'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

23 January 2012

മൂന്നു മിനിക്കഥകള്‍

മരണം

'എന്നോട് കളിക്കാന്‍ നില്‍ക്കല്ലേ.'  മരണത്തോടയാള്‍ പറഞ്ഞു. മരണം പേടിച്ച പോലെ പുറകോട്ടു മാറി.  വിജയഭാവത്തിലയാള്‍ തിരിഞ്ഞു നടന്നു. വീട്ടിലെത്തിയപ്പോള്‍ ഭാര്യയും കുട്ടികളും കണ്ട ഭാവം നടിച്ചില്ല.  സ്വീകരണ മുറിയിലെ ചുമരില്‍ തൂക്കിയ ചിത്രത്തിലുണ്ടായിരുന്ന അപ്പനും അമ്മയുമാണയാളെ നിറഞ്ഞ ചിരിയോടെ ഉമ്മറത്തിരുന്നു സ്വീകരിച്ചത്.

പ്രണയവും ദാമ്പത്യവും

പ്രണയം ദാമ്പത്യത്തോട്: നോക്കൂ എന്‍റെ കൂടെയായിരുന്നപ്പോള്‍‍ അവര്‍ എപ്പോഴും സുഗന്ധം പൂശുന്നവരും സൌന്ദര്യസംരക്ഷണത്തില്‍ ബദ്ധ ശ്രദ്ധരുമായിരുന്നു. അവരുടെ വാക്കുകള്‍ മധുരമൂറുന്നവയും കണ്ടിരുന്ന കാഴ്ചകള്‍ വശ്യമനോഹരങ്ങളുമായിരുന്നു. നിന്‍റെ കൂടെയായപ്പോള്‍ അവരുടെ സുഗന്ധവും മേനിയഴകും വാക്കുകളിലെ മാധുര്യവും നീ നശിപ്പിച്ചില്ലേ? നീ അവരെ കാണിക്കുന്ന കാഴ്ചകളാകട്ടെ ദുരിതം നിറഞ്ഞതും.

ദാമ്പത്യത്തിന്‍റെ മറുപടി : സ്വപ്നലോകത്തിന്‍റെ കാപട്യം നിറഞ്ഞ തടവറയില്‍ നിന്നും യഥാര്‍ത്ഥ ലോകത്തിന്‍റെ ആത്മാര്‍ത്ഥമായ വിശാലതയിലേക്ക് നയിക്കുകയായിരുന്നു ഞാനവരെ. നോക്കൂ, അവര്‍ക്കിപ്പോള്‍ ഉള്ളും പുറവും ഒന്നാണ്.

സെല്‍ഫ്‌ ഗോള്‍

അയാളുടെ മതചിഹ്നത്തിന്‍റെ അവഹേളിക്കപ്പെട്ട ചിത്രം ഫേസ്‌ബുക്കില്‍ കണ്ടു. താഴെ ആയിരക്കണക്കിന് കമന്‍റുകളും. വികാരവിക്ഷോഭം അയാളും ഒരു കമന്‍റിലൂടെ തീര്‍ത്തു. ആ കമന്‍റ് ഇട്ടതു കൊണ്ട് അയാളുടെ ആയിരം ഫ്രന്‍റ്സിനും ആ ചിത്രം ഷെയര്‍ ചെയ്തു പോയി. അയാളുടെ മതക്കാരായ ഓരോ
രുത്തരും ഓരോ കമന്‍റ് ഇടുകയും ആ മതത്തിന്‍റെ കോര്‍ട്ടിലേക്ക് സെല്‍ഫ്‌ ഗോളുകള്‍ തുരുതുരാ വന്നു കൊണ്ടിരിക്കുകയും ചെയ്തു.

01 January 2012

പ്രേതബാധ

06/01/2012 ന് ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചത്

      വണ്ണം കൂടിയ കൊമ്പ് വെട്ടിത്തുടങ്ങിയപ്പോള്‍ ആലിക്കോയ താഴേക്ക്‌ സൂക്ഷ്മമായി നോക്കി. 11 കെ വി വൈദ്യുത കമ്പികളാണ് തെക്ക് വശത്ത്. കിഴക്കും പടിഞ്ഞാറും ഓട് മേഞ്ഞ വീടുകളും. മുകളിലിരുന്ന് താഴേക്കു നോക്കുമ്പോള്‍ ചെറിയൊരു ഇടയേ കാണുന്നുള്ളൂ. ഉയരം കൂടി പടര്‍ന്നു പന്തലിച്ച മരമാണ്. കൊമ്പുകള്‍ മുറിച്ച് സൂക്ഷ്മതയോടെ താഴേക്കിറക്കിയില്ലെങ്കില്‍ അപകടമുറപ്പ്.  മുകളിലെ ശിഖരത്തിലേക്ക് എറിഞ്ഞു പിടിപ്പിച്ച കയര്‍ ഒരു കപ്പി കണക്കെ ഉടക്കി ഒരറ്റം തൊട്ടുതാഴെയുള്ള മറ്റൊരു കൊമ്പിലും  മറ്റേയറ്റം മുറിക്കുന്ന കൊമ്പിന്മേലും കുടുക്കിയാണ് വെട്ട് തുടങ്ങിയത്.

     കൊമ്പ് തടിയില്‍ നിന്നും വേര്‍പ്പെട്ട് വലിയൊരു ശബ്ദത്തോടെ താഴേക്ക്‌ പതിച്ചയുടന്‍ തന്നെ വീഴാതെ കയറില്‍ തൂങ്ങി  പാതി വഴിയില്‍  നിന്നു.  മരം ആകെയൊന്നുലഞ്ഞു. പിടിവിട്ട് വീണുപോകാതിരിക്കാന്‍ ഒരു കൈ കൊണ്ട് മേല്‍ക്കൊമ്പില്‍ മുറുകെ പിടിച്ചിരുന്നു. കയര്‍ പതുക്കെ അയച്ചു കൊടുക്കുന്നതിനനുസരിച്ച് കൊമ്പ് മെല്ലെ മെല്ലെ താഴ്ന്നു തുടങ്ങി. വീടുകള്‍ക്കോ ഇലക്ട്രിക് ലൈനിനോ തട്ടാതെ നിറയെ ചില്ലകളും ഒന്ന് രണ്ടു കിളിക്കൂടുകളുമുള്ള ആ വലിയ കൊമ്പ് താഴെയെത്തി. ഇനിയുമുണ്ട് കൊമ്പുകള്‍ കുറെ കിടക്കുന്നു.    മഴ വരുന്നുണ്ട്. പണി പെട്ടെന്ന് തന്നെ തീര്‍ക്കണം. ചില്ലകളും ശിഖരങ്ങളുമെല്ലാം താഴെ സഹായി മൊയ്തുട്ടി ‍ വെട്ടിയൊതുക്കുന്നുണ്ട്.  അയാള്‍ വേഗം അടുത്ത കൊമ്പിലേക്ക് നീങ്ങി.

     വൈകുന്നേരത്തോടെയാണ് എല്ലാ കൊമ്പുകളും വീഴ്ത്താന്‍ പറ്റിയത്.  ഇനി തടി മാത്രമാണുള്ളത്. അതിന് കുറച്ചു കൂടുതല്‍ പണിയെടുക്കേണ്ടി വരും. നിലം കിളച്ച് വേരുകളറുത്ത് കിട്ടാവുന്നത്ര ആഴത്തില്‍ മണ്ണിനടിയില്‍ നിന്നും തടി മുറിച്ചെടുക്കണം.വേറൊരു ദിവസമേ നടക്കൂ. കയറുകള്‍ കൈ മുട്ടില്‍ ആഞ്ഞെടുത്ത് ചുരുളാക്കി തോളിലിട്ടു. കൈമഴുവും വലിയ മഴുവുമെടുത്ത്‌ പിടിച്ച് അയാള്‍ വീട്ടിലേക്കു നടന്നു.

     ജോലി അപകടം പിടിച്ചതാണെങ്കിലും ഒരിക്കലും അയാള്‍ക്ക്‌ മടുപ്പനുഭവപ്പെടാറില്ല. മാത്രമല്ല ഒരു ലഹരിയാണ് താനും.  മുപ്പതിലധികം വര്‍ഷമായി മരം വെട്ട് തുടങ്ങിയിട്ട്. ഇതുവരെ ഒരബദ്ധവും സംഭവിച്ചിട്ടില്ല. അതുകൊണ്ട് എത്ര ദുരിതം പിടിച്ച മരം വെട്ടിനും നാട്ടുകാര്‍ വിശ്വാസപൂര്‍വം ആലിക്കോയയെയാണ് വിളിക്കുക. വേനലായാലും മഴയായാലും പണിത്തിരക്ക് തന്നെ.  അപകട സാധ്യത കൂടിയ പണികള്‍ക്ക് ചോദിച്ച പണം ആരും തരും എന്നത് കൊണ്ട് അയാളുടെ കെട്ട്യോളും മക്കളും അല്ലലില്ലാതെ കഴിഞ്ഞു പോകുന്നുമുണ്ട്.

     വഴി നടക്കുമ്പോള്‍ ഓരോന്ന് ചിന്തിച്ച് തല താഴ്ത്തി നടക്കുകയാണ് പതിവ്. അത് കൊണ്ട് അയ്യപ്പന്‍ എതിരെ വരുന്നതയാള്‍ ശ്രദ്ധിച്ചില്ല. ‍ കുറെ ദിവസമായി ചുടലക്കുന്നിലെ ഒരു മരത്തിന്‍റെ കാര്യവും പറഞ്ഞ് അവന്‍ പിന്നാലെ കൂടിയിട്ട്. വലിയൊരു തേക്കാണ് മുറിക്കാനുള്ളത്. അവനെ കണ്ടാല്‍ മെല്ലെ മാറിക്കളയലാണ് പതിവ്. ഇന്ന് പക്ഷെ ഒഴിഞ്ഞു മാറാനാവാത്ത വിധം അടുത്തെത്തിയപ്പോള്‍ മാത്രമാണയാള്‍ക്കവനെ കാണാന്‍ കഴിഞ്ഞത്. ചുടലക്കുന്നിലേക്ക് പോകുന്ന കാര്യം ഓര്‍ക്കാന്‍ തന്നെ മടിയാണ്. ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലമാണത്. സംസ്കരിച്ച ശവങ്ങളുടെയും കുറുക്കന്മാരുടെയും താവളം. ഒരു പ്രേതഭൂമി തന്നെ. ചെറുപ്പം മുതലേ കേട്ടു പോരുന്ന നിറം പിടിപ്പിച്ച പ്രേതകഥകള്‍ അയാളുടെ മനസ്സില്‍ ഭയത്തിന്‍റെ നിഴല്‍ വീഴ്ത്തിയിരുന്നു. പോരാത്തതിനോ, മുറിക്കേണ്ട മരത്തില്‍ നിറയെ മുളിയന്‍ ഉറുമ്പും.

     'ഈയാഴ്ച ഒഴിവില്ലയ്യപ്പാ...' അയാള്‍ ഒരു ഒഴികഴിവ് പറഞ്ഞു നോക്കി.

     'അത് പറഞ്ഞാല്‍ പറ്റൂല്ല. വല്യ വെല കൊടുത്താണ് ആ മരം വാങ്ങീത്.  വേഗം മില്ലിലെത്തിച്ചില്ലെങ്കീ ന്‍റെ കാര്യം ച്ചിരി കഷ്ടാ. പെങ്ങടെ പൊന്ന്‍ അളിയനറിയാതേണ് പണയം വെച്ചത്. അല്ലാതെ ന്‍റെ കയ്യിലെവടന്നാ പ്പം  മരം വാങ്ങാന്‍ പൈസ. ന്‍റെ വീടുപണി നടന്നോണ്ടിരിക്ക്യല്ലേ.  എങ്ങനേം സഹായിക്കണം.'

     അയ്യപ്പന്‍ കാലു പിടിക്കുകയാണ്. ഒന്നും പറയാതെ അയാള്‍ മുന്നോട്ടു നീങ്ങി.

     പിറ്റേന്ന് രാവിലെ അയ്യപ്പന്‍റെ വിളി കേട്ടാണുണര്‍ന്നത്.

    'വേറൊന്നും പറേണ്ട. ങ്ങള് വെരി.' അയ്യപ്പന്‍ മഴുവെടുത്ത് മുന്നേ നടന്നു.

     മനമില്ലാമനസ്സോടെ അയാള്‍ അയ്യപ്പന്‍റെ കൂടെ പുറപ്പെട്ടു. ചെറിയ തോതില്‍ മഴ പാറ്റുന്നുണ്ടായിരുന്നു. രണ്ടു പേരും സെയ്താലിയുടെ ചായക്കടയില്‍ കയറി ഓരോ  ഗ്ലാസ്‌ സുലൈമാനി കുടിച്ച് തണുപ്പ് മാറ്റി.  രണ്ടു വെള്ളപ്പവും പച്ചപ്പട്ടാണിക്കടലയുടെ കറിയും ഒരു ചെറിയ പൊതിയാക്കി വാങ്ങി.   നനഞ്ഞ ഇടവഴിയിലൂടെ അവര്‍ കുന്നു കയറി. ഭംഗിയുള്ള സ്ഥലമാണ് ചുടലക്കുന്ന്. കിഴക്ക് വലിയ മലകളുടെ പിന്നില്‍ നിന്നും സൂര്യന്‍ ഉദിച്ചുയരാന്‍ തുടങ്ങിയിരുന്നു. താഴേക്ക്‌ നോക്കിയാല്‍ ചുറ്റുഭാഗത്തുള്ള നാടുകളെല്ലാം കാണാം. വയലുകളും നേരിയ വരകള്‍ പോലെ റോഡുകളും. ഏത് ഭാഗത്തേക്ക് നോക്കിയാലും പച്ച പിടിച്ച കാടുകള്‍ പോലെ കാണാമെങ്കിലും അതിനിടയിലെല്ലാം വീടുകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്.  പക്ഷെ കുന്നിന്‍പുറത്ത് കുറ്റിക്കാടുകളും കുറുക്കന്മാരും പിന്നെ ചുവന്ന്‍ തുടുത്ത് കുലകളായി നില്‍ക്കുന്ന തെറ്റിപ്പഴങ്ങളും മാത്രമേയുള്ളൂ. തെറ്റിക്കുലകള്‍ക്കു ചുറ്റും പാറി നടക്കുന്ന പക്ഷികളുടെ ചിറകടിയും അവക്ക് മതിവരുമ്പോള്‍ പുറപ്പെടുവിക്കുന്ന സംതൃപ്തിയുടെ മധുരനാദവും മാത്രമാണവിടെ ആകെയുള്ള ശബ്ദം. ആണ്ടിലൊരിക്കലോ മറ്റോ ആരെങ്കിലും മരിച്ചാല്‍ അവരെ കുഴിച്ചിടാന്‍ വരുന്നവരാണ് മനുഷ്യരായി ആകെ അവിടെ എത്തിപ്പെടാറുള്ളത്. കീഴ്ജാതിയില്‍പെട്ട ഏതോ ഒരു പ്രത്യേക സമുദായക്കാരുടെ  മാത്രം ചുടലയാണത്രേ അത്.

     അയ്യപ്പന്‍ മരം കാണിച്ച് കൊടുത്ത്  ഫര്‍ണിച്ചര്‍ കടയിലേക്ക്  പോയി. സഹായിയായി വരാറുള്ള മൊയ്തുട്ടി ചുടലപ്പറമ്പിലേക്കാണെങ്കില്‍ തന്നെ വിളിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ‍ ഒറ്റക്കായപ്പോള്‍ നേരിയ ഭയം തോന്നിയെങ്കിലും  അത് വകവെക്കാതെ അയാള്‍ തേക്ക് ആകെയൊന്നുഴിഞ്ഞു നോക്കിയതിനു ശേഷം   മേലോട്ട് കയറിത്തുടങ്ങി. നല്ല മൂപ്പും കൈയെത്താത്ത വണ്ണവുമുണ്ട്. മുഴുവന്‍ കാതലായിരിക്കും. അയ്യപ്പന് കോളടിച്ചത് തന്നെ.

     മുകളിലെത്തിയപ്പോള്‍ തന്നെ തുടങ്ങി മുളിയന്‍ ഉറുമ്പിന്‍റെ ആക്രമണം. ഒരു വിധമൊക്കെ തട്ടിയൊഴിവാക്കി വെട്ട് തുടങ്ങി. ഉച്ചയായപ്പോഴേക്കും തടി മാത്രം ബാക്കിയായി. പതുക്കെ മരത്തില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങി. ചുറ്റും നോക്കി. നട്ടുച്ച വെയില്‍. എവിടെയും ശാന്തമായൊരു മൂകത മാത്രം. അവിടവിടെയായി ശവങ്ങള്‍ കുഴിച്ചു മൂടിയതിന്‍റെ അടയാളമായി ഉയര്‍ന്നു നില്‍ക്കുന്ന കല്ലുകള്‍. മനസ്സില്‍ പതിഞ്ഞു കിടന്ന പ്രേതകഥകള്‍ക്ക് പതിയെ ചിറകു മുളക്കാന്‍ തുടങ്ങി. താഴോട്ടിറങ്ങാന്‍ മെല്ലെ കാല്‍ വെച്ചതും മുണ്ടിനുള്ളില്‍ നിന്ന് ഒരു മുളിയനുറുമ്പ്‌ പ്രതിഷേധമറിയിച്ചു. ഒരു നിമിഷം കൈ ഒന്ന് തെറ്റി. പരിഭ്രമത്തില്‍ വിയര്‍പ്പില്‍ കുതിര്‍ന്ന കാലും വഴുതിപ്പോയി. ശബ്ദം കേട്ട് ഒന്നുരണ്ടു കാക്കകള്‍ ചിറകടിച്ചു പറന്നു പോയി.

     പൊരിയുന്ന വെയിലിലാണ് കിടക്കുന്നത്. വായില്‍ നേരിയ പുളിരസം.  നാവു കൊണ്ട് ചുഴഞ്ഞപ്പോള്‍ മനസ്സിലായി. മേല്‍ വരിയിലെ രണ്ടു പല്ലുകള്‍ തെറിച്ചു പോയിരിക്കുന്നു. ചോരയൊലിക്കുന്നുണ്ട്. പതുക്കെ എണീറ്റ്‌ കൈകാലുകളൊക്കെ പരിശോധിച്ചു. ഭാഗ്യം, കൂടുതലൊന്നും പറ്റിയിട്ടില്ല. എന്നാലും ഒരു തളര്‍ച്ച. മുന്നില്‍ കണ്ട ഒരു കല്ലില്‍ അയാളിരുന്നു.  ഒരു ഞെട്ടലോടെ പെട്ടെന്നെഴുന്നേല്‍ക്കുകയും ചെയ്തു.
     ശവക്കല്ലറ!   അതിന്മേലാണ് വീണു കിടന്നിരുന്നത്. അയാളുടെ മൂര്‍ദ്ധാവില്‍ നിന്നും പാദം വരെ ഒരു വൈദ്യുതപ്രവാഹം കടന്നുപോയി. മനസ്സിലെ പ്രേതരൂപങ്ങള്‍  സട കുടഞ്ഞെഴുന്നേറ്റു. ഭയം അയാളെ കൂടുതല്‍ തളര്‍ത്തി. മഴുവും കയറുമെല്ലാം അവിടെയിട്ട് തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് ധൃതിയില്‍ നടന്നു. വീട്ടിലെത്തിയിട്ടും വായില്‍ നിന്നും  ചോരയൊലിക്കുന്നുണ്ടായിരുന്നു.  ഭാര്യ ബിയ്യാത്തുവിനെയും  കൂട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി.

     അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാളെ ചിന്തകള്‍ വേട്ടയാടി. ചുടലക്കുന്നത്തെ ശവക്കല്ലറയും അതിന്മേല്‍  വീണു കിടക്കുന്ന രംഗവും മനസ്സില്‍ മിന്നി മറഞ്ഞു. കല്ലറയിലെ ശവങ്ങള്‍ പ്രേതങ്ങളായി രൂപാന്തരം പ്രാപിച്ചു. ചിലത് കഴുത്തിന്‌ പിടിക്കുന്നു. വേറെ ചിലത് തേറ്റകള്‍ നീട്ടി രക്തം കുടിക്കാനെന്ന പോലെ അട്ടഹസിച്ചു വരുന്നു. ഉറക്കത്തിനിടയിലെപ്പഴോ അയാള്‍ ഞെട്ടിയെഴുന്നേറ്റു. പേടിച്ചു വിറച്ച് കട്ടിലില്‍ ആഞ്ഞ് ചവിട്ടി. ഉറക്കം വിട്ട ബിയ്യാത്തു അയാളുടെ കയ്യില്‍ പിടിച്ചു.

     'ന്‍റെ ചോര കുടിക്കല്ലേ....!' ഭാര്യയെ  ആഞ്ഞു തള്ളി നിലവിളിച്ചുകൊണ്ടയാള്‍ വാതില്‍ തുറന്നു പുറത്തേക്കോടി.    വരാന്തയില്‍ കിടന്ന കൈമഴു കൈക്കലാക്കി.

   ഉറക്കമുണര്‍ന്ന ആലിക്കോയയുടെ കുട്ടികള്‍ ഭയചകിതരായി. അവര്‍ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് അയല്‍ വീടുകളിലേക്കോടി.   തന്‍റെ ആങ്ങള മജീദിനെ വിളിച്ചു കൊണ്ട് വരാന്‍ ബിയ്യാത്തു മൂത്തവനെ പറഞ്ഞു വിട്ടു.
    
     അര്‍ദ്ധരാത്രിയാണെങ്കിലും ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി.  മൂടല്‍ ബാധിച്ച കണ്ണുകളിലൂടെ പ്രേതങ്ങള്‍ ഇരട്ടിക്കുന്നതായാണ് അയാള്‍ക്ക്‌ തോന്നിയത്‌.
    'ചോര കുടിക്കാന്‍ അടുത്ത് വന്നാല്‍ ഞാന്‍ കൊത്തിയരിയും'. മുന്നില്‍ക്കണ്ട പ്രേതങ്ങളോടയാള്‍ അട്ടഹസിച്ചു.

    ആളുകള്‍ പേടിച്ചു പുറകോട്ടു മാറി. ആരും അടുക്കാന്‍ ധൈര്യപ്പെട്ടില്ല. അനുനയസ്വരത്തിലും ഭീഷണി സ്വരത്തിലുമൊക്കെ ആളുകള്‍ അടുക്കാന്‍ നോക്കി. ഫലമുണ്ടായില്ല. കൈമഴു ഒന്നാഞ്ഞു വീശിയാല്‍ തലച്ചോറ് പിളര്‍ക്കും. ഉദ്വേഗജനകമായ നിമിഷങ്ങള്‍. സമയം കടന്നു പോയി.

     നാലഞ്ചു വീട് അപ്പുറത്ത് നിന്നും മജീദ്‌ എത്തി.  .  അത്യാവശ്യം വിദ്യാഭ്യാസവും ഒരു ചെറിയ സര്‍ക്കാര്‍ ജോലിയുമുള്ള ചെറുപ്പക്കാരനാണ് മജീദ്‌. ബിയ്യാത്തുവിന്‍റെ ഒരേയൊരു ആങ്ങള.    എന്തിനും ഏതിനും ബിയ്യാത്തുവിനും ആലിക്കോയക്കും ആശ്രയം അയാള്‍ തന്നെ.   മുറ്റത്തെത്തിയപ്പോള്‍ അനുനയത്തില്‍ അയാള്‍ അളിയനെ വിളിച്ചു നോക്കി.  കുപിതനായി  കൈമഴു ഉയര്‍ത്തി ആലിക്കോയ   അയാള്‍ക്ക്  നേരെ ചാടി.  മജീദ്‌ ധൈര്യം വിടാതെ അയാളുടെ മുഖത്തേക്ക് ടോര്‍ച്ചടിച്ചു പിടിച്ച് സൂത്രത്തില്‍ കൈമഴുവില്‍ പിടികൂടി. പുറകിലെ ഇരുട്ടില്‍ മാറി നിന്നിരുന്ന മറ്റുള്ളവരും ഇടപെട്ടു. ആലിക്കോയയെ  കീഴ്പെടുത്തി നിലത്ത് കിടത്തി കയ്യും കാലും കെട്ടി. ഒരു വാഹനം വിളിച്ചുവരുത്തി ഉടനെ ഹോസ്പിറ്റലിലെത്തിച്ചു.

      'മേല്‍വരിയില്‍ പല്ലുകള്‍ ഇളകിയത് നാഡീവ്യൂഹത്തെ ബാധിച്ചതാണ് പ്രശ്നം. മരുന്നുകള്‍ കൊണ്ട് മാറ്റാവുന്നതേയുള്ളൂ'. രണ്ടു ദിവസത്തെ നിരീക്ഷണങ്ങള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു.

     ദിവസങ്ങള്‍ കടന്നു പോയി.   ആശുപത്രിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി. അക്രമ വാസന കാണിക്കുന്നത്  കൊണ്ട് സെഡേറ്റീവ് മരുന്ന് കുത്തിവെച്ചാണ് ഉറക്കുന്നത്. പല തവണയായി ഇലക്ട്രിക്‌ ഷോക്കും കൊടുത്തു. മരുന്നിനു പുറമേ  കൗണ്‍സിലിംഗുകളും നടത്തി. എന്തൊക്കെയായിട്ടും അയാളുടെ ഭയത്തിനോ പ്രേതത്തെ സ്വപ്നം കണ്ടു ഞെട്ടുന്നതിനോ യാതൊരു കുറവുമുണ്ടായില്ല. പരിഭ്രാന്തയായ ബിയ്യാത്തു പലരെയും കണ്ടു സങ്കടം പറഞ്ഞു. പല പള്ളികളിലേക്കും നേര്ച്ചപ്പണം കൊടുത്തയച്ചു. വീട്ടില്‍ മുസ്ലിയാര്‍ കുട്ടികളെ വരുത്തിച്ച് മുഹയിദ്ദീന്‍മാല ഓതിച്ചു. രോഗാവസ്ഥക്കു മാത്രം യാതൊരു മാറ്റവും കണ്ടില്ല. ഇനിയിപ്പോ എന്ത് ചെയ്യും എന്ന് കുണ്‍ഠിതപ്പെട്ടിരിക്കുമ്പോഴാണ് ഗോപാലന്‍ കുട്ടിയുടെ വരവ്. ചെങ്കല്ല് വെട്ടുന്ന തൊഴിലാണെങ്കിലും അല്ലറ ചില്ലറ മന്ത്രവും കൂടോത്രവുമൊക്കെ ഗോപാലന് വശമുണ്ട്. ചുടലക്കുന്നത്ത് ശവമടക്കുന്ന സമുദായാംഗവുമാണ്.
      'ചൊടലക്കുന്നത്തെ പ്രേതത്തിന്‍റെ മോളിലല്ലേ മൂപ്പര്‍ വീണത്. ന്നട്ട് ങ്ങളിവിടെ ആസ്പത്രീല്‍ കെടക്ക്വാണോ? ഇവിടെ നിങ്ങളെന്തു ചെയ്യാനാ പോകണത്?' ഗോപാലന്‍ കുട്ടി ആശ്ചര്യത്തോടെ ചോദിച്ചു.

     അത് കേട്ട ബിയ്യാത്തുവിന് ഇരുട്ടില്‍ തപ്പി നടക്കുമ്പോള്‍ ഒരു ചൂട്ട് വെളിച്ചം കിട്ടിയ സന്തോഷം തോന്നി.

     'ന്‍റെ ഗോവാലന്‍ കുട്ട്യേ.. ലാക്കട്ടര്മാര്‍ക്കൊന്നും ഒരു പുട്യൂം കിട്ടണ് ല്ല്യ. ഞാനാണെങ്കീ നേരാത്ത നേര്‍ച്ചോളൂല്ല്യ.'

     'അതാ ഞാമ്പറഞ്ഞത്, ങ്ങള് ബടെ ങ്ങനെ കുത്തിര്ന്നാല് സംഗതി നടക്ക്വോ?   ഉള്ളില്‍ കൂട്യ പ്രേതത്തിനെ പറഞ്ഞയക്കണം. അല്ലാതെ ആസ്പത്രിക്കാര്‍ക്ക്ണ്ടോ ദ് വല്ലതും തിരീണ്?!'

     അടുത്തുണ്ടായിരുന്ന ബിയ്യാത്തുവിന്‍റെ ആങ്ങള മജീദിന് അത് കേട്ടപ്പോള്‍ കലിയിളകി. 
     'ഓ പിന്നേ..  പ്രേതം ഇവടെ മുമ്പൊക്കെ ണ്ടായിര്ന്ന്.  ആ ഗള്‍ഫ്‌ കാര് കോണ്ടോര്ണ ചൊവന്ന സാന്യോ ടോര്‍ച്ച് ല്ലേ ? അത് വന്നപ്പം എല്ലാം നാടും വിട്ട് പോയി.'  മജീദ്‌ പരിഹസിച്ചു.

     'പ്രേതം പ്രേതം ന്ന് പേടിച്ചു നെലോളിക്ക്ണോന് ങ്ങള് കൊറേ സൂചി ബെച്ചിട്ടും മരുന്ന് കൊട്ത്തിട്ടും ഒരു കാര്യോല്ല.  ഞാമ്പറിണത് കേട്ടാ ങ്ങക്കെന്നെ നല്ലത്.'

    ഗോപാലന്‍ കുട്ടിയുടെ പ്രസ്താവന കേട്ട  ബിയ്യാത്തു മജീദിന്‍റെ മുഖത്തേക്ക്  നോക്കി.  അയാള്‍ മുഖം തിരിച്ച് നടന്നു പോയി. ബിയ്യാത്തു അവസാനം ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു.

     'കോളേജിലൊക്കെ പഠിച്ച അനക്ക് ദിലൊന്നും ബിസ്വാസം ണ്ടാവൂല. ഞമ്മള് പയമക്കാരാ. ദൊക്കെ കൊറേ കണ്ടിട്ടൂണ്ട്.' ബിയ്യാത്തു പിറുപിറുത്തു.

     പൂജാ ദ്രവ്യങ്ങളെല്ലാം ഗോപാലന്‍ കുട്ടി ആ വീടിന്‍റെ കോലായില്‍ നിരത്തി. നടുവിലൊരു വിളക്ക് തെളിച്ചു വെച്ചു. ആലിക്കോയയെ അതിനു മുന്നില്‍ ഇരുത്തി.  ചുടലക്കുന്നത്തെ പ്രേതം കൂടിയതിന് ആശുപത്രിയില്‍ ചികിത്സിച്ച കുറ്റത്തിന് ബിയ്യാത്തുവിനെ ഗോപാലന്‍ കണക്കിന് ചീത്ത പറഞ്ഞു. അതിനിടയില്‍ത്തന്നെ മന്ത്രങ്ങളും തുരുതുരാ ഉരുവിട്ടു കൊണ്ടിരുന്നു. പൂജാ ദ്രവ്യങ്ങള്‍ക്കിടയില്‍ ഒരു പരന്ന മണ്‍ചട്ടിയില്‍ മഞ്ഞ നിറത്തിലുള്ള എന്തോ ഒരു ദ്രാവകം നിറച്ചു വെച്ചിരുന്നു. ആലിക്കോയയോട്  അതിലേക്കു തന്നെ നോക്കാന്‍ പറഞ്ഞു.
കൊച്ചു കുട്ടിയെപ്പോലെ അയാള്‍ അനുസരിച്ചു. സമയം കടന്നു പോയി.  ഗോപാലന്‍ കുട്ടി വാചാലനായി. ചുടലക്കുന്നത്തെ ഓരോ പ്രേതത്തിന്റെയും ഗുണഗണങ്ങള്‍ ഗോപാലന്‍ കുട്ടി ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അയാളുടെ മനസ്സിലെ രൂപങ്ങള്‍ അതില്‍ തെളിയുന്നുണ്ടോ എന്ന് നോക്കാന്‍ പറഞ്ഞു.
     ഗോപാലന്‍ കുട്ടി കണ്ണടച്ചു. മന്ത്രധ്വനികള്‍ മുറുകി.

     അദ്ഭുതം!  അതാ, തന്നെ നിരന്തരം വെട്ടയാടാറുള്ള പ്രേതങ്ങളെല്ലാം മണ്‍ചട്ടിയിലെ വെള്ളത്തില്‍! ആലിക്കോയ പേടിച്ചു നിലവിളിക്കാന്‍ തുടങ്ങി. ഗോപാലന്‍ കുട്ടി ഉടനെ ഒരു അടപ്പെടുത്ത് മണ്‍ചട്ടി മൂടിക്കളഞ്ഞു. എന്നിട്ട് ഒരു ചുവന്ന കോട്ടണ്‍ ശീലയെടുത്ത് ഭദ്രമായി മൂടിക്കെട്ടി.  ഇരുന്ന ഇരുപ്പില്‍ ആലിക്കോയയുടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി.

     എന്നിട്ട് ശാന്ത ഗംഭീരമായി പ്രസ്താവിച്ചു.

    'തല്‍ക്കാലം ഇവറ്റകളെ ഞാന്‍ കൊണ്ട് പോണു."
     എല്ലാ സാമഗ്രികളും കെട്ടിപ്പൊതിഞ്ഞ് കൂടുതലൊന്നും മിണ്ടാതെ ഗോപാലന്‍ കുട്ടി പതുക്കെ ഇറങ്ങി നടന്നു.     അന്ന് രാത്രി ആലിക്കോയ ഒരു മരുന്നിന്‍റെയും സഹായമില്ലാതെ ഭയലേശമന്യേ കിടന്നുറങ്ങി.
 
     'പല്ല് എളകിയത് കൊണ്ട് ഞരമ്പ്‌ കേടു ബന്നതാണ് പോലും!  ആ ഗോവാലന്‍ കുട്ടി ല്ലായിന്യെങ്കീ..... ന്‍റെ ബദ്രീങ്ങളേ....!'       ശൂന്യമായ കഴുത്തിലെ സ്വര്‍ണനെക്കലേസ് കിടന്നിരുന്ന ഭാഗം  തടവിക്കൊണ്ട്  ബിയ്യാത്തുമ്മ  മജീദിന്‍റെ നേരെ കെറുവിച്ചു.

     മജീദ്‌ എന്ത് പറയാനാണ്.  അളിയന്‍റെ അസുഖം മാറിക്കിട്ടിയല്ലോ.

     'മനുഷ്യമനസ്സ് ഒരു വിസ്മയ ലോകം തന്നെ.  വെറും അന്ധവിശ്വാസങ്ങള്‍ പോലും  അതിന് രോഗകാരണവും അതുപോലെ ചികിത്സയുമായിത്തീരുന്നു.'  സുഹൃത്തായ ഒരു സൈക്ക്യാട്രിസ്റ്റ്  പറഞ്ഞത് ഒരു ചെറുപുഞ്ചിരിയോടെ മജീദ്‌  ഓര്‍ത്തു.  പിന്നെ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം