'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

04 June 2010

ലോക പരിസ്ഥിതി ദിനം

 ജൂണ്‍  5 . ലോക പരിസ്ഥിതി ദിനം.


  നാം കേരളീയര്‍.  പുഴകളും  പുല്‍മേടുകളും കാടുകളും തോടുകളും വയലേലകളും കൊണ്ട് സമ്പന്നമായ സാക്ഷാല്‍  ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അന്തേവാസികള്‍. വര്‍ഷത്തില്‍ മാസങ്ങളോളം മഴ.  ഇഷ്ടം പോലെ വെള്ളം . തനിയെ മുളച്ചു പൊന്തുന്ന സസ്യലതാദികള്‍. തണല്‍ മരങ്ങള്‍. കൃഷിയിടങ്ങള്‍. സൌരഭ്യം പരത്തുന്ന പൂക്കള്‍. പക്ഷി മൃഗാദികള്‍. നയനാനന്ദം പകരുന്ന ചുറ്റുപാടുകള്‍. മിതശീതോഷ്ണ കാലാവസ്ഥ.  അനുഗ്രഹീതമായ നമ്മുടെ നാടിന്‍റെ മേന്മകള്‍ പാടിപ്പുകഴ്ത്തിയാല്‍ മതിയാവില്ല. കഴിഞ്ഞ വര്‍ഷം മികച്ച പരിസ്ഥിതി സംസ്ഥാനമായി നമ്മുടെ കൊച്ചു കേരളത്തെ സി എന്‍ എന്‍ ‍- ഐ ബി  എന്‍  ചാനല്‍  തെരഞ്ഞെടുത്തിരുന്നു. പരിസ്ഥിതി, ആരോഗ്യ പരിപാലനം എന്നീ കാര്യങ്ങളില്‍ മികവ് പുലര്‍ത്തിയതിനായിരുന്നു പ്രസ്തുത പുരസ്കാരം.


    പക്ഷെ, വര്‍ത്തമാന കാലത്ത് അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലികള്‍ നമ്മുടെ നാടിന്‍റെ മാസ്മരികസൌന്ദര്യത്തിനു  കളങ്കമേല്പ്പിക്കുന്നില്ലേ?  കഴിഞ്ഞ വേനലില്‍ നമ്മുടെ നാട്ടിലെ പലര്‍ക്കും സൂര്യാഘാതം മൂലം പൊള്ളലേറ്റത് അശുഭകരമായ എന്തിന്‍റെയോ തുടക്കമായി തോന്നുന്നില്ലേ?  കേരളീയ കാലാവസ്ഥയുടെ നട്ടെല്ലായ വര്‍ഷക്കാലത്തെ മഴ കഴിഞ്ഞ വര്‍ഷം ഒമ്പത് ശതമാനം കണ്ടു കുറഞ്ഞതും സൂചിപ്പിക്കുന്നതെന്താണ്?  മരങ്ങള്‍ വ്യാപകമായി വെട്ടിനശിപ്പിക്കല്‍,  വയലുകള്‍ നികത്തല്‍,  ജലസ്രോതസുകളെ  മലിനമാക്കല്‍,  മഴക്കാടുകളിലേക്കുള്ള കടന്നു കയറ്റം,    അനിയന്ത്രിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  അങ്ങനെ തുടങ്ങി  പ്രകൃതിയോട് നമ്മള്‍ നടത്തുന്ന വിവേകരഹിതമായ  ഇടപെടലുകളെല്ലാം അതിന്‍റെ  ഈ തിരിച്ചടിക്ക് കാരണമാകുന്നില്ലേ?
   കേരള പരിസ്ഥിതിയുടെ നാഡിയായ പുഴകള്‍ പലതും ശോഷിച്ചു പോയിരിക്കുന്നു.  കായലുകള്‍ പോലുള്ള ജലാശയങ്ങളില്‍ പലതും ഇന്ന് മരണക്കിടക്കയിലാണ്. മലകള്‍ക്ക് താഴെ ആണിയായി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ പലതും കരിങ്കല്‍ ക്വാറികളായി മാറി.  ഇത് പലപ്പോഴും ഉരുള്‍ പൊട്ടലുകള്‍ക്ക് കാരണമാകുന്നു. കുന്നുകളെല്ലാം മണ്ണെടുത്ത് നിരത്തി  ആ മണ്ണ് കൊണ്ട് താഴ്ന്ന പ്രദേശങ്ങളും വയലുകളും നികത്തുന്നു. ഇത് തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ കേരളം ഒരു ഫുട്ബോള്‍ ഗ്രൌണ്ടാകുമെന്നു പോലും തോന്നിപ്പോകുന്നു.
    പരിസ്ഥിതിക്ക്  നാശം വരുത്താതെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസത്തിനും പ്രോത്സാഹനം നല്‍കേണ്ടിയിരിക്കുന്നു.  ഇക്കാര്യത്തില്‍ ഉന്നതതല പഠനങ്ങളും ഗവേഷണങ്ങളുമാണ് തലമുറകളുടെ സ്വൈര്യ ജീവിതത്തിന്നാവശ്യം. വിദേശ രാജ്യങ്ങില്‍ പലയിടത്തും ഇത്തരത്തില്‍ പ്രകൃതിയോട് അനുഭാവപൂര്‍വം പെരുമാറി നടത്തുന്ന വന്‍കിട ടൂറിസ്റ്റ്‌ പ്രോജക്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പച്ച പിടിച്ച കാടുകളും ജീവി വൈവിധ്യങ്ങളും നശിപ്പിക്കാതെ റോപ് വേ നിര്‍മിച്ചു അതി മനോഹരമാക്കിയ ടൂറിസ്റ്റ്‌ പ്രോജക്ടുകളും ഇക്കൂട്ടത്തിലുണ്ട്.  നമ്മുടെ നാട്ടിലെ അധികാരികള്‍ ഇക്കാര്യത്തില്‍ കാര്യമായ അന്വേഷണങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം.


     പ്ലാസികിന്റെ  അമിതോപയോഗമാണ് പ്രധാനമായ മറ്റൊരു പാരിസ്ഥിതിക പ്രശ്നം. മണ്ണില്‍ ലയിക്കാതെ കിടക്കുന്ന പോളിത്തീന്‍, സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും മണ്ണിന്‍റെ  സ്വാഭാവിക ഫലഭൂയിഷ്ടതക്കുമെല്ലാം ഭീഷണിയാണ്. പലവിധ ആരോഗ്യപ്രശ്നങ്ങളും പകര്‍ച്ച വ്യാധികളും ഇത് മൂലം ഉണ്ടാകുന്നു.  പ്ലാസ്റ്റിക് ഉപയോഗം കുറക്കേണ്ടതും അതു പോലെ   അത് അലക്ഷ്യമായി വലിച്ചെറിയാതെ സംസ്കരിക്കാനുള്ള നൂതനമായ രീതികള്‍  പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ചും കാര്യമായി ആലോചിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.  


  ജലാശയങ്ങളും വെള്ളക്കെട്ടുകളും ശുചിത്വ പൂര്‍ണമാക്കാന്‍ ഓരങ്ങളില്‍ മുള നട്ടു പിടിപ്പിക്കുന്നത് വളരെ ഉപകാരം ചെയ്യുമെന്ന് ഈയിടെ പ്രസിദ്ധീകരിച്ച  സംസ്ഥാന ആസൂത്രണ കമ്മീഷന്‍റെ ഒരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.  വായു മലിനീകരണവും ജല മലിനീകരണവും തടുക്കാനും മലിനീകരണം ബാധിച്ച മണ്ണിനെ ശുദ്ധീകരിക്കാനും  മുള നല്ലൊരു പരിഹാരമാണെന്നു  പ്രസ്തുത പഠനത്തില്‍ പറയുന്നു.  കടലാസു നിര്‍മാണത്തിന് ധാരാളം ഉപയോഗിക്കുന്നതിനാല്‍ മുള വെച്ച് പിടിപ്പിക്കുന്നത് ഒരിക്കലും നഷ്ടമാവില്ലെന്നും ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 
       പ്രകൃതി സന്തുലനത്തിനു നേരെ വാളോങ്ങുന്നവര്‍ നോട്ടുകെട്ടുകള്‍ക്ക് മുന്നില്‍ തങ്ങളുടെ പിന്മുറക്കാരുടെയും തങ്ങളുടെ തന്നെയും സ്വൈര്യ ജീവിതം വിസ്മരിച്ചു പോകുകയാണ്.  ഓരോ വ്യക്തിയും തങ്ങളുടെ ചുറ്റുപാടിനെക്കുറിച്ചും  പരിസ്ഥിതിയെക്കുറിച്ചും ബോധവാനാവുകയാണ് ആദ്യം വേണ്ടത്.  പുഴകളും ജലാശയങ്ങളും മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള ഇടമല്ലെന്നു സ്വയം തീരുമാനിക്കുക.  മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നത് ഒരു പുണ്യ പ്രവൃത്തിയായി കണക്കാക്കുക.  സംഘടനകള്‍ മുന്‍കൈയെടുത്തു ബോധവല്‍ക്കരണങ്ങളും സംഘടിപ്പിക്കാവുന്നതാണ്.  ജാതി മത വര്‍ഗ ആശയ വൈജാത്യങ്ങള്‍ മറന്നുള്ള  ഒറ്റക്കെട്ടായ ശ്രമങ്ങള്‍ മാത്രമേ ഫലം ചെയ്യുകയുള്ളൂ.  മാറുന്ന ആധുനിക ജീവിത സാഹചര്യത്തില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനു പോലും ഭീഷണിയായ  നമ്മുടെ പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ആത്മ പരിശോധന നടത്താനും ഒരു പുനര്‍ വിചിന്തനത്തിലേക്ക് നമ്മെ നയിക്കാനും ഈ പരിസ്ഥിതിദിനം  ഒരു പ്രചോദനമാകട്ടെ.



8 comments:

ബയാന്‍ said...

your waste is your responsibility.

world’s first carbon-neutral zero waste city : read more :-
http://www.masdar.ae/en/home/index.aspx

പട്ടേപ്പാടം റാംജി said...

ഓരോ വ്യക്തിയും തങ്ങളുടെ ചുറ്റുപാടിനെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ബോധവാനാവുകയാണ് ആദ്യം വേണ്ടത്.

വളരെ പ്രസക്തമായ ലേഖനം.
ഒരൊരുത്തരും സ്വയം ബോധവന്മാരാകുക എന്നത് തന്നെ ഏറ്റവും നല്ല വഴി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആര് കേള്‍ക്കാന്‍! ആര് കാണാന്‍! ആര് പ്രതികരിക്കാന്‍ !
അറവു മാലിന്യങ്ങള്‍ യാതൊരു 'ഉളുപ്പു'മില്ലാതെ റോഡരികില്‍ (അടുത്ത കൊല്ലം മുതല്‍ റോഡില്‍ തന്നെ) തള്ളുന്നതു കണ്ടു നില്‍ക്കുന്ന , വീട്ടുമുറ്റത്ത്‌ അല്പം വെള്ളം കെട്ടിനിന്നാല്‍ വെപ്രാളപ്പെടുന്ന, വീട്ടുമുറ്റവും പറമ്പും മൊത്തം മേത്തരം ടൈല്‍സ് പാകി മേനി നടിക്കുന്ന- നമ്മുടെ ചിന്താഗതി മാറിയല്ലാതെ ഒന്നും ശരിയാവാന്‍ പോകുന്നില്ല.

anoopkothanalloor said...

ഓരോ വ്യക്തിയും തങ്ങളുടെ ചുറ്റുപാടിനെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ബോധവാനാവുകയാണ് ആദ്യം വേണ്ടത്. പുഴകളും ജലാശയങ്ങളും മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള ഇടമല്ലെന്നു സ്വയം തീരുമാനിക്കുക. മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നത് ഒരു പുണ്യ പ്രവൃത്തിയായി കണക്കാക്കുക. അതാണ് ചെയ്യേണ്ടത്.

Kaniyapuram Noushad said...

നമ്മുടെ കേരളത്തിന്റെ ഭൂ പ്രകൃതിയെ തകിടം മറിക്കുന്ന തരത്തില്‍ ഉള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ തകൃതിയായി നടക്കുന്നു.മറു വശത്ത് നമ്മളെ പൊട്ടന്മാരക്കുന്ന തരത്തില്‍ പ്രകൃതി സ്നേഹികള്‍ എന്ന് വിളിക്കുന്ന ചിലര്‍ ഒളി അജണ്ടകളുമായി നമ്മെ തെറ്റി ധരിപ്പിക്കുന്നു.
1 .ജന സാന്ദ്രത ഏറിയ പ്രദേശമായതിനാല്‍ നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട പരിപാലിക്കേണ്ട വിഷയം എന്ത്?
2 . പരിസ്ഥിതി വാദികള്‍ പുറം മേനിയുടെ പുന്നരമാല്ലാതെ കേരളത്തിന്റെ മണ്ണിനുള്ളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തെ ഉള്കൊള്ളുന്നോ?ഉദാഹരണത്തിന് കിണര്‍ വെള്ളത്തിന്‌ സംഭവിച്ചു കൊണ്ടിരിക്കുന്ന രാസ മാറ്റം.
3 .പട്ടണങ്ങള്‍ ഉണ്ടാകുമ്പോള്‍ പെരുകുന്ന മാലിന്യ നിര്‍മാര്‍ജനത്തിന് എന്ത് ചെയ്തു.ചെയ്യുന്നു.മാലിന്യ കൂമ്പാരത്തിനു മുന്നില്‍ സമരം ചെയ്യാനല്ലാതെ മറ്റെന്തിനു നമുക്ക് കഴിയും.
4 റോഡു വികസനത്തിന്‌ എതിരെ പോലും സമരം ചെയ്യുന്ന കേരളത്തിലെ പര്സ്ഥിതി വാദികള്‍ക്ക് പരിസ്ഥിതിയെ കുറിച്ച് എന്തറിയാം.
5 മാലിന്യം കുന്നുകൂടി പുതിയ രോഗങ്ങള്‍ക്ക് കാത്തു നില്‍ക്കുന്ന മലയാളികളുടെ ഇടയില്‍ ഞാനും കുറ്റം പറയാന്‍ മാത്രം കൂടുന്നു.അത് തന്നെയാണ് നമ്മുടെ ദുര്യോഗവും.

TPShukooR said...

വാര്‍ത്ത

ഹരിതകേരളം രാജ്യത്തിന് മാതൃക -അബ്ദുല്‍ കലാം
Sunday, June 6, 2010
ന്യൂദല്‍ഹി: വനവത്കരണത്തിനുള്ള ഹരിതകേരളം പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ദേശീയ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിതകേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ എട്ട് ദശലക്ഷം മരങ്ങളാണ് കേരളം വെച്ചു പിടിപ്പിക്കാന്‍ പോകുന്നത.് ഇത് അഭിനന്ദനീയമാണെന്നും അബ്ദുല്‍ കലാം പറഞ്ഞു. സംസ്ഥാനങ്ങള്‍ വിചാരിച്ചാല്‍ രണ്ടുവര്‍ഷം കൊണ്ട് ഒരു കോടി ജനത്തിന് ഒരു കോടി മരം എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നും കലാം പറഞ്ഞു

Anonymous said...

ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവം കനിഞ്ഞരുളിയ പുഴകളും നദികളും കാനനവുമെല്ലാം മനുഷ്യന്റെ കൈകടത്തൽ മൂലം നശിച്ചു കൊണ്ടേയിരിക്കുന്നു.. എല്ലാം നശിപ്പിക്കാനല്ലാതെ അതിനു ജീവ വായു നൽകാൻ ആരു മുന്നിട്ടിറങ്ങാൻ? എല്ലാവർക്കും തന്റെ വീടിന്റെ മതിലുകൾക്കുള്ളിലുള്ള സ്ഥലം മാത്രമെ ശുചിയാക്കാൻ സന്മനസ്സുള്ളൂ അവിടുന്നു കിട്ടുന്ന ചപ്പുചവറുകൾ ഒരു വിഷമവുമില്ലാതെ റോഡു സൈഡികളി തള്ളാൻ ഒരു മടിയുമില്ല .. എല്ലാവർഷവും ജൂൺ 5 കഴിഞ്ഞു പോകുന്നു പ്രകിതി നശിക്കുന്നതിൽ വിഷമമുണ്ടാകുന്ന ചിലരുടെ ലേഖനങ്ങളും കവിതകളും നാം വായിച്ച് സായൂജ്യമടയുന്നു .. അല്ലാതൊരു മാറ്റവും കാണിന്നില്ല ഇത്തരം പോസ്റ്റുകൾ വായിച്ചെങ്കിലും അടുത്ത വർഷം ജൂൺ 5 ആകുമ്പോഴേക്കും 2 മരതൈ എങ്കിലും ആരെങ്കിലും വെച്ച് പിടിപ്പിച്ചെങ്കിൽ... ആശംസകൾ

krish | കൃഷ് said...

പരിസ്ഥിതിയെക്കുറിച്ച് സമയോചിതമായ ലേഖനം.

“കഴിഞ്ഞ വേനലില്‍ നമ്മുടെ നാട്ടിലെ പലര്‍ക്കും സൂര്യാഘാതം മൂലം പൊള്ളലേറ്റത് അശുഭകരമായ എന്തിന്‍റെയോ തുടക്കമായി തോന്നുന്നില്ലേ? “

തീര്‍ച്ചയായും ചിലര്‍ക്കെങ്കിലും ഇത് തോന്നിക്കാണും.

The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം