'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

07 May 2010

ആദര്‍ശധീരന്‍

സാഹിബ്‌ ധീരനായ ഒരു പ്രാസംഗികനാണ്.   അനാചാരങ്ങള്‍ക്കെതിരെയുള്ള പടവാളാണ് അദ്ദേഹത്തിന്‍റെ തൂലികയും നാക്കും. സ്ത്രീധനത്തിനെതിരെ കവലയില്‍ അദ്ദേഹം നടത്തിയ തീപ്പൊരി പ്രസംഗം എന്നെപ്പോലുള്ള യുവാക്കളെ കോരിത്തരിപ്പിച്ചു.   അദ്ദേഹത്തെപ്പോലുള്ളവരാണ് കാലഘട്ടത്തിന്‍റെ ആവശ്യം.    ഞങ്ങള്‍ക്ക് സംശയമേതുമില്ല.


സുഹൃത്തിന്‍റെ പെങ്ങള്‍ക്കൊരു കല്യാണം വേണം.   സാഹിബിന്‍റെ അനുജനും അവളും തമ്മില്‍ ചേരും.   സുഹൃത്തിനു ഒരല്‍പം സാമ്പത്തികം കുറയും എന്നേയുള്ളൂ. വിപ്ലവകാരിയായ ആ ധീരന് സാമ്പത്തികം വലിയ കാര്യമായിരിക്കില്ലെന്നുറപ്പാണ്.
സുഹൃത്തിനെ കൂട്ടി അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്നു.   ഹൃദ്യമായ സ്വീകരണം.  നേരെ വിഷയത്തിലേക്ക് കടന്നു.   സാഹിബ് സശ്രദ്ധം എല്ലാം കേട്ടു.
 "ശുഐബിന്‍റെ കാര്യം നിങ്ങള്‍ക്കറിയാമല്ലോ."    സാഹിബ് പറഞ്ഞു തുടങ്ങി.   "അവന്‍ എന്‍റെ മൂന്നാമത്തെ അനിയനാണ്. ഒരു പാട് പഠിച്ചെങ്കിലും കാര്യമായ പണിയൊന്നും ഇതുവരെ ആയില്ല. മാത്രമല്ല തറവാട് വീട് അവന് താഴെയുള്ള സലീമിനുള്ളതാണെന്നും അറിയാമല്ലോ. അപ്പോള്‍ പിന്നെ അവന്‍ ഒരു വീട് വെക്കുകയോ ജോലിക്ക് കയറുകയോ ചെയ്യേണ്ടി വരുമ്പോള്‍ എന്ത് ചെയ്യാനാണ്. കുട്ടികളുടെ ഭാവി നമുക്ക് നോക്കാതിരിക്കാന്‍ പറ്റുമോ? നിങ്ങളുടെ സാമ്പത്തിക സ്ഥിതി എനിക്കറിയാം. അപ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതും ഒരു സ്തീധനരഹിത വിവാഹമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എന്‍റെ പ്രസംഗങ്ങള്‍ കേള്‍ക്കാറില്ലേ. ഞാനും ആ കണ്ണില്‍ ചോരയില്ലാത്ത ഏര്‍പ്പാടിന്നെതിരാണ്. അതുകൊണ്ട് ഞങ്ങളായിട്ടൊന്നും പറയുകയോ ആവശ്യപ്പെടുകയോ ഇല്ല. നിശ്ചയവും നിക്കാഹും എല്ലാം മാതൃകാ പരമായിരിക്കുകയും വേണം. പക്ഷെ ഞാന്‍ മുമ്പേ സൂചിപ്പിച്ച കാര്യം ഓര്‍മയില്‍ വേണം താനും."
അതെന്തു കാര്യം. ഞാന്‍ സുഹൃത്തിന്‍റെ കണ്ണിലേക്ക് നോക്കി.
അതാണ്‌ ഞാന്‍ പറഞ്ഞു വെച്ചത്. സാഹിബ് തുടര്‍ന്നു.
"ശുഐബിനു ഒരു വീട് വെക്കേണ്ടി വരികയോ, കോളേജില്‍ ജോലിക്ക് കയറേണ്ടി വരികയോ ചെയ്യുമ്പോള്‍   ഊര്തെണ്ടി യാചിക്കേണ്ടി വരരുത്. അതിനു വേണ്ടത് വധു കൊണ്ട് വരണം. ഞങ്ങള്‍ ഒന്നും ചോദിക്കുകയോ പറയുകയോ ഇല്ല. അങ്ങനെയാണെങ്കില്‍ നാളെ വൈകുന്നേരം ശുഐബ്‌ അവളെ കാണാന്‍ വരും. പിന്നെ ഞങ്ങളുടെ കുടുംബത്തിനും ഞങ്ങള്‍ക്കും സമൂഹത്തിലുള്ള നിലയും വിലയും അറിയാമല്ലോ. നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ നമുക്ക് മുന്നോട്ട് പോകാം. അല്ലെങ്കില്‍ സംസാരം ഇവിടെ വെച്ചവസാനിപ്പിക്കാം. ഈ ചര്‍ച്ച നമുക്ക് മറക്കുകയും ആവാം. എന്ത് പറയുന്നു?"



വാല്‍ക്കഷ്ണം
'ശുനകപുത്രാ' എന്ന് പണ്ഡിതന്‍ വിളിക്കുന്നു. '.......ന്‍റെ മോനേ' എന്ന് സാധാരണക്കാരനും.   ഒരു നാണയം, ഇരുവശം!   അതിനിടയില്‍ നല്ലതേത്, കെട്ടതേത്, ആവോ!   ആര്‍ക്കറിയാം.

13 comments:

Rejeesh Sanathanan said...

ഇതിനെ ഇരട്ട വ്യക്തിത്വം എന്ന് പറയാമോ അതോ കപട വ്യക്തിത്വമെന്നൊ?......

jayanEvoor said...

“ശുനകപുത്രാ' എന്ന് പണ്ഡിതന്‍ വിളിക്കുന്നു. '.......ന്‍റെ മോനേ' എന്ന് സാധാരണക്കാരനും!”

ഇത്തരം ആദർശധീരന്മാരെ നമുക്ക് ഇനി ശുനകപുത്രന്മാരെന്നു വിളീക്കാം!

കൂതറHashimܓ said...

കൂതറ ഹംക്ക് സാഹിബ്‌, അയാളെ വെടി വെച്ച് കൊല്ലണം,
സ്വന്തമായി നന്നാവാന്‍ വയ്യ എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കാന്‍ നടക്കുന്നു, ഇയാളുടെ ഇരട്ടത്താപ്പ് പൊതു ജനങ്ങളിലേക്ക് എത്തിക്കണം, പേരും നാടും ഉള്‍പടെ. ഇങ്ങനെ ഉള്ളവരെ ഒക്കെ എന്തിനാ ബഹുമാനിക്കുന്നെ, കൂതറകള്‍
അയാളുടെ ചെള്ളക്കിട്ട് എട്ടണ്ണം പൊട്ടിക്കായിരുന്നു

Manoraj said...

കഥ കൊള്ളാം.. ഉപദേശിക്കാൻ വരുന്നവരൊന്നും സ്വയം നന്നാവില്ല.. ...ന്റെ മോനെ എന്ന് തന്നെ വിളിക്കാം

ഹംസ said...

കൂതറ പറഞ്ഞപോലെ ചെള്ളക്കിട്ടു പെട്ടിക്കുകയാണ് എങ്കില്‍ കുറെ ശുനകപുത്രന്മാരെ പൊട്ടിക്കേണ്ടിവരും “ആദര്‍ശധീരന്‍“മാര്‍ കുറെയുണ്ടല്ലോ നമ്മുടെ നാട്ടില്‍ !!

മൻസൂർ അബ്ദു ചെറുവാടി said...

ചില കാര്യങ്ങള്‍ ഇങ്ങിനെയും ഡീല്‍ ചെയ്യാം. പറയാതെ പറയുന്ന രീതി.
സാഹിബ് നമ്മുടെ നാട്ടുകാരനല്ലെന്നു ഉറപ്പാണ്. അല്ലെ ശുക്കൂര്‍?

TPShukooR said...

മന്‍സൂര്‍ ബായ്, നാട്ടുകാരനല്ല എന്നത് ഉറപ്പാണ്. കൂതറ, ഹംസ... ചെള്ളക്ക് പൊട്ടിച്ചോളൂ... നിങ്ങള്‍ തോല്‍ക്കുകയാണെങ്കില്‍ ഞാന്‍ വരാം. മാറുന്ന മലയാളീ, ഇത് തന്നെയാണ് മാറുന്ന മലയാളി. മനോജ്‌ രാജ്, ഉപദേശികളെല്ലാം ആദ്യം സ്വയം ഒന്ന് ഉപദേശിച്ചിരുന്നെങ്കില്‍. ജയന്‍ ഏവൂര്‍, താങ്കള്‍ക്കു ഇഷ്ടമുള്ളത് പോലെ വിളിച്ചോളൂ....

എല്ലാവര്‍ക്കും നന്ദി.

പട്ടേപ്പാടം റാംജി said...

സ്വന്തം കാര്യം വരുമ്പോഴാണ് ഒരു മനുഷ്യന്റെ തനിനിറം പുറത്ത്‌ വരുന്നത്.

Sidheek Thozhiyoor said...

ആഹാ , ഈ സാഹിബു അവിടെയും ഉണ്ടോ? ഇത്തരം കൊഞാട്ടകളെ...വെച്ചിരിക്കരുത്...ഇരട്ട നാക്കുള്ള മനുഷ്യന്മാര്‍.....ന്‍റെ മക്കള്‍.

ഒരു നുറുങ്ങ് said...

നാട് നിറയെ ഫിത്ന നിറക്കുന്ന ഇവന്മാരെ മുക്കാലിയില്‍ കെട്ടിയിടൂ..
കുറച്ച് വെയില്‍ കായട്ടെ,അവരെ പഷ്ണിക്കിട്ടാല്‍ മതി,ചെള്ളക്ക്
പൊട്ടിക്കൊന്നും വേണ്ട !! മൂക്ക് മുട്ടെ തട്ട്ണേന്‍റെ സൂക്കേടാ ഇത് !

Sahira RV said...

രാംജി, സിദ്ധീഖ്, ഹാറൂന്‍ ... എല്ലാവര്ക്കും ഒരേ അഭിപ്രായം. പങ്കുവെക്കപ്പെടുമ്പോള്‍ സമാന ചിന്താഗതിക്കാര്‍ ഒന്നിക്കുന്നു. കൂട്ടായ്മ ബോധവല്‍കരണത്തിലേക്കും നയിക്കുന്നു.

Anonymous said...

അയ്യെ ഇതെന്തൊരു മുസ്ല്യാരാ... സ്വന്തം കാര്യം വന്നപ്പോൾ മട്ടു മാറിയല്ലെ ... ഇയാളെ തല്ലി ആ കൈ വെറുതെ ചീത്തയാക്കണ്ട.. ആദർശ ധീരൻ തന്നെ സ്വന്തം കാര്യത്തിൽ ..

പാവത്താൻ said...

പ്രവര്‍ത്തിയിലേക്കെത്താത്ത വാക്കുകള്‍ ഷണ്ഢന്റെ കാമം പോലെ നിഷ്ഫലമാകുന്നു....

The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം