'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

24 November 2010

പ്രണയവും സ്നേഹവും.

(27/11/2010 ന് ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ച കഥ)
        കാഴ്ചക്ക് പിടി കൊടുക്കാതെ അതിവേഗത്തില്‍ കറങ്ങുന്ന മൂന്നു ലീഫുകള്‍. മലര്‍ന്നുള്ള ഈ കിടപ്പില്‍ മാസങ്ങളായി ഇത് തന്നെ കാഴ്ച.  ഒന്നിന് പിറകെ മറ്റൊന്നായി അതങ്ങനെ തിരിയുന്നുണ്ടെങ്കിലും തന്‍റെ ജീവിതം പോലെ തന്നെ അവയുടെ ഗമനം വെറും വ്യര്‍ത്ഥമാണെന്ന് അയാള്‍ക്ക്‌ തോന്നി. കാറ്റ് താഴോട്ട് വരുന്നുണ്ടെങ്കിലും മനസിലെ പൊരിയുന്ന ചൂടില്‍ അതെല്ലാം ചുടുകാറ്റായി പരിണമിക്കുന്നു.   കാറ്റിന്‍റെ വേഗതയിലും ഒരു സര്‍ക്കസുകാരന്‍റെ സാമര്‍ത്ഥ്യത്തോടെ ബാലന്‍സ് ചെയ്ത് മൂളിപ്പറക്കുന്ന കൊതുകുകള്‍. അവ പൊഴിക്കുന്ന സംഗീതം അസഹ്യമായീ തോന്നുന്നു. എത്ര നാളായി  ആശുപത്രിക്കിടക്കയിലെ ഈ മലര്‍ന്നു കിടപ്പ് തുടങ്ങിയിട്ട്. ഇനി കൂടുതല്‍ കാത്തിരിക്കേണ്ടി വരുമോ?  ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്നു. ഇനി  ദിവസങ്ങള്‍ക്കുള്ളിലറിയാം തന്‍റെ വഴി മരണത്തിലേക്കോ അതോ തിരിച്ചു ജീവിതത്തിന്‍റെ മനം മയക്കുന്ന പുതുപുലരിയിലേക്കോ എന്ന്. 

      
     രണ്ടു വൃക്കകളും പ്രവര്‍ത്തന രഹിതമാണെന്നറിയാന്‍ വളരെ വൈകിപ്പോയിരുന്നു. പക്ഷെ  അതിലേറെ വൈകിയത് പ്രണയത്തിലെ കപടമായ അല്‍പത്വവും മാതൃസ്നേഹത്തിലെ സ്വര്‍ഗീയവും  ശാശ്വതവുമായ ആത്മാര്‍ത്ഥതയും  മനസ്സിലാക്കാനായിരുന്നു.  പ്രണയം വര്‍ഷക്കാലത്തെ ഒരു മലവെള്ളപ്പാച്ചിലാണെങ്കില്‍ ഏതു കാലത്തും വറ്റാതെ തെളിനീരൊഴുക്കുന്ന ഒരു കാട്ടരുവിയുടെ ശാന്തമായ ശീതളിമയാണ് മാതൃസ്നേഹം. കൊടും പാപങ്ങള്‍ പോലും ആ മാസ്മര തേജസ്സില്‍  അലിഞ്ഞില്ലാതാകുന്നു. അടുത്ത ബെഡില്‍ കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കുകയല്ലാതെ ഒരു വാക്കുരിയാടാന്‍ പോലും കഴിയുന്നില്ല. ആ മുഖത്ത്  നിരാശയുടെയോ നഷ്ടബോധത്തിന്‍റെയോ  കണിക പോലുമില്ല. തന്‍റെ ശരീരത്തിലെ വളരെ വിലപ്പെട്ട ഒരു അവയവം ദാനം ചെയ്തതിന്‍റെ  ഒരു ലാഞ്ചന പോലുമില്ല. പ്രണയത്തിന്‍റെ പൊയ്മുഖത്തോടെ തലയണ മന്ത്രങ്ങളില്‍ തന്നെ വീഴ്ത്തിയ ഭാര്യയെന്ന ആ ദുഷ്ട എത്ര തവണയാണ് സ്നേഹനിധിയായ തന്‍റെ ഈ മാതാവിനെ രാക്ഷസിയെന്ന് വിശേഷിപ്പിച്ചത്‌.  കോരിത്തരിപ്പിക്കുന്ന  അവളുടെ സ്നേഹ ലാളനകളില്‍ താനും തെറ്റിദ്ധരിച്ചു പോകുകയായിരുന്നില്ലേ. വീട്ടില്‍ നിന്ന് അടിച്ചിറക്കിയിട്ട് പോലും തന്‍റെ രോഗാവസ്ഥയില്‍ ആ മാതൃഹൃദയം തേങ്ങുകയായിരുന്നു.   എല്ലാം മറന്ന് അവര്‍ ഓടിയെത്തി.  തന്‍റെ സകല തെറ്റുകള്‍ക്കും ഒരു കൊച്ചു കുഞ്ഞിന്റെ കുസൃതിയെന്ന പോലെ മാപ്പ് നല്‍കി. സ്നേഹത്തിന്‍റെ നിറകുടമാണെന്നും  എന്നും തന്‍റെ വലം കൈ ആയിരിക്കുമെന്നും  കരുതിയ ഭാര്യയോ? കിഡ്നി രണ്ടും പോക്കാണെന്നറിഞ്ഞപ്പോള്‍ വിശ്വസ്തതയോടെ അവളുടെ പേരില്‍ വാങ്ങിയിരുന്ന സ്വത്തുക്കളും കൈക്കലാക്കി മറ്റൊരുത്തന്‍റെ  കൂടെ സുഖം തേടിപ്പോകുകയുമായിരുന്നു.

53 comments:

Suhail Cheruvadi said...

:)

ജസ്റ്റിന്‍ said...

ഇതൊരു കെട്ടുകഥയല്ലെ മാഷെ.

കഥയ്ക്ക് സെന്റിമെൻസ് കൂട്ടാൻ എന്തൊക്കെയാ എടുത്തുപയോഗിച്ചിരിക്കുന്നത്.

വിശ്വസനീയതയില്ലാത്ത കഥ

സലീം ഇ.പി. said...

എന്‍റെ ശുക്കുറിക്കാ..ഈ പെണ്ണെന്ന സാധനം എന്തെന്ന് ആര്‍ക്കും ഇത് വരെ മനസ്സിലായിട്ടില്ല...വേഷം മാറുന്നതിനനുസരിച്ച് രൂപം പോലും മാറാന്‍ കഴിവുള്ളവള്‍ ..!
അവളുടെ സ്വാര്‍ത്ഥതയുടെ ആഴം മനസ്സിലാക്കാന്‍ പുരുഷനിത് വരേയ്ക്കും കഴിഞ്ഞിട്ടില്ല; അവള്‍ മാതാവായാല്‍ സ്നേഹത്തിന്‍റെ ആഴവും ... ഇതാണ് കഥയിലെ പ്രമേയം എന്ന് തോന്നുന്നു...
ഹൃദ്യമായ അവതരണം..

ആചാര്യന്‍ said...

എല്ലാം സമകാലിക യാഥാര്‍ത്യങ്ങള്‍ ...എത്രയോ പേരാണ് ഇന്നലെ കണ്ട ഭാര്യക്ക്‌ വേണ്ടി വര്‍ഷങ്ങളോളം തന്നെ വളര്‍ത്തി വലുതാക്കിയ അമ്മയെ ഉപേക്ഷിക്കുന്നത്...അവസാനം മുലപ്പാല്‍ ചര്ദിക്കാതെ മരണമില്ല ഇങ്ങെയുള്ള ആള്കാര്‍ക്ക് എന്ന് ഓര്‍മ വേണം എന്തെ?
--

ചെറുവാടി said...

ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്യങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നു ഈ കഥ. തിരിച്ചറിയാതെ പോകുന്ന സ്നേഹത്തിനെയും തിരിച്ചറിയാന്‍ വൈകുന്ന സ്നേഹത്തിന്റെയം കഥ. അമ്മ അമ്മതന്നെയാണ് എന്ന തിരിച്ചറിവില്‍ അവസാനിക്കുന്ന ഈ കഥ മനോഹരമായി ഷുക്കൂര്‍. അത്രക്കും തീവ്രതയുണ്ട് വാക്കുകള്‍ക്കു.

ഹംസ said...

കഥ നന്നായിരിക്കുന്നു നല്ല ഒരു വിഷയവും ... നൊന്ത് പ്രസവിച്ച മാതാവിന്‍റെ സ്നേഹം ഭാര്യയുടെ വാക്കുകള്‍ കേട്ട് നഷ്ടപ്പെടുത്തുമ്പോഴും തന്‍റെ ശരീരത്തിലെ ഒരു ഭാഗം മുറിച്ച് നല്‍കിയ ആ മാതാവിന്‍റെ മനസ്സ് .. അതാണ് മാതൃ സ്നേഹം ....

---------------------------------------------------------------------
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോല്‍ ഒരു ബന്ധു വീട്ടില്‍ പോയിരുന്നു . അവിടെ 30 വയസ്സുള്ള സഹോദരനു സ്വന്തം കിഡ്നി കൊടുത്ത് രക്ഷപ്പെടുത്തിയ 40 വയസ്സൂള്ള സഹോദരിയേയും .. ആ സഹോദരനേയും കണ്ടു. (അല്ല്ഹംദുലില്ല രണ്ട് പേരും സുഖമായി വരുന്നു. ) ആ സ്നേഹം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി.

ബദര്‍/badar said...

നന്നായിരിക്കുന്നു

noushad said...

ചെറുതെങ്കിലും മനോഹരം

faisu madeena said...

ഗ്രേറ്റ്‌ ...ഇഷ്ട്ടപ്പെട്ടു ..

Abdul Jishad said...

ഹംസക്ക പറഞ്ഞതുപോലത്തെ ഒരു ഫാമിലി എന്‍റെ വീടിന്റെ അടുത്തും ഉണ്ട്....

shameeraku said...

പറയാന്‍ ഉദ്ദേശിച്ച കാര്യം ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ചില്ല എന്ന് തോന്നുന്നു. ഒന്ന് കൂടി ഹോം വര്‍ക്ക്‌ ചെയ്യേണ്ടതുണ്ട്. തലക്കെട്ടും അത്ര നന്നായില്ല. എങ്കിലും വളരെ പ്രസക്തവും ഹ്രദയ സ്പര്ഷിയുമായ ഒരു വിഷയം തിരഞ്ഞെടുത്തത് നന്നായി.

Anonymous said...

ഭാര്യയോ? കിഡ്നി രണ്ടും പോക്കാണെന്നറിഞ്ഞപ്പോള്‍ വിശ്വസ്തതയോടെ അവളുടെ പേരില്‍ വാങ്ങിയിരുന്ന സ്വത്തുക്കളും കൈക്കലാക്കി മറ്റൊരുത്തന്‍റെ കൂടെയും...കാര്യം മനസിലായെങ്കിലും ഈ വരികൾ എന്തോ പൂർണ്ണമാകാത്തത് പോലെ .. നല്ല വിഷയം തന്നെ മാതൃഹൃദയത്തോളം വരില്ല ആരുടെ ഹൃദയവും… ഹൃദയത്തിൽ കൊണ്ടു.. ഈ കഥ ആശംസകൾ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നന്നായിരിക്കുന്നു

പട്ടേപ്പാടം റാംജി said...

എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും മാത്രുസ്നേഹത്തോളം വരില്ല മറ്റൊന്നും. ഓടിപ്പോകുന്നവരും ഓടിപ്പോകാത്തവരും ഇടകലര്‍ന്ന നമ്മുടെ ഇടയില്‍ ഇപ്പോള്‍ പ്രയാസങ്ങള്‍ ഇല്ലാതെ സുഖിക്കുക എന്നതിലേക്ക് സ്നേഹത്തെ മാറ്റി ചിന്തിക്കുന്നവരായിരിക്കുന്നു അധികവും.
സ്നേഹത്തിന്റെ ആഴം വ്യക്തമാക്കിയ കഥ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

മാതൃത്വത്തെക്കുറിച്ച് എത്ര എഴുതിയാലും തീരില്ല. എത്ര കേട്ടാലും മുഷിയില്ല. എത്ര പറഞ്ഞാലും മതിയാവില്ല.
എപ്പോഴും കേള്‍ക്കുന്ന പ്രശസ്തമായ ഒരു കഥയുണ്ട്.
ഭാര്യക്ക്‌ ദീനം. രോഗശമനത്തിനായി ഭര്ത്താവിന്റെ അമ്മയുടെ ഹൃദയം വേണമെന്ന ഭാര്യയുടെ നിര്‍ബന്ധം അനുസരിച്ച് ഭര്‍ത്താവ് അമ്മയുടെ ഹൃദയം പറിച്ചെടുത്തു ഓടുന്നതിനിടയില്‍ അയാള്‍ താഴെ വീണു. മിടിക്കുന്ന മാതൃഹൃദയം മകനോട്‌ ചോദിച്ചു- മോനെ നിനക്ക് നൊന്തോ?

Shukoor Cheruvadi said...

ജസ്റ്റിന്‍, കഥകളെല്ലാം കെട്ടു കഥയാണെന്നാണ് എന്‍റെ വിശ്വാസം. അഭിപ്രായത്തിനു വളരെ നന്ദി.

ഇ പി സലിം ബായ്‌, താങ്കള്‍ പറഞ്ഞത് തന്നെയാണ് പ്രമേയമാക്കാന്‍ ഉദ്ദേശിച്ചത്. എത്രത്തോളം നീതി പുലര്‍ത്തി എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.

"അവസാനം മുലപ്പാല്‍ ചര്ദിക്കാതെ മരണമില്ല ഇങ്ങെയുള്ള ആള്കാര്‍ക്ക് എന്ന് ഓര്‍മ വേണം"
അത് ശരിയാണ് ആചാര്യന്‍.

നല്ല വാക്കുകള്‍ക്കു വളരെ നന്ദി ചെറുവാടി.


ഹംസക്ക, നാട്ടിലെ അനുഭവവും ഇവിടെ പങ്കു വെച്ചതിനു നന്ദി.


ബദര്‍, നൌഷാദ്, ഫൈസു മദീന, ജിഷാദ്, സുഹൈല്‍ ചെറുവാടി, റിയാസ്‌ മിഴിനീര്‍തുള്ളി, വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.

ഷമീര്‍, ഉമ്മു അമ്മാര്‍, വിമര്‍ശനങ്ങള്‍ക്ക് ഒരായിരം പൂച്ചെണ്ടുകള്‍. ഉള്ളത് പറയുന്നതാണല്ലോ എപ്പോഴും നല്ലത്. വിഷയം കൂടുതല്‍ ഹൃദ്യമായി അവതരിപ്പിക്കാന്‍ വേണ്ട കൂടുതല്‍ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

പട്ടേപ്പാടം റാംജി, താങ്കളുടെ തുടര്‍ച്ചയായ സഹകരണം വളരെ ഹൃദ്യമായി അനുഭവപ്പെടുന്നു. ഇടയ്ക്കിടെ കാണുമല്ലോ.

ഇസ്മായില്‍ കുറുമ്പടി, താങ്കള്‍ എന്ത് തൊട്ടാലും പോന്നാകുമെന്നു തോന്നുന്നു. ഒരു ചെറിയ കമന്റ്‌ പോലും ഒരു മിനിക്കഥ ആക്കിയില്ലേ. നന്ദി.

nkz1984 said...

പോസ്റ്റിന്റെ തീം നന്നായിരിക്കുന്നു... ഒരു പുരുഷന്റെ ജീവിതത്തില്‍ അമ്മയുടെയും ഭാര്യയുടെയും റോള്‍ വ്യത്യാസമുണ്ട്. അമ്മ ആ മനുഷ്യന്‍റെ നിലനില്‍പ്പിന്റെ മൂല കാരണമാണ്. അതെ സമയം ഭാര്യ ജീവിതത്തില്‍ ഒരു ഘട്ടത്തില്‍ വന്നുചേരുന്ന നൈസര്‍ഗികമായ തേട്ടത്തില്‍ നിന്നും ഉരിത്തിരിഞ്ഞു വരുന്ന സ്വാഭാവിക ബന്ധവും. അതുകൊണ്ട് അമ്മയുടെ സ്നേഹവും പ്രിയതമയുടെ പ്രണയവും രണ്ടു തലങ്ങളില്‍ നിന്ന് കൊണ്ട് തന്നെ മനസ്സിലാക്കണം എന്നാണ് എനിക്ക് തോന്നുന്നത്. രണ്ടും തമ്മില്‍ ഒരേ മാപിനികൊണ്ട് വിശകലം ചെയ്യാന്‍ കഴിയില്ല. പക്ഷെ ശുക്കൂര്‍ക്ക പറഞ്ഞതിനോട് യോജിക്കുന്നു.. സൂഷ്മാര്‍ത്ഥത്തില്‍ ശ്രദ്ധിക്കാതെ, പ്രിയതമ പ്രണയം അമ്മയോടുള്ള സ്നേഹത്തെ പലരുടെയും ജീവിതത്തില്‍ അതിരുകടക്കാറുണ്ട്. ഒരുപാട് ചിന്തിക്കാന്‍ ഈ കൊച്ചു പോസ്റ്റ്‌ അവസരം നല്‍കുന്നു...

anees said...

khada hridhya spershiyaittundayirunnu...
enghilum aa bhaaryayum mathavakendavallayoo??

Mohamedkutty മുഹമ്മദുകുട്ടി said...

ഒരു മകന്‍ ബാപ്പാക്ക് കരള്‍ ദാനം ചെയ്ത സംഭവം ഇവിടെ വായിക്കാം.

Adil said...

നന്നായിട്ടുണ്ട്.....മാതാവ് എന്നത് ഒരു മഹാ വിസ്മയം തന്നെ....കാരുണ്യത്തിന്റെ കര കാണാ കടല്‍......പക്ഷെ മാതാവിന്റെ കണ്ണടയും വരെ ഏറെപേരും അതോര്‍ക്കാരില്ലെന്നു മാത്രം.

Rasheed Punnassery said...

മാതാവിന്റെ കാല്‍ ചുവട്ടില്‍ സ്വര്‍ഗമുണ്ട്
സ്വര്‍ഗം പ്രവാസിക്ക് എത്ര അകലെയാണെന്നു അറിയില്ല
കഥയ്ക്കും മിനി കഥ ക്കുമിടയിലെ ഈ കഥ ഒന്ന് കൂടെ മനോഹരമാക്കാന്‍ വകുപ്പുണ്ടായിരുന്നു എന്ന് തോന്നി
(ബ്ലോഗില്‍ തോന്നിയത് പറയാതെ ഇരിക്കുന്നതാണ് ബുദ്ധിയെങ്കിലും ഇത് ശുകൂര്‍ നല്ല അര്‍ത്ഥത്തിലെടുക്കണേ )

ജസ്റ്റിന്‍ said...

ജസ്റ്റിന്‍, കഥകളെല്ലാം കെട്ടു കഥയാണെന്നാണ് എന്‍റെ വിശ്വാസം. അഭിപ്രായത്തിനു വളരെ നന്ദി.

എന്ന അഭിപ്രായത്തിനോട് ഒരു പ്രതികരണം.

ജീവനുള്ള കഥ കെട്ടുകഥയാകില്ല മാഷെ. നല്ല കഥകൾ വായിക്കുക. മനസ്സിലാക്കുക. അല്ലാതെ ഇങ്ങനെ പല കഥകളിൽ നിന്നും കുറെ സെന്റൻസുകൾ കടമെടുത്ത് ഒരെണ്ണം മെനയുകയല്ല വേണ്ടത്.

എല്ലാവരുടെയും അഭിപ്രായം വായിച്ചു. പലരും കഥയെ പുകഴ്ത്തിയിരിക്കുന്നു. അവർ ഒരു പക്ഷെ താങ്കളെ വിഷമിപ്പിക്കരുതല്ലോ എന്നോർത്താകാം, അല്ലെങ്കിൽ വായിക്കാതെ അഭിപ്രായം പറഞ്ഞതാകാം, അല്ലെങ്കിൽ വായനാനുഭവം ഇല്ലാത്തതിന്റെയാകാം. ആകെ shameeraku മാത്രം ആത്മാർത്ഥമായി അഭിപ്രായം പറഞ്ഞ പോലെ തോന്നി.

വിമർശനങ്ങളെ മനസ്സിലാക്കി എഴുതിയാൽ താങ്കൾക്ക് നല്ലത്. അല്ലാതെ “എല്ലാം കെട്ടുകഥ“ യായി താങ്കൾക്ക് തോന്നുന്നുവെങ്കിൽ താങ്കൾ കഥയെഴുത്ത് നിർത്തുന്നതാകും നല്ലത്.

ജസ്റ്റിന്‍ said...

പിന്നെ ഇസ്മായിൽ കുറുമ്പടിയുടെ കമന്റിനെ താങ്കൾ വാഴ്ത്തിക്കണ്ടു

‘ഇസ്മായില്‍ കുറുമ്പടി, താങ്കള്‍ എന്ത് തൊട്ടാലും പോന്നാകുമെന്നു തോന്നുന്നു. ഒരു ചെറിയ കമന്റ്‌ പോലും ഒരു മിനിക്കഥ ആക്കിയില്ലേ. നന്ദി. ‘

എന്നൊക്കെ. അദ്ദേഹം പറഞ്ഞ കഥ ലോകത്തെ എല്ലാ (കൌമാരപ്രായം മുതൽ) ജനങ്ങളും കേട്ടു തഴമ്പിച്ച ഒരു നാടോടിക്കഥയാണ്.

എന്തിനാണ് താങ്കൾ ഇത്രയധികം അഭിനന്ദനം അതിന് നൽകിയതെന്ന് മനസ്സിലായില്ല. താങ്കളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയെങ്കിൽ ക്ഷമിക്കുക.

faisu madeena said...

ശുകൂര്‍ ഭായ് ..കഥ വായിച്ചു തന്നെയാണ് ഇഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞത് ...അല്ലാതെ വായിക്കാതെ ഇഷ്ട്ടപ്പെട്ടു എന്നാരും പറയും എന്ന് തോന്നുന്നില്ല ..താങ്ക്സ്

ഹംസ said...

@ ജസ്റ്റിന്‍..& ഷുക്കൂര്‍

കഥ വായിച്ചിട്ടു തന്നെയാണ് ഞാനും കമന്‍റിയത് ഒരു കഥയെ കുറിച്ച് എല്ലാവര്‍ക്കും ഒരേ കാഴ്ച്ചപ്പാടാവില്ലല്ലോ.. ചിലര്‍ക്ക് ഇഷ്ടപ്പെട്ടത് മറ്റുള്ളവര്‍ക്ക് ഇഷ്ടമായിക്കൊള്ളണമെന്നില്ല. അതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല..

എനിക്കിഷ്ടമായില്ല അതുകൊണ്ട് മറ്റുള്ളവര്‍ പറഞ്ഞതെല്ലാം നുണ എന്ന ചിന്താഗതിയോട് എനിക്ക് യോചിക്കാന്‍ കഴിയുന്നില്ല... അതിനു താങ്കള്‍ പറഞ്ഞത് വായിക്കാതെ ആവും അല്ലങ്കില്‍ വായനാ അനുഭവം ഉണ്ടാവില്ല എന്നൊക്കെയാണ്.. എന്തൊ വല്ലാതെ ആത്മരോക്ഷത്തോടെ താങ്കള്‍ ഇങ്ങനെ പറയാന്‍ മാത്രം ഇവിടെ പ്രശ്നം എന്നും മനസ്സിലായില്ല..

ഷുക്കൂര്‍ താങ്കള്‍ക്ക് തന്ന മറുപടി “കഥകളെല്ലാം കെട്ടു കഥയാണെന്നാണ് എന്‍റെ വിശ്വാസം” ഇതില്‍ ഇത്ര കോപപ്പെടാന്‍ ഉള്ള എന്താണെന്നും മനസ്സിലായില്ല ..

സുജിത് കയ്യൂര്‍ said...

Niraashappeduthiyilla

സുജിത് കയ്യൂര്‍ said...

Niraashappeduthiyilla

ചെറുവാടി said...

സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ശ്രീ ജസ്റ്റിനുണ്ട്. പക്ഷെ താങ്കള്‍ കഥയെ കണ്ട രീതിയില്‍ തന്നെ എല്ലാവരും കാണണമെന്ന നിര്‍ബന്ധം ശരിയല്ല.
ശുക്കൂറിന്റെ രചനകളെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. നേരിട്ടും പറഞ്ഞിട്ടുണ്ട്. വേദനിപ്പിക്കരുതെന്നു കരുതിയോ വായിക്കാതെയോ ഒരഭിപ്രായം ഞാനിതുവരെ ഒരു ബ്ലോഗ്ഗിലും പറഞ്ഞിട്ടില്ല. ഇഷ്ടപ്പെട്ടു എന്ന് നേരത്തെ എഴുതിയത് വെറും ഭംഗിവാക്കല്ല എന്ന് പറയാനാണ് വീണ്ടും വന്നത്.
വിവാദത്തില്‍ താല്പര്യമില്ല.

Muneer said...

മാതൃസ്നേഹത്തിന്റെ മാഹാത്മ്യം വിളിച്ചോദിക്കുന്ന കഥ..
ജന്മ്ത്തിനു നല്‍കിയ വേദനയോളം
വരില്ലല്ലോ മകന്റെ വേദന മാറ്റാന്‍ ദാനം ചെയ്തത്..

jayarajmurukkumpuzha said...

valare mikacha avatharanam....... abhinandanangal.....

Anonymous said...

vishyathod viyojipundengilum kathayude uddesham kolla,ichiri koodi nannakamaayirunnu,nkz1984nte abhiprayathod njanum yojikunnu

വി.എ || V.A said...

ഭാര്യയുടേയും അമ്മയുടേയും മനസ്സുകളുടെ തന്മയീഭാവങ്ങളെ വിശകലനംചെയ്ത് ചിത്രീകരിക്കുന്ന കഥകളാണ്, ലോകത്തിലെ എല്ലാ ക്ലാസ്സിക് രചനകളും. അത് വലുതും ചെറുതുമാവാം, പല ശൈലിയിലുമാവാം, രചയിതാക്കളുടെ കഴിവ് പോലെ. അത്തരത്തിൽ രണ്ടു വ്യത്യസ്ഥമനസ്സുകളെ തനിക്കറിയാവുന്നവിധം എഴുതിക്കാട്ടി, കഥാകൃത്ത്. അത് ചുരുക്കിപ്പറഞ്ഞതിനാൽ വിരസതയും ഉണ്ടായില്ല. ഈ വിഷയം ഇതിനെക്കാൾ നന്നാക്കാൻ പറ്റുമായിരുന്നു എന്നത് മറ്റൊരു സത്യം , പക്ഷേ ഇതെഴുതിയത് ഷുക്കൂർ ചെറുവാടിയാണല്ലോ സുഹൃത്തുക്കളേ.... ഒന്നുമില്ലാത്തതിനെക്കാൾ അല്പമുള്ളത് അഭികാമ്യം എന്നാണല്ലോ വിവരമുള്ളവർ പറഞ്ഞിട്ടുള്ളത്, അതിനാൽ ഈ ആശയത്തിന് നല്ല പ്രചോദനം നമുക്ക് കൊടുക്കാം. നല്ല നല്ല കഥകളും മറ്റും ഇനിയും എഴുതി, നല്ല പ്രശസ്തിയുണ്ടാക്കണം-അതിനുവേണ്ടി വാശിയോടെ ശ്രമിക്കണം. ഭാവുകങ്ങൾ , വിജയിക്കട്ടെ......

നൗഷാദ് അകമ്പാടം said...

വലിയ ഒരു യാഥാര്‍ത്ഥ്യം ഒരു ആത്മഗതശൈലിയില്‍ മനോഹരമായി പറയാന്‍ ശ്രമിച്ചിരിക്കുന്നു.
സമകാലിക സംഭവങ്ങള്‍ ഇതിലും വലിയ അനുഭവങ്ങളായി നമ്മുടെ മുന്നിലൂടെ ദിനവും കടന്നു പോകുമ്പോള്‍ ഇതൊരു കെട്ടുകഥയിലുപരി എവിടേയോ നടക്കുന്ന ..നടന്നേക്കാവുന്ന ഒന്നായി മാറുന്നു..

കഥാകാരന്റെ ചുരുക്കിയെഴുത്തിനെ അഭിനന്ദിക്കുന്നു.
ചിലത് ചുരുക്കി പറയുമ്പോള്‍ തീവ്രത കൂടും.

@ ജസ്റ്റിന്‍: എന്റെ ചില പഴയ പോസ്റ്റുകളില്‍ താങ്കള്‍ക്കുള്ള മറുപടിയുണ്ട്..
സമയം പോലെ വായിക്കൂ...

Shukoor Cheruvadi said...

നിയാസ്‌, അനീസ്‌, മുഹമ്മദ്‌ കുട്ടിക്കാ, ആദില്‍, റഷീദ്‌ പുന്നശ്ശേരി,സുജിത് കയ്യൂര്‍, ജയരാജ്‌ മുരിക്കുംപുഴ,മുനീര്‍, കാന്താരി,വി എ, നൌഷാദ് അകമ്പാടം. വളരെ നന്ദി. വായിച്ചു അഭിപ്രായം പറഞ്ഞതിന്. ശ്രീ ഹംസ, ചെറുവാടി, faisu madeena, ജസ്റ്റിന്‍ വീണ്ടും വരാന്‍ സമയം കണ്ടെത്തിയതിനു നന്ദി.

ente lokam said...

ഓ അവിടെ കാശും തീര്‍ന്നു ഇവിടെ കിഡ്നി ശരിയും ആയാല്‍ ചിലപ്പോ വീണ്ടും ഇങ്ങു വരുമായിരുക്കും.
ആശയം നന്നായിട്ടുണ്ട്. പക്ഷെ അങ്ങനെ വെറുതെ അസുഖം വന്നപ്പോള്‍ ഇറങ്ങിപ്പോകുന്ന തരം ആണോ ഭാര്യമാര്‍? അല്പം കൂടി കാരണങ്ങള്‍ ആകാമായിരുന്നു കഥയുടെ കെട്ടുറപ്പിന്.

ശ്രീ said...

അഭിനന്ദനങ്ങള്‍!

ente lokam said...
This comment has been removed by the author.
ente lokam said...

ജസ്റ്റിന്‍:-എല്ലാ കഥയും കെട്ട് കഥ അല്ലെ എന്ന് ചോദിച്ചത് വെറുതെ ഒരു വാഗ്വാദം വേണോ എന്ന അര്‍ത്ഥത്തില്‍ എടുത്തു കൂടെ ?..ജസ്റ്റിന്റെ ഉപദേശം പോലെ എഴുതാന്‍ പറ്റില്ലെങ്കില്‍ ഷുകൂര്‍ എഴുത്ത് നിര്‍ത്തൂ എന്ന അര്‍ത്ഥത്തില്‍ പറഞ്ഞത് ശരി ആയോ ? ജസ്ടിനോട് ആയിരുന്നു ഇങ്ങനെ എങ്കില്‍?

ജസ്റ്റിന്റെ പ്രൊഫൈല്‍ നിന്നും ഒരു quote :-"ജീവിക്കാന്‍ പഠിച്ചു കൊണ്ടിരിക്കുന്നു" ...
Same way , Live and let live (ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക,
എഴുതുക മറ്റുള്ളവരെ എഴുതുവാന്‍ അനുവദിക്കുക ) .. but dont insist others to leave....

ഷുകൂര്‍ താങ്കളുടെ പക്വതയെ ഞാന്‍ ബഹുമാനിക്കുന്നു.

കുസുമം ആര്‍ പുന്നപ്ര said...

അമ്മ എപ്പോഴും അമ്മയായിരിയ്ക്കും പൊക്കിള്‍ കൊടിയുടെ ബന്ധം
നല്ല കഥ

റ്റോംസ്‌ || thattakam .com said...

കഥ നന്നായിരിക്കുന്നു.ആശയം നന്നായിട്ടുണ്ട്.മാതൃസ്നേഹത്തിന്റെ മാഹാത്മ്യം വിളിച്ചോദിക്കുന്ന കഥ..!!
ഭാവുകങ്ങൾ..!!

സാബിബാവ said...

അമ്മിഞ്ഞനുകര്‍ന്നമ്മതന്‍ മടിയില്‍ -
കിടന്നമ്മതന്‍ മുഖം സ്വര്‍ഗമായ കാലം
അമ്മതന്‍ വാക്കും അമ്മതന്‍ നോക്കും
ദൈവസാനിധ്യ മെന്നറിഞീടുകനാം
അമ്മയോളമില്ലിന്നു പാരിലൊരു സ്നേഹത്തിനുറവ എങ്ങും .

സ്നേഹ നിധിയായ അമ്മമാര്‍ക്ക് ഈ കഥയിലുടെ എന്‍റെ ഒരുതുള്ളി കണ്ണു നീരുകള്‍.!!!!!!!!

elayoden said...

നന്നായിരിക്കുന്നു, മാതൃ സ്നേഹത്തിന്റെ വില കണക്കാക്കാനാവില്ലല്ലോ... ഇത് വായിച്ചവരെല്ലാം ഒരു നിമിഷമെങ്കിലും സ്വന്തം അമ്മയെ ഓര്‍ത്തുപോയല്ലോ, എവിടെയൊക്കെയോ ഒരു നൊബരം.........

Abdulkader kodungallur said...

പ്രമേയവും അവതരണ രീതിയും നന്നായി . മാതൃ സ്നേഹത്തിന്റെ അനശ്വരതയും ,ഭാര്യാ ഭര്‍തൃ ബന്ധത്തിലെ നശ്വരതയും നന്നായി വരച്ചു വെച്ചിരിക്കുന്നു . ഭാവുകങ്ങള്‍

habeeb said...

നല്ല വിഷയം. ഒതുക്കി പറഞ്ഞു. കഥ പറച്ചിലിന്റെ വ്യത്യസ്ത രീതികള്‍ നിരീക്ഷിച് ഉപയോഗപെടുത്തിയാല്‍ ഇനിയും നന്നാവും.

mayflowers said...

മകന് കിഡ്നി കൊടുത്ത അമ്മയുടെ സംതൃപ്തി തികച്ചും വാസ്തവം.
പക്ഷെ,ഭാര്യമാര്‍ എപ്പോഴും ഇത്രയും ക്രൂരരാകില്ല കേട്ടോ.
ഉണ്ടാവാം..അതെ പോലെ,"മകന്‍ ചത്താലും മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി.."എന്ന് ചിന്തിക്കുന്ന അമ്മമാരുമില്ലേ?

hafeez said...

പ്രണയത്തെയും 'ഭാര്യ'യെയും കടന്നാക്രമിച്ചത് അല്പം കൂടിപ്പോയോ എന്ന് സംശയം. എല്ലാ പ്രണയവും കേവല മലവെള്ളപ്പാച്ചില്‍ അല്ല.

Shakeeb Kolakadan said...

ഡിയര്‍ ശുക്കൂര്‍
കഥയുടെ പ്രമേയം നന്നായിട്ടുണ്ട്. അമ്മയുടെ സ്നേഹം മഹത്തരമാണ് സംശയമില്ല. അതോടൊപ്പം ഒററപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഭാര്യയുടെ പ്രണയവും ഉദാത്തം തന്നെ. അത് തീരേ കണ്ടില്ലെന്ന് വെക്കാന്‍ എങ്ങിനെ കഴിഞ്ഞു എന്നെനിക്കറിയില്ല. കഥയിലൂടെ എപ്പോഴും (അത് ഒരു വലിയ കഥയായാലും മിനിക്കഥയായാലും) ഒരു സന്ദേശം നമുക്ക് വായനക്കാരന് നല്‍കാന്‍ കഴിയണം. അമ്മയോടുള്ള പോസിററീവ് അപ്രോച്ച് ഭാര്യയെ ഈ രീതിയില്‍ അവതരിപ്പിക്കുന്നതിലെത്താന്‍ പാടില്ലായിരുന്നു. എത്രയോ വൃക്ക രോഗികളേയും മാറാ രോഗികളേയും എനിക്കറിയാം. അവരുടെയൊന്നും ഭാര്യമാരില്‍ ഇത്തരമൊരു നീച സ്ത്രീയെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. പകരം ഭര്‍ത്താവിനെ എല്ലാ കഷ്ടപ്പാടിലും കൂടെ നിന്ന് പരിചരിക്കുന്ന മഹതികളെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ശൂക്കൂറിന് മറിച്ചുള്ള ഒരു അനുഭവം ഒററപ്പെട്ടതെങ്കിലും ഉണ്ടായതിലുള്ള പരിഭവമാണോ കഥയില്‍ പ്രതിഫലിച്ചതെന്നറിയില്ല. പിന്നെ കഥയുടെ അവസാനം ഒററയടിക്കങ്ങ് എടുത്തിടാതെ ഒന്ന് സാവധാനം നിലത്ത് വെക്കാമായിരുന്നു. ചില വാക്കുകളുടെ അനവസരത്തിലെ ഉപയോഗവും അലോസരപ്പെടുത്തി എന്നു പറയട്ടെ. ഫാനിന്റെ ലീഫുകളുടെ ഗമനം വേണ്ടിയിരുന്നില്ല. ഫാനിന്റെ കറക്കം തന്നെയാണ് അവിടെ ഉപയോഗിക്കേണ്ടത് എന്ന് തോന്നുന്നു.
കുറിപ്പുകളെല്ലാം നന്നാകുന്നുണ്ട് ശുക്കൂര്‍. ഇനിയും എഴുതുമല്ലോ........

Shukoor said...

നിര്‍ദേശങ്ങള്‍ക്ക് വളരെ നന്ദി ശകീബ്ക്കാ,
എന്റെ ലോകം, ശ്രീ, കുസുമം ആര്‍ പുന്നപ്ര, ടോംസ് , സാബിബാവ, എളയോടന്‍ , അബ്ദുല്‍ ഖാദര്‍ കൊടുങ്ങല്ലൂര്‍, ഹബീബ്‌, Mayflowers, Hafeez തുടങ്ങിയവര്‍ക്കും പിന്നെ വായിച്ച എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി അറിയിക്കുന്നു.

Aneesa said...

മാതൃത സ്നേഹം , നാം മനസ്സിലാക്കാന്‍ പലപ്പോഴും വൈകി ഇരിക്കും ,അവരുടെ വാക്കുകള്‍ ക്ക് വില കൊടുക്കലും ഇല്ല പലപ്പോഴും, പക്ഷെ പിന്നീട് അതു തെറ്റായി പോയി എന്നു തോന്നും

Shakeeb Kolakadan said...

priyappetta shukkur
marannu poya orur karyam koode ithinodoppam cherkkatte. ente bappa kidney sambandhamaya testukalkkayi kozhikode medical collagil kidannappo undaya oranubavam undu...avide Kidney rogikalaya niravadhi alukal kidakkunnu...athil ere vijithramayi thonniya oru karyam kidney asugamulla ella barthakanmarudeyum koode (praya vathyasamillathe) avarude baryamarundu ennal onno rando ozhich u nirthiyal baki orotta kidney rogikalaya sthraaklude koodeyum avarude barthakkanamarilla...viswasamakunnillenkil onnu medical collagil visit cheythu anubavichariyavunnathanu.......snehapoorvam Shakeeb

കാഡ് ഉപയോക്താവ് said...

"പ്രണയം വര്‍ഷക്കാലത്തെ ഒരു മലവെള്ളപ്പാച്ചിലാണെങ്കില്‍ ഏതു കാലത്തും വറ്റാതെ തെളിനീരൊഴുക്കുന്ന ഒരു കാട്ടരുവിയുടെ ശാന്തമായ ശീതളിമയാണ് മാതൃസ്നേഹം."
The eternal Truth !!

abdu said...

ശുക്കൂര്‍ക്കാ ....ഗുഡ് ... ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഉപദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു ... ഇനിയും ഉയരങ്ങളിലേയ്ക്ക് പറക്കാന്‍ നിങ്ങള്ക്ക് സാധിക്കട്ടെ .....

Antonio Boylan said...

കഥ നന്നായിരിക്കുന്നു നല്ല ഒരു വിഷയവും ... നൊന്ത് പ്രസവിച്ച മാതാവിന്‍റെ സ്നേഹം ഭാര്യയുടെ വാക്കുകള്‍ കേട്ട് നഷ്ടപ്പെടുത്തുമ്പോഴും തന്‍റെ ശരീരത്തിലെ ഒരു ഭാഗം മുറിച്ച് നല്‍കിയ ആ മാതാവിന്‍റെ മനസ്സ് .. അതാണ് മാതൃ സ്നേഹം .... --------------------------------------------------------------------- കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോല്‍ ഒരു ബന്ധു വീട്ടില്‍ പോയിരുന്നു . അവിടെ 30 വയസ്സുള്ള സഹോദരനു സ്വന്തം കിഡ്നി കൊടുത്ത് രക്ഷപ്പെടുത്തിയ 40 വയസ്സൂള്ള സഹോദരിയേയും .. ആ സഹോദരനേയും കണ്ടു. (അല്ല്ഹംദുലില്ല രണ്ട് പേരും സുഖമായി വരുന്നു. ) ആ സ്നേഹം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി.

Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ