'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

25 June 2012

സിസേക് സംസാരിക്കുന്നു: ഞാനൊരു ഭ്രാന്തനായാണ് ജീവിക്കുന്നത്!

നമ്മുടെ കാലത്തെ ഏറ്റവും വലിയ ചിന്തകരിലൊരാളായ സ്ലാവോയ് സിസേക്കിന്‍റെ  ഹെഗലിനെക്കുറിച്ചുള്ള  Less Than Nothing: Hegel and the Shadow of Dialectical Materialism എന്ന പുതിയ പുസ്തകം ഈ മാസം 15നു പുറത്തിറങ്ങി.  ഇതിന് മുന്നോടിയായി ബ്രിട്ടീഷ് പത്രമായ 'ഗാര്‍ഡിയനി'ലെ മാധ്യമപ്രവര്‍ത്തക Decca Aitkenhead അദ്ദേഹവുമായി നടത്തിയ  അഭിമുഖത്തിന്‍റെ സ്വതന്ത്ര വിവര്‍ത്തനം.

(22/06/2012 ന് 'നാലാമിട'ത്തില്‍ പ്രസിദ്ധീകരിച്ചത്)സ്ലാവോയ് സിസേക്കിന് ല്യൂബ്ലാനയിലുള്ള സ്വന്തം അപ്പാര്‍ട്ട്മെന്റിന്‍റെ നമ്പര്‍ പോലും അറിയില്ല.
“കുഴപ്പമില്ല”. പുറത്തു പോയി വരാന്‍ നിന്ന ഫോട്ടോഗ്രാഫറോട് അദ്ദേഹം പറഞ്ഞു. “തിരിച്ചു വരുമ്പോള്‍ പ്രധാനവാതിലിലൂടെ തന്നെ അകത്തേക്ക് വരിക. എന്നിട്ട് ഒരു വലതുപക്ഷ പരിഷ്കരണവാദിയെപ്പോലെ ഒരു നിമിഷം ചിന്തിക്കുക. ഇടത്ത് നിന്ന് വലത്തോട്ട് തിരിയുക. അറ്റമെത്തുമ്പോള്‍ വീണ്ടും വലത്തോട്ട്….” എന്നാലും നമ്പര്‍ അറിയണ്ടേ? അയാള്‍ക്ക് വഴി തെറ്റിയാലോ? “20 ആണെന്ന് തോന്നുന്നു. അല്ലെങ്കിലും അതൊക്കെ ആര്‍ക്കാണറിയുന്നത്. ഏതായാലും ഒന്ന് കൂടി നോക്കി ഉറപ്പു വരുത്തിയേക്കാം.” സിസേക്ക് ഇടനാഴിയിലൂടെ നടന്ന് വാതില്‍ തുറന്ന് നമ്പര്‍ നോക്കി ഉറപ്പു വരുത്തി.

ഫോട്ടോഗ്രാഫറെ കൈ വീശിക്കാണിച്ച് യാത്രയാക്കിയ ശേഷം അദ്ദേഹം സ്ലോവേനിയന്‍ തലസ്ഥാനമായ ആ നഗരത്തിലൂടെ അങ്ങ് ദൂരേക്ക് ചൂണ്ടിക്കാണിച്ചു. “ആ കാണുന്നത് ഒരുതരം പ്രതിസംസ്കാര സ്ഥാപനമാണ്. എനിക്കവറ്റകളെ വെറുപ്പാണ്. അവറ്റകള്‍ക്കെന്നെയും. ഇടതുചിന്താഗതിക്കാരില്‍ ഇത്തരക്കാരെയാണ് ഞാന്‍ വെറുക്കുന്നത്. അതിസമ്പന്നരുടെ മക്കളായ റാഡിക്കല്‍ ഇടതന്‍മാര്‍.” മറ്റു കെട്ടിടങ്ങളില്‍ മിക്കവയും സര്‍ക്കാര്‍ വക കാര്യാലയങ്ങളാണ്. “എനിക്കവയോടും വെറുപ്പാണ്.” അദ്ദേഹം ലിവിംഗ് റൂമിലേക്ക് നടന്നു. ജോസഫ് സ്റാലിന്റെ ഒരു പടവും Call Of Duty: Black Ops എന്നെഴുതിയ ഒരു വീഡിയോ ഗെയിമിന്‍റെ വാള്‍ പോസ്റ്ററുമല്ലാതെ എടുത്തു പറയത്തക്ക അലങ്കാരങ്ങള്‍ ഒന്നുമില്ലാത്ത, എന്നാല്‍ അടുക്കും ചിട്ടയുമുള്ള ഒരു സാധാരണ ലിവിംഗ് റൂം. ഡിസ്നി മര്‍ച്ചന്റൈസിംഗ് രീതിയില്‍ അലങ്കാരപ്പണി ചെയ്ത മാക്ഡൊണാള്‍ഡിന്‍റെ പ്ലാസ്റിക് കപ്പുകളിലേക്ക് അദ്ദേഹം കോക് സീറോ ഒഴിച്ചു. എന്നാല്‍, സിസേക്ക് അടുക്കളയിലെ കപ്ബോര്‍ഡ് തുറന്നപ്പോള്‍ ഞാന്‍ കണ്ടത് അതില്‍ നിറയെ വസ്ത്രങ്ങളാണ്.
“ഞാനൊരു ഭ്രാന്തനായാണ് ജീവിക്കുന്നത്!” എന്ന് ഉച്ചത്തില്‍ പറഞ്ഞ് അദ്ദേഹം എന്നെ അപ്പാര്‍ട്ട്മെന്റ് മുഴുവന്‍ നടന്നു കാണിച്ചു. “നോക്ക്, വസ്ത്രങ്ങള്‍ വെക്കാന്‍ ഒരിടവും ബാക്കിയില്ല.” ശരിയാണ്. എല്ലാ മുറികളിലും മുകളറ്റം വരെ പുസ്തകങ്ങളും ഡി.വി.ഡികളുമാണ്. അദ്ദേഹത്തിന്‍റെ 75 പുസ്തകങ്ങളുടെ വിവിധ വാല്യങ്ങളും അവയുടെ എണ്ണമറ്റ ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങളും തന്നെയുണ്ട് ഒരു മുറി നിറയെ.

സിസേക്, സിസേക്

നിങ്ങള്‍ സിസേക്കിന്‍റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കില്‍ എന്നെക്കാള്‍ യോഗ്യന്‍ നിങ്ങള്‍ തന്നെയാണ്. സ്ലോവേനിയന്‍ തത്വചിന്തകനും സാംസ്ക്കാരിക നിരൂപകനുമായ അദ്ദേഹം 1949 ല്‍ ജനിച്ച് പഴയ യൂഗോസ്ലാവ്യയിലെ ടിറ്റോയുടെ ഭരണത്തിന്‍ കീഴില്‍ വളര്‍ന്നതാണെങ്കിലും അഭിപ്രായഭിന്നതയുടെ സംശയമുനകള്‍ അദ്ദേഹത്തെ പാണ്ഡിത്യത്തിന്‍റെ വിളനിലങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. The Sublime Object of Ideology എന്ന തന്‍റെ ആദ്യ ഇംഗ്ലീഷ് പുസ്തകം 1989 ല്‍ പുറത്തിറങ്ങിയതോടെ അദ്ദേഹം പാശ്ചാത്യ ലോകത്തും ശ്രദ്ധേയനായിത്തുടങ്ങി. സിസേക്കിന്‍റെ ഒരു ആരാധ്യപുരുഷനായ ഹെഗേലിനെ, മറ്റൊരു ആരാധ്യപുരുഷനായ ഴാക് ലകാന്‍റെ കാഴ്ചപ്പാടിലൂടെ ഒരു പുനര്‍വായന നടത്തുകയാണ് ആ പുസ്തകം. അത് മുതലിങ്ങോട്ട് Living in the End Times, പോലുള്ള പുസ്തകങ്ങളും, The Pervert’s Guide To Cinema തുടങ്ങിയ ചലച്ചിത്രങ്ങളും എണ്ണമറ്റ ലേഖനങ്ങളും അദ്ദേഹത്തിന്‍റെ പേരില്‍ പുറത്തു വരാന്‍ തുടങ്ങി.
സാംസ്ക്കാരിക സിദ്ധാന്തത്തിന്‍റെ മാനദണ്ഡം വെച്ച് അളക്കുമ്പോള്‍ കൂടുതല്‍ ഗ്രാഹ്യമായ തലത്തിലാണ് സിസേക്കിന്‍റെ സൃഷ്ടികളുടെ സ്ഥാനം. എന്നാല്‍ ഈ സ്ഥാനം അദ്ദേഹത്തിന് എവിടെ വെച്ചാണ് കൈമോശം വരുന്നതെന്ന് മനസ്സിലാക്കിത്തരാന്‍ ഒരു വാക്യം ഇവിടെ ഉദ്ധരിക്കുന്നു. “Zizek finds the place for Lacan in Hegel by seeing the Real as the correlate of the selfdivision and selfdoubling within phenomena.” അദ്ദേഹത്തിന്‍റെ രചനകള്‍ ഗ്രഹിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ളവയാണെന്ന് കാണിക്കാന്‍ Zizek : A Guide for the Perplexed എന്ന പുസ്തകത്തില്‍ നല്‍കിയിരിക്കുന്നത് ഈ ഉദ്ധരണിയാണ്.
അദ്ദേഹത്തിന്‍റെ ആഗോള ആരാധകരെ വിഷമിപ്പിക്കുമെങ്കിലും ഒരു കാര്യം പറയാതെ വയ്യ, അദ്ദേഹത്തിന്‍റെ മിക്ക രചനകളും കടുപ്പം കൂടിയവയാണ്. എന്നാലും അദ്ദേഹം എഴുതുന്നത് ഉന്മേഷദായകമായ ഒരു അഭീഷ്ടത്തോട് കൂടിയാണെന്നതും കേന്ദ്രീകൃത നിലപാടുകള്‍ ദീര്‍ഘവീക്ഷണമുളളവയും ചിന്തോദ്ദീപകങ്ങളുമാണെന്നതും നിരൂപകര്‍ പോലും സമ്മതിക്കുന്നതാണ്. കാതലായി പറഞ്ഞാല്‍ ഒരു സംഗതിയും ഒരിക്കലും അതിന്‍റെ പ്രത്യക്ഷ രൂപം പോലെ ആയിക്കൊളളണമെന്നില്ലെന്നും മിക്കവാറും എല്ലാറ്റിലും വിരോധാഭാസം കുടികൊള്ളുന്നുണ്ടെന്നും ആ രചനകളിലൂടെ അദ്ദേഹം വാദിക്കുന്നു. പുരോഗമനപരമെന്നോ വിപ്ലവകരമെന്നോ നാം കരുതുന്ന പലതും അല്ലെങ്കില്‍ വെറും നീതിശാസ്ത്രങ്ങള്‍ പോലും യഥാര്‍ത്ഥത്തില്‍ യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല തന്നെ.


ജൈവ ആപ്പിള്‍ വാങ്ങുമ്പോള്‍

“നിങ്ങള്‍ ഒരു ജൈവ ആപ്പിള്‍ (ഓര്‍ഗാനിക് ആപ്പിള്‍) വാങ്ങുമ്പോള്‍, ആദര്‍ശപരമായ കാരണം കൊണ്ടാണ് നിങ്ങള്‍ അപ്രകാരം ചെയ്യുന്നതെങ്കില്‍, ‘ഭൂമിയമ്മക്കുവേണ്ടി ഞാന്‍ ഒരു നല്ല കാര്യം ചെയ്യുന്നു’വെന്ന ചിന്ത നിങ്ങള്‍ക്ക് മനഃസുഖം നല്‍കുന്നത് പോലെയാണത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം എന്താണ് ചെയ്തിരിക്കുന്നത്? അതൊരു തെറ്റായ പ്രവൃത്തി മാത്രമല്ലേ. ശരിക്കും ചെയ്യേണ്ട കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ വേണ്ടിയാണ് നാം ഈ വക കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതാണ് വിരോധാഭാസം. അപ്പോള്‍ നിങ്ങള്‍ക്കൊരു സംതൃപ്തി തോന്നുകയും ചെയ്യുന്നു. ഒന്ന് കൂടി ഓര്‍ത്തു നോക്കുക. നിങ്ങള്‍ മാസത്തില്‍ 5 യൂറോ വീതം ഏതെങ്കിലും സോമാലി അനാഥന് അയച്ചു കൊടുക്കുകയും നിങ്ങളുടെ കടമ നിറവേറ്റുകയും ചെയ്യുന്നു”.
എന്നാല്‍ അപ്പോഴും നാം യഥാര്‍ത്ഥത്തില്‍ വഞ്ചിക്കപ്പെടുകയല്ലേ?. വമ്പന്മാരുടെ നിലനില്‍പ്പിന് കോട്ടമുണ്ടാകാത്ത വിധം നാം സ്വയമറിയാതെ അവരെ സഹായിക്കുകയല്ലേ ചെയ്തത്?
“അതെ. അത് തന്നെയാണ്”.
രാഷ്ട്രീയ മേല്‍വിലാസവുമായി രംഗത്ത് വരുന്ന പാശ്ചാത്യ ഉദാരമതികളെന്ന ഒഴിയാബാധ യഥാര്‍ത്ഥ പീഡിതരില്‍ നിന്നും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുകയാണ് ചെയ്യുന്നത്. അത് പോലെ ഒരു കാലത്തും പ്രായോഗികമായി നിലവില്‍ വന്നു കണ്ടിട്ടില്ലാത്ത കമ്മ്യൂണിസത്തിന്‍റെ യാതൊരു വിധത്തിലുള്ള വകഭേദത്തെയും സിസേക്ക് ന്യായീകരിക്കാതിരിക്കുമ്പോള്‍ തന്നെ വിപ്ലവാദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് ഒരു “സങ്കീര്‍ണ്ണ മാര്‍ക്സിസ്റ്” എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന ഒരു നിലപാടില്‍ അദ്ദേഹം സ്വയം നില കൊള്ളുന്നു.
തത്വചിന്തയുടെ ബോററ്റ്
“ഹിറ്റ്ലറിനുണ്ടായിരുന്ന പ്രശ്നം അയാള്‍ വേണ്ടത്ര അക്രമകാരിയായിരുന്നില്ലെന്നതാണ്” അല്ലെങ്കില്‍ “ഞാന്‍ ഒരു മനുഷ്യനല്ല. ഞാന്‍ ഒരു രാക്ഷസനാണ്” തുടങ്ങിയ അദ്ദേഹത്തിന്‍റെ പ്രകോപനപരമായ പ്രസ്താവനകള്‍ തെരഞ്ഞെടുത്തുദ്ധരിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഒരു നിരൂപകന്‍ അദ്ദേഹത്തെ ‘തത്വചിന്തയുടെ ബോററ്റ്‘ ആയാണ് വിശേഷിപ്പിക്കുന്നത്.
ചിലര്‍ വെറുമൊരു വിവാദാന്വേഷിയാക്കി തള്ളിക്കളയുമ്പോള്‍ മറ്റു ചിലര്‍ നവമാര്‍ക്സിസ്റ് സമഗ്രാധിപത്യവാദത്തിന്റെ ഒരു മുന്‍നിരപ്പോരാളിയായി അദ്ദേഹത്തെ ഭയപ്പെടുന്നു. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയത് മുതല്‍ അദ്ദേഹം ആ രംഗത്തെ ഒരു പ്രശസ്തനെന്ന് ഘോഷിക്കപ്പെടുകയും ബുദ്ധിജീവിയെന്ന നിലയിലും പ്രതിഭയെന്ന നിലയിലും അന്ധമായി പിന്‍പറ്റുന്ന വലിയൊരു ആരാധകവൃന്ദത്തെ ആകര്‍ഷിച്ചെടുത്ത് അവരുടെ ആദരവ് നേടിയെടുക്കുകയും ചെയ്തു. ആ ജനപ്രീതി സന്തോഷം പകരുന്ന ഒരു തരം വിരോധാഭാസം തന്നെയാണ്. കാരണം, അതദ്ദേഹത്തിന് അനുകൂലമായിരുന്നില്ലെങ്കില്‍ മൌനം പൂണ്ടിരിക്കുകയായിരിക്കും ഭേദമെന്ന് അദ്ദേഹം പറയുന്നു.മാനവികത. അതെ, അത് തരക്കേടില്ല
അദ്ദേഹം നിങ്ങള്‍ക്ക് നല്‍കുന്ന ഊഷ്മളമായ സ്വീകരണവും മാന്യമായ പെരുമാറ്റവും ഒരു നല്ല അഭിപ്രായമാണ് അദ്ദേഹത്തെക്കുറിച്ച് നിങ്ങളില്‍ ഉണ്ടാക്കുകയെങ്കിലും തന്‍റെ ഉദ്ദേശ്യം ഉള്ളിലുള്ള വിദ്വേഷം മറച്ചു പിടിച്ചു കബളിപ്പിക്കല്‍ മാത്രമാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം ധൃതിപ്പെടുന്നു. “എന്നെ സംബന്ധിച്ചേടത്തോളം നരകം എന്നാല്‍ അമേരിക്കന്‍ രീതിയിലുള്ള പാര്‍ട്ടികളാണ്. അല്ലെങ്കില്‍, അവരെന്നോട് ഒരു സംവാദത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും സംവാദത്തിനു ശേഷം ഒരു ചെറിയ സ്വീകരണം ഉണ്ടാവുമെന്നോ മറ്റോ പറയുകയും ചെയ്യുമ്പോള്‍ ഞാന്‍ ഉറപ്പിക്കുന്നു അത് തന്നെയാണ് യഥാര്‍ത്ഥ നരകമെന്ന് .
അതായത്, സംവാദത്തില്‍ ഒരു ചോദ്യം പോലും ചോദിക്കാന്‍ കഴിയാതെ നിരാശ പൂണ്ട എല്ലാ മൂഢന്മാരും അവസാനം അടുത്ത് വരുന്നു. എന്നിട്ട് പതിവ് ശൈലിയില്‍ ചോദ്യമാരംഭിക്കും: ‘പ്രൊഫസര്‍ സിസേക്ക്, താങ്കള്‍ ക്ഷീണിതനാണെന്നറിയാം, എന്നാലും….’ .
“വിഡ്ഢികള്‍. ക്ഷീണിതനാണെന്നറിയാമെങ്കില്‍ പിന്നെ എന്തിനാണങ്ങനെ ചോദിക്കുന്നത്? ഞാന്‍ കൂടുതല്‍ കൂടുതല്‍ സ്റാലിനിസ്റ്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഉല്‍പ്പത്തിഷ്ണുക്കള്‍ സമഗ്രാധിപത്യവാദികളോട് തങ്ങള്‍ മാനവികത ഇഷ്ടപ്പെടുന്നവരാണെന്ന് എപ്പോഴും പറയും. എന്നാല്‍ ആ പറയുന്ന പോലെ അവര്‍ക്ക് സാധാരണ മനുഷ്യരോട് വല്ല സഹാനുഭൂതിയും ഉണ്ടോ? ഇല്ലല്ലോ? ശരിയാണ്. ആ നിലപാടാണെനിക്ക് നന്നായി ചേരുക. മാനവികത. അതെ, അത് തരക്കേടില്ല. കുറെ വായില്‍ ഒതുങ്ങാത്ത വാചകമടിയും പിന്നെ കുറച്ചു മഹത്തായ കലകളും മതിയല്ലോ. മറിച്ച് സാധാരണ മനുഷ്യരുടെ പിന്നാലെയാണെങ്കിലോ? അവര്‍ 99 ശതമാനവും വെറും ബോറന്മാരായ മന്ദബുദ്ധികളല്ലേ. ”വിദ്യാര്‍ത്ഥികളെ സഹിക്കാനാവില്ല
എന്നാല്‍ അദ്ദേഹത്തിന് വിദ്യാര്‍ത്ഥികളെ സഹിക്കാനാവില്ലെന്നതാണ് കൂടുതല്‍ രസകരമായ സംഗതി. “ഒരിക്കല്‍ അമേരിക്കയില്‍ വെച്ച് ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോള്‍ -ആ പണിക്ക് ഇനി ഒരിക്കലും എന്നെ കിട്ടില്ല- ഒരു വിദ്യാര്‍ത്ഥി എന്‍റെയടുത്തേക്ക് വന്നു പറഞ്ഞു: ‘പ്രൊഫസര്‍, താങ്കള്‍ ഇന്നലെ പറഞ്ഞത് എനിക്ക് ശരിക്കും ബോധിച്ചിട്ടുണ്ടെങ്കിലും എനിക്ക് തോന്നുന്നത് എന്‍റെ പേപ്പര്‍ എന്തായിരിക്കണമെന്നതിനെക്കുറിച്ച് പോലും എനിക്കറിയില്ലെന്നാണ്. താങ്കള്‍ ദയവായി കുറച്ചു കൂടി ചിന്തകള്‍ പങ്കു വെക്കാമോ? എങ്കില്‍ ചിലപ്പോള്‍ എന്തെങ്കിലും ആശയം തോന്നാതിരിക്കില്ല.’ ഇത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. നാശം പിടിച്ചവന്‍. ഞാനെന്തിന് അതൊക്കെ ചെയ്തു കൊടുക്കണം? ”

സിസേക്കിന് യൂറോപ്പിലും അമേരിക്കയിലും ഉണ്ടായിരുന്ന അദ്ദേഹത്തിന്‍റെ മിക്ക അധ്യാപക ജോലികളും ഇത്തരം ശല്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി കയ്യൊഴിയേണ്ടി വന്നിട്ടുണ്ട്. “പ്രത്യേകിച്ചും അവര്‍ വ്യക്തിപരമായ പ്രശ്നങ്ങളുമായി എന്നെ സമീപിക്കുമ്പോഴാണ് എനിക്ക് വെറുപ്പ് തോന്നാറുള്ളത്. എന്റെ നിലപാട് എന്താണെന്ന് ചോദിച്ചാല്‍, എന്നെ നോക്കുക, എന്‍റെ പേശീ ചലനങ്ങള്‍ ശ്രദ്ധിക്കുക, ഞാന്‍ ഭ്രാന്തനാണെന്നത് നിങ്ങള്‍ കാണുന്നില്ലേ? വെറുമൊരു ഭ്രാന്തനായ എന്നോട് നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങളില്‍ സഹായം ആവശ്യപ്പെടുന്നത് പോയിട്ട് അപ്രകാരം ചിന്തിക്കാന്‍ പോലും നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?” ഈ പറഞ്ഞതിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തെ ഈയവസരത്തില്‍ കണ്ടാല്‍ വ്യക്തമാവും.

അക്ഷരാര്‍ത്ഥത്തില്‍ തന്നെ, മണം പിടിക്കുകയും വലിക്കുകയും ഗോഷ്ടി കാണിക്കുകയും വന്യമായി മുഖം മാന്തിക്കീറാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കരടിയെപ്പോലെ ശരിക്കും ഭീഭത്സമായ രൂപത്തിലാണ് സിസേക്ക് ഇപ്പോള്‍. “എന്നാല്‍ അതുകൊണ്ടൊന്നും കാര്യമില്ല! അവരിപ്പോഴും എന്നില്‍ വിശ്വാസമര്‍പ്പിക്കുന്നു. എന്നിട്ടും ഞാനത് വെറുക്കാന്‍ കാരണം മറ്റൊന്നുമല്ല. അമേരിക്കന്‍ സമൂഹത്തെക്കുറിച്ചാണെങ്കില്‍ എനിക്ക് ഇഷ്ടപ്പെടാത്തത് ലൈംഗിക കാര്യങ്ങളിലുള്ള അവരുടെ തുറന്ന സമീപനമാണ്. ഒന്നാമത്തെ കാഴ്ചയില്‍ തന്നെ തന്‍റെ ലൈംഗിക ജീവിതത്തെക്കുറിച്ച് മറ്റൊരാളോട് തുറന്നു പറയാന്‍ മടിക്കാത്ത സമീപനം. എനിക്കത് വെറുപ്പാണ്. കഠിനമായ വെറുപ്പ്. ”
എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സിസേക്ക് തന്‍റെ ലൈംഗിക ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഇത് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച തന്നെയാണല്ലോ. “സമ്മതപ്രകാരമുള്ള ബലാല്‍സംഗം” എന്നദ്ദേഹം വിശേഷിപ്പിക്കുന്ന ഒരു കാര്യം ചെയ്യാന്‍ എപ്പോഴും ആവശ്യപ്പെടാറുണ്ടായിരുന്ന ഒരു മുന്‍ കാമുകിയെക്കുറിച്ച് മുകള്‍നിലയിലേക്കുള്ള ലിഫ്റ്റില്‍ വെച്ച് അദ്ദേഹം വാചാലനായി. ഹെഗേലിനെക്കുറിച്ചുള്ള തന്‍റെ പുതിയ പുസ്തകത്തെക്കുറിച്ചാകും അദ്ദേഹത്തിനെന്നോട് സംസാരിക്കാനുണ്ടായിരുന്നതെന്നാണ് ഞാന്‍ കരുതിയിരുന്നതെങ്കിലും അദ്ദേഹത്തിന് പറയാനുള്ളത് മുഴുവനും ലൈംഗികതയെക്കുറിച്ച് മാത്രമായിരുന്നു.
ഞാനിവിടെയൊരു തീവ്ര വികാരജീവിയാണ്.

“ശരിയാണ്. കാരണം ഞാനിവിടെയൊരു തീവ്ര വികാരജീവിയാണ്. ലൈംഗികതയെ പ്രയോഗവല്‍ക്കരിക്കുന്നത് അനുവദനീയമാക്കിക്കൊണ്ടുള്ള ഉത്തരാധുനികമായ പെരുമാറ്റരീതിയാണ് ഞാന്‍ ഭയപ്പെടുന്നത്. അത് ഭയാനകം തന്നെയാണ്. ലൈംഗികത ആരോഗ്യകരമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അത് ആനന്ദദായകമാണെന്നും ഹൃദയത്തിനും രക്തചംക്രമണത്തിനും നല്ലതാണെന്നും പറയുന്നതോടൊപ്പം തന്നെ വെറും ചുംബനം പോലും നമ്മുടെ മസിലുകള്‍ക്ക് ഉത്തേജനം നല്കുമെന്ന് വരെ അവര്‍ പറഞ്ഞു കളഞ്ഞു. ദൈവമേ, അത്യന്തം ഭയാനകം തന്നെയാണത്!” ലൈംഗിക പങ്കാളികളെ “പുറം കരാറുകള്‍” മുഖേന സ്വീകരിക്കുക വഴി പ്രണയബന്ധത്തിലുണ്ടാവുന്ന ബാധ്യതകളില്‍ നിന്നും മോചനം നേടാമെന്ന ഡേറ്റിംഗ് ഏജന്‍സികളുടെ വാഗ്ദാനം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തുന്നു. “അത് വെറും ആസക്തി മാത്രമാണ്. ഒരിക്കലും ശാശ്വതമാവില്ല. പ്രണയത്തിന്‍റെ ഭാഗമായുള്ള ലൈംഗികതയെ ഞാന്‍ ഇഷ്ടപ്പെടുന്നു. നിനക്കറിയാമോ, നിന്നെ എന്നും ഭോഗിക്കാനാണെങ്കില്‍ എന്‍റെ അമ്മയെ അടിമയാക്കി വില്‍ക്കാന്‍ പോലും ഞാന്‍ സന്നദ്ധനാണ്. വിസ്മയകരമായ പലതും അതിലുണ്ട്. അതെ, ഒരിക്കലും സുഖപ്പെടുത്താനാവാത്ത ഒരു വികാരജീവി തന്നെയായിരിക്കും ഞാനെപ്പോഴും.”

ഒരു ചോദ്യം ഉന്നയിച്ച് ഇടപെടാന്‍ ഞാന്‍ ആലോചിക്കുമ്പോഴോക്കെയും അദ്ദേഹം കാട് കയറിക്കൊണ്ടിരിക്കുക തന്നെയാണ്. “എനിക്ക് ചില വിചിത്രമായ പരിമിതികളാണുള്ളത്. സ്ത്രീ ആവശ്യപ്പെട്ടാല്‍ പോലും എനിക്കൊരിക്കലും ഗുദഭോഗം ചെയ്യാന്‍ കഴിയില്ല. കാരണം അതവള്‍ക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്നെ സുഖിപ്പിക്കാന്‍ വേണ്ടി അവള്‍ അത് ഇഷ്ടമാണെന്ന് അഭിനയിക്കുകയാണെങ്കിലോ എന്ന സന്ദേഹം എനിക്കെപ്പോഴും ഉണ്ടായിരുന്നു. വദനസുരതത്തിന്‍റെ കാര്യവും അങ്ങനെത്തന്നെ.  അവള്‍ വെറുതെ അഭിനയിക്കുകയാണെങ്കിലോ? ”പ്രണയം ഇല്ലെന്നു മാത്രമല്ല, ഒരിക്കലും പ്രണയിച്ചിട്ടുമില്ലെന്നാണ് എന്‍റെ വിശ്വാസം
വിരലിലെണ്ണാവുന്ന സ്ത്രീകളോടോത്ത് മാത്രമാണ് അദ്ദേഹം കിടപ്പറ പങ്കിട്ടിട്ടുള്ളത്. കാരണം അതദ്ദേഹത്തിന് വളരെ മനോവിഷമമുണ്ടാക്കുന്ന കാര്യമാണ്. “ഒറ്റ രാത്രിക്കു വേണ്ടി മാത്രമുള്ള ലൈംഗികബന്ധം എനിക്ക് സാധ്യമല്ല. അങ്ങനെ ചെയ്യാന്‍ കഴിയുന്നവരോട് എനിക്ക് അസൂയയാണ് തോന്നുന്നത്. ‘അത് വളരെ രസകരമായിരിക്കും, എനിക്കത് നല്ലതാണെന്നാണ് തോന്നുന്നത്, വരൂ നമുക്കൊരു കൈ നോക്കി വരാം’ എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ചേടത്തോളം വളരെ പരിഹാസ്യമായ പ്രസ്താവനയാണ്. കാരണം, മറ്റൊരാളുടെ മുന്നില്‍ നഗ്നനായി നില്‍ക്കുമ്പോള്‍ നമ്മുടെ ശരീര ഘടനയെക്കുറിച്ച് പരിഹാസ്യമായ എന്തെങ്കിലും അഭിപ്രായം അവര്‍ എഴുന്നള്ളിച്ചാല്‍ പിന്നെ സ്വസ്ഥത നശിക്കാന്‍ കൂടുതലെന്തു വേണം.” കൂടാതെ എന്നും കൂടെയുണ്ടാവുമെന്നുറപ്പില്ലാത്ത ഒരാളുടെ കൂടെയും അദ്ദേഹത്തിന് അന്തിയുറങ്ങാന്‍ സാധ്യമല്ല. “എന്‍റെ എല്ലാ ബന്ധങ്ങളും ഈ സ്ഥിരതയുടെ കാഴ്ചപ്പാടില്‍ അളന്നാണ് നശിച്ചു പോയത്. എന്‍റെ കിടപ്പറ പങ്കിട്ടവരുടെ എണ്ണം ഇത്ര പരിമിതമായിപ്പോയതും അത് കൊണ്ട് തന്നെയാണ്. പ്രസ്തുത വിലക്ഷണമായ കാഴ്ചപ്പാട് കൊണ്ട് ഞാനുദ്ദേശിക്കുന്നതും അത് തന്നെ”.
എങ്കിലും സിസേക്ക് മൂന്നു തവണ വിവാഹ മോചനം ചെയ്യപ്പെട്ടിട്ടുണ്ട്. അതെങ്ങനെയായിരിക്കും അദ്ദേഹം തരണം ചെയ്തത്? “ങാ, ഞാന്‍ പറഞ്ഞു തരാം. യുവാവായ മാര്‍ക്സിനെ അറിയില്ലേ, ഞാന്‍ മാര്‍ക്സിനെ ആദര്‍ശവല്‍ക്കരിക്കുകയല്ല, അദ്ദേഹം വ്യക്തിപരമായി ഒരു വഷളനായിരുന്നു എങ്കിലും അദ്ദേഹത്തിന് അദ്ഭുതകരമായ വാദങ്ങള്‍ ഉണ്ട്. അദ്ദേഹം പറയുന്നു. : ‘നിങ്ങള്‍ വെറുതെ വിവാഹബന്ധം വേര്‍പ്പെടുത്തരുത്. ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന സ്നേഹം ഒരിക്കലും ആത്മാര്‍ത്ഥമായിരുന്നില്ലെന്ന് സ്ഥാപിച്ചെടുക്കുകയാണ് വിവാഹമോചനത്തിലൂടെ ചെയ്യുന്നത്’. സ്നേഹം ഇല്ലാതാവുമ്പോള്‍ മുമ്പുണ്ടായിരുന്നത് വെറും കപടസ്നേഹമായിരുന്നുവെന്നുമാണ് വ്യക്തമാവുന്നത്.” അതാണോ സിസേക്ക് ചെയ്തത്? “അതെ! ഞാനത് മുഴുവനായി മായ്ച്ചു കളയുന്നു. എനിക്കിപ്പോള്‍ പ്രണയം ഇല്ലെന്നു മാത്രമല്ല, ഞാന്‍ ഒരിക്കലും പ്രണയിച്ചിട്ടുമില്ലെന്നാണ് എന്‍റെ വിശ്വാസം.
ഇത് തെളിയിക്കാനെന്ന വണ്ണം അദ്ദേഹം വാച്ചിലേക്ക് നോക്കുന്നു. തൊട്ടടുത്ത് താമസിക്കുന്ന അദ്ദേഹത്തിന്‍റെ 12 വയസ്സുള്ള മകന്‍ ഇപ്പോഴെത്തും. അവനിവിടെ വന്നാല്‍പ്പിന്നെ ഈ സംസാരം എങ്ങനെ നടക്കും? വിഷമിക്കേണ്ട, സിസേക്ക് പറഞ്ഞു. അവന്‍ വൈകാനാണ് സാധ്യത. അവന്‍റെ അമ്മ അത്ര അലസയാണ്: “എന്‍റെ ഭാര്യയാണെന്നവകാശപ്പെടുന്ന ദുഷ്ട.” അപ്പോള്‍ അവരെ വിവാഹം ചെയ്തിട്ടില്ലേ? “ദൗര്‍‍ഭാഗ്യകരമെന്നു പറയട്ടെ, അതും ചെയ്തിട്ടുണ്ട്”.
സിസേക്കിന് രണ്ട് ആണ്‍മക്കളാണുള്ളത്. മറ്റെയാള്‍ക്ക് മുപ്പതു വയസ്സായി. എങ്കിലും സിസേക്കിന് ഒരിക്കലും ഒരു രക്ഷിതാവാകണമെന്ന താല്‍പ്പര്യമില്ല. “പിന്നെ ഞാനെന്തു കൊണ്ടാണ് എന്‍റെ രണ്ടു പുത്രന്മാരെയും സ്നേഹിക്കുന്നതെന്ന് ചോദിച്ചാല്‍ അതെന്‍റെ മനോവിശാലതയും സഹാനുഭൂതിയുമാണ് കാണിക്കുന്നത്. ആരെങ്കിലും ഉപദ്രവിക്കപ്പെടുന്നതായോ അരക്ഷിതാവസ്ഥയില്‍പ്പെട്ടതായോ കണ്ടാല്‍ എനിക്ക് ഉള്ളിലുള്ള ആ നല്ല വികാരങ്ങളെ തടഞ്ഞു നിര്‍ത്താനാവില്ല. കൂടുതല്‍ വ്യക്തമാക്കിപ്പറഞ്ഞാല്‍ മകനെ എനിക്ക് മുഴുവനായി വേണ്ടെങ്കിലും പ്രസ്തുത വികാരങ്ങള്‍ എന്നിലുള്ളത് മൂലം ഞാന്‍ അവനെ വളരെയധികം സ്നേഹിക്കുന്നു.ഞാന്‍ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.

ഹെഗേലിനെക്കുറിച്ചുള്ള സിസേക്കിന്‍റെ Less Than Nothing: Hegel and the Shadow of Dialectical Materialism എന്ന പുതിയ പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ പരിസരത്തൊന്നും ഞങ്ങള്‍ എത്താന്‍ പോകുന്നില്ലെന്ന് ഇതിനകം എനിക്ക് മനസ്സിലായി. പകരം, മകനോടൊപ്പം ചെലവഴിച്ച അവധിക്കാലങ്ങളെക്കുറിച്ച് അദ്ദേഹം വാചാലനായി. അവസാനത്തേത് ദുബായിലെ ആഡംബരങ്ങളുടെ പറുദീസയായ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ ആയിരുന്നു. “എന്ത് കൊണ്ട്, എന്ത് കൊണ്ട്? ഞാന്‍ ഭ്രാന്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും മാര്‍ക്സിയന്‍ എന്ന നിലയിലുള്ള എന്‍റെ കര്‍ത്തവ്യം ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട്. ഞാനും മകനും അവിടത്തെ ഒരു പാക്കിസ്ഥാനി ടാക്സി ഡ്രെെവറുമായി ചങ്ങാത്തം സ്ഥാപിക്കുകയും അവിടത്തെ യാഥാര്‍ത്ഥ്യങ്ങള്‍ അയാള്‍ ഞങ്ങള്‍ക്ക് കാണിച്ച് തരികയും ചെയ്തു. അവിടത്തെ തൊഴിലാളികളുടെ ജീവിത രീതികളും അവര്‍ എങ്ങനെ നിയന്ത്രിക്കപ്പെടുന്നുവെന്നും വിവരിച്ചു കേട്ടപ്പോള്‍ മകന്‍ ശരിക്കും ഭയന്ന് പോയി. ”
ഈ മധ്യവേനലില്‍ അവര്‍ ലക്ഷ്യമിടുന്നത് 50 നിലകളുള്ള അംബര ചുംബികളുടെ മുകള്‍നിലകളില്‍ പോലും സ്വിമ്മിംഗ് പൂളുകള്‍ ഉള്ള സിങ്കപ്പൂരെന്ന കൃത്രിമ ദ്വീപിലേക്ക് പോകാനാണ്. “അവിടെ ഞങ്ങള്‍ക്ക് സ്വിമ്മിംഗ് പൂളില്‍ നീന്തിക്കൊണ്ട് തന്നെ താഴെയുള്ള നഗരം കണ്ടാസ്വദിക്കാം. ‘ഹാ ഹാ കിടിലന്‍.’ അതാണെനിക്ക് വേണ്ടത്. ശരിക്കും ഭ്രാന്തന്‍ കാര്യങ്ങള്‍.” മകന്‍ കുഞ്ഞായിരുന്നപ്പോള്‍ അവയൊന്നും അത്ര ആസ്വാദ്യകരമായിരുന്നില്ല. “പക്ഷെ ഇപ്പോള്‍, ഞങ്ങള്‍ തമ്മില്‍ കുറെ മനപ്പൊരുത്തം രൂപപ്പെട്ടിട്ടുണ്ട്. ഒരു മണി വരെ ഞങ്ങള്‍ ഉറങ്ങും. ഉണര്‍ന്ന് ഭക്ഷണം കഴിക്കും. ശേഷം നഗരത്തിലേക്കിറങ്ങും. ചുറ്റിക്കറങ്ങിയിട്ട് അത്താഴം കഴിക്കും. പിന്നെ സിനിമക്ക് തീയേറ്ററിലേക്ക് പോകും. മൂന്നു മണി വരെ ഗെയിമുകള്‍ കളിച്ചിരിക്കും. സാംസ്ക്കാരികമായി ഒന്നുമില്ലാത്ത കുറെ മടയത്തരങ്ങളും സുഖഭോഗങ്ങളും മാത്രം.എന്നെപ്പോലുള്ളവരുടെ കടമ മറുപടി പറയലല്ല, ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കലാണ്

സിസേക്കിന്‍റെ ആത്മാര്‍ത്ഥതയുള്ള ആരാധകര്‍ ഇതേക്കുറിച്ച് എന്ത് പറയുമെന്നറിയാന്‍ എനിക്ക് കൌതുകമുണ്ട്. കൂടുതല്‍ ഗൌരവമായതൊന്നും അദ്ദേഹത്തെക്കുറിച്ച് പറയാത്തതെന്ത് എന്ന അവരുടെ മറുചോദ്യവും ഞാന്‍ ഉത്കണ്ഠയോടെ പ്രതീക്ഷിക്കുന്നു. പക്ഷെ, സിസേക്കിനെ സംബന്ധിച്ചേടത്തോളം സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഒരു സംവാദത്തിന് നല്‍കാന്‍ കഴിയുന്നത്ര തന്നെ ലോകത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ദുബായ് നഗരത്തിനും നമ്മോടു പറയാന്‍ കഴിയുമെന്നാണ്. അദ്ദേഹത്തിന്‍റെ സുമുഖനും നിഷ്കളങ്കനുമായ മകന്‍ എത്തിയപ്പോള്‍ സംഭാഷണം സാമ്പത്തിക പ്രതിസന്ധിയിലേക്കും അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ പ്രശ്നത്തിന് യുക്തിപൂര്‍വമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കേണ്ട കടമയിലേക്കും ഞാന്‍ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചു.

“ഞാന്‍ എപ്പോഴും പറയാറുള്ള പോലെ, എന്നില്‍ നിന്നത് പ്രതീക്ഷിക്കരുത്. ഒരു സമ്പൂര്‍ണ്ണ പ്രശ്നപരിഹാരവിധിയാണ് എന്നെപ്പോലുള്ള ഒരാളുടെ കര്‍ത്തവ്യമെന്നു ഞാന്‍ കരുതുന്നില്ല. ഇനിയെന്ത് ചെയ്താലാണ് സമ്പദ് വ്യവ്യസ്ഥ രക്ഷപ്പെടുകയെന്നു ജനങ്ങള്‍ എന്നോട് ചോദിച്ചാല്‍ എനിക്കെന്തു കുന്തമാണ് അറിയുക. എന്നെപ്പോലുള്ളവരുടെ കടമ മറുപടി പറയലല്ല, മറിച്ച് ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കലാണെന്നാണ് ഞാന്‍ കരുതുന്നത്.”
അദ്ദേഹം ജനാധിപത്യത്തിനെതിരല്ല. എങ്കിലും ആഗോള മുതലാളിത്ത വ്യവസ്ഥിതിയെ നിയന്ത്രിക്കാന്‍ മാത്രമൊന്നും നമ്മുടെ ജനാധിപത്യസ്ഥാപനങ്ങള്‍ കരുത്താര്‍ജ്ജിച്ചിട്ടില്ലെന്നാണ് അദ്ദേഹം സ്വയം വിശ്വസിക്കുന്നത്. “പൊതുജനസമ്മതപ്രകാരം പുരോഗതിക്കു വേണ്ടിയുള്ള പരിഷ്കാരങ്ങള്‍ ചിലപ്പോള്‍ തദ്ദേശീയമായെങ്കിലും ഫലം ചെയ്തേക്കാം.” എന്നാല്‍ തദ്ദേശീയതയുടെ സ്ഥാനവും ജൈവ ആപ്പിളിന്റെ അതേ കാറ്റഗറിയില്‍ തന്നെയാണ് . പഴയപല്ലവി വീണ്ടും: ” അങ്ങനെ ചെയ്താല്‍ നമുക്ക് ഒരു സംതൃപ്തി വരുമെന്നേയുള്ളൂ. ഇന്നത്തെ വലിയ ചോദ്യം ആഗോള തലത്തില്‍ എങ്ങനെയാണ് ഈ വക കാര്യങ്ങള്‍ സംഘടിപ്പിക്കുന്നത് എന്നാണ്. അതി ബൃഹത്തായ രീതിയില്‍ അന്താരാഷ്ടാതലത്തില്‍ കാര്യങ്ങള്‍ എത്തുമ്പോള്‍ നിലവിലുള്ള ഭരണവ്യവസ്ഥകള്‍ പിന്‍വാങ്ങാതെ അതെങ്ങനെ സാധ്യമാകും. ”ഞാന്‍ ശുഭാപ്തിവിശ്വാസിയുമാണ്

അതെങ്ങനെയാണ് സംഭവിക്കുക? “അപകടകരമായ ഒരു ഘട്ടത്തെയാണ് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നതിനാല്‍ എനിക്ക് അശുഭപ്രതീക്ഷയാണുള്ളത്. എന്നാല്‍ അതേ കാരണം കൊണ്ട് തന്നെ ഞാന്‍ ശുഭാപ്തിവിശ്വാസിയുമാണ്. അശുഭപ്രതീക്ഷക്കു കാരണം കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞിരിക്കുന്നു എന്നതാണെങ്കില്‍ ശുഭാപ്തിവിശ്വാസത്തിനു കാരണം ഇങ്ങനെയൊരവസ്ഥയില്‍ ഒരു മാറ്റത്തിന് സാധ്യത ഏറെയാണ് എന്നതുമാണ്.” അതുപോലെ ഏതെല്ലാം അവസരങ്ങളിലാണ് കാര്യങ്ങള്‍ക്ക് മാറ്റം വരാതിരിക്കുക? “ങാ അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ പതിയെ ഒരു പുതിയ പ്രമാണിവര്‍ഗ മേധാവിത്വ സമൂഹത്തിലേക്കാണ് നയിക്കപ്പെടുക. ഇത് പക്ഷെ, ഒരിക്കലും മുമ്പുണ്ടായിരുന്ന തരത്തിലുള്ള വൃത്തികെട്ട ഒരു മേധാവിത്വമായിരിക്കില്ല. ഉപഭോഗസംസ്ക്കാരത്തില്‍ അധിഷ്ഠിതമായ ഒരു പുതിയ രൂപത്തില്‍ ആയിരിക്കും.” മുഴുലോകവും ദുബായ് പോലെയാവുമെന്നാണോ? “അതെ, ദുബായില്‍ മറ്റൊരു വശത്ത് അക്ഷരാര്‍ത്ഥത്തില്‍ അടിമകളാണുള്ളത് ”ഒരിക്കലും എന്നെ കോമാളിയാക്കി അവതരിപ്പിക്കരുത്

സിസേക്കിന്‍റെ കുസൃതി നിറഞ്ഞ വീമ്പുപറച്ചിലുകളിലെല്ലാം ഹൃദയസ്പര്‍ശിയായ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒന്ന് അടങ്ങിയിട്ടുണ്ട്. ഇഷ്ടപ്പെടുന്ന പ്രകൃതമുള്ള ഒരാളായിട്ട് ഞാന്‍ അദ്ദേഹത്തെക്കുറിച്ച് കരുതിയിരുന്നില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം സന്തോഷം പകരുന്ന നല്ലൊരു സുഹൃത്താണ്. അദ്ദേഹം ഒരു ഭ്രാന്തനാണോ പ്രതിഭയാണോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഞാനിപ്പോഴും ചിന്താക്കുഴപ്പത്തില്‍ തന്നെയാണ്. ഏത് വിധത്തിലാണ് ഞങ്ങള്‍ അദ്ദേഹത്തെ അവതരിപ്പിക്കേണ്ടതെന്ന എന്‍റെ ചോദ്യത്തിന് തന്നെ ഒരിക്കലും ഒരു കോമാളിയാക്കി അവതരിപ്പിക്കരുതെന്നദ്ദേഹം നിര്‍ദ്ദേശിച്ചു. “അധികമാളുകളും കരുതുന്നത് ഞാന്‍ തമാശ കാണിച്ച് പൊലിപ്പിക്കുകയാണെന്നാണ്. എന്നാല്‍ അതങ്ങനെയല്ല. ഞാന്‍ ആദ്യം തമാശ പറയുകയും പിന്നീട് ഗൌരവമായ കാര്യങ്ങള്‍ പറയുകയുമാണ് ചെയ്യുന്നത്. തമാശ രൂപത്തില്‍ ഗൌരവമായ കാര്യങ്ങള്‍ അവതരിപ്പിക്കാനുളളതല്ലേ കല എന്ന് പറയുന്നത്.”
രണ്ടു വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ മുന്‍പല്ലുകള്‍ കൊഴിഞ്ഞു പോയി. “എനിക്കൊരു നല്ല സുഹൃത്തുള്ള കാര്യം എന്‍റെ മകനറിയാം. സുഹൃത്തോ ഞാനോ സ്വവര്‍ഗപ്രേമിയല്ല. നല്ല സുഹൃത്തുക്കള്‍ മാത്രം. സുഹൃത്ത് എന്നെ പല്ലുകളില്ലാതെ കണ്ടപ്പോള്‍ പറഞ്ഞു: ‘എന്ത് കൊണ്ടാണെന്നെനിക്കറിയാം.’ പത്തു വയസുളള നിന്‍റെ മകന്‍ എന്നോടെന്താണ് പറഞ്ഞതെന്നറിയാമോ? ആലോചിച്ചു നോക്ക്, കുറച്ച് അശ്ലീലമായിത്തന്നെ.” എനിക്ക് ഊഹിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. എന്‍റെ പല്ലുകള്‍ ആ രൂപത്തിലാണെന്ന് അവന്‍ എന്‍റെ സുഹൃത്തിനോട് പരാതിപ്പെട്ടത്രേ.” സിസേക്ക് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുകയാണ്. പിതൃത്വത്തില്‍ അഭിമാനിച്ചുകൊണ്ടുള്ള പൊട്ടിച്ചിരി.
“എന്നാല്‍ അതിലെ ട്രാജികോമിക് അതൊന്നുമായിരുന്നില്ല. അവസാനം അവന്‍ പറയുകയാണ്. ‘അച്ഛാ, ഞാനീ തമാശ അത്യാവശ്യം നന്നായിത്തന്നെ അവതരിപ്പിച്ചില്ലേ?’
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ