'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

25 February 2011

ഞങ്ങള്‍ ചെറുവാടിക്കാരുടെ മാവും പൂത്തു!

     "വെള്ളം  ഇറക്കം പിടിച്ചു എന്ന് തോന്നുന്നു."
മുതിര്‍ന്നവര്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ടതും ഞങ്ങള്‍ കുട്ടികള്‍ക്ക് കലി കയറി.
"ഒലക്ക.  വെള്ളം ഏറ്റമാ.." ഞാനെന്‍റെ കൂട്ടുകാരനോട് തറപ്പിച്ചു പറഞ്ഞു. "ഇടവഴിക്കടവ് മുറിഞ്ഞിട്ടുണ്ട്. ഇനി വെള്ളത്തെ  പിടിച്ചാല്‍ കിട്ടൂല.  മാത്രമല്ല നല്ല മഴക്കാറും കാറ്റുമുണ്ട്."
      "വെള്ളം ഇനിയും പൊങ്ങും."  എനിക്ക്  സന്തോഷം അടക്കാനായില്ല.

     ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും കൂടിച്ചേരുന്ന ഭാഗത്തോട് ചേര്‍ന്ന് ഒരു വലിയ തോട്.  ആ തോട്ടിലൂടെയാണ് ചെറുവാടിയുടെ വിശാലമായ വയലേലകളിലേക്ക് ആദ്യം വെള്ളം കയറി തുടങ്ങുന്നത്.   പുഴയില്‍ ജലനിരപ്പ്‌ ഒരു പരിധി വിട്ട് ഉയര്‍ന്നാല്‍പ്പിന്നെ വെള്ളം  കവുങ്ങിന്‍ തോട്ടത്തിലൂടെയും മറ്റും തള്ളിക്കയറി കുത്തിയൊലിക്കാന്‍ തുടങ്ങും. അതിനു ഞങ്ങള്‍ പറയുന്ന സാങ്കേതിക പദമാണ് 'ഇടവഴിക്കടവ് മുറിയുക' എന്നത്.  ഞങ്ങളുടെ നിഘണ്ടുവില്‍ ഇനിയും ഒരു പാടുണ്ട് ഇത്തരം വെള്ളപ്പൊക്കസംബന്ധിയായ സാങ്കേതിക പദങ്ങള്‍.

     ദുരിതം  പിടിച്ച കാലമാണ് എന്റെ നാട്ടിലെ  മുതിര്‍ന്നവര്‍ക്ക് വെള്ളപ്പൊക്കസമയം.   ചാലിയാറും ഇരുവഴിഞ്ഞിയും കൂടി ഭ്രാന്ത് പിടിച്ച് മത്സരിച്ച്  ഞങ്ങളുടെ  മലര്‍വാടിയായ ചെറുവാടിയെ മുക്കിക്കളയുന്നു. നടന്നും വാഹനത്തിലും സഞ്ചരിക്കുന്ന റോഡിലൂടെ ഞങ്ങള്‍  തോണിയില്‍ യാത്ര ചെയ്യുന്നു. ധാരാളം വീടുകള്‍ ഒഴിപ്പിക്കപ്പെടുന്നു. കൃഷികള്‍ നശിക്കുന്നു.  സ്കൂളുകളും മദ്രസ്സകളും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് താല്ക്കാലികാഭയ കേന്ദ്രമാകുന്നു. ഭൂരിഭാഗവും കൂലിത്തൊഴിലാളികളായത് കൊണ്ട് പണിയില്ലാതെ ആളുകള്‍ കഷ്ടപ്പെടുന്നു.
 എന്നാല്‍ ഞങ്ങള്‍ കുട്ടികളുടെ സ്ഥിതി അതല്ല.  വെള്ളപ്പൊക്കം എന്ന് കേട്ടാല്‍ തന്നെ മനസ്സൊന്നു തുള്ളിച്ചാടും.  സ്കൂളിന്‍റെ മടുപ്പിക്കുന്ന അച്ചടക്കത്തില്‍ നിന്നും  മാഷുടെ കയ്യിലുള്ള വടിയുടെ തുമ്പില്‍ കറങ്ങുന്ന പട്ടാളച്ചിട്ടയിലുള്ള ജീവിതത്തില്‍ നിന്നുമുള്ള മോചനമാണ് പ്രധാന കാരണം.  കൂടാതെ,  വെള്ളം കയറിയാല്‍ പ്പിന്നെ ഞങ്ങള്‍ക്കതൊരു ഉത്സവം പോലെയാണ്. ട്യൂബുകളും വാഴപ്പിണ്ടികളും എന്ന് വേണ്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന എന്തിനേയും ജലസവാരിക്കും നീന്തിക്കളിക്കാനും ഞങ്ങള്‍ ഉപയോഗിക്കും.  ചൈനീസ്‌ ജിംനാസ്റ്റിക് താരങ്ങളെ  വെല്ലുന്ന മലക്കം മറിച്ചിലുകളും ഞങ്ങള്‍ ഇക്കാലങ്ങളിലാണ് പരീക്ഷിക്കുക.  അത് കൊണ്ട് തന്നെ വീടിന്‍റെ കോലായില്‍ത്തന്നെ  വെള്ളം കയറിയാലും ഇറക്കം പിടിച്ചു എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്കത് അസഹ്യമാണ്.

     ഇതിത്രയും  ഇവിടെ പറയാന്‍ കാരണം   'ചളി'യാറ് മാസവും 'പൊടി'യാറ് മാസവുമായി ഞങ്ങളുടെ മനസ്സിന്‍റെ ഏതോ കോണില്‍ ഒരു മൌനനൊമ്പരമായി ഇടം പിടിച്ചിരുന്ന,  ആന പാത്തിയാല്‍ പോലും മുങ്ങിപ്പോകുമെന്ന് നാട്ടുകാര്‍ പറയുകയും  വര്‍ഷാവര്‍ഷം യഥാസമയം വെള്ളത്തില്‍ മുങ്ങിത്തന്ന്‍ കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് സന്തോഷമേകുകയും ചെയ്തിരുന്ന ആ റോഡിനു ശാപ മോക്ഷ(?)മായിരിക്കുന്നു.  തെനേങ്ങപറമ്പിലെ പെരുവാളയെന്ന  തോടിന്‍റെ മുകളിലുണ്ടായിരുന്ന, ഞങ്ങളുടെ വൈകുന്നേരങ്ങളിലെ വെടി പറച്ചിലുകള്‍ക്കു വേദിയായിരുന്ന, ഒട്ടനവധി ആളുകള്‍ അര്‍ദ്ധ രാത്രിയില്‍ പ്രേതങ്ങളെ കണ്ടു പേടിക്കുകയും ഇരുമ്പുപാലം എന്നറിയപ്പെടുകയും ചെയ്തിരുന്ന     ഞങ്ങളുടെ പ്രിയപ്പെട്ട കലുങ്കും ഓര്‍മയിലേക്ക് മറഞ്ഞിരിക്കുന്നു.  മഴയത്ത് കുടയും ചൂടി  മീന്‍ കിട്ടിയാലും ഇല്ലെങ്കിലും ഇര കോര്‍ത്ത ചൂണ്ടയും നീട്ടിപ്പിടിച്ച് എത്ര ദിവസങ്ങളാണ് ഇരുമ്പുപാലത്തില്‍ കാലും തൂക്കി ഇരുന്നിട്ടുള്ളത്.  ഈ റോഡ്‌ ഇനി  കേവലം പൊടിയും ചളിയും നിറഞ്ഞു കരഞ്ഞ മുഖവുമായി നില്‍ക്കുന്ന ഒരു നാട്ടു പാതയല്ല. ഒരു രാജപാതയുടെ പ്രൌഡിയിലേക്ക് അത് ഉയര്‍ന്നിരിക്കുന്നു.

     പത്തിരുപതു  വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ യു പി സ്കൂളില്‍ പഠിച്ചിരുന്ന കാലത്താണ് ഞാന്‍  സന്ധ്യാസമയങ്ങളില്‍ ഉപ്പയുടെ വായില്‍ നിന്നും  പ്രതീക്ഷയുണര്‍ത്തുന്ന ഞങ്ങളുടെ റോഡിന്‍റെ സ്വപ്‌നങ്ങള്‍ കേട്ട് തുടങ്ങിയത്. ഇരുവഴിഞ്ഞിപ്പുഴക്ക്‌ ഇടവഴിക്കടവില്‍ പാലം വരുമെന്നും, അത്യാവശ്യം ഉയരമുണ്ടായിട്ടും ചെറിയ മഴയില്‍ പോലും  വെള്ളം കയറിയിരുന്ന   റോഡ്‌ ഉയര്‍ത്തിക്കെട്ടി കറുപ്പിച്ച് കുട്ടപ്പനാക്കി ശരം വിട്ട പോലെ വാഹനങ്ങള്‍ ഒഴുകുന്ന ഒരു രാജപാതയാവുമെന്നും അന്നു മുതലേ എന്‍റെ മനസ്സില്‍ പൂതി വെപ്പിച്ചതും  അദ്ദേഹമാണ്.

     വര്‍ഷക്കാലത്ത് ചാലിയാറും ഇരുവഴിഞ്ഞിയും കൂടി ഒന്നിച്ചങ്ങു മുള്ളിയാല്‍പ്പിന്നെ പരന്നു കിടക്കുന്ന വയലിലും  പറമ്പിലുമെല്ലാം     വെള്ളം നിറഞ്ഞ്  മുങ്ങിക്കിടക്കുന്ന  കര കാണാത്ത കായല്‍ മാത്രമായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട റോഡ്‌.   അവിടവിടെ ഇലക്ട്രിക്‌ പോസ്റ്റുകളുടെ തലപ്പും  കയ്യെത്തിപ്പിടിക്കാവുന്ന ഉയരത്തില്‍ വൈദ്യുത കമ്പികളും ഇല്ലായിരുന്നെങ്കില്‍ വെള്ളത്തിനടിയില്‍  അങ്ങനെയൊരു റോഡുണ്ടെന്ന കാര്യം  പോലും ആര്‍ക്കും മനസ്സിലാവുമായിരുന്നില്ല.


     രണ്ടു  പതിറ്റാണ്ടോളം  രാഷ്ട്രീയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് വേദിയാവുകയും പല തവണ നിയമനടപടികളുടെ നൂലാമാലകളില്‍ പെട്ടുഴലുകയും ചെയ്തതിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് റോഡിന്‍റെ പണി ആരംഭിക്കുന്നത്.  മിന്നല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.  വെള്ളത്തില്‍ മുങ്ങുന്ന ഒരു കിലോമീറ്ററില്‍ താഴെയുള്ള ഭാഗം ആറര മീറ്റര്‍ ഉയരത്തില്‍ കരിങ്കല്ഭിത്തി കെട്ടിയുയര്‍ത്തിയാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.  കോഴിക്കോട് നിന്നും എളുപ്പത്തില്‍ ഊട്ടിയിലേക്കെത്താമെന്നതാണ്  റോഡിന്‍റെ പ്രാധാന്യം.  ഈ സ്വപ്നസാല്‍ക്കാരത്തിന് അഹോരാത്രം പണിയെടുത്ത ഞങ്ങളുടെ പ്രിയപ്പെട്ട തിരുവമ്പാടി എം എല്‍ എ ശ്രീ ജോര്‍ജ് എം തോമസിനെയും ഇക്കാര്യത്തില്‍ തങ്ങളാല്‍ ആവുന്നത് ചെയ്ത മറ്റെല്ലാ രാഷ്ട്രീയ-സാംസ്കാരിക നേതാക്കളെയും ഈ അവസരത്തില്‍ സ്മരിക്കാതെ വയ്യ. കൂടാതെ ഞങ്ങള്‍ ചെറുവാടിക്കാരുടെ സന്തോഷം ഇവിടെ പങ്കു വെക്കുകയും ചെയ്യുന്നു.

12 February 2011

ലോകസാഹിത്യത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസം

(05/03/2011 ന് ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചത്‌.)    

ലോകത്തേറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ ‍ആര് എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ്  ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയലോ. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന എഴുത്തുകാരന്‍റെ  പുസ്തകം എന്ന ഗിന്നസ്‌ റെക്കോര്‍ഡ്‌ ഇദ്ദേഹത്തിന്‍റെ 'ദി ആല്‍കെമിസ്റ്റ്' എന്ന നോവലിന് സ്വന്തമാണ്. 70  ലോകഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട  ഈ പുസ്തകം എഴുപത്തൊന്നാമാതായി മാള്‍ട്ടീസ് ഭാഷയിലേക്കും തര്‍ജമ നടന്നു കൊണ്ടിരിക്കുന്നു. ഇതിന്‍റെ മൂലകൃതി പോര്‍ച്ചുഗീസ്‌ ഭാഷയിലാണ്.  രമാ മേനോന്‍ മൊഴിമാറ്റം നടത്തി മലയാളത്തില്‍ ഇത്   ഡി സി ബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‌

     സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയയുവാവിന്‍റെ കഥയാണ് ഇതിവൃത്തം. പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഢതകള്‍ ദാര്‍ശനികതയുടെ പിന്‍ബലം ചാര്‍ത്തി  മനസ്സിനെ പിടിച്ചുലക്കുന്ന രീതിയില്‍ അവതരിപ്പിട്ടുള്ളതാണ്  പുസ്തകത്തിന്‌ ഇത്രയേറെ ജനപ്രീതി നേടിക്കൊടുത്തത്‌.  സ്പെയ്നില്‍  നിന്നും ആഫ്രിക്കയിലേക്ക് കടന്ന്  ഈജിപ്ത് വരെ യാത്ര ചെയ്യുന്ന സാന്റിയാഗോ നിരവധി തീക്ഷ്ണവും സ്തോഭജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. വിവിധ സംസ്കാരങ്ങളും ഭാഷക്കുപരിയായി മനുഷ്യന്‍റെ സംവേദനക്ഷമതയുമെല്ലാം ഒരു പ്രത്യേക വികാരത്തോടെ കൊയലോ വരച്ചു കാണിക്കുന്നുണ്ട്.

    നോവലിന്‍റെ  മര്‍മം എന്ന് പറയാവുന്ന വാക്കുകളാണ് സലേമിലെ രാജാവാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വൃദ്ധന്‍ സാന്റിയാഗോക്ക് നല്‍കുന്ന ഉപദേശം.

       "കുട്ടിക്കാലത്ത് നാം ഉള്ളിന്‍റെയുള്ളില്‍ മോഹിക്കുന്നതെന്താണോ അതാണ്‌ നമ്മുടെ ജീവിത ലക്‌ഷ്യം.  ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ജീവിതം.  എന്തെങ്കിലുമൊന്നു തീവ്രമായി  മനസ്സില്‍ തട്ടി മോഹിക്കുകയാണെങ്കില്‍  അത് നടക്കാതെ വരില്ല.  കാരണം സ്വന്തം വിധിയാണ് മനസ്സില്‍ ആ മോഹത്തിന്‍റെ വിത്തുകള്‍ പാകുന്നത്.  പ്രപഞ്ചം മുഴുവന്‍ ആ ഒരു കാര്യസാധ്യത്തിനായി സഹായത്തിനെത്തും.  എന്നാല്‍ ജീവിത യാത്രയുടെ ഏതോ ഒരു വഴിത്തിരിവില്‍ മനുഷ്യന് അവനവന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയില്‍. "
        അത്യന്തം പ്രതികൂലമായ  സാഹചര്യങ്ങളിലൂടെ  നിയന്ത്രണം നഷ്ടപ്പെടാതെ വിധിക്ക് കീഴടങ്ങാതെ തന്‍റെ ജീവിത ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചേരുന്ന സാന്റിയാഗോയുടെ കൂടെയുള്ള യാത്ര ഓരോ വായനക്കാരന്റെ മനസ്സിനെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നതില്‍ സംശയമില്ല.
  മരുഭൂമിയുടെ സവിശേഷ സ്വഭാവങ്ങളും അതിലെ  വിചിത്രമായ നിയമങ്ങളെയും കാല്‍പ്പനികതയുടെ കോണിലൂടെ നോക്കിക്കാണുന്ന ഹൃദ്യമായ അവതരണഭംഗിയും ദി ആല്‍ക്കെമിസ്റ്റിന്‍റെ പ്രത്യേകതയാണ്.


ബൈബിളില്‍  പ്രതിപാദിക്കുന്ന ഏലിയ എന്ന പ്രവാചകന്‍റെ കഥയായ 'ദി ഫിഫ്ത്ത് മൌണ്ടയ്ന്‍' ആണ് അദ്ദേഹത്തിന്‍റെ മറ്റൊരു ബെസ്റ്റ്‌ സെല്ലര്‍.

മുവായിരത്തോളം  വര്‍ഷങ്ങള്‍ക്കു മുമ്പ്   ഇസ്രായേല്‍ ഭരിച്ചിരുന്ന    ഇസബെല്‍  രാജ്ഞിയുടെ  വാള്‍ മുനയില്‍ നിന്നും തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ട്  പ്രപഞ്ച സൃഷ്ടാവായ ഏക ദൈവത്തിന്‍റെ  ആജ്ഞ പ്രകാരം നാട് വിട്ട് അക്ബര്‍ നഗരത്തിലെത്തിച്ചേരുന്ന  ഏലിയ അവിടെയും തന്‍റെ ദൈവത്തെ പരിചയപ്പെടുത്തുന്നു. പിന്നീട് അസീറിയക്കാരുടെ ആക്രമണം മൂലം തരിപ്പണമാകുന്ന അക്ബര്‍ നഗരത്തില്‍ കൊല്ലപ്പെടാതെ ബാക്കിയായി നിരാശയുടെ പടുകുഴിയിലകപ്പെട്ട  ഏതാനും വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു ചെറിയ കൂട്ടത്തെ  പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്നു നല്‍കി അവരെ ഉപയോഗിച്ച് നഗരം പുനര്‍നിര്‍മിച്ച് അവിടത്തെ ഗവര്‍ണറായി സ്ഥാനമേല്‍ക്കുകയും പിന്നീട് തന്‍റെ പ്രണയിനിയായിരുന്ന വിധവയുടെ പുത്രന് നഗരത്തിന്‍റെ ഭരണം  കൈ മാറി ഇസ്രയേലിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നത്  വരെയുള്ള  ആത്മീയതയും ഭൌതികതയുമെല്ലാം കൂടിച്ചേര്‍ന്ന  വൈവിധ്യങ്ങളായ മാനുഷിക വികാരങ്ങളെ വരച്ചു കാണിക്കുന്ന ഒരു പ്രത്യേക കൃതിയാണ് ദി ഫിഫ്ത്ത് മൌണ്ടയ്ന്‍.  ഇസ്രയേല്‍  ഫിനീഷ്യ(ഇന്നത്തെ ലെബനോണ്‍), തുടങ്ങിയ രാജ്യങ്ങളില്‍ അക്കാലത്ത് നില നിന്നിരുന്ന രാഷ്ട്രീയവും സാമൂഹികവുമായിട്ടുള്ള വ്യവസ്ഥകളും  യുദ്ധനിയമങ്ങളുമെല്ലാം ഈ നോവലിലൂടെ പകര്‍ന്നു കിട്ടുന്നു.    

    അറുപത്തിനാലുകാരനായ പൌലോ കൊയലോ ആദ്യകാലത്ത് നാടകവും പാട്ടുകളുമൊക്കെയായിരുന്നു എഴുതിക്കൊണ്ടിരുന്നത്.  എഴുത്തുകാരനാവാനുള്ള അതിയായ മോഹം ചെറുപ്പ കാലത്ത് തന്നെയുണ്ടായിരുന്നു. എങ്കിലും ഒരു എഞ്ചിനീയറാകാനുള്ള  വീട്ടുകാരുടെ സമ്മര്‍ദ്ദം അദ്ദേഹത്തെ പതിനേഴാം വയസ്സില്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ വരെയെത്തിച്ചു. ഇരുപതാമത്തെ വയസ്സിലാണ് അവിടെ നിന്ന് പുറംലോകത്തെത്തുന്നത്. ശേഷം തെക്കേ അമേരിക്ക, വടക്കേ ആഫ്രിക്ക, മെക്സിക്കോ, യൂറോപ്പ് തുടങ്ങി ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് ഒടുവില്‍ ബ്രസീലില്‍ തന്നെ മടങ്ങിയെത്തുകയായിരുന്നു.  1986 ല്‍ അദ്ദേഹം വടക്ക് പടിഞ്ഞാറന്‍ സ്പെയ്നില്‍ 500  മൈലുകളോളം കാല്‍നടയായി സഞ്ചരിച്ചതാണ്  അദ്ദേഹത്തിന്‍റെ  ജീവിതത്തില്‍   വഴിത്തിരിവായത്. ആ യാത്രയില്‍ തനിക്ക്  ആത്മീയമായ ഒരു ഉണര്‍വുണ്ടായി എന്നദ്ദേഹം പ്രസ്തുത  യാത്രയെക്കുറിച്ച് എഴുതിയ 'ദി പില്‍ഗ്രിമേജ്‌' എന്ന ആത്മകഥയില്‍ പറയുന്നുണ്ട്.

    ഇതുവരെ  അദ്ദേഹത്തിന്‍റെ 29 പുസ്തകങ്ങളാണ്  പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആകെ പത്തു കോടിയിലധികം പുസ്തകങ്ങള്‍ 150 രാജ്യങ്ങളിലായി വിറ്റ്‌ പോയിട്ടുണ്ട്. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് പോര്‍ച്ചുഗീസ്‌ ഭാഷയില്‍ നിന്നുത്ഭവിച്ച് ലോകഹൃദയം കീഴടക്കിയ  ഈ എഴുത്ത് കാരന്‍ ലോകസാഹിത്യത്തിലെ എന്നത്തേയും ഒരു ഇതിഹാസമായിരിക്കുമെന്നു തന്നെയാണ്.
The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം