അഹമ്മദ് ഹാജി മരിച്ചു. ഇന്നലെയായിരുന്നു ഖബറടക്കം. ഗള്‍ഫിലുള്ള മക്കളും അടുത്ത ബന്ധുക്കളും ഖബറടക്കത്തിന് നാട്ടിലെത്തിയിരുന്നു. മയ്യിത്തിനെ അനുഗമിക്കാന്‍ വലിയൊരു ജനക്കൂട്ടം തന്നെയാണുണ്ടായിരുന്നത്.
മനുഷ്യന്‍റെയൊരു കാര്യം! ഇന്നലെ വരെ ആഡംബര ജീവിതം നയിച്ചിരുന്ന ഒരു ധനാഢ്യന്‍. നാട്ടുകാര്‍ മുഴുവന്‍ ബഹുമാനത്തോടെയും ചിലര്‍ അസൂയയോടെയും കണ്ടിരുന്ന തറവാടി. ഇന്നോ? വെള്ളത്തുണിയില്‍ പൊതിഞ്ഞ് വെറും മണ്ണില്‍ക്കിടക്കുന്നു. ധനവാനായാലും പിച്ചക്കാരനായാലും മരണത്തിനു മുന്നില്‍ തുല്യരാണല്ലോ. ആര്‍ഭാടങ്ങളൊന്നുമാവശ്യമില്ലാതെ മണ്ണിലേക്കുള്ള ഈ പോക്കിനുണ്ടോ വലിപ്പച്ചെറുപ്പവ്യത്യാസം വല്ലതും? സോഷ്യലിസം എന്നത് അതിന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ നടപ്പാകുന്ന ഏകസന്ദര്‍ഭം ഒരു പക്ഷേ ഇത് മാത്രമായിരിക്കാം. അദ്ദേഹത്തിന്‍റെ സമയമടുത്തു എന്നല്ലാതെന്തു പറയാന്‍.
ഇനി ഹാജിയുടെ ഗള്‍ഫിലുള്ള കടകളില്‍ മുതലാളിമാരായി മൂന്ന് ആണ്‍മക്കളാണുണ്ടാവുക. ജോലിക്കാരെല്ലാം പേടിക്കുന്ന ആജ്ഞകളും നോട്ടങ്ങളുമായി ഗാംഭീര്യം തുളുമ്പുന്ന ഭാവഹാദികളോടെ തന്‍റെ കടകളിലൂടെ ഉലാത്തുന്ന അഹമ്മദ് ഹാജി ഇല്ലാതെയാണ് ഇനി മക്കളുടെ തേരോട്ടം.
പത്തു മുപ്പത്തഞ്ചു വര്‍ഷമായി ഗള്‍ഫില്‍ കച്ചവടം നടത്തുന്നയാളാണ് അഹമ്മദ് ഹാജി. ചെറിയ ഒരു കടയില്‍ തുടങ്ങി വലിയ നാല് കടകളുടെ അധിപനായതാണ് അദ്ദേഹത്തിന്റെ മുപ്പത്തഞ്ചു വര്‍ഷത്തെ ഗള്‍ഫ് ജീവിത ചരിത്രം. വലിയ തറവാട്ടുകാരനായ അദ്ദേഹം നാട്ടില്‍ അറിയപ്പെടുന്ന ധര്മിഷ്ഠനാണ്. പള്ളിക്കും ദീനീസ്ഥാപനങ്ങള്‍ക്കും വര്‍ഷാവര്‍ഷം കാര്യമായ സംഭാവന, റമളാന്‍ ഇരുപത്തേഴാം രാവിന് നാട്ടിലുടനീളം അരിയും സാമാനങ്ങളും, ബലിപെരുന്നാളിന് ഡസന്‍ കണക്കിന് പോത്തുകളെ ബലിയറുത്ത് വിതരണം, പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണത്തിന് പ്രത്യേക ലക്കോട്ട് കവര്‍ എന്ന് തുടങ്ങി അഹമ്മദ് ഹാജിയുടെ പോരിശ അങ്ങനെ നീളുന്നു.
ഹാജിയുടെ നാല് കടകളില്‍ അദ്ദേഹം ഇരുന്നിരുന്ന വലിയ കടയില്‍ എപ്പോഴും നല്ല തിരക്കായിരുന്നു. കാഷ് കൌണ്ടറിനു മുന്നില്‍ ഒരു ജനക്കൂട്ടം എപ്പോഴുമുണ്ടാകും. ഈ കടയാണ് അദ്ദേഹം ആദ്യം തുടങ്ങിയത്. അതിന്മേലാണ് മൊത്തത്തിലൊന്ന് പച്ചപിടിച്ചതും പിന്നീടദ്ദേഹം കോടീശ്വരനായതും.
ജോലിക്കാരില്‍ അധിക പേരും നാട്ടുകാര്‍ തന്നെയാണ്. അവരില്‍ പുതുതായി നാട്ടില്‍ നിന്നും വന്ന സെയില്‍സ്‌മാനാണ് അഷ്‌റഫ്. കടയിലേക്ക് വന്നു കയറിയ ദിവസം അവന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വലിയ പ്രതീക്ഷകളുമായി നാട്ടില്‍ നിന്നും വിമാനം കയറി വന്നതാണല്ലോ. കടയില്‍ നല്ല തിരക്കായിരുന്നു. അവനെയും കൂട്ടി ഹാജി വാച്ച് സെക് ഷനിലേക്ക് ചെന്നു.
കെട്ടുപ്രായമെത്തിയ പെങ്ങന്മാരും അസുഖബാധിതനായ ഉപ്പയുമെല്ലാമുണ്ടായിട്ടും നിത്യ ചെലവുകള്‍ക്കെങ്കിലുമുതകുന്ന കാര്യമായ പണിയൊന്നും ശരിയാവാതെ നാട്ടില്‍ തേരാ പാരാ നടക്കുകയായിരുന്നു അവന്‍. ദുരിതക്കയത്തില്‍ മുങ്ങിത്താഴാന്‍ പോകുമ്പോള്‍ എത്തിപ്പിടിക്കാന്‍ ഒരു കച്ചിത്തുരുമ്പെന്ന പോലെയാണവന് ഹാജിയുടെ കടയില്‍ ജോലിക്കുള്ള വിസ തരപ്പെട്ടത്. നാട്ടിലെ മറ്റു പണക്കാരില്‍ നിന്നും വ്യത്യസ്തനായ ഹാജിയുടെ കടയില്‍ ഒരു ജോലി എന്നത് അവനെസ്സംബന്ധിച്ചേടത്തോളം ഒരു മഹാഭാഗ്യമായിരുന്നു.
"ഇവന് വാച്ചുകളെല്ലാം ശരിക്ക് കാണിച്ചു കൊടുക്കണം. നിനക്ക് നാട്ടില്‍ പോകാനുള്ളതല്ലേ. എല്ലാം പെട്ടെന്ന് പഠിപ്പിച്ചെടുക്കണം."
വാച്ചിലെ സെയില്‍സ്‌മാന്‍ സലീമിനോട് ഹാജി പറഞ്ഞു.
"ഭക്ഷണം കഴിച്ച് റസ്റ്റ് കഴിഞ്ഞ് വൈകുന്നേരം വന്നാല്‍ മതി. ഇപ്പോള്‍ റൂമിലേക്ക് പൊയ്ക്കോ." ഹാജി അഷ്‌റഫിനെ പറഞ്ഞയച്ചു.
ഒരു സെയില്‍സ്‌മാന്‍റെ കൂടെ അവന്‍ റൂമിലേക്ക് പോയി. മുതലാളി പറഞ്ഞത് പ്രകാരം വൈകുന്നേരം തന്നെ വന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചു. സലീം അവന് വാച്ചുകളോരോന്നും കാണിച്ചു കൊടുത്തു .
"ഇതാണ് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാസിയോയുടെ മോഡല്‍ ഒറിജിനല്‍. അപ്പുറത്തെ ബോക്സില്‍ ഉള്ളത് 'യു'." സലീം ക്ലാസ് തുടങ്ങി.
"'യു'വോ? അതെന്താ?" അഷ്റഫിനു പിടി കിട്ടിയില്ല
"അതായത് ഡ്യൂപ്ലിക്കേറ്റ്. ഡ്യൂപ്ലിക്കേറ്റ് എന്ന് കസ്റ്റമര്‍ കേള്‍ക്കെ പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കടയില്‍ എല്ലാവരും 'യു' എന്നാണു പറയുക. 'യു' എടുക്കാന്‍ പറഞ്ഞാല്‍ ഇതാണ് എടുക്കേണ്ടത്. ഒറിജിനലിനു നമ്മള്‍ 'എല്‍' എന്ന് പറയും."
സലീം വിശദീകരിച്ചു.
അന്ന് തന്നെ അതിന്റെ വില്‍പ്പനാ രീതിയും ഏതാണ്ട് മുഴുവനായിത്തന്നെ പഠിപ്പിച്ചു കൊടുത്തു. ഒറിജിനല്‍ വിറ്റാല്‍ തുച്ഛമായ ലാഭമേ കിട്ടൂ. എന്നാല്‍ ഡ്യൂപ്ലിക്കേറ്റിന്മേല്‍ പലതിലും വില്പനവിലയുടെ എഴുപത്തഞ്ചു ശതമാനം വരെ ലാഭമാണത്രേ. അത് കൊണ്ട് ഡ്യൂപ്ലിക്കേറ്റ് കൂടുതല്‍ വിറ്റാല്‍ എളുപ്പത്തില്‍ മുതലാളിയുടെ ഇഷ്ടക്കാരനാവാം. ഒറിജിനല്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്നെ ഡ്യൂപ്ലിക്കേറ്റ് കൊടുക്കാന്‍ കഴിയണം. അതാണ് കഴിവ്. അപ്പോള്‍ ഒറിജിനലിന്‍റെ വിലയില്‍ തന്നെ കച്ചവടം നടക്കുകയും ചെയ്യും. കാഴ്ചയില്‍ രണ്ടും ഒരേ പോലെയാണിരിക്കുക . പേരും പ്രിന്റും ബോക്സും എല്ലാം ഒരു പോലെ. സാധനം കുറച്ചു കാലം ഉപയോഗിക്കുമ്പോള്‍ മാത്രമേ വ്യത്യാസം അറിയാന്‍ പറ്റൂ. കസ്റ്റമേഴ്സ് അധികവും പഞ്ചാബികളും തമിഴന്മാരും പാക്കിസ്ഥാനികളും ചിലപ്പോള്‍ മലയാളികളുമായ നാട്ടില്‍പ്പോക്കുകാരാണ്. കെട്ടിട നിര്‍മാണത്തൊഴിലാളികളായ അവരില്‍പ്പലരും തുച്ഛ ശമ്പളക്കാരും രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ മാത്രം നാട്ടിലേക്ക് പോകുന്നവരുമാണ്. നാട്ടിലേക്ക് പോകുന്ന സാധനങ്ങള്‍ കേടു വന്നാലും തിരിച്ചു വരാനുള്ള സാധ്യത വളരെ വിരളമാണ്.
ധര്മിഷ്ഠനും അഞ്ചു നേരം മുടങ്ങാതെ പള്ളിയില്‍ പോകുന്നയാളുമായ ഹാജിയാരുടെ കടയിലും ഡ്യൂപ്ലിക്കേറ്റോ
എന്ന അമ്പരപ്പായിരുന്നു അഷ്‌റഫിന് ആദ്യം. പിന്നെയാണ് മനസ്സിലായത്, വെറും കാസിയോ വാച്ച് മാത്രമല്ല. ഇലക്ട്രോണിക്സും കോസ്മെറ്റിക്സും തുടങ്ങി സകല സാധനങ്ങളും ഒറിജിനലിന്‍റെ കൂടെ ഡ്യൂപ്ലിക്കേറ്റും ഇദ്ദേഹത്തിന്‍റെ കടകളില്‍ ഉണ്ടെന്നത്.
"അപ്പൊ അതാണ് കാര്യം. ഇയാള്‍ നാട്ടില്‍ക്കാണിക്കുന്ന ഉദാരതയും വിശാലമനസ്ക്കതയുമെല്ലാം വെറും കള്ളപ്പണത്തിന് 'ഈമാന്‍' പൂശല്‍ മാത്രമായിരുന്നു. നാട്ടുകാരുടെ മുന്നില്‍ വെറും മാന്യത ചമയല്‍ മാത്രം." അഷ്‌റഫിന് വിശ്വസിക്കാനായില്ല.
ഇങ്ങനെയൊരു നരകത്തില്‍ ജോലി ചെയ്യേണ്ടി വന്നതില്‍ അവന് വിഷമം തോന്നി. പക്ഷെ എന്ത് ചെയ്യാന്‍. വീട്ടിലെ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ എങ്ങനെയും ഇവിടെ കുറെ കാലം പിടിച്ചു നിന്നേ പറ്റൂ.
ഹാജിയുടെ ധനാഗമനത്തിന്റെ വേര് ആണ്ടു കിടക്കുന്നത് മരുഭൂവിന്റെ ഉരുകുന്ന ചൂടിലും കൊടും തണുപ്പിലും കഷ്ടപ്പെടുന്ന പാവപ്പെട്ടവന്‍റെ വിയര്‍പ്പിലും ചോരയിലുമാണെന്ന് മനസ്സിലാക്കാന്‍ അഷ്‌റഫിന് ഏറെ നാള്‍ വേണ്ടി വന്നില്ല. ദീര്‍ഘകാലത്തെ വിരഹത്തിനു ശേഷം നാട്ടിലെത്തുന്ന പാവം പ്രവാസികളുടെയും അവര്‍ ആശയോടെ മാറോടണക്കാന്‍ വെമ്പി കാത്തിരിക്കുന്ന അവരുടെ കുഞ്ഞുങ്ങളുടെയും അതൃപ്പം നിറഞ്ഞ
മുഖത്തേക്ക് ഇളിഭ്യച്ചിരിയോടെ കൊഞ്ഞനം കുത്തിക്കൊണ്ടാണ് ഹാജിയുടെ കൂറ്റന്‍ കെട്ടിടങ്ങള്‍ നാട്ടില്‍ പൊങ്ങിക്കൊണ്ടിരുന്നത്.
"പടച്ചോനെ, ആളുകളുടെ ഉള്ളു കാണാന്‍ വല്ല യന്ത്രവും കണ്ടു പിടിച്ചിരുന്നെങ്കില്‍!" അഷ്റഫ് പ്രാര്‍ത്ഥിച്ചു പോയി.
നല്ല പൊടിക്കാറ്റുള്ള ഒരു ദിവസം കട പൂട്ടി ഫ്ലാറ്റിലേക്കുള്ള സ്റ്റെപ്പുകള്‍ കയറുമ്പോഴാണ് ഹാജി ആദ്യം കുഴഞ്ഞു വീണത്. പൊടി ശ്വസിച്ചത് കൊണ്ടായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഓരോ കാലാവസ്ഥാ മാറ്റത്തിനിടയിലും ഈ പൊടിക്കാറ്റ് അറബി രാജ്യങ്ങളില്‍ പതിവുള്ളതാണല്ലോ. മക്കള്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഗതി പൊടിയല്ല ഹൃദയത്തിന്റെ എന്തോ തകരാറാണെന്ന് സ്ഥിരീകരിച്ചത്.
പരിശോധനകള്‍. വിവിധ ടെസ്റ്റുകള്‍. കൂടുതല്‍ ചികിത്സക്കായി ഹാജിയെ പെട്ടെന്ന് തന്നെ നാട്ടിലേക്കയച്ചു. അവിടെ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഹൃദയവാല്‍വ് മാറ്റി വെക്കണമെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നു. പിന്നെ ഓപ്പറേഷനുള്ള ഒരുക്കങ്ങളായി. പണം വാരി എറിയാന്‍ ഉള്ളത് കൊണ്ട് എല്ലാം ഭംഗിയായി നടന്നു. ഓപ്പറേഷന്‍ കഴിഞ്ഞു ഹാജി ആശുപത്രി വിട്ടു. ഏകദേശം ഒരു മാസം കഴിഞ്ഞു. അത്യാവശ്യങ്ങള്‍ക്കെല്ലാം വീട് വിട്ടു പുറത്തിറങ്ങാനൊക്കെ തുടങ്ങി. പക്ഷെ സ്വാസ്ഥ്യം കൂടുതല്‍ നീണ്ടു നിന്നില്ല. വീണ്ടും തുടങ്ങി നെഞ്ചു വേദനയും ശരീരം കുഴയലും. പിന്നെയും അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വേദന കുറഞ്ഞു. അത്യാവശ്യം എണീറ്റ് ഇരിക്കാമെന്നായി. ഹാജിയെ റൂമിലേക്ക് മാറ്റി. അങ്ങനെയൊരു ദിവസം രാവിലെ ആശുപത്രിയില്‍ വെച്ച് പത്രം നോക്കിക്കൊണ്ടിരിക്കെയാണ് തന്‍റെ ഓപറേഷന്‍ നടത്തിയ ഡോക്ടറുടെ ഫോട്ടോ കയ്യാമം വെച്ച നിലയില്‍ പത്രത്തിന്‍റെ മുന്‍പേജില്‍ തന്നെ കാണുന്നത്. വാര്‍ത്ത വായിച്ച ഹാജി ഞെട്ടിത്തരിച്ചു പോയി. ധാരാളം വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ വിദ്വാന്‍ ഒരുപാട് പേര്‍ക്ക് കാലാവധി കഴിഞ്ഞതും വ്യാജനുമായ വാല്‍വുകളാണത്രേ ഫിറ്റ് ചെയ്തത്. എങ്ങനെയും പണം സമ്പാദിക്കാന്‍ ഒരുപാട് പേരുടെ ജീവന്‍ അയാള്‍ പുഷ്പം പോലെ അമ്മാനമാടിയത്രേ. ജയിലിലേക്കുള്ള പോക്കാണ് ഫോട്ടോയില്‍.
ഹാജി ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി. തിളങ്ങുന്ന ആ കണ്ണുകളില്‍ അന്നുവരെയില്ലാതിരുന്ന ഒരു തരം ക്രൌര്യം ഹാജിക്ക് കാണാനായി. ആ നോട്ടം അദ്ദേഹത്തിന്‍റെ ഹൃദയത്തിലേക്ക് തന്നെ തുളഞ്ഞു കയറി. സിംഹവായിലകപ്പെട്ട മാനിന്റെ ദൈന്യത ഹാജിയുടെ മുഖത്ത് പരന്നു. വഞ്ചിക്കപ്പെട്ട കുഞ്ഞുങ്ങളുടെ നിരാശ പടര്‍ന്ന കണ്ണുകള്‍ ഒരായിരം കൂര്‍ത്ത ദംഷ്ട്രകളായി തന്‍റെ നേരെ ചീറിയടുക്കുന്നതായി ഹാജിക്ക് തോന്നി. ഇടതു തോളിന്‍റെ ഭാഗത്ത് നിന്നും ശക്തിയായൊരു വേദനയുടെ മിന്നല്‍ പിണര്‍. ഹാജി കുഴഞ്ഞു വീണു. അതായിരുന്നു അവസാനം.