'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

04 June 2010

ലോക പരിസ്ഥിതി ദിനം

 ജൂണ്‍  5 . ലോക പരിസ്ഥിതി ദിനം.


  നാം കേരളീയര്‍.  പുഴകളും  പുല്‍മേടുകളും കാടുകളും തോടുകളും വയലേലകളും കൊണ്ട് സമ്പന്നമായ സാക്ഷാല്‍  ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അന്തേവാസികള്‍. വര്‍ഷത്തില്‍ മാസങ്ങളോളം മഴ.  ഇഷ്ടം പോലെ വെള്ളം . തനിയെ മുളച്ചു പൊന്തുന്ന സസ്യലതാദികള്‍. തണല്‍ മരങ്ങള്‍. കൃഷിയിടങ്ങള്‍. സൌരഭ്യം പരത്തുന്ന പൂക്കള്‍. പക്ഷി മൃഗാദികള്‍. നയനാനന്ദം പകരുന്ന ചുറ്റുപാടുകള്‍. മിതശീതോഷ്ണ കാലാവസ്ഥ.  അനുഗ്രഹീതമായ നമ്മുടെ നാടിന്‍റെ മേന്മകള്‍ പാടിപ്പുകഴ്ത്തിയാല്‍ മതിയാവില്ല. കഴിഞ്ഞ വര്‍ഷം മികച്ച പരിസ്ഥിതി സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളത്തെ സി എന്‍ എന്‍ ‍- ഐ ബി  എന്‍  ചാനല്‍  തെരഞ്ഞെടുത്തിരുന്നു. പരിസ്ഥിതി, ആരോഗ്യ പരിപാലനം എന്നീ കാര്യങ്ങളില്‍ മികവ് പുലര്‍ത്തിയതിനായിരുന്നു പ്രസ്തുത പുരസ്കാരം.


    പക്ഷെ, വര്‍ത്തമാന കാലത്ത് അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലികള്‍ നമ്മുടെ നാടിന്‍റെ മാസ്മരികസൌന്ദര്യത്തിനു  കളങ്കമേല്പ്പിക്കുന്നില്ലേ?  കഴിഞ്ഞ വേനലില്‍ നമ്മുടെ നാട്ടിലെ പലര്‍ക്കും സൂര്യാഘാതം മൂലം പൊള്ളലേറ്റത് അശുഭകരമായ എന്തിന്‍റെയോ തുടക്കമായി തോന്നുന്നില്ലേ?  കേരളീയ കാലാവസ്ഥയുടെ നട്ടെല്ലായ വര്‍ഷക്കാലത്തെ മഴ കഴിഞ്ഞ വര്‍ഷം ഒമ്പത് ശതമാനം കണ്ടു കുറഞ്ഞതും സൂചിപ്പിക്കുന്നതെന്താണ്?  മരങ്ങള്‍ വ്യാപകമായി വെട്ടിനശിപ്പിക്കല്‍,  വയലുകള്‍ നികത്തല്‍,  ജലസ്രോതസുകളെ  മലിനമാക്കല്‍,  മഴക്കാടുകളിലേക്കുള്ള കടന്നു കയറ്റം,    അനിയന്ത്രിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  അങ്ങനെ തുടങ്ങി  പ്രകൃതിയോട് നമ്മള്‍ നടത്തുന്ന വിവേകരഹിതമായ  ഇടപെടലുകളെല്ലാം അതിന്‍റെ  ഈ തിരിച്ചടിക്ക് കാരണമാകുന്നില്ലേ?
   കേരള പരിസ്ഥിതിയുടെ നാഡിയായ പുഴകള്‍ പലതും ശോഷിച്ചു പോയിരിക്കുന്നു.  കായലുകള്‍ പോലുള്ള ജലാശയങ്ങളില്‍ പലതും ഇന്ന് മരണക്കിടക്കയിലാണ്. മലകള്‍ക്ക് താഴെ ആണിയായി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ പലതും കരിങ്കല്‍ ക്വാറികളായി മാറി.  ഇത് പലപ്പോഴും ഉരുള്‍ പൊട്ടലുകള്‍ക്ക് കാരണമാകുന്നു. കുന്നുകളെല്ലാം മണ്ണെടുത്ത് നിരത്തി  ആ മണ്ണ് കൊണ്ട് താഴ്ന്ന പ്രദേശങ്ങളും വയലുകളും നികത്തുന്നു. ഇത് തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ കേരളം ഒരു ഫുട്ബോള്‍ ഗ്രൌണ്ടാകുമെന്നു പോലും തോന്നിപ്പോകുന്നു.
    പരിസ്ഥിതിക്ക്  നാശം വരുത്താതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസത്തിനും പ്രോത്സാഹനം നല്‍കേണ്ടിയിരിക്കുന്നു.  ഇക്കാര്യത്തില്‍ ഉന്നതതല പഠനങ്ങളും ഗവേഷണങ്ങളുമാണ് തലമുറകളുടെ സ്വൈര്യ ജീവിതത്തിന്നാവശ്യം. വിദേശ രാജ്യങ്ങില്‍ പലയിടത്തും ഇത്തരത്തില്‍ പ്രകൃതിയോട് അനുഭാവപൂര്‍വം പെരുമാറി നടത്തുന്ന വന്‍കിട ടൂറിസ്റ്റ്‌ പ്രോജക്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പച്ച പിടിച്ച കാടുകളും ജീവി വൈവിധ്യങ്ങളും നശിപ്പിക്കാതെ റോപ് വേ നിര്‍മിച്ചു അതി മനോഹരമാക്കിയ ടൂറിസ്റ്റ്‌ പ്രോജക്ടുകളും ഇക്കൂട്ടത്തിലുണ്ട്.  നമ്മുടെ നാട്ടിലെ അധികാരികള്‍ ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം.


     പ്ലാസികിന്റെ  അമിതോപയോഗമാണ് പ്രധാനമായ മറ്റൊരു പാരിസ്ഥിതിക പ്രശ്നം. മണ്ണില്‍ ലയിക്കാതെ കിടക്കുന്ന പോളിത്തീന്‍, സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും മണ്ണിന്‍റെ  സ്വാഭാവിക ഫലഭൂയിഷ്ടതക്കുമെല്ലാം ഭീഷണിയാണ്. പലവിധ ആരോഗ്യപ്രശ്നങ്ങളും പകര്‍ച്ച വ്യാധികളും ഇത് മൂലം ഉണ്ടാകുന്നു.  പ്ലാസ്റ്റിക് ഉപയോഗം കുറക്കേണ്ടതും അതു പോലെ   അത് അലക്ഷ്യമായി വലിച്ചെറിയാതെ സംസ്കരിക്കാനുള്ള നൂതനമായ രീതികള്‍  പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചും കാര്യമായി ആലോചിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.  


  ജലാശയങ്ങളും വെള്ളക്കെട്ടുകളും ശുചിത്വ പൂര്‍ണമാക്കാന്‍ ഓരങ്ങളില്‍ മുള നട്ടു പിടിപ്പിക്കുന്നത് വളരെ ഉപകാരം ചെയ്യുമെന്ന് ഈയിടെ പ്രസിദ്ധീകരിച്ച  സംസ്ഥാന ആസൂത്രണ കമ്മീഷന്‍റെ ഒരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.  വായു മലിനീകരണവും ജല മലിനീകരണവും തടുക്കാനും മലിനീകരണം ബാധിച്ച മണ്ണിനെ ശുദ്ധീകരിക്കാനും  മുള നല്ലൊരു പരിഹാരമാണെന്നു  പ്രസ്തുത പഠനത്തില്‍ പറയുന്നു.  കടലാസു നിര്‍മാണത്തിന് ധാരാളം ഉപയോഗിക്കുന്നതിനാല്‍ മുള വെച്ച് പിടിപ്പിക്കുന്നത് ഒരിക്കലും നഷ്ടമാവില്ലെന്നും ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 
       പ്രകൃതി സന്തുലനത്തിനു നേരെ വാളോങ്ങുന്നവര്‍ നോട്ടുകെട്ടുകള്‍ക്ക് മുന്നില്‍ തങ്ങളുടെ പിന്മുറക്കാരുടെയും തങ്ങളുടെ തന്നെയും സ്വൈര്യ ജീവിതം വിസ്മരിച്ചു പോകുകയാണ്.  ഓരോ വ്യക്തിയും തങ്ങളുടെ ചുറ്റുപാടിനെക്കുറിച്ചും  പരിസ്ഥിതിയെക്കുറിച്ചും ബോധവാനാവുകയാണ് ആദ്യം വേണ്ടത്.  പുഴകളും ജലാശയങ്ങളും മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള ഇടമല്ലെന്നു സ്വയം തീരുമാനിക്കുക.  മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നത് ഒരു പുണ്യ പ്രവൃത്തിയായി കണക്കാക്കുക.  സംഘടനകള്‍ മുന്‍കൈയെടുത്തു ബോധവല്‍ക്കരണങ്ങളും സംഘടിപ്പിക്കാവുന്നതാണ്.  ജാതി മത വര്‍ഗ ആശയ വൈജാത്യങ്ങള്‍ മറന്നുള്ള  ഒറ്റക്കെട്ടായ ശ്രമങ്ങള്‍ മാത്രമേ ഫലം ചെയ്യുകയുള്ളൂ.  മാറുന്ന ആധുനിക ജീവിത സാഹചര്യത്തില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനു പോലും ഭീഷണിയായ  നമ്മുടെ പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ആത്മ പരിശോധന നടത്താനും ഒരു പുനര്‍ വിചിന്തനത്തിലേക്ക് നമ്മെ നയിക്കാനും ഈ പരിസ്ഥിതിദിനം  ഒരു പ്രചോദനമാകട്ടെ.Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ