'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

28 August 2011

അവരെ തൂക്കിക്കൊല്ലരുതെന്ന്....

          ശനിയാഴ്ചത്തെ 'ദി ഹിന്ദു' പത്രത്തില്‍ Don't hang them എന്ന തലക്കെട്ടില്‍  പ്രസിദ്ധീകരിച്ച മുഖപ്രസംഗം എനിക്ക് മനസ്സിലായ രീതിയില്‍ ഇവിടെ മലയാളത്തില്‍ കൊടുക്കുന്നു. തൂക്കിക്കൊല്ലല്‍ എന്ന ശിക്ഷാ രീതി കാലഹരണപ്പെട്ടു പോയോ എന്ന ചര്ച്ചയിലേക്കെത്താനുള്ള ഒരു പ്രചോദനമായി തോന്നിയത് കൊണ്ടാണ്  ഇവിടെ കൊടുക്കുന്നത്

          1991 ലെ രാജീവ്ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന്  കുറ്റം ചുമത്തപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നീ മൂന്നു പേരെ തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ചിരിക്കുന്നു. സെപ്റ്റംബര്‍ 9 ആണ് വധ ശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ നിശ്ചയിച്ച തിയ്യതി. പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ സമര്‍പ്പിച്ച ശിക്ഷ ഇളവു ചെയ്യാനുള്ള ദയാഹരജി രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീല്‍ ഈ മാസം ആദ്യവാരത്തില്‍ തള്ളിക്കളയുകയും കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇക്കാര്യം തമിഴ്നാട് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ മൂന്നു പേരില്‍ മുരുകനും ശാന്തനും ശ്രീലങ്കന്‍ തമിഴരാണ്. വധം ആസൂത്രണം ചെയ്തു നടപ്പാക്കിയ എല്‍.ടി.ടി.ഇയുടെ പ്രധാന അംഗങ്ങളായ ഇവരാണ് ഓപ്പറേഷന് വേണ്ടി പ്രധാന സന്ദേശങ്ങള്‍ കൈമാറിയിരുന്നതും  ആവശ്യമായ പണം  എത്തിച്ചിരുന്നതും. മനുഷ്യബോംബായി പൊട്ടിത്തെറിച്ച  ധനു ധരിച്ചിരുന്ന ബെല്‍റ്റ്‌ ബോംബിലുപയോഗിച്ച ബാറ്ററി സെല്ലുകള്‍ വാങ്ങിയെന്ന കുറ്റമാണ് ഇന്ത്യക്കാരനായ പേരറിവാളന്റെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. കൊലയാളിസംഘം ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ നേതൃത്വവുമായി ബന്ധപ്പെടുന്നതിനുപയോഗിച്ച വയര്‍ലെസ്സ് സെറ്റിന്റെ ബാറ്ററി വാങ്ങിയെന്ന കുറ്റവും ഇയാളുടെ പേരില്‍ത്തന്നെയാണ്. കൊലക്കുറ്റവും ഗൂഡാലോചനയും ചുമത്തി ഈ മൂന്നു പേര്‍ക്കും പിന്നെ നളിനി എന്ന സ്ത്രീക്കും അന്ന് വധശിക്ഷ വിധിച്ചിരുന്നെങ്കിലും 2000 ല്‍ നളിനിയെ വധശിക്ഷയില്‍ നിന്നൊഴിവാക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അന്ന് മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തന്റെ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തിവരവേ അപ്രതീക്ഷിതമായി കൊല്ലപ്പെട്ടത് രാജ്യത്തെ പിടിച്ചു കുലുക്കി. മാസങ്ങള്‍ കൊണ്ട് ആസൂത്രണം ചെയ്ത് ബീഭത്സമായി നടപ്പാക്കിയ ഈ പൈശാചികകൃത്യം ഏറ്റവും കര്‍ക്കശമായതും എന്നാല്‍ പരിഷ്കൃതരീതിയിലുള്ളതുമായ ശിക്ഷയര്‍ഹിക്കുന്നു. പക്ഷെ വധശിക്ഷയാകട്ടെ, ആധുനിക നീതിന്യായ വ്യവസ്ഥയില്‍ സ്ഥാനമില്ലാത്തതും മധ്യകാലത്തെ രക്തദാഹത്തിലൂന്നിയ ശിക്ഷാരീതിയിലേക്കുള്ള ഒരു തിരിച്ചുപോക്കുമായിരിക്കും. നിയമം അനുവദിച്ചിട്ടുള്ളതാണെന്ന ഒറ്റക്കാരണം ഒരു വ്യക്തിയുടെ ജീവനെടുക്കുക എന്ന ക്രൂരകൃത്യത്തിന്റെ  കാഠിന്യം കുറക്കുന്നില്ല. വ്യക്തിയോ സ്ഥലമോ സാഹചര്യമോ വ്യത്യാസമില്ലാതെ 'ദി ഹിന്ദു' പതിറ്റാണ്ടുകളായെടുത്ത നിലപാട് ഇന്ത്യ വധശിക്ഷ റദ്ദാക്കണം എന്ന് തന്നെയാണ്. അത് പോലെ രാജീവ് ഗാന്ധി വധക്കേസ് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തം തടവ്‌ യാതൊരു ഇളവും അനുവദിക്കാതെ തന്നെ നല്‍കേണ്ടതുമാണ്‌.    

          ലോകത്ത് മരണശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്ന താല്‍പര്യം  ഒരുപാട്  രാജ്യങ്ങള്‍ മുന്നോട്ടു വെക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് വരെ 94 രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുത്തു കഴിഞ്ഞു. അത് പോലെ 34 രാജ്യങ്ങള്‍ ഔദ്യോഗികവും അനൌദ്യോഗികവുമായി മൊറട്ടോറിയം പ്രഖ്യാപിച്ച് വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നു. വര്‍ഷാവര്‍ഷം ധാരാളം വധശിക്ഷാവിധികള്‍ വായിച്ച് കുറ്റവാളികളെ പേടിപ്പിക്കാറുണ്ടെങ്കിലും 2004 മുതല്‍ ഇന്ത്യയും ഒറ്റ വധവും ഔദ്യോഗികമായി നടപ്പാക്കിയിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി മരവിപ്പിച്ചു നിര്‍ത്തിയ വധശിക്ഷ പെട്ടെന്ന് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ആവേശം യാദൃശ്ചികമാവാന്‍ വഴിയില്ല. എന്നാലും കുറ്റവാളികളായ ഏതാനും ജയില്‍പുള്ളികളെ തൂക്കിക്കൊന്നിട്ട് രാജ്യത്തെ ജനമനസ്സുകളിലേക്ക് തിരിച്ചു ചേക്കേറാമെന്നൊന്നും യു.പി.എ മോഹിക്കേണ്ടതില്ല. വെല്ലൂര്‍ ജയിലിലെ മരണനിരയില്‍ ഊഴം കാത്തിരിക്കുന്ന ഏതാനും എല്‍.ടി.ടി.ഇക്കാരുടെ കേസിലൂടെ അവരുടെ കുറ്റത്തിനര്‍ഹമായ ശിക്ഷക്ക് യാതൊരു ദാക്ഷീണ്യവും നല്‍കാതെ തന്നെ  മരണശിക്ഷ രാജ്യത്ത് നിന്ന് എന്നെന്നേക്കുമായി തുടച്ചു നീക്കാനുള്ള ഒരു അവസരമാണ് കൈ വന്നിരിക്കുന്നത്. സര്‍ക്കാര്‍ ഈയവസരം മുതലെടുത്ത്‌ അവരുടെ മരണശിക്ഷ ജീവിതകാലം മുഴുക്കെ തടവ്‌ ശിക്ഷയാക്കി  കുറച്ചു കൊടുക്കുകയും ഈ ഇളവ് മറ്റെല്ലാ മരണം കാത്ത് കഴിയുന്ന പുള്ളികള്‍ക്കും അനുവദിച്ചു കൊടുക്കുകയും വേണം.   

51 comments:

TPShukooR said...

ഇനി നിങ്ങള്ക്ക് പറയാം. വധശിക്ഷ കാലഹരണപ്പെട്ടോ? അതോ കുറ്റ കൃത്യങ്ങള്‍ കുറയണമെങ്കില്‍ ഇത്തരം ശിക്ഷകള്‍ ആവശ്യമാണോ?

Mohamedkutty മുഹമ്മദുകുട്ടി said...

ആരും അഭിപ്രായം പറഞ്ഞു കണ്ടില്ല. ഞാന്‍ തന്നെ ആദ്യം പറയാം. കൊല്ലുന്നതിനേക്കാള്‍ നല്ലത് കൊല്ലാതെ കൊല്ലുന്ന ജീവ പര്യന്തമാണ്. അതു മറ്റുള്ളവര്‍ക്കൊരു പാഠവുമാവും. കാരണം മനസ്സു നീറി ജീവിക്കുന്നതാവും ഏറ്റവും വലിയ ശിക്ഷ!. ചെയ്ത കുറ്റത്തെപ്പറ്റി പശ്ചാത്തപിക്കാനും അതു വഴിയൊരുക്കും. ജയിലില്‍ തന്നെ കഴിയുന്നതിനാല്‍ ആര്‍ക്കും ശല്യവുമില്ല. തീറ്റിപ്പോറ്റാനുള്ള ചിലവ് സര്‍ക്കാര്‍(നമ്മള്‍) സഹിക്കണമെനൂ മാത്രം!

Sabu Hariharan said...

Long time imprisonment, community service - those are better. But in today's world where people roam around with political-money-muscle power (as paroles and using loop holes in rules with the help of corrupt officers) death penalty is the only choice. More good people deserve to live here to make this world a good place. Why we should keep them in prison in good people's expense?!

keraladasanunni said...

വധശിക്ഷ പ്രാകൃതമായ ഒന്നാണ്. കുറ്റവാളിക്ക് താന്‍ ചെയ്ത തെറ്റിനെക്കുറിച്ച് എന്നെന്നും 
ഓര്‍ക്കാനായി ജീവപര്യന്തം ഏകാന്ത തടവ് ( അക്ഷരാര്‍ത്ഥത്തില്‍ തന്നെയുള്ളത് ) നല്‍കണം. സുഖ സമൃദ്ധിയോടെയുള്ള ജയില്‍ ജീവിതം 
ആവുകയുമരുത്.

കൊമ്പന്‍ said...

വധ ശിക്ഷയോടു എനിക്കും യോജിപ്പില്ല അതിനു സമാനമായ ജീവപര്യന്ത്യം ശിക്ഷ നല്‍കിയാല്‍ തന്നെ ധാരാളം ആണ്

മൻസൂർ അബ്ദു ചെറുവാടി said...

വധ ശിക്ഷ ഒഴിവാക്കണം എന്ന് തന്നെയാണ് എന്‍റെയും അഭിപ്രായം.
ചില തെറ്റുകള്‍ക്ക് വധ ശിക്ഷ വിധിക്കുന്നത് കുറ്റവാളിയോടുള്ള ദയ പോലെ തോന്നും. കാരണം പെട്ടൊന്ന് ഒരു മരണത്തിലൂടെ തീരരുത് അവര്‍ക്കുള്ള ശിഖ. നരകിച്ചു നരകിച്ചു തീരണം. എന്നാലെ മനസ്സിലാവൂ.
പിന്നെ മാനുഷിക വശം. അത് വെച്ച നോക്കിയാലും എനിക്ക് വധ ശിക്ഷയോടു വിയോജിപ്പ് തന്നെ.
ലേഖനം നന്നായി ഷുക്കൂര്‍

രമേശ്‌ അരൂര്‍ said...
This comment has been removed by the author.
രമേശ്‌ അരൂര്‍ said...

വധ ശിക്ഷ പ്രാകൃതമാണ്..ഇന്ത്യയില്‍ ഇങ്ങനെ ഒരു ശിക്ഷ നടപ്പാക്കിയിട്ടു തന്നെ വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .വധ ശിക്ഷ വിധിക്കാഞ്ഞിട്ടല്ല ,ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പുള്ള അവസാന നടപടിക്രമങ്ങളും ,ശിക്ഷയില്‍ നിന്നൊഴിവാകാന്‍ നിയമം വീണ്ടും പ്രതികള്‍ക്ക് നല്കുന്ന അവസരവും ,നടപടികള്‍ പൂര്‍ത്തിയായിട്ടും ശിക്ഷ നടപ്പാക്കുന്ന ആരാച്ചാര്‍മാരുടെ അഭാവവവും ഒക്കെയാണ് കാലതാമസം ഉണ്ടാക്കുന്ന ഘടകങ്ങള്‍ . രാജ്യ ദ്രോഹം ,കൂട്ടക്കൊല ,മൃഗീയമായ കുറ്റകൃത്യങ്ങള്‍ ,തുടങ്ങിയവയില്‍ ഏര്‍പ്പെടുന്ന പ്രതികളെ ചില സന്ദര്‍ഭത്തില്‍ കൊന്നു കളയണം എന്ന് പൊതു സമൂഹം തന്നെ ആഗ്രഹിക്കാറുണ്ട് . നമ്മുടെ ജയിലുകളും ,സാമൂഹിക പരിസരങ്ങളും ഒക്കെ പൊതുവേ കുറ്റവാളികളെ മാനസാന്തരപ്പെടുത്താന്‍ ഉപയുക്തമായ സാഹചര്യത്തിളല്ല ഉള്ളത് . അതൊരു വെല്ലുവിളി തന്നെയാണ് .പക്ഷെ വധശിക്ഷ നല്‍കി അത് പരിഹരിക്കാന്‍ പറ്റില്ല .നിയമ പരിപാലനം കര്‍ക്കശമാക്കി യും ചുറ്റുപാടുകള്‍ പര്യാപ്തമാക്കിയും കുറ്റവാളികളെ നേര്‍വഴിക്കു നടത്താന്‍ കഴിയണം ..

SHAJI THIKKODI said...

വധ ശിക്ഷ നടപ്പാക്കുന്നതിനോട് പൂര്‍ണ്ണമായും വിയോജിക്കാന്‍ പറ്റില്ല. കൊലപതകതിന്നു വധശിക്ഷ തന്നെയാണ് നല്ല ശിക്ഷ. ശിക്ഷ കടിനമാക്കുകതന്നെയാണ് കുറ്റകൃത്യങ്ങള്‍ കുറക്കാനുള്ള നല്ല മാര്‍ഗം. പക്ഷെ അതിങ്ങനെ പത്തും ഇരുപതും വര്ഷം ജയിലില്‍ ഇട്ടതിനുശേഷമാകരുതെന്നു മാത്രം. കുറ്റവാളിയാണെന്ന് കണ്ടാല്‍ എത്രയും പെട്ടന്ന് ശിക്ഷ നടപ്പാക്കുകയാണ് വേണ്ടത്. സൗദി പോലുള്ള ഇസ്ലാമികരാഷ്ട്രങ്ങളില്‍ കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ഗണ്യമായി കുറയാനുള്ള കാരണം ഇത്തരം കുട്ടവാളികലോടുള്ള സമീപനം കൊണ്ടാണ് .

ഋതുസഞ്ജന said...

വധ ശിക്ഷ ഒഴിവാക്കണം എന്ന് തന്നെയാണ് എന്‍റെയും അഭിപ്രായം.

ആളവന്‍താന്‍ said...

വധശിക്ഷ എന്നത് ഇപ്പോള്‍ വെറും ഒരു ഉമ്മാക്കി ആണെന്ന് മിക്കവാറും എല്ലാത്തരം ആളുകള്‍ക്കും അറിയാം. എന്തൊക്കെ കുറ്റം ചെയ്താലും സ്വാധീനവും പണവും കൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാം എന്ന ചിന്ത. ഒരുപക്ഷെ അതാണ്‌ ഇന്നിന്‍റെ ഏറ്റവും വലിയ പ്രശ്നം. ആളുകള്‍ക്ക് നിയമത്തെ പേടിയില്ലാതായിരിക്കുന്നു. ആ സ്ഥിതിക്ക് പേരിനെങ്കിലും നമുക്കുള്ള ഈ ഒരു 'സാധ്യത' എന്നെന്നേക്കുമായി എടുത്തുകളഞ്ഞാല്‍.... എന്തോ... യോജിക്കാന്‍ വയ്യ.

Hashiq said...

ഇന്ത്യയുടെ ഒരു മുന്‍ പ്രധാനമന്ത്രിയെ നിര്‍ദയം വധിച്ച കൊടും കുറ്റവാളികളുടെ കേസിലാണ് ഈ വാദം വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നത്.തമിഴ്നാട്ടിലെ പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രി കരുണാനിധിയും ഒരു പോലെ ആവശ്യപ്പെടുന്നു ഈ വിധി റദ്ദാക്കണമെന്ന്. എന്ത് കാര്യത്തിലും പ്രാദേശിക വികാരത്തിന് അടിമപ്പെടുന്ന അവര്‍ പറയുന്നത് നമുക്ക് മനസിലാകും. രാജ്യതാല്പര്യത്തെക്കാള്‍ സ്വന്തം നാടിന്റെ വികാരവും പ്രാദേശികമായ വോട്ടു ബാങ്കും മാത്രമാണ് പലപ്പോഴും അവരെ നിയന്ത്രിക്കുന്നത്‌. ഇന്ത്യയുടെ സമുന്നതനായ ഒരു നേതാവിനെ പ്രാദേശിക വാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരില്‍ വധിച്ച ഇവര്‍ ദയ അര്‍ഹിക്കുന്നുണ്ടോ എന്ന് രണ്ടു വട്ടം ചിന്തിക്കണം. ഒരു രാജ്യത്തെയാകെ നാല് ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ, നിരപരാധികളെ കൊന്നൊടുക്കിയ , ഇന്ത്യാ സന്ദര്‍ശനം സുരക്ഷിതമായിരിക്കില്ല എന്ന ധാരണ വിദേശികളില്‍ ജനിപ്പിച്ച അജ്മല്‍ അമീര്‍ കസബ്‌ എന്ന അന്താരാഷ്‌ട്ര ഭീകരനും നാളെ ഇതേ നീതി ആവശ്യപ്പെട്ടിട്ട് അത് അനുവദിച്ചു കൊടുത്താല്‍ , ആ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സാധാരണക്കാരോടും ഒരു നാടിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലികൊടുത്ത ജവാന്മാരോടും ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കില്ലേ അത് ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അനിവാര്യ ഘട്ടങ്ങളില്‍ വധശിക്ഷ ആവാം എന്ന് തന്നെയാണ് എന്റെ പക്ഷം. കാരണം വധശിക്ഷ എന്നത് ശിക്ഷിക്കപ്പെടുന്നവന് മാത്രമല്ല; മറ്റുല്ലവര്‍ക്കും ഒരു പാഠമായി മാറി, കുറ്റകൃത്യങ്ങളില്‍നിന്ന് അകന്നു നില്‍ക്കാനുള്ള ഒരു മനസ്ഥിതി ഉണ്ടാക്കിയെടുക്കുക എന്നതാണ്. സൗദി മോഡല്‍ തല വെട്ടലിനോട് യോജിപ്പില്ലെങ്കിലും ആ ശിക്ഷ ഒരിക്കല്‍ കണ്ടവന് ജന്മത്തില്‍ കുറ്റം ചെയ്യാന്‍ തോന്നില്ല!
വധശിക്ഷ നിര്‍ത്തലാക്കിയാല്‍ കുറ്റകൃത്യങ്ങള്‍ കൂടും എന്ന് തന്നെയാണ് എന്റെ പക്ഷം.ഇന്നത്തെ സാഹചര്യത്തില്‍ സുഖകരമായ ജയില്‍ ജീവിതം ആളുകള്‍ക്ക് ഭയമല്ല ഉത്സാഹമാണ് തോന്നിക്കുക.

najeebthottathil said...

ഹാഷിക് പറഞ്ഞടിനോദ് പൂര്‍ണമായും യോജിക്കുന്നു "
"ഇത്തരക്കാര്‍ക്ക് ജീവ പരധ്യം ആണ്‍ എങ്കില്‍ അത് കൊണ്ടാനമോ തടവറ പോലെ കടിനമാക്കണം
അതല്ലാതെ നമ്മുടെ ചിലവില്‍ അവരെ അങ്ങിനെ വക്കേണ്ട കാര്യം ഇല്ല

ആചാര്യന്‍ said...

ജീവ പര്യന്തം തന്നെ വലിയൊരു ശിക്ഷ അല്ലെ?...തൂക്കിക്കൊല്ലരുത്

nisam pannikode said...

കൊന്നവനും കൊല്ലാന്‍ കൂട്ടുനിന്നവനും കൊല്ലപെടുകതന്നെവേണം. നികുതി പണം കൊണ്ട് ജീവിത കാലം മുഴുവന്‍ കൊലയാളികളെ തീറ്റി പോതുന്നതിന്നു പകരം എത്രയും പെട്ടന്ന് വധ ശിക്ഷ നടപ്പിലാക്കുക . സമാനതകളില്ലാത്ത ക്രൂര കൃത്യങ്ങള്‍ക്കാന് വധ ശിക്ഷ വിധിക്കുന്നത്. മനസാന്തരത്തിനും പരിവര്‍തനതിനും പകരം ഗള ചേദം തന്നെ അതിന്നു പരിഹാരം. ജനമനസ്സുകളില്‍ ഇടം നേടാനും , മരവിപ്പിച്ചു നിര്‍ത്തിയത് പെട്ടന്ന് നടപ്പിലാകുവാന്‍ ശ്രമിക്കുന്നു എന്നത് കൊണ്ടും ലേഖകന്‍ ഉദേഷിക്കുന്നതെന്താണ് എന്ന് മനസ്സിലാവുന്നില്ല . അഫ്സല്‍ ഗുരുവിനുവേണ്ടി ഒരുമുഴം മുന്‍പേ എരിയുന്നതാനെന്ന സംശയം ഇല്ലാതില്ല.

Anurag said...

ജീവപര്യന്ത്യം ശിക്ഷ നല്‍കിയാല്‍ തന്നെ ധാരാളം ആണ്

Unknown said...

തൂക്കിക്കൊല്ലരുത്

Unknown said...

തൂക്കിക്കൊല്ലരുത്

TPShukooR said...

@ നിസാം

>>>"ജനമനസ്സുകളില്‍ ഇടം നേടാനും , മരവിപ്പിച്ചു നിര്‍ത്തിയത് പെട്ടന്ന് നടപ്പിലാകുവാന്‍ ശ്രമിക്കുന്നു എന്നത് കൊണ്ടും ലേഖകന്‍ ഉദേഷിക്കുന്നതെന്താണ് എന്ന് മനസ്സിലാവുന്നില്ല . അഫ്സല്‍ ഗുരുവിനുവേണ്ടി ഒരുമുഴം മുന്‍പേ എരിയുന്നതാനെന്ന സംശയം ഇല്ലാതില്ല"<<<

എന്ന താങ്കളുടെ അഭിപ്രായം എന്താണെന്ന് എനിക്കും മനസ്സിലാവുന്നില്ല. കുറെക്കാലത്തേക്ക് നടപ്പാക്കാതിരുന്ന വധശിക്ഷ എന്ന ശിക്ഷാ രീതി (രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്ക്) പെട്ടെന്ന് നടപ്പാക്കുന്നതിലൂടെ രാഷ്ട്രീയ പരമായി യു.പി.എ സര്‍ക്കാരിന് ജന മനസ്സുകളില്‍ കുടിയേറാമെന്നാണ് പത്രം ഉദ്ദേശിച്ചതെന്നാണ് എനിക്ക് മനസ്സിലായത്. പിന്നേ അഫ്സല്‍ ഗുരു ഈ ലേഖനത്തില്‍ വിഷയമല്ല.

സഫറുള്ള പാലപ്പെട്ടി said...

വധശിക്ഷ ഒന്നിനും പരിഹാരമല്ല.
ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ട പ്രതി അനുഭവിക്കുന്ന വേദനപോലും തൂക്കിലേറ്റപ്പെടുന്ന പ്രതി അനുഭവിക്കുന്നില്ല.
ഒരു നിമിഷനേരത്തെ വേദന.
അതോടെ അവന്റെ വേദന അവിടെ അവസാനിക്കുന്നു.

Naseef U Areacode said...

വധശീക്ഷ വേണ എന്നുതന്നെയാണു എന്റെ അഭിപ്രായം..

അതി നീചമായ രീതിയിൽ ബലാല്സംഗവും അല്ലെങ്കിൽ മോഷണത്തിനും മറ്റുമായി ആളുകളെ കൊന്നിട്ടു കുറച്ചു വർഷങ്ങൾക്കു ശേഷം അവർ നാട്ടിൽ സുഖമായി ജീവിക്കുന്നു.. ജാമ്യമായിട്ടും, ശിക്ഷാ ഇളവായിട്ടും മറ്റും.. അല്ലെങ്കിൽ ജയിലിൽ സുഖ ജീവിതം....

കുറ്റവാളികൾക്ക് വധശിക്ഷയിൽ നിന്നും ഇളവു നൽകാനുൾള അധികാരം സൗദി അറേബ്യയിലൊക്കെയുള്ള പോലെ അതിന്നിരയായവരോ അല്ലെങ്കിൽ അവരുടെ ബന്ധുക്കളോ ആയിരിക്കണം.. അല്ലെങ്കിൽ ഇത്തരം കൃത്യങ്ങൾ വർധിക്കുക മാത്രമേയുള്ളൂ...
ഒരു വധശിക്ഷ പൊതുവായി നടപ്പാക്കിയാൽ എത്രയോ പേരെ കുറ്റം ചെയ്യുന്നതിൽ നിന്നും കുറ്റകൃത്യങ്ങൾക്ക് ഇരയാവുന്നതിൽ നിന്നും തടഞ്ഞുനിർത്താൻ അതിനാവും എന്നാണു എന്റെ അഭിപ്രായം....കുറ്റവാളികളോട് ദയ പ്രകടിപ്പിക്കുന്നതിനു മുമ്പ് അതിനിരയാവരെ കുറീച്ചും ഒന്നു ചിന്തിക്കു.....

എല്ലാ ആശംസകളൂം

A said...

കുറ്റവും ശിക്ഷയും വലിയ ഒരു കടംകഥ തന്നെയാണ്. ഒരു നിലയ്ക്ക് നോക്കുമ്പോള്‍ വധശിക്ഷ പാടില്ലെന് തോന്നും. വേറൊരു നിലക്ക് വിലയിരുത്തുമ്പോള്‍ ചില പ്രതികള്‍ക്ക് കൊടുക്കേണ്ടതാണ് ന്നു തോന്നും . പരിഷ്കൃത രാഷ്ട്രങ്ങള്‍ പൊതുവേ ഇതിനെ ഒഴിവാക്കി വരികയാണ്.

Shaikh Muhammed NK said...

I Like Islamic Share'ath, Only Islamic Sharee'ath can reduce crime and criminals

ചന്തു നായർ said...

കൊല്ലുന്നതിനേക്കാള്‍ നല്ലത് കൊല്ലാതെ കൊല്ലുന്ന ജീവ പര്യന്തമാണ്. അതു മറ്റുള്ളവര്‍ക്കൊരു പാഠവുമാവും. കാരണം മനസ്സു നീറി ജീവിക്കുന്നതാവും ഏറ്റവും വലിയ ശിക്ഷ!...എന്ന് തന്നെയാണ് എന്റെയും ചിന്താഗതി.

TPShukooR said...
This comment has been removed by the author.
Lipi Ranju said...

ജീവപര്യന്തം കഠിന തടവ്‌ തന്നെ ധാരാളം, പക്ഷെ അതില്‍ നിന്നും ഇളവുകിട്ടി പുറത്തിറങ്ങി വീണ്ടും ക്രൂരത കാണിക്കാന്‍ അവസരം കൊടുക്കാതിരുന്നാല്‍ മതി. ഇപ്പോള്‍ കൂടുതലും നടക്കുന്നതും അതാണ്‌ ! പിന്നെ വധശിക്ഷ വളരെ എളുപ്പത്തില്‍ നടപ്പാക്കുന്നത് സിനിമയിലെ കണ്ടിട്ടുള്ളൂ... ശരിക്കും വധശിക്ഷ വിധിച്ചാല്‍ പോലും അത് നടപ്പിലായി കണ്ടിട്ടില്ല, ഓരോ കുറ്റവാളിക്കും അവരര്‍ഹിക്കുന്ന ശിക്ഷ കൊടുക്കണം എന്നകാര്യത്തില്‍ തര്‍ക്കമില്ല, പക്ഷേ ഇവിടെ പറയുന്നപോലെ രാഷ്ട്രീയ പരമായി ലക്‌ഷ്യം വച്ച് ഇത്തരം ശിക്ഷകള്‍ നടപ്പാക്കുന്നതിനോട് യോജിക്കാനാവില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

കൊല്ലാതെ കൊന്നുകൊണ്ടിരിക്കണം
ഇത്തരം ദുഷ്കർമ്മങ്ങൾ ചെയ്യുന്നവർക്ക് ഒരു വാണിങ്ങ് ആയിട്ട്

Unknown said...

വധ ശിക്ഷ വേണം എന്ന് തന്നയാണ് എന്റെറ അഭിപ്രായം.

നല്ലൊരു സമൂഹം വാര്ത്തെ്ടുക്കുന്നതില്‍ സമൂഹത്തിലെ നല്ലതിനെയും ചീത്തയും തിരിച്ചറിയുകയും നല്ലരീതിയില്‍ ജീവിക്കുകയും സഹ ജീവികള്ക്ക്ഹ പ്രശനം ഉണ്ടാക്കാത്ത രീതിയില്‍ ജീവിക്കുകയും ആണ് വേണ്ടത്.

അത് ചെയ്യാതെ മൊത്തം വ്യവസ്ഥിതിക്ക് എതിരായി നടക്കുന്നവരെ കടുത്ത ശിക്ഷാ നടപടികള്‍ കൊണ്ട് തിരിച്ചു സമൂഹത്തിലേക്ക് കൊണ്ടുവരികയും വേണം. എന്നാല്‍ ചെയ്ത കുറ്റം എത്ര വലുതാണ്‌ എന്നതനുസരിച്ച് വധശിക്ഷയാണ് വേണ്ടറെന്കില്‍ തീര്ച്ചംയായും അത് തന്നെ കൊടുക്കണം.

ജീവപര്യന്തം അല്ലെങ്കില്‍ മറ്റു തടവ്‌ ശിക്ഷ ( ഉദാഹരണം കസബ്‌, മുംബയ്‌ സ്ഫോടന പ്രതി ) എന്നത് വീണ്ടും അത്തരം ക്രിമിനലുകളെ നമ്മുടെ പണം കൊണ്ട് തീറ്റിപ്പോറ്റാന്‍ ഉണ്ടാക്കുന്ന ഒരു എര്പാട് മാത്രമാണ് .

Irshad said...

ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവര്‍ക്കു ഭൂമിയില്‍ ജീവിച്ചിരിക്കാന്‍ അവകാശമില്ല. പലരും ചാവാനായി ഇറങ്ങിപ്പുറപ്പെട്ടവരാണ്. അവരുടെ ആഗ്രഹം സാധിച്ചു കൊടുത്തേക്കുക.

ജയിലിന്നു പുറത്തിറങ്ങുന്നവരും, അകത്തു കിടക്കുന്നവരുമായ കുറ്റവാളികളുടെ നരകജീവിതമൊന്നും ജനങ്ങള്‍ കാണുകയോ, അതില്‍ നിന്നും പാഠമുള്‍ക്കൊള്ളുകയോ ചെയ്യുന്നുവെന്നു തോന്നുന്നില്ല. എന്നാല്‍ ശിക്ഷയുടെ കാഠിന്യം ചിലരിലെങ്കിലും മാനസാന്തരമുണ്ടാക്കിയേക്കും.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസുകളില്‍ മാത്രമേ നമ്മുടെ നാട്ടില്‍ വധശിക്ഷ വിധിക്കാരുള്ളൂ. സത്യത്തില്‍ അതിനു ശേഷമുള്ള ദയാഹര്‍ജി തന്നെ നിയമവ്യവസ്ഥയെ അട്ടിമറിക്കലല്ലേ?

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഇവനെ ഒന്നും തൂക്കി കൊല്ലേണ്ട.ഒരു നൂറു വര്‍ഷം ഏകാന്ത തടവിനു ശിഷിച്ചാല്‍ മതി

റശീദ് പുന്നശ്ശേരി said...

പുതിയ ശിക്ഷാ മുറകള്‍ പലതും നാം നിത്യേന കേള്‍ക്കുന്നുണ്ടല്ലോ
അതിലും ഭേദം ഇതാണെന്ന് തോന്നിപ്പോകും
എങ്കിലും മനുഷ്യത്വം അങ്ങനെ പറയാന്‍ വിടുന്നില്ല

TPShukooR said...

വളരെ നന്ദിയുണ്ട് മുരളി ചേട്ടാ ആത്മാര്‍ഥമായ ഈ സഹകരണത്തിന്

MT Manaf said...

ജീവിക്കുവാനുള്ള മറ്റൊരാളുടെ അവകാശം നിഷേധിക്കുകയും നിരപരാധികളെ ക്രൂരമായി കൊല നടത്തുകയും ചെയ്യുന്ന ക്രൂരന്മാരുടെ കാര്യത്തില്‍ വധ ശിക്ഷ നടപ്പിലാക്കുക തന്നെ വേണം. വധ ശിക്ഷ നടപ്പില്‍ വരുത്തിയാല്‍ ഇത്തരം
കുറ്റങ്ങളുടെ ഗ്രാഫ് കുത്തനെ താഴും. ജീവപര്യന്തം മറ്റുള്ളവര്‍ക്ക് ആഘാതമാകില്ല. കുറ്റവാളിയുടെ നീറല്‍ മാത്രമല്ലസമൂഹത്തിനുള്ള ഗുണപാഠവും പ്രധാനം തന്നെയാണ്. വധ ശിക്ഷയെ ക്രൂരമെന്നു വിളിക്കുന്നവര്‍ക്ക് രാജീവിന്‍റെ കൊല
ക്രൂരവും പ്രാകൃതവും അല്ലെന്ന അഭിപ്രായമുണ്ടോ?

ആസാദ്‌ said...

വധശിക്ഷ അര്‍ഹിക്കുന്ന തെറ്റുകള്‍ ചെയ്യുന്നവര്‍ക്ക് വധ ശിക്ഷ തന്നെ നല്‍കണം.. മരണ ഭയം മനുഷ്യനെ ഒരു പാട് സാമൂഹിക തിന്മകളില്‍ നിന്നും മാറി നിര്‍ത്തും..

ബഷീർ said...

സമൂഹത്തിലെ പുഴുക്കുത്തുകള്‍ ഇല്ലായ്മ ചെയ്യുക വേണം..


ആസാദിന്റെ കമന്റിനു താഴെ ഒരു ഒപ്പ്

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കുറ്റക്ര്‌ത്യത്തിന്റെ ഗൌരവത്തിനനുസരിച്ച് വധശിക്ഷയും ആകാം എന്നാണഭിപ്രായം. മാത്ര്‌കാപരമായി ശിക്ഷ നൽകുന്നത് സമൂഹത്തിലെ കുറ്റക്ര്‌ത്യങ്ങളുടെ തോത് ഗണ്യമായി കുറക്കാൻ സഹായമകമാകും. ജീവപര്യന്തം തടവ് എന്നാൽ ജീവിതാവസാനം നരകിച്ച് ജെയിലിൽ കഴിയലാണ് എന്ന തെറ്റിദ്ധാരണ പലരിലും ഉണ്ടെന്ന് കമന്റുകൾ വായിച്ചപ്പോൾ തോന്നിപ്പോയി. ജീവപര്യന്തം എന്നത് ആലങ്കാരികമായ ഒരു പദപ്രയോഗം മാത്രമാണ്. പ്രായോഗികമായി അക്ഷരാർത്ഥത്തിൽ അതങ്ങനെയല്ല. ജീവപര്യതം തടവിനു വിധിക്കപ്പെട്ടവർ പത്തോ പന്ത്രണ്ടോ വർഷത്തിൽ കൂടുതൽ ജെയിലിൽ കഴിയേണ്ടി വരില്ല. മറ്റു പല പരിഗണനകളാൽ ആ കാലയളവിൽനിന്നുപോലും വളരെയേറെ കുറച്ചുകൊടുത്ത് ജെയിൽ വിമുക്തരാകലും പതിവാണ്. മ്ര്‌ഗീയമായ പാതകങ്ങൾ ചെയ്തുകൂട്ടിയവരെ ജെയിൽ മോചിതരായി ബാക്കിനിൽക്കുന്ന യൌവ്വനവുമായി സാ‍മൂഹികസുരക്ഷിതത്വത്തിനു ഭീഷണിയായി സർവ്വതന്ത്രസ്വതന്ത്രരായി വിരാജിക്കാൻ വിടാതെ തൂക്കിലേറ്റുന്നതിലാണ് നീതിയുടേയും നിയമത്തിന്റെയും താല്പര്യം കുടികൊള്ളുന്നത്.

rafeeQ നടുവട്ടം said...

നിയമങ്ങള്‍ക്ക് പ്രാകൃതമെന്നും പരിഷ്കൃതമെന്നും പേര് വെച്ചത് നമ്മുടെ നിലപാടുകളാണ്.
വധിക്കപ്പെട്ടവന്‍റെയും ബന്ധപ്പെട്ടവരുടെയും വേദന അറിയാതെ അതൊരു ചര്‍ച്ചയായും കുരുക്കഴിയാത്ത കോടതി വ്യവഹാരമായും മാറ്റി രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവര്‍ക്ക് എന്തിനു മാപ്പ് കൊടുക്കണം?

Yasmin NK said...

കൊന്നവനെ കൊല്ലുക തന്നെ വേണം, ഇഞ്ചിഞ്ചായി വേദനിപ്പിച്ച് കൊല്ലണം. അത് മറ്റുള്ളവര്‍ കാണുകയും വേണം. എന്നാലെ പേടിയുണ്ടാകൂ. തെറ്റ് ചെയ്യുംപ്പോ അതിന്റെ പ്രത്യാഘാതത്തെ പറ്റി ഓര്‍മ്മയുണ്ടാകൂ..

നടെരിയന്‍ said...

മുല്ലയുടെ അഭിപ്രായത്തോട്‌ തീര്‍ത്തും യോജിക്കുന്നു. കൊല്ലുമ്പോള്‍ രണ്ടാമൂഴത്തിലെ ഭീമസേനനെപ്പോലെ ആവണം ആരാച്ചാര്‍.

കുസുമം ആര്‍ പുന്നപ്ര said...

അറബു രാജ്യങ്ങളഇലെ ശിക്ഷാ വിധി തന്നെ ഇവിടേയും നടപ്പാക്കണം എന്നാണ് എന്‍റ അഭിപ്രായം

ajith said...

ചെയ്തത് തെറ്റായിപ്പോയി എന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ ഒരു വാക്കു പോലും ഈ മനുഷ്യരുടെ വായില്‍ നിന്ന് ഇതുവരെ വന്നിട്ടില്ല. അത്രയേറെ മനുഷ്യരെ കൊന്നൊടുക്കിയത് ശരിയെന്ന് കരുതുന്ന ഇവര്‍ക്ക് വധശിക്ഷ തന്നെ നല്‍കി എത്രയും വേഗം തീറ്റിപ്പോറ്റുന്ന ചെലവും സുരക്ഷാച്ചെലവും ലാഭിക്കണമെന്നാണെന്റെ അഭിപ്രായം. എന്തിനാണവര്‍ ഈ ഭൂമിയില്‍?

thankachha said...
This comment has been removed by a blog administrator.
Irshad said...

വക തിരിവില്ലാത്തവന്‍മാരെയൊക്കെ തൂക്കിക്കൊല്ലണം.
ഇതിനു തൊട്ടുമുന്നില്‍ കമന്റിട്ട തങ്കച്ചനെയും :)

യാത്രക്കാരന്‍ said...

ഇസ്മയില്‍ പറഞ്ഞപോലെ അനിവാര്യ ഘട്ടങ്ങളില്‍ വധശിക്ഷ ആവാം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം....
എന്നാല്‍ മാത്രമേ അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാവൂ ... എന്ന് ആണ് എനിക്കും തോന്നുന്നത്... പക്ഷെ
അത് ഏതൊക്കെ അവസരങ്ങളില്‍ ആവണം വധ ശിക്ഷ നല്‍കേണ്ടത് എന്നതിനെ പറ്റി ഒരു പുനര്‍ ചിന്തനം ആവശ്യമാണ്
\

Mohamedkutty മുഹമ്മദുകുട്ടി said...

റിയല്‍ എസ്റ്റേറ്റ് പരസ്യത്തിനും ചിലര്‍ മറ്റുള്ളവന്റെ ബ്ലോഗില്‍ കമന്റിടാന്‍ വരുന്നു!. എന്റെ ബ്ലോഗില്‍ വന്നത് ഞാനപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു.ഇത്തരം പ്രവണത പ്രോത്സാഹിപ്പിക്കരുത്.

ഷൈജു.എ.എച്ച് said...

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം..
തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടനം..
അതില്‍ ഒരു കരുണയുടെയും ആവശ്യം ഇല്ല.
ഇങ്ങനെ കരുണ കൂടിയാല്‍ ലോകത്തു അക്രമികള്‍ കൂടും..
അതില്‍ ഒരു സംശയവും ഇല്ല.

www.ettavattam.blogspot.com

TPShukooR said...

ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്ക്കും പ്രത്യേകം നന്ദി.

Sulfikar Manalvayal said...

വധ ശിക്ഷ...
ഇന്ത്യന്‍ സാഹചര്യത്തില്‍ അതോരുപാട് വൈകി പോവുന്നു എന്നതാണ് പ്രശ്നം. കുറ്റ കൃത്യം നടന്ന ഉടനെയായിരുന്നു ഈ ശിക്ഷ എങ്കില്‍ ഒരാള്‍ പോലും വേണ്ട എന്ന് പറയില്ല എന്ന് തോന്നുന്നു.
അത്ര ക്രൂരമായ കാര്യം ആണവര്‍ ചെയ്തവര്‍.

അവരതര്‍ഹിക്കുന്നു.

മഹേഷ്‌ വിജയന്‍ said...

മുംബൈ ഭീകരാക്രമണം പോലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയ കസബിനെ പോലുള്ളവരുടെ കയ്യും കാലും മുറിച്ചു കളഞ്ഞു ജീവപര്യന്തം ശിക്ഷ വിധിക്കുമെങ്കില്‍ വധശിക്ഷയെ ഞാന്‍ എതിര്‍ക്കാം. അല്ലാത്തപക്ഷം, ഇത്തരം ഭീകരന്മാരെ മോചിപ്പിക്കാന്‍ ഏതെങ്കിലും ഒക്കെ നിരപരാധികളെ ബന്ദികളാക്കി ക്രൂശിച്ചേക്കാം. കാണ്ഡഹാര്‍ സംഭവം ഓര്‍ക്കുക. ഭീകരവാദം ഒഴിച്ചുള്ള കേസുകള്‍ക്ക്‌ വധശിക്ഷ ഒഴിവാക്കാവുന്നതാണ്.

Anees Hassan said...

I support

The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം