" കബളിപ്പിക്കപ്പെട്ട ഒരു സുഹൃത്തിന്‍റെ അനുഭവം എന്‍റെ കഥാ പരീക്ഷണത്തിലൂടെ ........ "
ട്രെയിന്‍ ചെന്നൈ സ്റ്റേഷനോടടുക്കുന്നു. തലേന്നാള്‍ വൈകുന്നേരം കോഴിക്കോട് നിന്ന് കയറിയതാണ്. ഉറക്കക്ഷീണമുണ്ട്. രാവിലെ 9 മണിക്ക് തന്നെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തണം.
എവിടെയെല്ലാം പോകാനുണ്ട്. എന്തെല്ലാം ചെയ്തു തീര്‍ക്കാനുണ്ട്! അതിനിടയിലാണ് ഒരു ചെന്നൈ യാത്ര. രണ്ടാഴ്ചത്തെ ലീവിനാണ് ദുബായില്‍ നിന്നും വന്നത്. ഈ യാത്ര ഒഴിച്ച് കൂടാന്‍ പറ്റാത്തതായിരുന്നു. അല്ലെങ്കിലും പ്രവാസികള്‍ എവിടെയും കഠിനാദ്ധ്വാനം ചെയ്യാന്‍ വിധിക്കപ്പെട്ടവരാണല്ലോ. ഒരു കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍ ആയിട്ടും ഇപ്പോഴും ജീവിതം തുലാസിലാണ്. ജോലിയില്‍ നിന്നും എപ്പോഴും പിരിച്ചു വിടാവുന്ന അവസ്ഥ. എഞ്ചിനീയറിംഗ് ഡിഗ്രിയും സിസ്കോയുടെ സി സി എന്‍ എ യും അഞ്ചെട്ടു വര്‍ഷത്തെ പരിചയവുമുണ്ടായിട്ടും തലക്കു മുകളില്‍ ഒരു വാള്‍ തൂങ്ങുന്നത് പോലെ ഒരു അരക്ഷിതബോധമാണ്. കൂടുതല്‍ യോഗ്യതകളും സര്‍ട്ടിഫിക്കറ്റുകളും ഏതു വിധേനയും നേടിയെടുത്ത് സുരക്ഷിതരാവാനുള്ള നെട്ടോട്ടത്തിലാണ് സഹപ്രവര്‍ത്തകരെല്ലാം. പലരുടെയും പേരുകളില്‍ ചുവന്ന മഷി വീഴുകയും ചെയ്തിട്ടുണ്ട്. വര്‍ഷത്തില്‍ എപ്പോഴെങ്കിലുമൊരിക്കല്‍ ദുബൈയിലെ ചുടുമണല്‍ക്കാറ്റിനെ കുളിരണിയിച്ച് പെയ്ത് പോകുന്ന മഴയെപ്പോലെയാണ് പ്രവാസിക്ക് കിട്ടുന്ന അവധിയും. 'പരോള്‍' എന്ന് പറയുന്നതാവും കൂടുതല്‍ ഭംഗി. ഒരു വര്‍ഷം മുഴുവന്‍ രാപകല്‍ നീളുന്ന കഠിനാദ്ധ്വാനം ചെയ്തതിനു ശേഷം രണ്ടാഴ്ചക്കാലമാണ് കനിഞ്ഞു കിട്ടിയ അവധി. എന്നും ഒരു ലഹരിയായി മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന മഴക്കാലമായിട്ടു പോലും മഴ പകര്‍ന്നു തരുന്ന ദിവ്യാനുഭൂതി നുകരാന്‍ നില്‍ക്കാതെ ചെന്നൈയിലേക്ക് തന്നെ ഓടിച്ചതും ജോലി നഷ്ടപ്പെട്ടാലെന്ത് എന്ന ഉല്‍കണ്‍ഠ തന്നെയായിരുന്നുവല്ലോ.
പുലര്‍ച്ചെ അഞ്ചു മണിക്ക് തന്നെ ട്രെയിന്‍ സ്റ്റേഷനിലെത്തി. 9 മണിക്കാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തേണ്ടത്. ഹോട്ടലില്‍ ഒരു റൂം എടുത്ത് താമസിക്കാനുള്ള സമയമില്ല. എന്നാല്‍ പിന്നെ സ്റ്റേഷനില്‍ തന്നെ ഇരുന്നു കളയാം. ബാത്ത്‌റൂമില്‍ കയറി അത്യാവശ്യങ്ങളെല്ലാം നിര്‍വഹിച്ച ശേഷം ഒരു ചായയും കുടിച്ച് സ്റ്റേഷനിലെ സ്റ്റാളില്‍ നിന്ന് അന്നത്തെ പത്രവും വാങ്ങി ഒഴിഞ്ഞ ഒരു ബെഞ്ചില്‍ ചെന്നിരുന്നു.
"ഗുഡ് മോര്‍ണിംഗ്". പത്രവായനയില്‍ മുഴുകിയിരുന്നപ്പോഴാണ് അറബി ഉച്ചാരണത്തില്‍ ഒരു ഗുഡ് മോര്‍ണിംഗ് കേള്‍ക്കുന്നത്. ആദ്യം മുഖമുയര്‍ത്താതെ മറുപടി പറഞ്ഞു. പെട്ടെന്ന് തന്നെ താന്‍ ദുബായിലല്ലല്ലോ എന്ന ബോധമുണ്ടായി. ആരാണിവിടെ അറബി ഉച്ചാരണത്തില്‍! മുഖമുയര്‍ത്തി നോക്കി. ഒരു യു എ ഇ സ്വദേശിയുടെ മുഖഭാവം . കന്തൂറയല്ല, വേഷം പാന്‍റ്സും ഷര്‍ട്ടും. ചെന്നൈയിലും ഇവരോ! ഏതോ ടൂറിസ്റ്റ് ആയിരിക്കും. എന്തായാലും കുഴപ്പമില്ല. ഇവിടെ അങ്ങനെ ഏതെല്ലാം തരത്തിലുള്ള ആളുകള്‍. കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ വായനയില്‍ തന്നെ മുഴുകി.
"ലെറ്റ് മി റീഡ് വണ്‍ പേപ്പര്‍."
ഇംഗ്ലീഷ് പത്രം കണ്ടു ആഗതന്‍ ചോദിച്ചു. വേഗം തന്നെ പത്രത്തിന്‍റെ ഒരു ഉള്‍ പേജ് വലിച്ചെടുത്തു കൊടുത്തു.
മണിക്കൂറുകള്‍ കടന്നു പോയി. ട്രെയിനുകള്‍ വീണ്ടും വന്നു. ആളുകള്‍ വരികയും പോകുകയും ചിലര്‍ അവിടവിടെയായി കാത്തിരിക്കുകയും ചെയ്യുന്നു.
"വൈ ആര്‍ യു ഹിയര്‍? എ ടൂറിസ്റ്റ്?"
പത്ര വായനയില്‍ മുഴുകിയിരുന്ന അപരിചിതനോട് ഞാന്‍ ചോദിച്ചു. ഇരുന്നിരുന്നു മടുത്തു തുടങ്ങിയിരുന്നു.
"നോ." തനിക്ക് ദുബായ് ദൈരയില്‍ സ്വന്തമായി കെട്ടിടനിര്‍മാണ സാമഗ്രികളുടെ ബിസിനസ് ആണെന്നും പേര് അബ്ദുല്‍ ഖാദര്‍ എന്നാണെന്നും അയാള്‍ മറുപടി പറഞ്ഞു. ഏകദേശം മുപ്പത്തഞ്ച് - നാല്‍പത് പ്രായം തോന്നിക്കും. ഏതായാലും ദുബായിക്കാരനാണല്ലോ. വിശദമായി പരിചയപ്പെട്ടു കളയാം. യുഎ ഇ സ്വദേശികളുമായുള്ള ബന്ധം എപ്പോഴും നല്ലതാണ്. ഒന്ന് കാലിടറിയാല്‍ പിടിച്ചു നില്‍ക്കാന്‍ ചില്ലറ ബന്ധങ്ങളൊക്കെ ആവശ്യമായി വരും.
അയാള്‍ ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ്. കൂടുതല്‍ സംസാരിക്കാന്‍ താല്പര്യമില്ലാത്ത ആളാണെന്ന് തോന്നുന്നു. പെട്ടെന്ന് മറുപടി പറഞ്ഞു തീര്‍ത്തു പത്രത്തിലേക്ക് തന്നെ മുഖം പൂഴ്ത്തുന്നത് കണ്ടപ്പോള്‍ അങ്ങനെ തോന്നി. തനിക്കാണെങ്കില്‍ ഇനിയും മണിക്കൂറുകള്‍ കഴിയണം.
"ഇവിടെ ബിസിനസ് ആവശ്യത്തിനാണോ വന്നത്?"
ഞാന്‍ വിടാന്‍ ഭാവമുണ്ടായിരുന്നില്ല. അത് മനസിലാക്കിയ അയാള്‍ പത്രം മടക്കി എന്‍റെ കയില്‍ തന്നു. താന്‍ കൊച്ചിയില്‍ നിന്നാണ് വരുന്നതെന്നും ഈറോഡ് വരെ പോകേണ്ട കാര്യമുണ്ടായിരുന്നെന്നും ഡല്‍ഹിക്ക് പോകാന്‍ വേണ്ടി ചെന്നൈയില്‍ വന്നതാണെന്നും അയാള്‍ കൂടുതല്‍ താല്‍പര്യം കാണിക്കാതെ പറഞ്ഞു.
അയാള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ദുബൈയിലെ ബിസിനസിനെക്കുറിച്ചും കേരളത്തിലേക്കുള്ള ആഗമനോദ്ദേവുമെല്ലാം അന്വേഷിച്ചു. ഒരു മലയാളിയാല്‍ ചതിക്കപ്പെട്ടത്തിന്‍റെ അമ്പരപ്പിക്കുന്ന കഥയായിരുന്നു അയാള്‍ക്ക് പറയാനുണ്ടായിരുന്നത്. കൂടുതല്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ അയാള്‍ പറഞ്ഞു തുടങ്ങി.
ഒരാഴ്ച മുമ്പാണ് തിരുവനന്തപുരത്തെത്തിയത്. സഹപ്രവര്‍ത്തകനും മലയാളിയുമായ ജോര്‍ജ് മാത്യുവിന്‍റെ കൂടെ തന്‍റെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനാണ് വന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും വെച്ച് ഇന്‍റര്‍വ്യൂ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. അതോ ജോര്‍ജ് മാത്യുവിന്‍റെ തന്ത്രമായിരുന്നോ എന്നും അറിയില്ല. ഏതായാലും രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ജോര്‍ജ് മാത്യു തന്‍റെ പാസ്പോര്‍ട്ട് അടക്കമുള്ള എല്ലാ യാത്രാ രേഖകളും മറ്റു ബിസിനസ് ഡോക്യുമെന്‍റ്കളും പണവുമടങ്ങിയ ബാഗുമായി മുങ്ങിയെന്നു സങ്കടത്തോടെ അയാള്‍ പറയുന്നത് കേട്ടപ്പോള്‍ നാടും വീടും വിട്ട് എങ്ങനെയും കഷ്ടപ്പെട്ട് കഞ്ഞി കുടിച്ചു പോകുന്ന മലയാളികളെ മൊത്തത്തില്‍ വഞ്ചകരാക്കുന്ന ഏഴാം കൂലികളോട് കടുത്ത അമര്‍ഷം തോന്നി. പാസ്പോര്‍ട്ടും രേഖകളുമില്ലാതെ അന്യ രാജ്യത്ത് ഒറ്റപ്പെട്ട അയാളോട് അനുകമ്പയും തോന്നി. ജോര്‍ജ് മാത്യുവിന്‍റെ ഒരു പാസ്പോര്‍ട്ട് കോപ്പി അബദ്ധത്തില്‍ അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു. അത് വെച്ച് ഒരു അന്വേഷണം നടത്തിയെങ്കിലും കൊച്ചിയിലെ ആ അഡ്രസ്സില്‍ അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ല. ഏതായാലും പോലീസില്‍ ഒരു കംപ്ലേന്‍റ് കൊടുത്തു. അന്വേഷണത്തില്‍ ഈറോഡ് സ്വദേശിയാണ് ജോര്‍ജ് മാത്യുവെന്നു മനസിലായി. അങ്ങനെ ഈറോഡ് പോയി നിരാശനായാണ് അയാള്‍ ചെന്നൈയില്‍ എത്തിയത്. തിരിച്ചു ദുബായിലേക്ക് പോകണമെങ്കില്‍ ഡല്‍ഹിയിലെ യു എ ഇ എംബസിയില്‍ പോയി തീര്‍പ്പുണ്ടാക്കാന്‍ പോലീസ് സ്റ്റേഷനില്‍ നിന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഡല്‍ഹിക്കുള്ള ട്രെയിന്‍ കാത്തുള്ള ഇരിപ്പാണ്. ഇനി എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല. അവിടെ ചെന്നാല്‍ അറിയാം ബാക്കി കാര്യങ്ങള്‍. പണം മുഴുവന്‍ ബാഗിലായിരുന്നു. അയാള്‍ പറഞ്ഞു.
പോക്കറ്റില്‍ ബാക്കിയായ കുറച്ചു പണം മാത്രമേ ഇനിയുള്ളൂ. ഡല്‍ഹിയിലെത്താനും ഭക്ഷണം കഴിക്കാനും അത് തികയില്ലെന്ന് വ്യക്തമാണ്. അയാള്‍ ഇത്രയും പറഞ്ഞത് താന്‍ പ്രോത്സാഹിപ്പിച്ചത് കൊണ്ട് മാത്രമാണ്. ഞാന്‍ താമസിക്കുന്ന രാജ്യക്കാരനുമാണ്. നാളെ ഇങ്ങനെയൊരു അനുഭവം എനിക്കവിടെ വെച്ചുണ്ടായാലോ. എന്നിലെ മനുഷ്യസ്നേഹി ഉണര്‍ന്നെഴുന്നേറ്റു. എന്‍റെ കയില്‍ കുറച്ചു പണമുണ്ട്. അത്യാവശ്യ ചെലവിനുള്ള ഒരു അയ്യായിരം രൂപ ഞാന്‍ തരാം. യു എ ഇയില്‍ എത്തിയിട്ട് തന്നാല്‍ മതി. ഞാന്‍ പറഞ്ഞു. പക്ഷെ അയാളത് നിരസിച്ചു. ഇപ്പോള്‍ വേണ്ടെന്നും സഹായിക്കാന്‍ തോന്നിയതിനു നന്ദിയുണ്ടെന്നും അയാള്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ ബുദ്ധിമുട്ടിന്‍റെ സമയത്ത് പോലും യു എ ഇ സ്വദേശികള്‍ കാണിക്കുന്ന അഭിമാനബോധത്തോടു ബഹുമാനം തോന്നി. നിര്‍ബന്ധിച്ച് പണം അയാളെ ഏല്‍പ്പിച്ചു. അയാളുടെ യു എ ഇ യിലെ നമ്പര്‍ വാങ്ങി എന്‍റെ ദുബായിലെ നമ്പറും അയാള്‍ക്ക് കൊടുത്തു. ഒരു പാട് നന്ദി പറഞ്ഞ് അയാള്‍ യാത്രയായപ്പോള്‍ ഒരു മനുഷ്യനെ വലിയ ബുദ്ധിമുട്ടില്‍ സഹായിച്ച ആത്മ നിര്‍വൃതിയായിരുന്നു മനസ്സില്‍. ജോര്‍ജ് മാത്യുവിനെപ്പോലെ ഉളുപ്പില്ലായ്മ കാണിക്കുന്നവര്‍ മാത്രമല്ല മലയാളികള്‍ എന്ന് വിദേശികള്‍ മനസിലാക്കട്ടെ.
ഏതായാലും സംഭവം കഴിഞ്ഞു ഇപ്പോള്‍ ഒരു വര്‍ഷത്തോളമാവുന്നു. ദുബായില്‍ തിരിച്ചെത്തിയതിനു ശേഷം പല തവണ ആ നമ്പരില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അങ്ങനെയൊരു നമ്പര്‍ നിലവിലില്ലെന്നാണ് കിളിനാദം. നമ്പര്‍ മാറിയതോ നഷ്ടപ്പെട്ടതോ ആണെങ്കില്‍ ഇങ്ങോട്ടൊരു വിളി വരേണ്ടേ. അതും ഉണ്ടായില്ല. അയാളുടെ പെരുമാറ്റത്തിലോ സംസാരത്തിലോ യാതൊരു സംശയവും തോന്നാത്തത് കൊണ്ട് അയാളുടെ ബിസിനസ് സ്ഥാപനത്തിന്‍റെ പേരോ വിവരങ്ങളോ ചോദിച്ചറിഞ്ഞിരുന്നില്ല. ഞാന്‍ തന്നെ നിര്‍ബന്ധിച്ചു പണം അയാളെ എല്പ്പിക്കുകയായിരുന്നല്ലോ.
"മനസിന്‍ കണ്ണാടി മുഖമെന്ന് പഴമൊഴി, മനസിനെ മറക്കുന്നു മുഖമെന്ന് പുതു മൊഴി....." ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ഓര്‍ത്തു പോയി.
13 comments:
" കബളിപ്പിക്കപ്പെട്ട ഒരു സുഹൃത്തിന്‍റെ അനുഭവം എന്‍റെ കഥാ പരീക്ഷണത്തിലൂടെ ....
ഒരു സംഭവ കഥയുടെ തനിമ നഷ്ടപ്പെടാതെ വളരെ ലളിതമായി അവതരിപ്പിച്ചു. ശുദ്ധമനസ്സുകള്‍ക്ക് സാധാരണ സംഭവിക്കാവുന്ന വേദനകള്‍ തന്നെ ഇവിടെയും ദുബായ്ക്കാരനില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു.
ആശംസകള്‍.
"മനസിന്‍ കണ്ണാടി മുഖമെന്ന് പഴമൊഴി, മനസിനെ മറക്കുന്നു മുഖമെന്ന് പുതു മൊഴി....."
കഥ നന്നായി... കവിതകളും... ആയിരമായിരം ആശംസകള്‍....
അപ്പോ ആ രണ്ടാളും.....!!
കൂതറകള്‍
I think its not your real story, is it?
Anyway good story, I feel little funny. If its your orginal story no need to worry about your money, oneday he will return it to you, Insha Alla
keep good working
അഷ്‌റഫ്, ഇതു എന്‍റെ ഒരു സുഹൃത്തിന്‍റെ അനുഭവം ഞാന്‍ ഒരു കഥയാക്കി അവതരിപ്പിച്ചതാണ്. ഷാഹിര്‍, റ്റോംസ് ,കൂതറ, രാംജി, karulayam, പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.
രസായിട്ടുണ്ട് ഷുക്കൂറെ അവതരണം. ആശംസകള്‍.
അവതരണം നന്നായി.. പ്രമേയവും..
നന്നായിട്ടുണ്ട്
രസായിട്ടുണ്ട്.അവതരണം നന്നായി
കബളിക്കപ്പെട്ടു എന്ന് ഉറപ്പു പറയാന്‍ ഒക്കുമോ
നല്ല രീതിയില്‍ അവതരിപ്പിച്ചു ....അവര്‍ രണ്ടാളും ഇനി ഒന്നയിരിക്കുമോ ???..
Post a Comment