'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

07 May 2010

ആദര്‍ശധീരന്‍

സാഹിബ്‌ ധീരനായ ഒരു പ്രാസംഗികനാണ്.   അനാചാരങ്ങള്‍ക്കെതിരെയുള്ള പടവാളാണ് അദ്ദേഹത്തിന്‍റെ തൂലികയും നാക്കും. സ്ത്രീധനത്തിനെതിരെ കവലയില്‍ അദ്ദേഹം നടത്തിയ തീപ്പൊരി പ്രസംഗം എന്നെപ്പോലുള്ള യുവാക്കളെ കോരിത്തരിപ്പിച്ചു.   അദ്ദേഹത്തെപ്പോലുള്ളവരാണ് കാലഘട്ടത്തിന്‍റെ ആവശ്യം.    ഞങ്ങള്‍ക്ക് സംശയമേതുമില്ല.


സുഹൃത്തിന്‍റെ പെങ്ങള്‍ക്കൊരു കല്യാണം വേണം.   സാഹിബിന്‍റെ അനുജനും അവളും തമ്മില്‍ ചേരും.   സുഹൃത്തിനു ഒരല്‍പം സാമ്പത്തികം കുറയും എന്നേയുള്ളൂ. വിപ്ലവകാരിയായ ആ ധീരന് സാമ്പത്തികം വലിയ കാര്യമായിരിക്കില്ലെന്നുറപ്പാണ്.
സുഹൃത്തിനെ കൂട്ടി അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നു.   ഹൃദ്യമായ സ്വീകരണം.  നേരെ വിഷയത്തിലേക്ക് കടന്നു.   സാഹിബ് സശ്രദ്ധം എല്ലാം കേട്ടു.
 "ശുഐബിന്‍റെ കാര്യം നിങ്ങള്‍ക്കറിയാമല്ലോ."    സാഹിബ് പറഞ്ഞു തുടങ്ങി.   "അവന്‍ എന്‍റെ മൂന്നാമത്തെ അനിയനാണ്. ഒരു പാട് പഠിച്ചെങ്കിലും കാര്യമായ പണിയൊന്നും ഇതുവരെ ആയില്ല. മാത്രമല്ല തറവാട് വീട് അവന് താഴെയുള്ള സലീമിനുള്ളതാണെന്നും അറിയാമല്ലോ. അപ്പോള്‍ പിന്നെ അവന്‍ ഒരു വീട് വെക്കുകയോ ജോലിക്ക് കയറുകയോ ചെയ്യേണ്ടി വരുമ്പോള്‍ എന്ത് ചെയ്യാനാണ്. കുട്ടികളുടെ ഭാവി നമുക്ക് നോക്കാതിരിക്കാന്‍ പറ്റുമോ? നിങ്ങളുടെ സാമ്പത്തിക സ്ഥിതി എനിക്കറിയാം. അപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതും ഒരു സ്തീധനരഹിത വിവാഹമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എന്‍റെ പ്രസംഗങ്ങള്‍ കേള്‍ക്കാറില്ലേ. ഞാനും ആ കണ്ണില്‍ ചോരയില്ലാത്ത ഏര്‍പ്പാടിന്നെതിരാണ്. അതുകൊണ്ട് ഞങ്ങളായിട്ടൊന്നും പറയുകയോ ആവശ്യപ്പെടുകയോ ഇല്ല. നിശ്ചയവും നിക്കാഹും എല്ലാം മാതൃകാ പരമായിരിക്കുകയും വേണം. പക്ഷെ ഞാന്‍ മുമ്പേ സൂചിപ്പിച്ച കാര്യം ഓര്‍മയില്‍ വേണം താനും."
അതെന്തു കാര്യം. ഞാന്‍ സുഹൃത്തിന്‍റെ കണ്ണിലേക്ക് നോക്കി.
അതാണ്‌ ഞാന്‍ പറഞ്ഞു വെച്ചത്. സാഹിബ് തുടര്‍ന്നു.
"ശുഐബിനു ഒരു വീട് വെക്കേണ്ടി വരികയോ, കോളേജില്‍ ജോലിക്ക് കയറേണ്ടി വരികയോ ചെയ്യുമ്പോള്‍   ഊര്തെണ്ടി യാചിക്കേണ്ടി വരരുത്. അതിനു വേണ്ടത് വധു കൊണ്ട് വരണം. ഞങ്ങള്‍ ഒന്നും ചോദിക്കുകയോ പറയുകയോ ഇല്ല. അങ്ങനെയാണെങ്കില്‍ നാളെ വൈകുന്നേരം ശുഐബ്‌ അവളെ കാണാന്‍ വരും. പിന്നെ ഞങ്ങളുടെ കുടുംബത്തിനും ഞങ്ങള്‍ക്കും സമൂഹത്തിലുള്ള നിലയും വിലയും അറിയാമല്ലോ. നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ നമുക്ക് മുന്നോട്ട് പോകാം. അല്ലെങ്കില്‍ സംസാരം ഇവിടെ വെച്ചവസാനിപ്പിക്കാം. ഈ ചര്‍ച്ച നമുക്ക് മറക്കുകയും ആവാം. എന്ത് പറയുന്നു?"വാല്‍ക്കഷ്ണം
'ശുനകപുത്രാ' എന്ന് പണ്ഡിതന്‍ വിളിക്കുന്നു. '.......ന്‍റെ മോനേ' എന്ന് സാധാരണക്കാരനും.   ഒരു നാണയം, ഇരുവശം!   അതിനിടയില്‍ നല്ലതേത്, കെട്ടതേത്, ആവോ!   ആര്‍ക്കറിയാം.
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ