ ശീതളിമയാണ് മാതൃസ്നേഹം. കൊടും പാപങ്ങള്‍ പോലും ആ മാസ്മര തേജസ്സില്‍  അലിഞ്ഞില്ലാതാകുന്നു. അടുത്ത ബെഡില്‍ കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കുകയല്ലാതെ ഒരു വാക്കുരിയാടാന്‍ പോലും കഴിയുന്നില്ല. ആ മുഖത്ത്  നിരാശയുടെയോ നഷ്ടബോധത്തിന്‍റെയോ  കണിക പോലുമില്ല. തന്‍റെ ശരീരത്തിലെ വളരെ വിലപ്പെട്ട ഒരു അവയവം ദാനം ചെയ്തതിന്‍റെ  ഒരു ലാഞ്ചന പോലുമില്ല. പ്രണയത്തിന്‍റെ പൊയ്മുഖത്തോടെ തലയണ മന്ത്രങ്ങളില്‍ തന്നെ വീഴ്ത്തിയ ഭാര്യയെന്ന ആ ദുഷ്ട എത്ര തവണയാണ് സ്നേഹനിധിയായ തന്‍റെ ഈ മാതാവിനെ രാക്ഷസിയെന്ന് വിശേഷിപ്പിച്ചത്‌.  കോരിത്തരിപ്പിക്കുന്ന  അവളുടെ സ്നേഹ ലാളനകളില്‍ താനും തെറ്റിദ്ധരിച്ചു പോകുകയായിരുന്നില്ലേ. വീട്ടില്‍ നിന്ന് അടിച്ചിറക്കിയിട്ട് പോലും തന്‍റെ രോഗാവസ്ഥയില്‍ ആ മാതൃഹൃദയം തേങ്ങുകയായിരുന്നു.   എല്ലാം മറന്ന് അവര്‍ ഓടിയെത്തി.  തന്‍റെ സകല തെറ്റുകള്‍ക്കും ഒരു കൊച്ചു കുഞ്ഞിന്റെ കുസൃതിയെന്ന പോലെ മാപ്പ് നല്‍കി. സ്നേഹത്തിന്‍റെ നിറകുടമാണെന്നും  എന്നും തന്‍റെ വലം കൈ ആയിരിക്കുമെന്നും  കരുതിയ ഭാര്യയോ? കിഡ്നി രണ്ടും പോക്കാണെന്നറിഞ്ഞപ്പോള്‍ വിശ്വസ്തതയോടെ അവളുടെ പേരില്‍ വാങ്ങിയിരുന്ന സ്വത്തുക്കളും കൈക്കലാക്കി മറ്റൊരുത്തന്‍റെ  കൂടെ സുഖം തേടിപ്പോകുകയുമായിരുന്നു.

05 October 2010

പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാം

        പണത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക്  ഈയിടെയായി പല 'പരിഹാരങ്ങളും'  ഉണ്ടായിട്ടുണ്ട്.  വ്യാപകമായി കണ്ടു വരുന്ന അതിലൊരു പരിഹാരമാണ്  ഒരു  അനുഭവകഥ  ആസ്പദമാക്കി  ഇവിടെ പറയുന്നത്.  അല്പസ്വല്പം ആഡംബരജീവിതവും എസ്റ്റേറ്റും ബംഗ്ലാവുമൊക്കെ  പണിയില്ലാതെ രാപ്പകല്‍ റോഡ്‌റീസര്‍വേ നടത്തുന്ന ഏതൊരു പൊട്ടനും  കൈപിടിയില്‍ ഒതുക്കാവുന്നതേയുള്ളൂ എന്ന് മനസ്സിലാക്കാന്‍  വെറുമൊരു ഇമെയില്‍ അക്കൗണ്ട്‌ തുറന്നാല്‍ മാത്രം  മതി. എന്നും രാവിലെ കൈനീട്ടമെന്ന പോലെ വന്നു കൊള്ളും  മില്യണ്‍ കണക്കിന് ഡോളറുകള്‍.  ഇമെയില്‍ ഐ.ഡികള്‍ നറുക്കിട്ടപ്പോള്‍ താങ്കളുടെ ഐ.ഡിക്ക് നറുക്ക് വീണെന്നും വന്‍തുക സമ്മാനം ഞങ്ങളുടെ  കൈയില്‍  റെഡിയാണെന്നുമാണ് സന്ദേശങ്ങളുടെ രത്നച്ചുരുക്കം.  ആരെങ്കിലും മറുപടി അയച്ചാല്‍ പിന്നാലെ വരും ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ അയച്ചു കൊടുക്കാനുള്ള അടിയന്തര സന്ദേശം.  അതിനും മറുപടി അയക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ 'പണ'ക്കാരായി മാറാന്‍ തുടങ്ങുന്നത്. പണം  ഏതോ ഒരു യൂറോപ്യന്‍ രാജ്യത്താണെന്നും  അവിടെ നിന്ന് അയക്കാനുള്ള ചാര്‍ജ്, അവിടത്തെ ഇന്‍കം ടാക്സ്‌, പിന്നെ പ്രസ്തുത പണം ഭീകരവാദി പ്രവര്‍ത്തനങ്ങള്‍ക്കുള്ളതല്ലെന്നു തെളിയിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ക്കുള്ള ചെലവ് തുടങ്ങി തവണകളായി പല സംഖ്യകള്‍ ആവശ്യപ്പെട്ടു തുടങ്ങും. തുടക്കക്കാരായ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളാണ് കൂടുതലായും ഈ വക തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത്. തട്ടിപ്പാണെന്ന് മനസ്സിലാകുമ്പോഴേക്കും പോക്കറ്റ്‌ ഏകദേശം 'സ്ലിം ബ്യൂട്ടി' ആയിട്ടുണ്ടാകും. അഭ്യസ്ത വിദ്യരടക്കമുള്ള പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും  മാനഹാനി ഭയന്ന് പുറത്തു പറയാതിരിക്കുന്നതാണ് ഇത്തരം ആഗോള തട്ടിപ്പുകാരുടെ ഊര്‍ജം.  ഈയിടെ  ഒരു സുഹൃത്തിനു ഇത്തരത്തില്‍ വളരെ രസകരമായ ഒരു അനുഭവം ഉണ്ടായി. ഈ അന്താരാഷ്ട്രാ തട്ടിപ്പുകാര്‍ എത്ര ആസൂത്രിതവും  അവിശ്വസനീയവുമായ രീതിയിലാണ് ആളുകളുടെ പോക്കറ്റിന്‍റെ താക്കോല്‍ ‌ കൈപ്പിടിയില്‍ ഒതുക്കുന്നതെന്ന് ഈ സംഭവം സാക്ഷ്യപ്പെടുത്തുന്നു.
    സുഹൃത്ത്‌ ഒരു ഡ്രൈവറാണ്. വെള്ളിയാഴ്ച ജോലിയില്ല. സാധാരണ പ്രവാസികള്‍ മിനിമം പതിനൊന്നു മണിയാവും ഉണരാന്‍. പക്ഷെ നമ്മുടെ കക്ഷി രാവിലെ തന്നെ എഴുന്നേറ്റു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇമെയില്‍ നോക്കിത്തുടങ്ങി. ഒരുപാട് കാലത്തെ കമ്പ്യൂട്ടര്‍ പരിചയമൊന്നും ഇല്ല. നാട്ടിലേക്കു വിളിക്കാന്‍ വേണ്ടി റൂമിലുള്ളവരെല്ലാം കൂടി ഒത്തു ചേര്‍ന്ന് ഒപ്പിച്ചെടുത്തതാണ്  കമ്പ്യൂട്ടര്‍. ഇന്റര്‍നെറ്റ്‌ വന്നപ്പോള്‍ പിന്നെ ഇമെയില്‍, ചാറ്റിങ്,  അത്യാവശ്യം പത്രം നോക്കല്‍ തുടങ്ങിയവയൊക്കെ പഠിച്ചു തുടങ്ങി. ബ്രൌസിംഗില്‍ ഹെവി ആയി വരുന്നതേയുള്ളൂ. ഏതായാലും ഇമെയില്‍ നോക്കിയപ്പോള്‍ കക്ഷിക്ക് വിശ്വാസം വന്നില്ല. തന്‍റെ ഇമെയില്‍ ഐ.ഡിക്ക്  പത്തു ലക്ഷം  ഡോളര്‍ അടിച്ചിരിക്കുന്നു.  ഇരിക്കപ്പൊറുതി കിട്ടുന്നില്ല.    എത്ര വര്‍ഷമായി ഈ മരുഭൂമിയില്‍  വളയം പിടിക്കുന്നു. അറബികളുടെ ആട്ടും തുപ്പും കേട്ടത് മിച്ചം എന്നതല്ലാതെ  എന്തെങ്കിലും ഉണ്ടാക്കാന്‍ പറ്റിയോ?  അതെങ്ങനെയാ, ഓട്ട ബക്കറ്റില്‍ വെള്ളം കോരുന്നത് പോലെയല്ലേ.  മുകളിലെത്തുമ്പോഴേക്കും ഒരു തുള്ളി പോലും കാണാറില്ലല്ലോ. എല്ലാ മാസവും എന്തെങ്കിലും അത്യാവശ്യങ്ങളുണ്ടാകും. വീട്ടിലേക്ക്  എത്ര അയച്ചാലും മതിയാകില്ല.   കൂടാതെ ടി വി സീരിയല്‍ പോലെ ഒരു കാലത്തും  തീരാത്ത ഒരു വീട്പണിയും.   കടക്കണക്കുകള്‍ മാത്രമാണ് പച്ച പിടിച്ചു വരുന്നത്. സന്തോഷം സഹിക്ക വയ്യാതെ അവന്‍ മൂടിപ്പുതച്ചുറങ്ങുന്ന സഹമുറിയന്റെ  പുതപ്പ് വലിച്ചു മാറ്റി.

 വെള്ളിയാഴ്ച രാവിലെ തന്നെയുള്ള  കയ്യേറ്റം  കക്ഷിക്ക്  തീരെ  പിടിച്ചില്ല. ആകെയുള്ള ഒരു ഒഴിവുദിവസമാണ്. വെളുപ്പിന് 4 മണിക്ക് എഴുന്നേല്‍ക്കേണ്ടാത്ത ഏക ദിവസം.  അപ്പോഴാണ്‌ അവന്‍റെയൊരു അലറി വിളി.  ദേഷ്യം കടിച്ചമര്‍ത്തി ടിയാന്‍ ‌ എഴുന്നേറ്റു. ഏതായാലും സുഹൃത്തല്ലേ. എന്തെങ്കിലും അത്യാവശ്യം കാണും.
"എന്താ കാര്യം?" അവന്‍ അന്വേഷിച്ചു. 
"ഡേ, ഇത് നോക്ക്." അവന്‍ സ്വരം ഉയര്‍ത്താതെ സ്വകാര്യം പോലെ പറഞ്ഞു. എനിക്ക് ഒരു ഇമെയില്‍ വന്നിരിക്കുന്നു.പത്തു ലക്ഷം   ഡോളര്‍  ആണ് അടിച്ചിരിക്കുന്നത്. എന്‍റെ ഇമെയില്‍ അഡ്രസ്‌ നറുക്കില്‍ വീണതാണത്രേ. "എവിടെ നോക്കട്ടെ.  പത്തു ലക്ഷം  ഡോളര്‍  എന്ന് പറയുമ്പോള്‍ ഏകദേശം 5 കോടി രൂപ. ഹൊ! ഭാഗ്യവാന്‍.  ഇനി ഈ പുളുങ്ങിയ വളയവും തിരിച്ച് ഊര് തെണ്ടണ്ടല്ലോ."

     "ഏതായാലും  മറുപടി അയക്ക്. ക്ഷണിക്കപ്പെടാതെ വന്ന ഭാഗ്യം എന്തിനു തട്ടിക്കളയണം?" സുഹൃത്ത്‌ ഉപദേശിച്ചു. ബാങ്ക് അക്കൗണ്ട്‌ നമ്പര്‍, നാട്ടിലെ അഡ്രസ്‌, ഇവിടത്തെ ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളെല്ലാം പൂരിപ്പിച്ച് മറുപടി അയച്ചു.  വലിയ സംഖ്യയുടെ ഇടപാടായത് കൊണ്ട് തല്‍ക്കാലം മറ്റുള്ളവരാരും അറിയേണ്ടെന്നും രണ്ടു പേരും തീരുമാനിച്ചു. ബിസിനസ്‌ തുടങ്ങണോ, റബര്‍ എസ്റ്റേറ്റ്‌ വാങ്ങണോ? അതോ എവിടെയെങ്കിലും ബില്‍ഡിംഗ്‌ ഉണ്ടാക്കിയിടണോ? ഏതാനും ദിവസത്തേക്ക് നമ്മുടെ കക്ഷിക്ക് ആകെ ഒരു കണ്‍ഫ്യൂഷന്‍.
    ഒന്ന് രണ്ടാഴ്ചത്തേക്ക്  മറുപടിയൊന്നും  കണ്ടില്ല.   ആ നിരാശയില്‍ അങ്ങനെ നടക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം ഇന്ത്യയിലേതാണെന്ന്   തോന്നിക്കുന്ന ഒരു നമ്പറില്‍ നിന്നും ഒരു കാള്‍. അറ്റന്‍ഡ് ചെയ്തപ്പോള്‍ ഏതോ ഇംഗ്ലീഷുകാരനാണ്.  സ്റ്റോക്ക്‌ ഉള്ള ആംഗലേയ പരിജ്ഞാനം വെച്ച് കാച്ചിയപ്പോള്‍ ഇത് നമ്മുടെ മില്യണിന്‍റെ ആളുകള്‍ തന്നെയെന്നു മനസ്സിലായി. 
    "ഏയ്‌, താങ്കള്‍ എവിടെയാണ്. ഞാന്‍  നിങ്ങളുടെ പണവുമായി ബോംബയിലാണ് ഉള്ളത്. എവിടെയാണ് താങ്കളുടെ വീട്? പണം വീട്ടില്‍ ആരെയാണ് എല്പ്പിക്കേണ്ടത്?"  
"വീട്ടില്‍ കൊടുക്കുകയോ? അത് സുരക്ഷിതമല്ല. നാട്ടില്‍ ആരെയും എല്പ്പിക്കേണ്ട. അതായിരിക്കും നല്ലത്. നമ്മള്‍ ഇവിടെയാണ് ഉള്ളതെന്ന് പറ."
അടുത്തുണ്ടായിരുന്ന സുഹൃത്ത്‌ ഉപദേശിച്ചു.
അത് പറഞ്ഞപ്പോള്‍ വിളിച്ച പാര്‍ട്ടിക്ക് യാതൊരു കുഴപ്പവുമില്ല. 
"അതിനെന്താ? ഞാന്‍ അങ്ങോട്ട്‌ വരാമല്ലോ. ഫ്ലൈറ്റ് ഷെഡ്യൂള്‍ നോക്കിയിട്ട് ഞാന്‍ അങ്ങോട്ട്‌ വിളിക്കാമെന്ന് പറഞ്ഞ് അയാള്‍ ഫോണ്‍ വെച്ചു.

പിറ്റേന്ന് രാവിലെ ബോംബയില്‍ നിന്നും വീണ്ടും കാള്‍ വന്നു. ഒരു മണിക്കൂറിനകം താന്‍ പുറപ്പെടുമെന്നും  അപ്പോള്‍ നാലഞ്ചു മണിക്കൂറിനകം ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്‌ ചെയ്യുമെന്നും  അറിയിച്ചു. അങ്ങനെ ഏകദേശം ഉച്ച കഴിഞ്ഞപ്പോള്‍  ഒരു യു എ ഇ മൊബൈല്‍ നമ്പറില്‍ നിന്നും ഒരു കാള്‍. ഇംഗ്ലീഷുകാരന്‍ തന്നെ. താന്‍ ദുബായ് എയര്‍ പോര്‍ട്ടിന്‍റെ ഉള്ളിലാണെന്നും  പുറത്തിറങ്ങാന്‍ സെക്യൂരിറ്റി തടസ്സമുണ്ടെന്നും  പറഞ്ഞു. വലിയ സംഖ്യ കൈയില്‍ ഉള്ളതിനാല്‍  അഞ്ഞൂറ് ഡോളര്‍ ഉടന്‍ അടച്ചാല്‍ മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. അത് കൊണ്ട് എത്രയും വേഗം വെസ്റ്റേണ്‍ യൂണിയന്‍ വഴി 500 ഡോളര്‍  തന്‍റെ പേരില്‍ അടക്കണമെന്നും പറഞ്ഞു.                      
     അവിശ്വസിക്കാന്‍ തക്കതായി  യാതൊന്നുമില്ല.  തന്നെ തേടി ഇന്ത്യയില്‍ പോയി. അവിടെ നിന്ന് തന്‍റെ ആവശ്യ പ്രകാരം ദുബായില്‍ വന്നു. ഇനി തന്‍റെ ഭാഗ്യം തെളിയാന്‍ ഒരു അഞ്ഞൂറ് ഡോളറിന്റെ കടമ്പ. ആരായാലും എങ്ങനെയെങ്കിലും അഞ്ഞൂറ് ഡോളര്‍ ഒപ്പിച്ചുണ്ടാക്കി അയച്ചു കൊടുക്കും. പക്ഷെ അതിബുദ്ധിമാനായ കക്ഷിയുടെ സുഹൃത്തിന് അതത്ര ബോധിച്ചില്ല. അതെങ്ങനെയാ? പത്തു ലക്ഷം ഡോളറുമായി വരുന്നവന് എയര്‍ പോര്‍ട്ടിലടക്കാന്‍ അഞ്ഞൂറ് ഡോളര്‍ കൈയില്‍ ഇല്ലെന്നോ? ഏതായാലും ഇപ്പോള്‍ വിളിക്കാമെന്നു പറഞ്ഞ് ഫോണ്‍ കട്ടാക്കി.  
  
     അര മണിക്കൂര്‍  കഴിഞ്ഞപ്പോള്‍ അതാ വീണ്ടും. ഇത്തവണ ഏതോ യൂറോപ്യന്‍ രാജ്യത്തെതെന്നു തോന്നിക്കുന്ന നമ്പറില്‍ നിന്നാണ്.
  "ഏയ്, നിങ്ങളെന്താണീ  കാണിക്കുന്നത്? ഞങ്ങളുടെ പ്രതിനിധി ദുബായ് എയര്‍പോര്‍ട്ടില്‍ പുറത്തിറങ്ങാന്‍ പറ്റാതെ നില്‍ക്കുകയാണ്. ഉടന്‍ അഞ്ഞൂറ് ഡോളര്‍ അടക്കൂ."


"അഞ്ഞൂറ് ഡോളര്‍ എനിക്കുള്ള പണത്തില്‍ നിന്നും അടച്ചോട്ടെ. എനിക്ക് ബാക്കി പണം മതി." കക്ഷി തിരിച്ചടിച്ചു. 
  തങ്ങളുടെ പണവും സമയവും വേസ്റ്റ് ചെയ്യരുതെന്നും പണം ഉടനെ അടച്ചാല്‍ മാത്രമേ നിങ്ങളുടെ പണം കിട്ടുകയുള്ളൂ എന്നും ക്ഷുഭിതമായ മറുപടിയിലെ ഭീഷണി സ്വരം.   ഫോണ്‍ കട്ടായി. 


ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ദുബായ്  മൊബൈല്‍  നമ്പറില്‍ നിന്നും വിളി.  "എന്ത് തീരുമാനിച്ചു? പണം വേണ്ടേ?"


ഞങ്ങള്‍ ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള വഴിയിലാണെന്നും അവിടെ വന്ന് നേരില്‍ പണം അടച്ചു കൊള്ളാമെന്നും പറഞ്ഞു.
മറുപടി വീണ്ടും ഹൈ പിച്ചില്‍. "നിങ്ങളിവിടെ വന്നാല്‍ ഉള്ളിലേക്ക് കയറ്റില്ല. എന്നെ പുറത്തേക്കും വിടില്ല. നിങ്ങള്‍ വരുന്നത് വെറുതെയാണ്. ഒന്നുകില്‍ വെസ്റ്റേണ്‍ യൂണിയന്‍ വഴി പണമടക്കുക. അല്ലെങ്കില്‍ ഞാന്‍ തിരിച്ചു പോകുകയാണ്."

"ഞങ്ങള്‍ക്ക് ഉള്ളില്‍ കടക്കുന്നതിന്  കുഴപ്പമില്ല. എന്റെ കൂടെ എന്‍റെ സുഹൃത്തായ  എയര്‍ പോര്‍ട്ട്‌ പോലീസ് സൂപ്രണ്ട് ഉണ്ട്.  അദ്ദേഹത്തിന്‍റെ സഹായത്തോടെ ഞങ്ങള്‍ ഉള്ളിലേക്ക് വരികയും താങ്കള്‍ക്ക് പുറത്തു കടക്കുകയും ചെയ്യാം".  ഫോണ്‍ അദ്ദേഹത്തിന് കൊടുക്കാം എന്നും പറഞ്ഞ്  സുഹൃത്തിന് കൈ മാറി.  അല്‍പം  ഗൌരവ സ്വരത്തില്‍ സുഹൃത്ത്‌ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഫോണ്‍ ഡിസ്കണക്ട് ആയി. പിന്നെ ആ വിഷയവും പറഞ്ഞൊരു കാള്‍ വന്നതേയില്ല. 

   നോക്കുക, എത്രത്തോളം വ്യവസ്ഥാപിതമായ രീതിയിലാണ് ഈ തട്ടിപ്പുകാരുടെ  ഓപറേഷന്‍!

"അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്‌തിയാകാമനസിനൊരുകാലം
പത്തുകിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരംപണം കയ്യിലുണ്ടാകുമ്പോള്‍
ആയുതമാകിലാശ്‌ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേര്‍വിടാതെ കരേറുന്നു മേല്‍ക്കുമേല്
‍"

എന്ന്  പൂന്താനം പാടിയത് വെറുതെയാണോ? മനുഷ്യന്‍റെ ആര്‍ത്തി നിലനില്‍ക്കുന്നേടത്തോളം കാലം ഇക്കൂട്ടര്‍ക്ക് കഞ്ഞികുടി മുട്ടുമോ?




04 June 2010

ലോക പരിസ്ഥിതി ദിനം

 ജൂണ്‍  5 . ലോക പരിസ്ഥിതി ദിനം.


  നാം കേരളീയര്‍.  പുഴകളും  പുല്‍മേടുകളും കാടുകളും തോടുകളും വയലേലകളും കൊണ്ട് സമ്പന്നമായ സാക്ഷാല്‍  ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അന്തേവാസികള്‍. വര്‍ഷത്തില്‍ മാസങ്ങളോളം മഴ.  ഇഷ്ടം പോലെ വെള്ളം . തനിയെ മുളച്ചു പൊന്തുന്ന സസ്യലതാദികള്‍. തണല്‍ മരങ്ങള്‍. കൃഷിയിടങ്ങള്‍. സൌരഭ്യം പരത്തുന്ന പൂക്കള്‍. പക്ഷി മൃഗാദികള്‍. നയനാനന്ദം പകരുന്ന ചുറ്റുപാടുകള്‍. മിതശീതോഷ്ണ കാലാവസ്ഥ.  അനുഗ്രഹീതമായ നമ്മുടെ നാടിന്‍റെ മേന്മകള്‍ പാടിപ്പുകഴ്ത്തിയാല്‍ മതിയാവില്ല. കഴിഞ്ഞ വര്‍ഷം മികച്ച പരിസ്ഥിതി സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളത്തെ സി എന്‍ എന്‍ ‍- ഐ ബി  എന്‍  ചാനല്‍  തെരഞ്ഞെടുത്തിരുന്നു. പരിസ്ഥിതി, ആരോഗ്യ പരിപാലനം എന്നീ കാര്യങ്ങളില്‍ മികവ് പുലര്‍ത്തിയതിനായിരുന്നു പ്രസ്തുത പുരസ്കാരം.


    പക്ഷെ, വര്‍ത്തമാന കാലത്ത് അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലികള്‍ നമ്മുടെ നാടിന്‍റെ മാസ്മരികസൌന്ദര്യത്തിനു  കളങ്കമേല്പ്പിക്കുന്നില്ലേ?  കഴിഞ്ഞ വേനലില്‍ നമ്മുടെ നാട്ടിലെ പലര്‍ക്കും സൂര്യാഘാതം മൂലം പൊള്ളലേറ്റത് അശുഭകരമായ എന്തിന്‍റെയോ തുടക്കമായി തോന്നുന്നില്ലേ?  കേരളീയ കാലാവസ്ഥയുടെ നട്ടെല്ലായ വര്‍ഷക്കാലത്തെ മഴ കഴിഞ്ഞ വര്‍ഷം ഒമ്പത് ശതമാനം കണ്ടു കുറഞ്ഞതും സൂചിപ്പിക്കുന്നതെന്താണ്?  മരങ്ങള്‍ വ്യാപകമായി വെട്ടിനശിപ്പിക്കല്‍,  വയലുകള്‍ നികത്തല്‍,  ജലസ്രോതസുകളെ  മലിനമാക്കല്‍,  മഴക്കാടുകളിലേക്കുള്ള കടന്നു കയറ്റം,    അനിയന്ത്രിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  അങ്ങനെ തുടങ്ങി  പ്രകൃതിയോട് നമ്മള്‍ നടത്തുന്ന വിവേകരഹിതമായ  ഇടപെടലുകളെല്ലാം അതിന്‍റെ  ഈ തിരിച്ചടിക്ക് കാരണമാകുന്നില്ലേ?
   കേരള പരിസ്ഥിതിയുടെ നാഡിയായ പുഴകള്‍ പലതും ശോഷിച്ചു പോയിരിക്കുന്നു.  കായലുകള്‍ പോലുള്ള ജലാശയങ്ങളില്‍ പലതും ഇന്ന് മരണക്കിടക്കയിലാണ്. മലകള്‍ക്ക് താഴെ ആണിയായി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ പലതും കരിങ്കല്‍ ക്വാറികളായി മാറി.  ഇത് പലപ്പോഴും ഉരുള്‍ പൊട്ടലുകള്‍ക്ക് കാരണമാകുന്നു. കുന്നുകളെല്ലാം മണ്ണെടുത്ത് നിരത്തി  ആ മണ്ണ് കൊണ്ട് താഴ്ന്ന പ്രദേശങ്ങളും വയലുകളും നികത്തുന്നു. ഇത് തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ കേരളം ഒരു ഫുട്ബോള്‍ ഗ്രൌണ്ടാകുമെന്നു പോലും തോന്നിപ്പോകുന്നു.
    പരിസ്ഥിതിക്ക്  നാശം വരുത്താതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസത്തിനും പ്രോത്സാഹനം നല്‍കേണ്ടിയിരിക്കുന്നു.  ഇക്കാര്യത്തില്‍ ഉന്നതതല പഠനങ്ങളും ഗവേഷണങ്ങളുമാണ് തലമുറകളുടെ സ്വൈര്യ ജീവിതത്തിന്നാവശ്യം. വിദേശ രാജ്യങ്ങില്‍ പലയിടത്തും ഇത്തരത്തില്‍ പ്രകൃതിയോട് അനുഭാവപൂര്‍വം പെരുമാറി നടത്തുന്ന വന്‍കിട ടൂറിസ്റ്റ്‌ പ്രോജക്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പച്ച പിടിച്ച കാടുകളും ജീവി വൈവിധ്യങ്ങളും നശിപ്പിക്കാതെ റോപ് വേ നിര്‍മിച്ചു അതി മനോഹരമാക്കിയ ടൂറിസ്റ്റ്‌ പ്രോജക്ടുകളും ഇക്കൂട്ടത്തിലുണ്ട്.  നമ്മുടെ നാട്ടിലെ അധികാരികള്‍ ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം.


     പ്ലാസികിന്റെ  അമിതോപയോഗമാണ് പ്രധാനമായ മറ്റൊരു പാരിസ്ഥിതിക പ്രശ്നം. മണ്ണില്‍ ലയിക്കാതെ കിടക്കുന്ന പോളിത്തീന്‍, സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും മണ്ണിന്‍റെ  സ്വാഭാവിക ഫലഭൂയിഷ്ടതക്കുമെല്ലാം ഭീഷണിയാണ്. പലവിധ ആരോഗ്യപ്രശ്നങ്ങളും പകര്‍ച്ച വ്യാധികളും ഇത് മൂലം ഉണ്ടാകുന്നു.  പ്ലാസ്റ്റിക് ഉപയോഗം കുറക്കേണ്ടതും അതു പോലെ   അത് അലക്ഷ്യമായി വലിച്ചെറിയാതെ സംസ്കരിക്കാനുള്ള നൂതനമായ രീതികള്‍  പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചും കാര്യമായി ആലോചിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.  


  ജലാശയങ്ങളും വെള്ളക്കെട്ടുകളും ശുചിത്വ പൂര്‍ണമാക്കാന്‍ ഓരങ്ങളില്‍ മുള നട്ടു പിടിപ്പിക്കുന്നത് വളരെ ഉപകാരം ചെയ്യുമെന്ന് ഈയിടെ പ്രസിദ്ധീകരിച്ച  സംസ്ഥാന ആസൂത്രണ കമ്മീഷന്‍റെ ഒരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.  വായു മലിനീകരണവും ജല മലിനീകരണവും തടുക്കാനും മലിനീകരണം ബാധിച്ച മണ്ണിനെ ശുദ്ധീകരിക്കാനും  മുള നല്ലൊരു പരിഹാരമാണെന്നു  പ്രസ്തുത പഠനത്തില്‍ പറയുന്നു.  കടലാസു നിര്‍മാണത്തിന് ധാരാളം ഉപയോഗിക്കുന്നതിനാല്‍ മുള വെച്ച് പിടിപ്പിക്കുന്നത് ഒരിക്കലും നഷ്ടമാവില്ലെന്നും ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 
       പ്രകൃതി സന്തുലനത്തിനു നേരെ വാളോങ്ങുന്നവര്‍ നോട്ടുകെട്ടുകള്‍ക്ക് മുന്നില്‍ തങ്ങളുടെ പിന്മുറക്കാരുടെയും തങ്ങളുടെ തന്നെയും സ്വൈര്യ ജീവിതം വിസ്മരിച്ചു പോകുകയാണ്.  ഓരോ വ്യക്തിയും തങ്ങളുടെ ചുറ്റുപാടിനെക്കുറിച്ചും  പരിസ്ഥിതിയെക്കുറിച്ചും ബോധവാനാവുകയാണ് ആദ്യം വേണ്ടത്.  പുഴകളും ജലാശയങ്ങളും മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള ഇടമല്ലെന്നു സ്വയം തീരുമാനിക്കുക.  മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നത് ഒരു പുണ്യ പ്രവൃത്തിയായി കണക്കാക്കുക.  സംഘടനകള്‍ മുന്‍കൈയെടുത്തു ബോധവല്‍ക്കരണങ്ങളും സംഘടിപ്പിക്കാവുന്നതാണ്.  ജാതി മത വര്‍ഗ ആശയ വൈജാത്യങ്ങള്‍ മറന്നുള്ള  ഒറ്റക്കെട്ടായ ശ്രമങ്ങള്‍ മാത്രമേ ഫലം ചെയ്യുകയുള്ളൂ.  മാറുന്ന ആധുനിക ജീവിത സാഹചര്യത്തില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനു പോലും ഭീഷണിയായ  നമ്മുടെ പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ആത്മ പരിശോധന നടത്താനും ഒരു പുനര്‍ വിചിന്തനത്തിലേക്ക് നമ്മെ നയിക്കാനും ഈ പരിസ്ഥിതിദിനം  ഒരു പ്രചോദനമാകട്ടെ.



07 May 2010

ആദര്‍ശധീരന്‍

സാഹിബ്‌ ധീരനായ ഒരു പ്രാസംഗികനാണ്.   അനാചാരങ്ങള്‍ക്കെതിരെയുള്ള പടവാളാണ് അദ്ദേഹത്തിന്‍റെ തൂലികയും നാക്കും. സ്ത്രീധനത്തിനെതിരെ കവലയില്‍ അദ്ദേഹം നടത്തിയ തീപ്പൊരി പ്രസംഗം എന്നെപ്പോലുള്ള യുവാക്കളെ കോരിത്തരിപ്പിച്ചു.   അദ്ദേഹത്തെപ്പോലുള്ളവരാണ് കാലഘട്ടത്തിന്‍റെ ആവശ്യം.    ഞങ്ങള്‍ക്ക് സംശയമേതുമില്ല.


സുഹൃത്തിന്‍റെ പെങ്ങള്‍ക്കൊരു കല്യാണം വേണം.   സാഹിബിന്‍റെ അനുജനും അവളും തമ്മില്‍ ചേരും.   സുഹൃത്തിനു ഒരല്‍പം സാമ്പത്തികം കുറയും എന്നേയുള്ളൂ. വിപ്ലവകാരിയായ ആ ധീരന് സാമ്പത്തികം വലിയ കാര്യമായിരിക്കില്ലെന്നുറപ്പാണ്.
സുഹൃത്തിനെ കൂട്ടി അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നു.   ഹൃദ്യമായ സ്വീകരണം.  നേരെ വിഷയത്തിലേക്ക് കടന്നു.   സാഹിബ് സശ്രദ്ധം എല്ലാം കേട്ടു.
 "ശുഐബിന്‍റെ കാര്യം നിങ്ങള്‍ക്കറിയാമല്ലോ."    സാഹിബ് പറഞ്ഞു തുടങ്ങി.   "അവന്‍ എന്‍റെ മൂന്നാമത്തെ അനിയനാണ്. ഒരു പാട് പഠിച്ചെങ്കിലും കാര്യമായ പണിയൊന്നും ഇതുവരെ ആയില്ല. മാത്രമല്ല തറവാട് വീട് അവന് താഴെയുള്ള സലീമിനുള്ളതാണെന്നും അറിയാമല്ലോ. അപ്പോള്‍ പിന്നെ അവന്‍ ഒരു വീട് വെക്കുകയോ ജോലിക്ക് കയറുകയോ ചെയ്യേണ്ടി വരുമ്പോള്‍ എന്ത് ചെയ്യാനാണ്. കുട്ടികളുടെ ഭാവി നമുക്ക് നോക്കാതിരിക്കാന്‍ പറ്റുമോ? നിങ്ങളുടെ സാമ്പത്തിക സ്ഥിതി എനിക്കറിയാം. അപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതും ഒരു സ്തീധനരഹിത വിവാഹമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എന്‍റെ പ്രസംഗങ്ങള്‍ കേള്‍ക്കാറില്ലേ. ഞാനും ആ കണ്ണില്‍ ചോരയില്ലാത്ത ഏര്‍പ്പാടിന്നെതിരാണ്. അതുകൊണ്ട് ഞങ്ങളായിട്ടൊന്നും പറയുകയോ ആവശ്യപ്പെടുകയോ ഇല്ല. നിശ്ചയവും നിക്കാഹും എല്ലാം മാതൃകാ പരമായിരിക്കുകയും വേണം. പക്ഷെ ഞാന്‍ മുമ്പേ സൂചിപ്പിച്ച കാര്യം ഓര്‍മയില്‍ വേണം താനും."
അതെന്തു കാര്യം. ഞാന്‍ സുഹൃത്തിന്‍റെ കണ്ണിലേക്ക് നോക്കി.
അതാണ്‌ ഞാന്‍ പറഞ്ഞു വെച്ചത്. സാഹിബ് തുടര്‍ന്നു.
"ശുഐബിനു ഒരു വീട് വെക്കേണ്ടി വരികയോ, കോളേജില്‍ ജോലിക്ക് കയറേണ്ടി വരികയോ ചെയ്യുമ്പോള്‍   ഊര്തെണ്ടി യാചിക്കേണ്ടി വരരുത്. അതിനു വേണ്ടത് വധു കൊണ്ട് വരണം. ഞങ്ങള്‍ ഒന്നും ചോദിക്കുകയോ പറയുകയോ ഇല്ല. അങ്ങനെയാണെങ്കില്‍ നാളെ വൈകുന്നേരം ശുഐബ്‌ അവളെ കാണാന്‍ വരും. പിന്നെ ഞങ്ങളുടെ കുടുംബത്തിനും ഞങ്ങള്‍ക്കും സമൂഹത്തിലുള്ള നിലയും വിലയും അറിയാമല്ലോ. നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ നമുക്ക് മുന്നോട്ട് പോകാം. അല്ലെങ്കില്‍ സംസാരം ഇവിടെ വെച്ചവസാനിപ്പിക്കാം. ഈ ചര്‍ച്ച നമുക്ക് മറക്കുകയും ആവാം. എന്ത് പറയുന്നു?"



വാല്‍ക്കഷ്ണം
'ശുനകപുത്രാ' എന്ന് പണ്ഡിതന്‍ വിളിക്കുന്നു. '.......ന്‍റെ മോനേ' എന്ന് സാധാരണക്കാരനും.   ഒരു നാണയം, ഇരുവശം!   അതിനിടയില്‍ നല്ലതേത്, കെട്ടതേത്, ആവോ!   ആര്‍ക്കറിയാം.

25 April 2010

വഴിയേ പോകുമായിരുന്ന പാമ്പ്‌......

              " കബളിപ്പിക്കപ്പെട്ട ഒരു സുഹൃത്തിന്‍റെ  അനുഭവം എന്‍റെ കഥാ പരീക്ഷണത്തിലൂടെ ‍‍........ "

                ട്രെയിന്‍ ചെന്നൈ സ്റ്റേഷനോടടുക്കുന്നു. തലേന്നാള്‍ വൈകുന്നേരം കോഴിക്കോട് നിന്ന് കയറിയതാണ്. ഉറക്കക്ഷീണമുണ്ട്. രാവിലെ 9 മണിക്ക് തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തണം.


എവിടെയെല്ലാം പോകാനുണ്ട്. എന്തെല്ലാം ചെയ്തു തീര്‍ക്കാനുണ്ട്! അതിനിടയിലാണ് ഒരു ചെന്നൈ യാത്ര.  രണ്ടാഴ്ചത്തെ ലീവിനാണ് ദുബായില്‍ നിന്നും വന്നത്.  ഈ  യാത്ര ഒഴിച്ച് കൂടാന്‍ പറ്റാത്തതായിരുന്നു. അല്ലെങ്കിലും പ്രവാസികള്‍ എവിടെയും കഠിനാദ്ധ്വാനം ചെയ്യാന്‍ വിധിക്കപ്പെട്ടവരാണല്ലോ.   ഒരു കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍ ആയിട്ടും ഇപ്പോഴും  ജീവിതം തുലാസിലാണ്. ജോലിയില്‍ നിന്നും എപ്പോഴും പിരിച്ചു വിടാവുന്ന അവസ്ഥ. എഞ്ചിനീയറിംഗ് ഡിഗ്രിയും സിസ്കോയുടെ സി സി എന്‍ എ യും അഞ്ചെട്ടു വര്‍ഷത്തെ പരിചയവുമുണ്ടായിട്ടും തലക്കു മുകളില്‍ ഒരു വാള്‍ തൂങ്ങുന്നത് പോലെ ഒരു അരക്ഷിതബോധമാണ്. കൂടുതല്‍ യോഗ്യതകളും  സര്‍ട്ടിഫിക്കറ്റുകളും ഏതു വിധേനയും നേടിയെടുത്ത് സുരക്ഷിതരാവാനുള്ള നെട്ടോട്ടത്തിലാണ് സഹപ്രവര്‍ത്തകരെല്ലാം. പലരുടെയും പേരുകളില്‍ ചുവന്ന മഷി വീഴുകയും  ചെയ്തിട്ടുണ്ട്. വര്‍ഷത്തില്‍ എപ്പോഴെങ്കിലുമൊരിക്കല്‍ ദുബൈയിലെ ചുടുമണല്‍ക്കാറ്റിനെ കുളിരണിയിച്ച് പെയ്ത് പോകുന്ന മഴയെപ്പോലെയാണ് പ്രവാസിക്ക് കിട്ടുന്ന  അവധിയും. 'പരോള്‍' എന്ന് പറയുന്നതാവും കൂടുതല്‍ ഭംഗി. ഒരു വര്‍ഷം മുഴുവന്‍  രാപകല്‍ നീളുന്ന കഠിനാദ്ധ്വാനം ചെയ്തതിനു ശേഷം രണ്ടാഴ്ചക്കാലമാണ് കനിഞ്ഞു കിട്ടിയ അവധി.  എന്നും ഒരു ലഹരിയായി മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന  മഴക്കാലമായിട്ടു പോലും മഴ പകര്‍ന്നു തരുന്ന ദിവ്യാനുഭൂതി നുകരാന്‍ നില്‍ക്കാതെ   ചെന്നൈയിലേക്ക് തന്നെ  ഓടിച്ചതും ജോലി നഷ്ടപ്പെട്ടാലെന്ത്‌ എന്ന ഉല്‍കണ്‍ഠ തന്നെയായിരുന്നുവല്ലോ.


         പുലര്‍ച്ചെ  അഞ്ചു മണിക്ക് തന്നെ ട്രെയിന്‍ സ്റ്റേഷനിലെത്തി.  9 മണിക്കാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തേണ്ടത്. ഹോട്ടലില്‍ ഒരു റൂം എടുത്ത്‌ താമസിക്കാനുള്ള  സമയമില്ല. എന്നാല്‍ പിന്നെ സ്റ്റേഷനില്‍ തന്നെ ഇരുന്നു കളയാം.  ബാത്ത്‌റൂമില്‍ കയറി അത്യാവശ്യങ്ങളെല്ലാം നിര്‍വഹിച്ച ശേഷം ഒരു ചായയും കുടിച്ച്  സ്റ്റേഷനിലെ സ്റ്റാളില്‍ നിന്ന് അന്നത്തെ പത്രവും  വാങ്ങി ഒഴിഞ്ഞ ഒരു ബെഞ്ചില്‍ ചെന്നിരുന്നു.


"ഗുഡ് മോര്‍ണിംഗ്". പത്രവായനയില്‍ മുഴുകിയിരുന്നപ്പോഴാണ്   അറബി ഉച്ചാരണത്തില്‍ ഒരു ഗുഡ് മോര്‍ണിംഗ് കേള്‍ക്കുന്നത്. ആദ്യം മുഖമുയര്‍ത്താതെ  മറുപടി പറഞ്ഞു. പെട്ടെന്ന് തന്നെ താന്‍ ദുബായിലല്ലല്ലോ എന്ന ബോധമുണ്ടായി.  ആരാണിവിടെ അറബി ഉച്ചാരണത്തില്‍! മുഖമുയര്‍ത്തി നോക്കി.  ഒരു യു എ ഇ സ്വദേശിയുടെ മുഖഭാവം . കന്തൂറയല്ല, വേഷം പാന്‍റ്സും ഷര്‍ട്ടും.  ചെന്നൈയിലും ഇവരോ! ഏതോ ടൂറിസ്റ്റ് ആയിരിക്കും. എന്തായാലും കുഴപ്പമില്ല. ഇവിടെ അങ്ങനെ ഏതെല്ലാം തരത്തിലുള്ള ആളുകള്‍‍.  കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ വായനയില്‍ തന്നെ  മുഴുകി.


"ലെറ്റ്‌ മി റീഡ്  വണ്‍ പേപ്പര്‍."


ഇംഗ്ലീഷ് പത്രം കണ്ടു ആഗതന്‍ ചോദിച്ചു.  വേഗം തന്നെ പത്രത്തിന്‍റെ  ഒരു ഉള്‍ പേജ് വലിച്ചെടുത്തു കൊടുത്തു.  


         മണിക്കൂറുകള്‍ കടന്നു പോയി.  ട്രെയിനുകള്‍ വീണ്ടും വന്നു.  ആളുകള്‍ വരികയും പോകുകയും ചിലര്‍ അവിടവിടെയായി കാത്തിരിക്കുകയും ചെയ്യുന്നു.


"വൈ ആര്‍  യു ഹിയര്‍? എ ടൂറിസ്റ്റ്?"


പത്ര  വായനയില്‍ മുഴുകിയിരുന്ന അപരിചിതനോട് ഞാന്‍ ചോദിച്ചു.  ഇരുന്നിരുന്നു  ‌ മടുത്തു തുടങ്ങിയിരുന്നു.


        "നോ."  തനിക്ക്  ദുബായ് ദൈരയില്‍ സ്വന്തമായി കെട്ടിടനിര്‍മാണ സാമഗ്രികളുടെ ബിസിനസ് ആണെന്നും  പേര് അബ്ദുല്‍ ഖാദര്‍  എന്നാണെന്നും അയാള്‍  മറുപടി പറഞ്ഞു. ഏകദേശം മുപ്പത്തഞ്ച് - നാല്‍പത്‌ പ്രായം തോന്നിക്കും.  ഏതായാലും  ദുബായിക്കാരനാണല്ലോ.  വിശദമായി പരിചയപ്പെട്ടു കളയാം. യുഎ ഇ സ്വദേശികളുമായുള്ള ബന്ധം എപ്പോഴും നല്ലതാണ്.  ഒന്ന് കാലിടറിയാല്‍ പിടിച്ചു നില്‍ക്കാന്‍ ചില്ലറ ബന്ധങ്ങളൊക്കെ ആവശ്യമായി വരും.


        അയാള്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്. കൂടുതല്‍ സംസാരിക്കാന്‍ താല്പര്യമില്ലാത്ത ആളാണെന്ന് തോന്നുന്നു. പെട്ടെന്ന് മറുപടി പറഞ്ഞു തീര്‍ത്തു  പത്രത്തിലേക്ക് തന്നെ മുഖം പൂഴ്ത്തുന്നത് കണ്ടപ്പോള്‍ അങ്ങനെ   തോന്നി. തനിക്കാണെങ്കില്‍ ഇനിയും മണിക്കൂറുകള്‍ കഴിയണം.


"ഇവിടെ ബിസിനസ് ആവശ്യത്തിനാണോ വന്നത്?"


        ഞാന്‍ വിടാന്‍ ഭാവമുണ്ടായിരുന്നില്ല.  അത് മനസിലാക്കിയ അയാള്‍ പത്രം മടക്കി എന്‍റെ കയില്‍ തന്നു.  താന്‍ കൊച്ചിയില്‍ നിന്നാണ് വരുന്നതെന്നും ഈറോഡ്‌ വരെ പോകേണ്ട കാര്യമുണ്ടായിരുന്നെന്നും ഡല്‍ഹിക്ക് പോകാന്‍ വേണ്ടി ചെന്നൈയില്‍ വന്നതാണെന്നും അയാള്‍ കൂടുതല്‍ താല്‍പര്യം കാണിക്കാതെ പറഞ്ഞു.
        അയാള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ദുബൈയിലെ ബിസിനസിനെക്കുറിച്ചും  കേരളത്തിലേക്കുള്ള ആഗമനോദ്ദേവുമെല്ലാം  അന്വേഷിച്ചു.  ഒരു മലയാളിയാല്‍ ചതിക്കപ്പെട്ടത്തിന്‍റെ അമ്പരപ്പിക്കുന്ന കഥയായിരുന്നു അയാള്‍ക്ക്‌ പറയാനുണ്ടായിരുന്നത്. കൂടുതല്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ അയാള്‍ പറഞ്ഞു തുടങ്ങി.


    ഒരാഴ്ച മുമ്പാണ് തിരുവനന്തപുരത്തെത്തിയത്.  സഹപ്രവര്‍ത്തകനും  മലയാളിയുമായ ജോര്‍ജ് മാത്യുവിന്‍റെ  കൂടെ തന്‍റെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനാണ് വന്നത്.  തിരുവനന്തപുരത്തും  കൊച്ചിയിലും വെച്ച് ഇന്‍റര്‍വ്യൂ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. അതോ ജോര്‍ജ് മാത്യുവിന്‍റെ  തന്ത്രമായിരുന്നോ എന്നും അറിയില്ല. ഏതായാലും രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ജോര്‍ജ് മാത്യു തന്‍റെ പാസ്പോര്‍ട്ട്‌ അടക്കമുള്ള എല്ലാ യാത്രാ രേഖകളും മറ്റു ബിസിനസ് ഡോക്യുമെന്‍റ്കളും പണവുമടങ്ങിയ ബാഗുമായി മുങ്ങിയെന്നു  സങ്കടത്തോടെ അയാള്‍ പറയുന്നത് കേട്ടപ്പോള്‍ നാടും വീടും വിട്ട് എങ്ങനെയും കഷ്ടപ്പെട്ട് കഞ്ഞി കുടിച്ചു പോകുന്ന  മലയാളികളെ  മൊത്തത്തില്‍ വഞ്ചകരാക്കുന്ന ഏഴാം കൂലികളോട് കടുത്ത അമര്‍ഷം തോന്നി.  പാസ്പോര്‍ട്ടും രേഖകളുമില്ലാതെ അന്യ രാജ്യത്ത് ഒറ്റപ്പെട്ട അയാളോട് അനുകമ്പയും തോന്നി.  ജോര്‍ജ് മാത്യുവിന്‍റെ ഒരു പാസ്പോര്‍ട്ട്‌ കോപ്പി അബദ്ധത്തില്‍ അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു.  അത് വെച്ച് ഒരു അന്വേഷണം നടത്തിയെങ്കിലും കൊച്ചിയിലെ ആ അഡ്രസ്സില്‍ അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ല.  ഏതായാലും പോലീസില്‍ ഒരു കംപ്ലേന്‍റ് കൊടുത്തു.  അന്വേഷണത്തില്‍ ഈറോഡ്‌ സ്വദേശിയാണ് ജോര്‍ജ് മാത്യുവെന്നു മനസിലായി.  അങ്ങനെ ഈറോഡ്‌ പോയി നിരാശനായാണ് അയാള്‍ ചെന്നൈയില്‍ എത്തിയത്. തിരിച്ചു  ദുബായിലേക്ക് പോകണമെങ്കില്‍ ഡല്‍ഹിയിലെ യു എ ഇ  എംബസിയില്‍ പോയി തീര്‍പ്പുണ്ടാക്കാന്‍ പോലീസ് സ്റ്റേഷനില്‍ നിന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.  ഡല്‍ഹിക്കുള്ള ട്രെയിന്‍ കാത്തുള്ള ഇരിപ്പാണ്. ഇനി എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല. അവിടെ ചെന്നാല്‍ അറിയാം ബാക്കി കാര്യങ്ങള്‍. പണം മുഴുവന്‍ ബാഗിലായിരുന്നു‍.  അയാള്‍ പറഞ്ഞു.
പോക്കറ്റില്‍ ബാക്കിയായ കുറച്ചു പണം മാത്രമേ ഇനിയുള്ളൂ. ഡല്‍ഹിയിലെത്താനും ഭക്ഷണം കഴിക്കാനും അത് തികയില്ലെന്ന് വ്യക്തമാണ്.  അയാള്‍ ഇത്രയും പറഞ്ഞത് താന്‍ പ്രോത്സാഹിപ്പിച്ചത് കൊണ്ട് മാത്രമാണ്.  ഞാന്‍ താമസിക്കുന്ന രാജ്യക്കാരനുമാണ്. നാളെ ഇങ്ങനെയൊരു അനുഭവം എനിക്കവിടെ വെച്ചുണ്ടായാലോ.  എന്നിലെ മനുഷ്യസ്നേഹി ഉണര്‍ന്നെഴുന്നേറ്റു.  എന്‍റെ കയില്‍ കുറച്ചു പണമുണ്ട്.  അത്യാവശ്യ ചെലവിനുള്ള ഒരു അയ്യായിരം രൂപ ഞാന്‍ തരാം.  യു എ ഇയില്‍  എത്തിയിട്ട് തന്നാല്‍ മതി. ഞാന്‍ പറഞ്ഞു.  പക്ഷെ അയാളത് നിരസിച്ചു.  ഇപ്പോള്‍ വേണ്ടെന്നും  സഹായിക്കാന്‍ തോന്നിയതിനു നന്ദിയുണ്ടെന്നും അയാള്‍ പറഞ്ഞു. അത് കേട്ടപ്പോള്‍  ബുദ്ധിമുട്ടിന്‍റെ സമയത്ത് പോലും യു എ ഇ സ്വദേശികള്‍ കാണിക്കുന്ന അഭിമാനബോധത്തോടു ബഹുമാനം തോന്നി.  നിര്‍ബന്ധിച്ച് പണം അയാളെ ഏല്‍പ്പിച്ചു.  അയാളുടെ യു എ ഇ യിലെ നമ്പര്‍ വാങ്ങി എന്‍റെ ദുബായിലെ നമ്പറും  അയാള്‍ക്ക്‌ കൊടുത്തു.  ഒരു പാട് നന്ദി പറഞ്ഞ് അയാള്‍ യാത്രയായപ്പോള്‍ ഒരു മനുഷ്യനെ വലിയ ബുദ്ധിമുട്ടില്‍ സഹായിച്ച ആത്മ നിര്‍വൃതിയായിരുന്നു മനസ്സില്‍.  ജോര്‍ജ് മാത്യുവിനെപ്പോലെ ഉളുപ്പില്ലായ്മ കാണിക്കുന്നവര്‍ മാത്രമല്ല മലയാളികള്‍ എന്ന് വിദേശികള്‍ മനസിലാക്കട്ടെ.


       ഏതായാലും സംഭവം കഴിഞ്ഞു ഇപ്പോള്‍ ഒരു വര്‍ഷത്തോളമാവുന്നു.  ദുബായില്‍ തിരിച്ചെത്തിയതിനു ശേഷം പല തവണ ആ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അങ്ങനെയൊരു നമ്പര്‍ നിലവിലില്ലെന്നാണ് കിളിനാദം.  നമ്പര്‍ മാറിയതോ നഷ്ടപ്പെട്ടതോ ആണെങ്കില്‍ ഇങ്ങോട്ടൊരു  വിളി വരേണ്ടേ. അതും ഉണ്ടായില്ല.  അയാളുടെ പെരുമാറ്റത്തിലോ സംസാരത്തിലോ യാതൊരു സംശയവും തോന്നാത്തത് കൊണ്ട് അയാളുടെ ബിസിനസ് സ്ഥാപനത്തിന്‍റെ പേരോ വിവരങ്ങളോ ചോദിച്ചറിഞ്ഞിരുന്നില്ല. ഞാന്‍ തന്നെ നിര്‍ബന്ധിച്ചു പണം അയാളെ എല്പ്പിക്കുകയായിരുന്നല്ലോ.


"മനസിന്‍ കണ്ണാടി മുഖമെന്ന് പഴമൊഴി,  മനസിനെ മറക്കുന്നു മുഖമെന്ന് പുതു മൊഴി....."   ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഓര്‍ത്തു പോയി.

09 April 2010

മാപ്പിളപ്പാട്ട് ലോകത്തെ അതികായന്‍ അഥവാ വേറിട്ട്‌ നടന്ന ഒരു രചയിതാവ്


     "ആലം മകന്ദം  നബി താമും  ബളര്‍ന്തിടൈ അതിമതി ഹിതമതി ലഹദിയത്തവന്‍ ഹുദ മധുതമാം മികവുറ്റോരഹമതരാം
മമതാ സമതാ  സബബാ ജഗമാ മികവാ തികവാ പുകളുറ്റൊരു   തിരു ദൂതരാം ..................." 


    1997 ലാണ്  ടി. പി അബ്ദുല്ല ചെറുവാടിയുടെ  പ്രശസ്തമായ ഈ വരികള്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ  അനുഗ്രഹീത സ്വരത്തില്‍  ശുക്ര്‍  എന്ന കാസെറ്റിലൂടെ പുറത്തിറങ്ങുന്നത് .
അതെ  വര്‍ഷം തന്നെ ഈ ഗാനം   പല ഒന്നാം കിട രചയിതാക്കളെയും പിന്നിലാക്കി  സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍  ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു..  കെ വി അബൂട്ടിയുടെ ഈണത്തില്‍ അരീക്കോട്ടെ ഷാഫി എന്ന വിദ്യാര്‍ഥിയായിരുന്നു  അന്ന് തനിമയോടെ ആലപിച്ച്  പ്രസ്തുത നേട്ടം കൊയ്തത്.


പരമ്പരാഗത  മാപ്പിളപ്പാട്ടുകളുടെ സകല ചേരുവകളും കോര്‍ത്തിണക്കിയ  അതി മനോഹരമായൊരു  രചനയായിരുന്നു  മാപ്പിളപ്പാട്ട് പ്രേമികളെ  വിസ്മയിപ്പിച്ച   ഈ  ഗാനം.  മത്സര വേദികളിലും ഗാന സദസ്സുകളിലും  സജീവ സാന്നിധ്യമായ പ്രസ്തുത ഗാനം   പക്ഷെ മോയിന്‍ കുട്ടി വൈദ്യരുടെതാണെന്ന്  തെറ്റിദ്ധരിച്ചാണ് പല ഗായകരും  അവതരിപ്പിക്കാറുള്ളത്. അറബി, പേര്‍ഷ്യന്‍, ഉറുദു, തമിഴ്, മലയാളം തുടങ്ങിയ  ഭാഷകള്‍ സമന്വയിപ്പിച്ചുള്ള വൈദ്യരുടെ രചനാ രീതി തന്നെയാണ് സുഹൃത്തുക്കള്‍  ടി പി എന്ന് വിളിക്കുന്ന അബ്ദുല്ലയും  തന്‍റെ  രചനകളിലുടനീളം കൈക്കൊണ്ടിട്ടുള്ളത്. അതു കൊണ്ട് തന്നെ ടി പി യുടെ പല ഗാനങ്ങളും രചനാ വൈഭവത്തില്‍ മോയിന്‍ കുട്ടി വൈദ്യരുടേതിനോട്   കിടപിടിക്കുന്നതാണ്. 
"ആലം മകന്ദം" എന്ന ഗാനത്തിന്‍റെ ജീവന്‍ ടി വി യില്‍ വന്ന വീഡിയോ ആണ് ചുവടെ.


മാപ്പിളപ്പാട്ടുകളുടെ  മൂല്യശോഷണവും  അശ്ലീലവല്‍ക്കണവും വ്യാപകമായതില്‍  അതിയായി സങ്കടപ്പെടുന്ന ടി പി 1979 കാലഘട്ടങ്ങളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് വരികള്‍ കുത്തിക്കുറിച്ചു തുടങ്ങുന്നത്. ശക്തമായ മതചിട്ടകളുടെ  ചട്ടക്കൂടിലായിരുന്നു കുട്ടിക്കാലം. സ്കൂള്‍ പഠനത്തോടൊപ്പം രാവിലെയും രാത്രിയും പള്ളി ദര്‍സില്‍ പോകാനും രക്ഷിതാക്കള്‍ നിഷ്കര്‍ഷിച്ചിരുന്നു. വെള്ളിയാഴ്ച രാവുകളില്‍ പള്ളിയില്‍ സലാത്തും അതിന്‍റെ അവസാനം കാവയും (മലബാറിലെ ഒരു തരം  പായസം) പതിവായിരുന്നു. കര്‍ക്കശ സ്വഭാവക്കാരനായ ഉസ്താദിന്‍റെ കറുത്തിരുണ്ട് തടിച്ച  കൈകളില്‍ കിടന്നു പുളയുന്ന  ചൂരലിനെ  ഭയന്ന്,  ഉറക്കം തൂങ്ങി വരുന്ന കണ്ണുകളെ തുറന്നു പിടിച്ച് കാത്തിരിക്കണം  അവസാന ഇനമായ കാവ കുടി അരങ്ങേറാന്‍. സഹപാഠികളുടെ ആര്‍ത്തിയോടെയുള്ള  ഈ കാത്തിരിപ്പ് ഹാസ്യ രൂപത്തില്‍ പകര്‍ത്തിക്കൊണ്ടായിരുന്നു ആദ്യ രചന. 30 വര്‍ഷം മുമ്പുള്ള ആ വരികള്‍ ടി പി ഓര്‍ക്കുന്നത് ഇങ്ങനെ.

 "വെള്ളിയാഴ്ച രാവില്‍ ഞാന്‍ കാവാ കിനാവു കണ്ട്
ഉന്തും  തിരക്കിനിടയില്‍ നടക്ക്ണ് കണ്ട്
ഒന്നാം സഫിലിരുന്നു കുടിക്കാന്‍ എനിക്ക് മോഹം
രണ്ടാം വട്ടം വാങ്ങിക്കുവാനെനിക്ക് ദാഹം..........."

ക്രുദ്ധനായ  ഉസ്താദിന്‍റെ ചൂരലിന് പണിയായെങ്കിലും ഉസ്താദും  ഈ നിമിഷ കവിത ഇഷ്ടപ്പെട്ട്  ഉള്ളില്‍ ചിരിക്കുകയായിരുന്നില്ലേ  എന്ന് ഇപ്പോള്‍ തോന്നുന്നതായി ടി പി പങ്കു വെക്കുന്നു. ഏതായാലും പ്രസ്തുത സംഭവം ടി പി അബ്ദുല്ല എന്ന രചയിതാവിനെ  സംബന്ധിച്ചേടത്തോളം തന്നില്‍ ഒളിഞ്ഞിരിക്കുന്ന കവിയെ കണ്ടെത്തലായിരുന്നു. 30 വര്‍ഷത്തിനിടയില്‍ അദ്ദേഹം എത്തിപ്പിടിച്ച നേട്ടങ്ങള്‍ അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.

     പിന്നീടുള്ള കാലങ്ങളില്‍ മുന്നില്‍ കാണുന്ന എന്തിനെക്കുറിച്ചും രണ്ടു വരി എഴുതുക എന്നത് ഒരു ശീലമായി. സ്കൂളില്‍ ചെറിയ കുട്ടികളെ മുന്‍ ബെഞ്ചില്‍ ഇരുത്തുന്നതും നാട്ടിലെ നായ ശല്യവും റോഡിലെ പൊടി ശല്യവുമെല്ലാം വിഷയങ്ങളായി. പല പൊതു താല്പര്യ സംബന്ധമായ രചനകളും ബന്ധപ്പെട്ടവരുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തുകയും ചെയ്തു. മദ്രസകള്‍ക്കു വേണ്ടി തയാറാക്കിയ അസംഖ്യം  നബിദിന ഗാനങ്ങളും ഈ രചയിതാവിന്റെ തൂലികക്ക്  മിനുപ്പേകിയെന്നു എടുത്തു പറയാവുന്നതാണ്.  1984-86 വര്‍ഷങ്ങളില്‍ മുക്കം എം എ എം ഓ കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്തും സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ധാരാളം ഗാനങ്ങള്‍ എഴുതി. അങ്ങനെ 1989  ല്‍ ആദ്യമായി ടി പി തന്‍റെ ഗാനങ്ങള്‍  ചെറുവാടിയില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ ഗാന വിരുന്നായി അവതരിപ്പിച്ചു. നാടിനെക്കുറിച്ചും സാമൂഹിക വിഷയങ്ങളും തന്നെയായിരുന്നു ഉള്ളടക്കം.



"ഇടങ്ങേറിന്‍റെ പൊടി പാറി  
ഈ നാട് ചെറുവാടി 
റോഡില്‍ നടക്കുവാന്‍ ഗതിയില്ലാതായീ............... "

അത്  പോലെ
"ചെറുവാടി ആദ്യ കാലമില്‍ 
ബാഹ്യ ദേശമില്‍ പേര് കേട്ടൂ......"

തുടങ്ങിയവയായിരുന്നു  പാട്ടുകള്‍.

ഒരു  പൊതു പരിപാടിയോട് കൂടി ടി പി നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. പല കലാ പ്രവര്‍ത്തകരും നേതാക്കളും പിന്തുണയും പ്രോത്സാഹനവുമായി ടി പി യെ സമീപിച്ചു. തെരഞ്ഞെടുപ്പ് വിഷയമാക്കിയ രാഷ്ട്രീയ ഗാനങ്ങള്‍ പലതും പുറത്തിറക്കി. അദ്ദേഹത്തിന്റെ പ്രശസ്തിയും കുതിച്ചുയരാന്‍ തുടങ്ങി. ആയിടക്ക് മകന്‍ ഹിജാസിന്‍റെ പേരുമായി ബന്ധപ്പെടുത്തി അബുഹിജാസ്‌ & പാര്‍ട്ടി എന്ന പേരില്‍ ഒരു കഥാ പ്രസംഗ ട്രൂപും തട്ടിക്കൂട്ടി നാടു നീളെ പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങിയെങ്കിലും അവതരണത്തില്‍ കൂടുതല്‍ വിദഗ്ദരായവര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ കോമിക്കുകളും പൊടിക്കൈകളുമായി  പെടാപ്പാട് പെടേണ്ടി വന്നു. അതിനാല്‍  ഏറെ താമസിയാതെ ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയില്‍ 1991ലാണ്  ഇപ്പോഴത്തെ സി എച്ച് കള്‍ച്ചറല്‍ ഫോറം ചെയര്‍മാനായ ഷബീര്‍ ചോല വഴി കോഴിക്കോട് സ്റ്റാര്‍ ഓഡിയോയുമായി ബന്ധപ്പെടുന്നത്. SSF  എന്ന  സംഘടനക്ക് വേണ്ടി സംഘടനയുടെ ചരിത്രത്തില്‍   ആദ്യത്തെതായ  ദഫ് ഗാനങ്ങള്‍ എഴുതിയതായിരുന്നു പ്രഥമ  കാസെറ്റ് സംരംഭം.  പിന്നീടങ്ങോട്ട് ഇരുപതോളം ദഫ് കസെറ്റുകള്‍. ക്രമേണ സ്റ്റാര്‍ ഓഡിയോയുടെ മറ്റു സംരംഭങ്ങളിലേക്കും ടി പി യുടെ രചനകള്‍ വന്നു തുടങ്ങി.
 അങ്ങനെ 1995 ല്‍ പൊന്‍ താരം എന്ന പേരില്‍ ജോയ്‌ വിന്‍സന്‍റ് ‌ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ച്  അദ്ദേഹത്തിന്‍റെ ആദ്യ മുസ്ലിം ഭക്തി ഗാന കാസെറ്റ് പുറത്തിറങ്ങി. കൊടിയത്തൂരിലെ ഉസ്സന്‍ മാസ്റ്ററുടെ മക്കളായ നാദിയ, ഷാഹദ്, പിന്നെ  ബാസിമ ചെറുവാടി, നിയാസ്‌ ചോല തുടങ്ങിയവരായിരുന്നു പാടിയത്.
അതിനു ശേഷം കുറച്ചു പരമ്പരാഗത മാപ്പിളപ്പാട്ടുകള്‍ രചിച്ച് 'പുന്നാരം' എന്ന പേരില്‍ അടുത്ത കാസെറ്റ് ‌ ഇറക്കി. കെ വി അബൂട്ടി ആയിരുന്നു ഇതിന്‍റെ  സംഗീത സംവിധാനം നിര്‍വഹിച്ചത്. അദ്ദേഹമാണ്  ടി പിയെ  പരമ്പരാഗത മാപ്പിളപ്പാട്ട് രചനാ രംഗത്ത് സജീവമാക്കിയത്.

"ചിന്തും ബദറില്‍ ലങ്കും റങ്കതിലപ്പുറം നിലയായ്‌ 
കുതുകുലമിക്കവര്‍ നിലയായ്‌ 
മധുരസമാകിലും നിനവായ്‌ 
മുജ്തബ താഹവര്‍ വരവായ്‌......."  

അത് പോലെ റജീബ് അരീക്കോട് പാടിയ

"ബദര്‍പട പുറപ്പെടാന്‍ അടുത്തിടെയുടനടി 
ഘോഷം ബഹു തോഷം
കുഡ്മളമതിയായ റസൂലടരാടാന്‍ 
സ്വഹാബികള്‍ ഒത്ത് നടുകിടെ ജഹ് ലോര്‍ ‍............"

തുടങ്ങിയ  പാട്ടുകളായിരുന്നു 'പുന്നാരം' എന്ന കാസെറ്റിനു വേണ്ടി രചിച്ച ട്രഡിഷനല്‍ മാപ്പിളപ്പാട്ടുകള്‍. ഇതില്‍ "ബദര്‍പ്പട പുറപ്പെടാന്‍ "എന്ന് തുടങ്ങുന്ന ഗാനത്തിന്റെ തനിമയും വാക്യഘടനയും കണ്ടു വിസ്മയിച്ച കെ വി അബൂട്ടി സംസ്ഥാന യുവജനോത്സവത്തില്‍ അദ്ദേഹത്തിന്‍റെ വിദ്യാര്‍ഥിയെക്കൊണ്ട് പാടിക്കാന്‍ ഒരു മാപ്പിളപ്പാട്ട് ടി പി യോട് ആവശ്യപ്പെടുകയായിരുന്നു. അതിനു വേണ്ടി രചിച്ച  "ആലം മകന്ദം നബി താമും...." എന്ന് തുടങ്ങുന്ന പ്രസ്തുത ഗാനമാണ് ഒന്നാം സ്ഥാനം നേടുകയും യേശുദാസ്  പാടി  ശുക്ര്‍ എന്ന  കാസെറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്.



     അതിനിടെ കുറച്ചു മത സൌഹാര്‍ദ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി 'പരിമളം' എന്ന മറ്റൊരു കാസെറ്റും ടി പി യുടേതായി വന്നു. കോഴിക്കോട് അബൂബക്കര്‍ ആയിരുന്നു സംഗീതം നിര്‍വഹിച്ചത്. ഇതില്‍ സതീഷ്‌ ബാബു ആലപിച്ച  ശ്രദ്ധേയമായ  ഒരു ഗാനമാണ് ചുവടെ.


"ശാന്തി നീങ്ങീ പട വാളേന്തീ .........
പാരിടം പോരിടമായീ......  
സമാന വിചാരം സുരഭില യാനം
എങ്ങോ പോയ്‌ മറഞ്ഞൂ ..........

പോര്‍ വിളിയായിത് മാറീ മണ്ണില്‍
ഈ നില തുടരുകയായീ..
തെരുവില്‍ തല്ലിടും കൊല
തുടര്‍ന്നിടും മനസുകള്‍
വന്മതില്‍ തീര്‍ക്കുകയായീ....


പരസ്പരം കലഹിക്കാന്‍ പറഞ്ഞില്ല മതങ്ങള്‍
ശാന്തി സമത്വം പാടുന്നെ
ക്രിസ്തുവും കൃഷ്ണനും മുഹമ്മദ്‌ നബിയും
സ്നേഹത്തിന്‍റവതാരമാം 
ചുടുനിണ മൊഴുക്കീടും 
ചുടലക്കളമാക്കീടും
ജീവിതം പാവനമേ -സുകൃതമീ ജീവിതം പാവനമേ



 സഹനത്തിന്‍ മധു മന്ത്രം അമൃതമാം തിരു മന്ത്രം 
സൗഹൃദം പുലര്‍ന്നീടട്ടെ
ബാന്കൊലി ശംഖൊലി  മണി നാദങ്ങള്‍ 
മലരായ്‌ വിരിഞ്ഞീടട്ടെ
ഒരമ്മ തന്‍ മക്കള്‍ നമ്മള്‍ ഒരേ മണ്ണില്‍ വളര്‍ന്നവര്‍ 
എന്തിനു പോരിടണം "

ശേഷം സംഗീത ലോകത്ത്‌  കാര്യമായ ഇടപെടലുകളില്ലാത്ത 7 വര്‍ഷത്തെ പ്രവാസ ജീവിതം. ഉരുകുന്ന മരുഭൂവിലും പാട്ടുകള്‍ മനസിലെ ഒരു കെടാത്ത അഗ്നിയായി സൂക്ഷിച്ചു. അനുഭവങ്ങള്‍ പലതും കടലാസിലേക്ക് വരികളായി പതിഞ്ഞു. തന്‍റെ വഴി വേറെയാണെന്നു മനസിലാക്കിയ അദ്ദേഹം 2005 ല്‍ പ്രവാസം മതിയാക്കി നാടിന്‍റെ പച്ചപ്പിലും ഗ്രാമീണ ഭംഗിയിലും വീണ്ടും മനസിനെ അഴിച്ചു വിട്ടു. ഭാവനയുടെ ലോകത്തിന്‍റെ മറ്റൊരു വാതായനമാണ്‌ ഈ രണ്ടാം ഘട്ടത്തില്‍ ടി പി തുറന്നത്. തന്‍റെ പഴയ സാമൂഹിക-പരിസ്ഥിതി വിഷയങ്ങളും മറ്റു പുതുമയുള്ള വിഷയങ്ങളും അനിമേഷന്‍ കാര്‍ട്ടൂണുകളിലൂടെയും ടെലി ഫിലിമുകളിലൂടെയും പൊതുജനങ്ങളിലേക്കെത്തിത്തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും നല്ല ആനിമേഷന്‍ ഫിലിമിനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ്‌ നേടിയ 'കുട്ടാപ്പി' യിലെ  6 ഗാനങ്ങളും അദ്ദേഹമാണ് എഴുതിയത്.

റസാക്ക്‌ വഴിയോരം സംവിധാനം ചെയ്ത 'കുട്ടാപ്പി' യില്‍   മലിനീകരണവും മണല്‍ വാരലും  മൂലം നശിച്ചു കൊണ്ടിരിക്കുന്ന പുഴകളും,  അസുഖം ബാധിച്ചിട്ടും   അതി ക്രൂരമായി പണിയെടുപ്പിച്ചത് കൊണ്ട് മദമിളകിയ ആനയുടെ നൊമ്പരവും (വീഡിയോ ഇവിടെ)  പ്ലാസ്റ്റിക് മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളുമെല്ലാം പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധന്മാര്‍ക്ക് വരെ ആസ്വാദ്യമായ രീതിയില്‍ വരച്ചു കാണിച്ചിരിക്കുന്നു. ബാസിമ, സഹല , സുഹൈല്‍ തുടങ്ങിയവരാണ് കുട്ടാപ്പിയിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്.
 ഫിറോസ്‌ ഖാന്‍ സംവിധാനം ചെയ്ത 'ഡോ.കോമുട്ടി അമ്പ്രല്ല സ്പെഷ ലിസ്റ്റ്',  ജഗന്ത് സംവിധാനം ചെയ്ത 'ഒറ്റ ച്ചിറകുള്ള പക്ഷി '  തുടങ്ങിയ ടെലി ഫിലിമുകളിലും ടി പിയുടെ ഗാനങ്ങള്‍ ആണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

     മുന്‍വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ്‌ ബഷീറിന്‍റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് ഇറക്കിയ ഡോകുമെന്‍റ്റിയില്‍ "നിളയുടെ സംഗീത രസം നിറമാര്‍ന്ന തായ ........." എന്ന സുഹൈല്‍ ചെറുവാടി  ഈണം നല്‍കിയ ഗാനവും ടി പി യുടെ രചനാ വൈഭവം കൊണ്ട് ശ്രദ്ധേയമായി.
   പൂമ്പാറ്റ , വമ്പന്‍ ചിമ്പു, തത്തമ്മ  തുടങ്ങിയ ആനിമേഷന്‍ സിനിമകളും നിരവധി ആല്‍ബങ്ങളും ടി പിയുടെ  വരികള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. നീണ്ട മുപ്പതു വര്‍ഷങ്ങളില്‍ പൂനിലാവായി പരന്നൊഴുകിയ ടി പി യുടെ  മാന്ത്രിക തൂലിക വിശ്രമമില്ലാതെ  ചലിച്ചു കൊണ്ടിരിക്കുകയാണ്. നക്ഷത്രങ്ങളോളം അത് വളരട്ടെ; നമുക്കു ആശംസിക്കാം. ടി പി യുടെ ഫോണ്‍ നമ്പര്‍ : 9048632762







Google Groups

Subscribe to Cheruvadi ( ചെറുവാടി )

Email:

Visit this group
The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം