ഈ വേനലില്‍, ആ പക്ഷി വന്ന് ജനങ്ങളെ വിത്തും കൈക്കോട്ടും എടുക്കാന്‍ പ്രേരിപ്പിക്കുകയാണെങ്കില്‍ തന്നെയും ആരുടെ കയ്യിലും ഒരു വിത്ത് പോലും എടുക്കാനില്ലാത്തതും, കേരളത്തിന്റെ നെല്ലറയെന്ന് ഒരു കാലത്ത് വിശേഷിപ്പിച്ചിരുന്ന ജില്ലയില്‍

ഞങ്ങള്‍ ഒരു കര്‍ഷക കുടുംബമായിരുന്നു. കുട്ടികളായിരുന്ന ഞങ്ങളുടെ അന്നത്തെ പ്രധാന വിനോദം തന്നെ നെല്‍പ്പാടങ്ങളില്‍ കറങ്ങി നടന്നു പക്ഷികളെ കാണുകയും അവ എങ്ങനെയാണ് കൂട് കൂട്ടുന്നതെന്ന് നോക്കി നടക്കലുമായിരുന്നു. നെല്‍പ്പാടങ്ങളുടെ ഓരങ്ങളില്‍ ധാരാളം തെങ്ങുകളും കരിമ്പനകളും വളര്‍ന്നിരുന്നു. പനയോലകളുടെ അഗ്രങ്ങളില്‍ തൂക്കണാംകുരുവികളുടെ മനോഹരമായി നെയ്തുണ്ടാക്കിയ കൂടുകളും തൂങ്ങിക്കിടക്കാറുണ്ടായിരുന്നു. ഇത്തരത്തിലുള്ള നൂറുകണക്കിന് കുഞ്ഞിക്കുരുവികള് മൂപ്പെത്താത്ത നെല്ക്കതിരുകളിലെ പാല് നുകരാന്‍ നെല്‍പ്പാടങ്ങളില്‍ പറന്നിറങ്ങാറുമുണ്ടായിരുന്നു. നെല്‍ച്ചെടികളില്‍ പുതുനാമ്പുകള്‍ തളിരിടുമ്പോഴേക്കും അവ പറന്നെത്തുകയായി. അക്കാലത്ത് കിളികളെ പേടിപ്പിച്ചോടിക്കാന് ഒരു തകരത്തപ്പും തന്ന് അച്ഛന് എന്നെ പാടത്തേക്കു പറഞ്ഞയക്കും. പക്ഷെ മിക്കവാറും ഞാന്‍ കര്‍ത്തവ്യം മറന്ന് കിളികള്‍ തളിരിലകളിരിക്കുന്നതും പച്ച നെല്‍ക്കതിരുകളില്‍ നിന്നും പാല് നുകരുന്നതുമായ കാഴ്ചകളില്‍ മതിമറന്നിരിക്കുകയാവും. ഈ നെല്‍ക്കതിരുകള്‍ വിളവെടുക്കാന്‍ പാകമാവുമ്പോള്‍ തത്തകള്‍ കൂട്ടം കൂട്ടമായി വന്ന് മൂപ്പെത്തിയ നെല്‍ക്കതിരുകള്‍ കൊക്കിലൊതുക്കി പറന്നുയരുന്ന മനോഹരദൃശ്യവും ഞാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു.
പനകളുടെ തടിയില്‍ വൃത്തിയായി കൊത്തിയുണ്ടാക്കിയ ദ്വാരങ്ങളിലായിരുന്നു തത്തകള്‍ കൂടുകൂട്ടിയിരുന്നത്. ഈ കൂടുകള്‍ ക്ഷമാപൂര്‍വ്വം കൊത്തിയുണ്ടാക്കുന്നത് മരംകൊത്തികളാണെന്നത് കണ്ടെത്തും വരെ തത്തകള്‍ക്കെങ്ങനെ ഇത് സാധ്യമാവുന്നുവെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടിരുന്നു. നല്ല ഒന്നാംതരം ആശാരിമാരായിരുന്ന മരംകൊത്തികള്‍ അവയുടെ നീണ്ടു കൂര്‍ത്ത് കാഠിന്യമേറിയ ചുണ്ടുകള്‍ ഉളിയായി പ്രയോഗിച്ചായിരുന്നു ആ കൂടുനിര്‍മ്മാണം. മരക്കൊമ്പുകളുടെ മൃദുലമായ ഉള്‍ഭാഗങ്ങളില്‍ ചെറുകീടങ്ങളെയും പ്രാണികളെയും തിരഞ്ഞാണ് മരംകൊത്തികള്‍ തുളകള്‍ നിര്‍മ്മിക്കുന്നതെങ്കിലും അവിടെ പിന്നീട് തത്തകള്‍ കൂടു കൂട്ടുകയായിരുന്നു പതിവ്. ടക്, ടക്, ടക് ശബ്ദം കേള്‍ക്കുകയാണെങ്കില്‍ ഞാന്‍ ഉറപ്പിക്കും അതൊരു മരം കൊത്തി ഏതെങ്കിലും ഉറപ്പുള്ള മരക്കൊമ്പ് തുളക്കുകയാണെന്ന്. പിന്നെ ഞാനവനെ പിന്തുടരാന് തുടങ്ങും. പക്ഷികളില്‍ മരംകൊത്തിക്ക് മാത്രമാണ് മരക്കൊമ്പുകളിലൂടെ കിഴക്കാം തൂക്കായി നടക്കാനുള്ള കഴിവുള്ളതെന്നു തോന്നുന്നു. എന്ത് മനോഹരമായിരുന്നു ആ കാഴ്ച! അവയുടെ ബലമേറിയ കാലുകളും, തലയിലെ ചുവന്ന പൂവും, മുഖത്തെ കടുംചുവപ്പ് നിറത്തിലുള്ള വരയും, കറുത്ത കൊക്കും ടക്, ടക്, ടക്, സ്വരവുമെല്ലാം എന്നെ എന്നും മോഹിപ്പിച്ചിരുന്നു.
കുളക്കരയിലുള്ള ഒരു തെങ്ങ് മിന്നലേറ്റ് തല പോയതായിരുന്നു. കുറെ കാലമായി തലയില്ലാതെ കിടക്കുന്ന അതിന്റെ ഉച്ചിയില്‍ മൂന്നു തത്തക്കൂടുകളെങ്കിലും ഉണ്ടായിരുന്നു. കുറെ തത്തകള്‍ ആ ദ്വാരങ്ങളിലേക്ക് കടക്കുന്നതും അവയുടെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം തേടാന്‍ ഇടയ്ക്കിടെ പുറത്തേക്കു പോകുന്നതും ഞാന്‍ കാണാറുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ കണ്ടത് കുറെ പേര് ആ തെങ്ങ് മുറിക്കാനൊരുങ്ങുന്നതാണ്. ഉടന്‍ തന്നെ അങ്ങോട്ടോടിച്ചെന്ന് മരം വെട്ടുകാരോട് ആ തെങ്ങില്‍ കുറെ തത്തകളുടെ കൂടുള്ളത് കൊണ്ട് അത് മുറിക്കരുതെന്നു ഞാന്‍ കേണപേക്ഷിച്ചു. പക്ഷെ അവരെന്നെ നോക്കി ചിരിക്കുകയും ജോലി തുടരുകയും വലിയൊരു ശബ്ദത്തോടെ മരം വീഴ്ത്തുകയും ചെയ്തു. ഞാന്‍ ഓടി തലഭാഗത്ത് ചെന്ന് നോക്കിയപ്പോള്‍ അതിലെ മുട്ടകളും വിരിഞ്ഞ കുഞ്ഞുങ്ങളുമെല്ലാം ചിതറിത്തെറിച്ചു കിടക്കുന്നതാണ് കണ്ടത്. ഭാഗ്യവശാല്‍ ഒരു കൂട്ടിലെ ഒരു കുഞ്ഞിനു മാത്രം ജീവനുണ്ടായിരുന്നു. ചുണ്ടിന്റെ നിറവും രൂപവും കണ്ടു മാത്രം തത്തക്കുഞ്ഞാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന അതിനെ ഞാന്‍ വീട്ടിലേക്കു കൊണ്ട് വന്നു. അതിനു ചിറകുകള് മുളച്ചിരുന്നില്ല. ഞാന്‍ അതിനെ ശ്രദ്ധയോടെ പാലൂട്ടി. രണ്ടാഴ്ചക്കകം പഴവും കൊടുക്കാന്‍ തുടങ്ങി. അങ്ങനെ മൂന്നു മാസം കൊണ്ട് പറക്കാന്‍ തുടങ്ങിയപ്പോള്‍ അവനെ സ്വതന്ത്രമാക്കി വിട്ടെങ്കിലും ദൂരെയൊന്നും പോകാതെ ഞങ്ങളുടെ വീട്ടു വളപ്പിലുള്ള തെങ്ങുകളില്‍ത്തന്നെ പാറി നടന്നു. വൈകുന്നേരം ഞാന്‍ സ്കൂളില്‍ നിന്നെത്തുമ്പോള്‍ അത് താഴേക്കു പറന്നു വന്നു എന്റെ തലയിലിരിക്കും!
കൈ നീട്ടുമ്പോള്‍ അവന് എന്റെ വിരലുകളിലേക്കു ചാടുകയും ഒരു ചെറുതളികയില്‍ ഞാന്‍ കൊടുക്കുന്ന പാല് കുടിക്കുകയും ചെയ്യും. മേല്‍ച്ചുണ്ടിന്റെ കൂര്‍ത്ത അഗ്രം തളികയില്‍ ഉറപ്പിച്ചു നിര്‍ത്തി കീഴ്ച്ചുണ്ടും നാക്കും ചലിപ്പിച്ചു കൊണ്ടാണ് പാല് കുടിക്കുക. പിന്നെ എന്റെ തോളിലേക്ക് ചാടിക്കയറി കൈവെള്ളയില്‍ നിന്നും നെന്മണികള് കൊത്തിത്തിന്നു തുടങ്ങും. കീഴ്ച്ചുണ്ടിനും മേല്ച്ചുണ്ടിനും ഇടയില്‍ വെച്ചമര്‍ത്തി അതിവിദഗ്ദമായി ഉമി കളയും. പിന്നെ ധാന്യം മാത്രം വിഴുങ്ങും. കൊച്ചു വയറു നിറയുമ്പോള്‍ അവന് കൂട്ടില്‍ ചെന്ന് തല വലതു ചിറകിനുള്ളില്‍ പൂഴ്ത്തി സുഖമായി ഉറങ്ങും. കൂടിന്റെ വാതിലടച്ചു ഞാനെന്റെ തലയിണക്കടുത്തു വെക്കും.
കൃത്യം 6 മണിക്ക് തന്നെ അവന് ഉണര്‍ന്ന് അസ്വസ്ഥനാവാന്‍ തുടങ്ങും. ഞാന്‍ കൂട് തുറന്നു വിട്ടാലുടന്‍ അവനെന്റെ തലയിലേക്കും അവിടെനിന്നു കയ്യിലേക്കും പറന്നു കയറി ധൃതിയില്‍ ഒരല്പം പാല് കുടിച്ച് ശരംവിട്ട പോലെ പറന്നകലും.
പൂര്‍ണ്ണവളര്‍ച്ചയെത്തിയപ്പോള്‍ അവന് അകലങ്ങളിലേക്കും പറക്കാന്‍ തുടങ്ങി. എങ്ങോട്ടാണ് അവന് പോയതെന്ന് എനിക്കറിയില്ലെങ്കിലും വൈകുന്നേരം ആറ് മണിയാവുമ്പോഴേക്കും എന്നെയും കാത്ത് അവന് തെങ്ങിന് മുകളിലിരിക്കുന്നുണ്ടാവും. ഞാന്‍ വീട്ടിലില്ലാത്ത ചില ദിവസങ്ങളില്‍ അവന് താഴേക്കു വരാതെ തെങ്ങിന് മുകളില്‍ തന്നെ ചേക്കേറി രാവിലെ പറന്നു പോകും. ഏറ്റവും രസകരമായ കാര്യം അവന് രാവിലെ എന്റെയടുത്തു നിന്നു പുറപ്പെടുമ്പോഴും വൈകുന്നേരങ്ങളില്‍ എന്റെയടുത്തേക്ക് വരാന്‍ വേണ്ടി തെങ്ങിന്മുകളിലേക്കെത്തുമ്പോഴു
അവനെന്റെ തലയില്‍ വന്നിറങ്ങുന്നതും പറന്നുയരുന്നതും അവ അദ്ഭുതത്തോടെ നോക്കി നില്ക്കും. പിന്നെ കൂട്ടത്തോടെ സംഗീത സ്വരം പുറപ്പെടുവിച്ച് അവനെയും കൂട്ടി പറന്നകലും.
ഏതാണ്ട് മൂന്നു വര്‍ഷത്തോളം അവനെന്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു. അവകാശപ്പെട്ട എല്ലാ സ്വാതന്ത്ര്യവും ഞാനവനു വകവെച്ചു കൊടുക്കുകയും ചെയ്തിരുന്നു. പിന്നെപ്പിന്നെ അവന് വരാതായി. എന്നോടുള്ള സുഹൃദ്ബന്ധത്തെക്കാളും സ്വന്തം കുടുംബ ബന്ധങ്ങള്‍ അവന് വിലപ്പെട്ടതായി മാറിയതായിരിക്കാം കാരണം. ഇപ്പോഴും അവന്റെ അഭാവം എന്നെ വിഷമിപ്പിക്കാറുണ്ടെങ്കിലും അവന് ജന്മനാല് വിധിക്കപ്പെട്ട മരങ്ങളിലൂടെ ആര്‍ത്തുല്ലസിച്ചു പാറിക്കളിക്കാനുള്ള സ്വാതന്ത്ര്യവും സന്തോഷവും ഒരിക്കലും ഞാനവനു നിഷേധിച്ചിട്ടില്ലായിരുന്നുവെന്
കഷ്ടം തന്നെ! അവയെ ഇപ്പോള്‍ കാണാനേ കിട്ടുന്നില്ല. മരംകൊത്തിയെ മാത്രമല്ല തത്തയെയും ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ കാണാനില്ല. അതുപോലെ ഓലേഞ്ഞാലിപ്പക്ഷികള്‍ക്കും എന്താണ് സംഭവിച്ചത്? അവയുടെ ഒരൊറ്റ കൂട് പോലും ഇപ്പോഴെവിടെയും കാണാനില്ല. അല്ലെങ്കിലും എങ്ങനെ കാണാന്‍ സാധിക്കും. അവയ്ക്ക് ഭക്ഷണം നല്‍കിയിരുന്ന നെല്‍വയലുകളും നെല്‍ക്കൃഷിയും നാട്ടില്‍ നിന്നും തീരെ അപ്രത്യക്ഷമായിരിക്കുകയാണല്ലോ. നമ്മുടെ കൃഷിപ്പണികളിലുള്ള അലംഭാവവും മനുഷ്യനിര്‍മ്മിതമായ കാലാവസ്ഥാ വ്യതിയാനവും തരണം ചെയ്യാന്‍ അവയ്ക്കാവില്ലല്ലോ. എന്നാലും ഈ മരം കൊത്തികളെല്ലാം കൂടി എങ്ങോട്ടാണ് പോയിക്കളഞ്ഞത്. എന്താണവയ്ക്ക് പറ്റിയത്? പണ്ടുകാലങ്ങളില്‍ അവയെ ജോഡികളായി ദിവസവും കണ്ടിരുന്നുവെങ്കിലും എന്റെ ഇളയ മകള്‍ക്ക് കാണിച്ച് കൊടുക്കാന്‍ ഒരെണ്ണത്തിനെ പോലും ഈ വര്‍ഷം കാണാനില്ല!
അതിന്റെ ആ ടക് ടക് ടക് ടക് ടക് ടക്... സ്വരമൊന്നു കേള്‍ക്കാന്‍ കുറേക്കാലമായി ഞാന്‍ കാതോര്‍ത്തിരിക്കുകയാണ്!
ദ ഹിന്ദുവില്‍ വന്ന Where have all the birds gone? എന്ന ലേഖനം വിവര്‍ത്തനം ചെയ്തത്.
Picture from : http://www.slipperybrick.com