(27/11/2010 ന് ഗള്‍ഫ് മനോരമയില്‍ പ്രസിദ്ധീകരിച്ച കഥ)
കാഴ്ചക്ക് പിടി കൊടുക്കാതെ അതിവേഗത്തില്‍ കറങ്ങുന്ന മൂന്നു ലീഫുകള്‍. മലര്‍ന്നുള്ള ഈ കിടപ്പില്‍ മാസങ്ങളായി ഇത് തന്നെ കാഴ്ച. ഒന്നിന് പിറകെ മറ്റൊന്നായി അതങ്ങനെ തിരിയുന്നുണ്ടെങ്കിലും തന്റെ ജീവിതം പോലെ തന്നെ അവയുടെ ഗമനം വെറും വ്യര്‍ത്ഥമാണെന്ന് അയാള്‍ക്ക് തോന്നി. കാറ്റ് താഴോട്ട് വരുന്നുണ്ടെങ്കിലും മനസിലെ പൊരിയുന്ന ചൂടില്‍ അതെല്ലാം ചുടുകാറ്റായി പരിണമിക്കുന്നു. കാറ്റിന്റെ വേഗതയിലും ഒരു സര്‍ക്കസുകാരന്റെ സാമര്‍ത്ഥ്യത്തോടെ ബാലന്‍സ് ചെയ്ത് മൂളിപ്പറക്കുന്ന കൊതുകുകള്‍. അവ പൊഴിക്കുന്ന സംഗീതം അസഹ്യമായീ തോന്നുന്നു. എത്ര നാളായി ആശുപത്രിക്കിടക്കയിലെ ഈ മലര്‍ന്നു കിടപ്പ് തുടങ്ങിയിട്ട്. ഇനി കൂടുതല്‍ കാത്തിരിക്കേണ്ടി വരുമോ? ഓപ്പറേഷന് കഴിഞ്ഞിരിക്കുന്നു. ഇനി ദിവസങ്ങള്‍ക്കുള്ളിലറിയാം തന്റെ വഴി മരണത്തിലേക്കോ അതോ തിരിച്ചു ജീവിതത്തിന്റെ മനം മയക്കുന്ന പുതുപുലരിയിലേക്കോ എന്ന്. 
രണ്ടു വൃക്കകളും പ്രവര്‍ത്തന രഹിതമാണെന്നറിയാന്‍ വളരെ വൈകിപ്പോയിരുന്നു. പക്ഷെ അതിലേറെ വൈകിയത് പ്രണയത്തിലെ കപടമായ അല്പത്വവും മാതൃസ്നേഹത്തിലെ സ്വര്‍ഗീയവും ശാശ്വതവുമായ ആത്മാര്‍ത്ഥതയും മനസ്സിലാക്കാനായിരുന്നു. പ്രണയം വര്‍ഷക്കാലത്തെ ഒരു മലവെള്ളപ്പാച്ചിലാണെങ്കില്‍ ഏതു കാലത്തും വറ്റാതെ തെളിനീരൊഴുക്കുന്ന ഒരു കാട്ടരുവിയുടെ ശാന്തമായ ശീതളിമയാണ് മാതൃസ്നേഹം. കൊടും പാപങ്ങള്‍ പോലും ആ മാസ്മര തേജസ്സില്‍ അലിഞ്ഞില്ലാതാകുന്നു. അടുത്ത ബെഡില്‍ കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കുകയല്ലാതെ ഒരു വാക്കുരിയാടാന്‍ പോലും കഴിയുന്നില്ല. ആ മുഖത്ത് നിരാശയുടെയോ നഷ്ടബോധത്തിന്റെയോ കണിക പോലുമില്ല. തന്റെ ശരീരത്തിലെ വളരെ വിലപ്പെട്ട ഒരു അവയവം ദാനം ചെയ്തതിന്റെ ഒരു ലാഞ്ചന പോലുമില്ല. പ്രണയത്തിന്റെ പൊയ്മുഖത്തോടെ തലയണ മന്ത്രങ്ങളില്‍ തന്നെ വീഴ്ത്തിയ ഭാര്യയെന്ന ആ ദുഷ്ട എത്ര തവണയാണ് സ്നേഹനിധിയായ തന്റെ ഈ മാതാവിനെ രാക്ഷസിയെന്ന് വിശേഷിപ്പിച്ചത്. കോരിത്തരിപ്പിക്കുന്ന അവളുടെ സ്നേഹ ലാളനകളില്‍ താനും തെറ്റിദ്ധരിച്ചു പോകുകയായിരുന്നില്ലേ. വീട്ടില്‍ നിന്ന് അടിച്ചിറക്കിയിട്ട് പോലും തന്റെ രോഗാവസ്ഥയില്‍ ആ മാതൃഹൃദയം തേങ്ങുകയായിരുന്നു. എല്ലാം മറന്ന് അവര്‍ ഓടിയെത്തി. തന്റെ സകല തെറ്റുകള്‍ക്കും ഒരു കൊച്ചു കുഞ്ഞിന്റെ കുസൃതിയെന്ന പോലെ മാപ്പ് നല്കി. സ്നേഹത്തിന്റെ നിറകുടമാണെന്നും എന്നും തന്റെ വലം കൈ ആയിരിക്കുമെന്നും കരുതിയ ഭാര്യയോ? കിഡ്നി രണ്ടും പോക്കാണെന്നറിഞ്ഞപ്പോള്‍ വിശ്വസ്തതയോടെ അവളുടെ പേരില്‍ വാങ്ങിയിരുന്ന സ്വത്തുക്കളും കൈക്കലാക്കി മറ്റൊരുത്തന്റെ കൂടെ സുഖം തേടിപ്പോകുകയുമായിരുന്നു.
